Wednesday, February 28, 2024

ഒരു മൈ** പുരാണം..!

ഒരു മൈ** പുരാണം..! 

കേരളത്തിൻ്റെ വടക്കേയറ്റമായ മഞ്ചേശ്വരം മുതൽ, തെക്കേറ്റമായ പാറശാല വരെയുള്ള മലയാളികളിലെ ഭൂരിഭാഗവും, അവരവരുടെ വികാരക്ഷോഭപ്രകടനങ്ങളിൽ, പൊതുവേ സാധാരണയായി ഉപയോഗിക്കുന്ന ഒരു നാടൻ പദപ്രയോഗമാണ് - മൈ**..! 

ഈ കഴിഞ്ഞ ദിവസങ്ങളിൽ മലയാളത്തിലെ ഈ 'Golden Word' വീണ്ടും വാർത്തകളിൽ നിറയുന്നു. (മര്യാദകേടിൻ്റെ പേരിൽ ആണെങ്കിലും)

എന്താണ് ഇതിൻ്റെ ഉത്പത്തി..? 

ശബ്ദതാരാവലിയിൽ പറയുന്നത് - 'മയിർ' എന്ന് പറഞ്ഞാൽ 'മുടി ' എന്നാണ് അർഥമെന്നാണ്. ഭാഷാശാസ്ത്ര പ്രകാരം തമിഴിൽ നിന്നാണ് മലയാളത്തിലേക്ക് ഈ വാക്ക് കയറി കൂടിയത്. തമിഴിലും 'മയിർ ' എന്നാൽ മുടിയെന്ന് തന്നെ അർഥം. 
തമിഴന്മാർ തമ്മിൽ ഉടക്കുമ്പോൾ, മറ്റൊരുത്തനെ വില കുറച്ച് കാണിക്കാനായി 

" നീങ്ക വെറും മയിരു താന്നെ" 
എന്ന് പറഞ്ഞ് കളിയാക്കുന്നു.
(അതായത് നിനക്ക് എൻ്റെ മുടിയുടെ വിലയെ ഞാൻ തരന്നുള്ളൂ എന്ന് സാരം)

 എന്നാൽ ഈ വാക്ക് മലയാളത്തിൽ കുടിയേറിയപ്പോൾ, ഭാഷ സ്നേഹമില്ലാത്ത ചില വൃത്തികെട്ടവന്മാർ, ഈ മൈ** നെ വെറും മൈ**ക്കി കളഞ്ഞു..!

മലയാള സിനിമയിൽ 90-2000 കാലഘട്ടങ്ങളിൽ പലപ്പോഴായി, നായകനും, വില്ലനും ഈ വാക്ക് ഒരു പഞ്ച് ഡയലോഗ് അടിക്കുന്നതിന് മുൻപ് ഉപയോഗിച്ചിട്ടുണ്ടെങ്കിലും, അപ്പോഴെല്ലാം സെൻസർ ബോർഡിൻ്റെ കീ.. കീ.. Mute 🔕 സൗണ്ട് കൂടി കൂട്ടിച്ചേർത്തിരുന്നു. എന്നാൽ ഫഹദിൻ്റെ 'നോർത്ത് 24 കാതം ' സിനിമയിൽ, ബസ്സിൻ്റെ ടയർ പഞ്ചർ ആയപ്പോൾ ബസ്സ് ഡ്രൈവർ, ടയർ നോക്കിയിട്ട്,

" മൈ** പണിയായി" എന്ന് ആദ്യമായിട്ട് സ്പുടതയോടെ, സെൻസർ ബോർഡിൻ്റെ ആശീർവാദത്തോടെ Mute സൗണ്ട് ഇല്ലാതെ പറഞ്ഞു..!

പിന്നീട് അങ്ങോട്ട്, ചെറുതും, വലുതുമായി ഒരുപാട് സിനിമകളിൽ ഈ പദപ്രയോഗം സാധാരണമാകുകയും, തുടർന്ന് 'ചുരുളി' എത്തിയപ്പോൾ ഈ കഥാനായകൻ തൻ്റെ കുടുംബത്തിലെ മറ്റ് തായിവഴികളെ പരിചയപ്പെടുത്തി തരുകയും ചെയ്തു.

നാടൻശൈലിയായ വായ്മൊഴി (സംസാരം) ആയിട്ട് മൈ** നെ പലരും ഉപയോഗിച്ച് കണ്ടിട്ടുണ്ടങ്കിലും, വരമൊഴി (എഴുത്ത്) ആയിട്ട്, അങ്ങനെ ലവൻ അച്ചടി മാധ്യമങ്ങളിലോ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലോ അധികം പ്രത്യക്ഷപ്പെട്ട് കണ്ടിട്ടില്ലാ..!

 എന്നാൽ അതിനൊരു വിപ്ലവാത്മകമായ മാറ്റം ഞാൻ കണ്ടത്; എഴുത്തുകാരനും, സാഹിത്യകാരനും, സമൂഹികസേവകനും, ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്ന 
എൻ്റെയൊരു സുഹൃത്തായ 'കപ്പൂച്ചിൻ അച്ചൻ്റ' രസാവഹമായ ഒരു അനുഭവക്കുറിപ്പിലാണ്. ഏതാണ്ട് എട്ട്-പത്ത് വർഷങ്ങൾക്ക് മുൻപാണ് അത് വായിച്ചത്, ആ സംഭവകഥ ഇങ്ങനെയാണ്:

" എന്നെ ഡ്രൈവിംഗ് പഠിപ്പിക്കാന്‍ ശ്രമിച്ച എന്‍റെ ഗുരു ഒരു ഗ്രാമീണ ഇടുക്കിക്കാരനായിരുന്നു. ഇടുക്കിയുടെ ഹെയര്‍പിന്‍ വളവുകള്‍ ഒതുക്കിവീശിയെടുക്കുന്നതില്‍ ശുഷ്കാന്തി കാണിക്കാതിരുന്ന എന്നോട് അക്ഷമനായി എന്‍റെ ഗുരു: 

"എന്‍റെ മൈരച്ചാ...., ഇങ്ങോട്ട് തിരിക്കച്ചാ..." എന്നൊരു ഡയലോഗ്.

കഥ അവിടെ തീർന്നില്ലാ, കഥാന്ത്യം ഇങ്ങനെയാണ്; 

"അങ്ങനെ ഞങ്ങള്‍ ഓടിച്ചോടിച്ച് മുന്നോട്ട് പോകെ, ഒരു കൊടുംവളവില്‍ എതിര്‍വശത്തുനിന്ന് ഒരു തമിഴ്നാടന്‍ പാണ്ടിലോറി റോങ്ങ്‌ സൈഡ് കയറിവരുന്നു. നേരത്തേ പിടിവിട്ടുനില്‍ക്കുകയായിരുന്ന ഗുരു: "നോക്യേ..., അച്ചനെപ്പോലെയൊരു തെണ്ടി കേറിവരുന്നത്...!" 

(NB:അച്ചൻ ഇത് വായിക്കുന്നുണ്ടെങ്കിൽ, ഞാൻ ഒരു മുൻകൂർ ജാമ്യം എടുത്തിരിക്കുന്നു 😄 )

സംഗതി എന്തൊക്കെയാണെങ്കിലും, മലയാളിയുടെ നിത്യജീവിതത്തിൽ ഒരു നാടൻശീലു പോലെ കേറി വന്ന ഈ വാക്ക്, ഏതൊക്കെ വ്യാകരണം നിയമം വെച്ച് നോക്കിയാലും ഒരു ഒന്ന് ഒന്നര മൈ** തന്നെ ആണ്. ഇവനെ ഏത് ഗണത്തിൽ പെടുത്തുണം എന്നത് ഭാഷാ പണ്ഡിതന്മാർ തലപുകഞ്ഞ് ആലോചിച്ചിട്ടും ഒരു മൈ** മനസ്സിലാകാത്ത കാര്യമാണ് എന്നതിൽ സംശയം ഇല്ലാ.

1. Noun : 
    Eg: 1.അവൻ്റെ ജാഡ 
              കണ്ടോ,അവൻ ഒരു മൈ** 
                ആണ്.
          2.ലണ്ടൻ മൈ** അങ്ങ് 
               ദൂരെയാണ്.
          3.ആ ക്ലാസ്സിൽ 5 മൈ** മാർ 
               ഉണ്ട് (Countable )
           4. ഫേസ്ബുക്കിൽ കുറേ 
               വായിനോക്കി മൈ** മാർ
                ഉണ്ട് (Uncountable)

2. Pronoun :

    Eg: അവനൊക്കെ വലിയ മൈ**.   
          തന്നെ.

3. Adjective :
   Eg:1. ആ പൊക്കം കൂടിയ മൈ** 
            ആണ് കലിപ്പ്.
         2. ഇനി ആ സിഗരറ്റ് പാക്കറ്റിൽ 
             ഒരു മൈ** ഇല്ലാ, നോക്കണ്ടാ

4. Verb :
     Eg: അവൻ ഒറ്റയ്ക്ക് മൈ** തിന്നട്ടെ

5. Adverb :
    Eg: 1. കാണാതെ പോയത് 
               അവന്മാർ എല്ലാം മൈ**ലും
               നോക്കി.
         2. സാറ് അടിച്ചപ്പോൾ അവൻ 
              മൈ** കണക്കെ നിന്നു.

6. Preposition :
   Eg:1 ആ ചുവരിൻ്റെ ഒടിഞ്ഞ മൈ**    
              ലാണ് ക്ലോക്ക്
              തൂക്കിയിരിക്കുന്നത്
        2. നിനക്ക് മൈ** ആയിട്ടുള്ള
             സമയത്ത് സിനിമയ്ക്ക് 
            പോയാൽ മതി.

7. Conjunction :
  Eg: അവൾ എന്നെ തേച്ചാൽ എനിക്ക് 
        വെറും മൈ** മാത്രം.

8. Interjection : 
   Eg: മംമം മൈ**, പെട്രോൾ തീർന്നു, 
         പണി പാളി..!

ഇത് മാത്രമല്ല മലയാളികളുടെ നവരസങ്ങളിൽ ചിലതായ ഹാസ്യം, കരുണം, രൗദ്രം, വീരം, ഭയാനകം, ബീഭത്സം, അത്ഭുതം തുടങ്ങിയ ഭാവങ്ങളിലും, ഈ പദപ്രയോഗം 'പുട്ടിന് തേങ്ങാപീരാ' എന്നത് പോലെ ഒന്നിച്ച് ചേർന്നിരിക്കുമ്പോൾ വാക്കുകൾ കൂടുതൽ തീവ്രമാകുന്നു.

എന്നിരുന്നാലും, ഇത് വരെ ലവൻ്റെ ജാതിയും, മതവും നോക്കാതെ, എല്ലാത്തരം ആൾക്കാരും, മതക്കാരും ആവശ്യാനുസരണം എടുത്ത് പ്രയോഗിക്കുന്നതിനാൽ, കോടതിയിൽ ഒരു പേര് മാറ്റ ഹർജിക്കുള്ള സാധ്യതയും ഇല്ലാതാകുന്നു..! 

Sunday, January 1, 2023

Christmas Truce!

ശാന്തിയുടെയും സമാധാനത്തിൻ്റെയും സന്ദേശം നൽകിയാണ്, ഓരോ ക്രിസ്തുമസും കടന്ന് പോകുന്നതെങ്കിൽ, ആ സന്ദേശത്തിൻ്റെ അന്ത:സത്ത, അതിൻ്റേതായ അർത്ഥത്തിലും,  ആഴത്തിലും, ഉൾക്കൊണ്ട ഒരേയൊരു സംഭവമേ മാനവചരിത്രത്തിൽ ഉണ്ടായിട്ടുള്ളൂ. അതാണ്, ' The 
Christmas Truce ' എന്നാ പേരിൽ ലോകചരിത്രകാരൻമാർ പാടി പുകഴ്ത്തുന്ന, ഒന്നാം ലോകമഹായുദ്ധത്തിൻ്റെ മൂർദ്ധനാവസ്ഥയിൽ ബെൽജിയം വെസ്റ്റേൺ ഫ്രൻ്റ് (Western Front) യുദ്ധമുഖത്തെ, ബ്രിട്ടീഷ്- ജർമൻ പട്ടാളക്കാരുടെ ഇടയിൽ സംഭവിച്ച, അപ്രഖ്യാപിത വെടിനിർത്തൽ.  

നൂറ് വർഷങ്ങൾക്കു മുൻപ്, ഒന്നാം ലോകമഹായുദ്ധം ബെൽജിയത്തിൽ കൊടിമ്പിരികൊണ്ടിരിക്കുന്ന കാലം.
1914 ഡിസംബർ 24 തീയതി രാത്രി, ലോകം മുഴുവൻ ക്രിസ്തുമസ്സ് ആഘോഷത്തിൽ മുഴുകിയിരിക്കുമ്പോൾ British Expeditionary Force- ലെ പട്ടാളക്കാരനായിരുന്ന ബ്രൂസ് ബറിൻസ്‌ഫത്തേർ തൻ്റെ കിടങ്ങിൻ്റെ, മീറ്ററുകൾക്ക് അപ്പുറുത്തുള്ള ജർമൻ പട്ടാളക്കാരുടെ കിടങ്ങിൽ നിന്ന്, പാട്ടുകൾ പാടുന്നതും, കയ്യടികൾ കേൾക്കുന്നതിനും ഇടയായി. ചെവികൾ കൂർപ്പിച്ച്, അദ്ദേഹം ആ പാട്ടിലെ വരികൾ ശ്രദ്ധിച്ചപ്പോൾ, അവർ പാടുന്നത് ക്രിസ്തുമസ്സ് കരോൾ ഗാനമണെന്ന് ബ്രൂസിന് മനസിലായി. തെല്ല് പരിഭവത്തോടെയും, കൗതുകത്തോടെയും അവർ പാടിയ കരോൾ ഗാനത്തിൻ്റെ ബാക്കിയുള്ള വരികൾ ബ്രിട്ടീഷ് പട്ടാളകിടങ്ങിൽ നിന്ന് അദ്ദേഹം ഉച്ചത്തിൽ മറുപാട്ട് പാടുവാൻ തുടങ്ങി. തങ്ങൾ പാടിയ ഗാനത്തിൻ്റെ തുടർവരികൾ ശത്രു ക്യാമ്പിൽ നിന്ന് അപ്രതീക്ഷിതമായി കേട്ടപ്പോൾ ജർമൻ പട്ടാളക്കാർക്കും വലിയ സന്തോഷമായി. അവരും, വലിയ ആവേശത്തോടെ, ശത്രുപക്ഷമാണെന്നാ കാര്യം വിസ്മരിച്ച്, കരോൾ ഗാനം ഉച്ചത്തിൽ തിരിച്ച് പാടുകയും, തുടർന്ന് പതിയെപ്പതിയെ 
ജർമൻ പട്ടാളക്കാരും, ബ്രിട്ടീഷ് പട്ടാളക്കാരും ആ കരോൾ ഗാനത്തിൽ പങ്കുചേരുകയും, വലിയ വികാരപരമായി ക്രിസ്തുമസ് കരോൾ ഗാനം പാടി തീർക്കുകയും ചെയ്തു. 

ഈ ഒരു സംഭവം, നാളെ ക്രിസ്തുമസ്സ് ആണെന്ന ചിന്ത രണ്ടുപക്ഷത്തെയും ഒരിക്കൽകൂടി ചിന്തിപ്പിക്കാൻ കാരണമാക്കി. 
അൽപസമയം കഴിഞ്ഞപ്പോൾ  ബ്രിട്ടീഷ് ബ്രിഗേഡിയർ ജനറൽ  വാൾട്ടർ കൺഗ്രവേ, ജർമൻ പട്ടാള മേധാവിയായിരുന്ന ജോഹനെസ് നീമാനോട്, ക്രിസ്തുമസ്സ് ദിവസം യുദ്ധം നിർത്തിവയ്ക്കുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് ഉച്ചത്തിൽ വിളിച്ചു ചോദിച്ചു. വലിയ കരഘോഷത്തോടെയാണ് ജർമൻ ക്യാംപ് ആ തീരുമാനത്തെ സ്വാഗതം ചെയ്തത്.

പിറ്റേന്ന് ക്രിസ്തുമസ്സ് ദിവസം  ബ്രിട്ടീഷ് പട്ടാളക്കാരും, ജർമൻ പട്ടാളക്കാരും യുദ്ധകിടങ്ങിൽ നിന്ന് പുറത്തിറങ്ങി, ഇതിന് മുൻപ് യുദ്ധത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കൈമാറുവാൻ വേണ്ടി മാത്രം കണ്ടുമുട്ടുന്ന 'No Man's Land' എന്നാ ഇരുപക്ഷത്തെയും വിഭജിക്കുന്ന സ്ഥലത്ത് കണ്ടുമുട്ടുകയും, പരസ്പരം ചോക്കലേറ്റ്, സിഗരറ്റ്, വൈൻ എന്നിവ കൈമാറുകയും, ഈ ചരിത്രനിമിഷം പിറന്നതിൻ്റെ  ഓർമ്മക്കായി തൊപ്പികൾ, യൂണിഫോം ബട്ടൻസ് എന്നിവയും കൂടി സമ്മാനിക്കുകയും, ആശംസകൾ നേരുകയും ചെയ്തു. 

ആ ദിവസത്തിൽ സംഭവിച്ച മറ്റൊരു രസകരമായ സംഭവം ജർമൻ - ബ്രിട്ടീഷ് സൈനികർ തമ്മിലൊരു ഫുട്ബാൾ മൽസരം സംഘടിപ്പിക്കുകയും, കാണികളായി മറ്റുള്ള സൈനികർ, ഫുട്ബോൾ കളിക്കാരെ പ്രോത്സാഹപ്പിക്കുകയും ചെയ്തു. 
പക്ഷേ, ക്രിസ്തുമസ്സിനോട് അനുബന്ധിച്ചുള്ള, ഈ അപ്രഖ്യാപിത വെടിനിർത്തൽ ഒന്നാം ലോകമഹായുദ്ധത്തിൻ്റെ മറ്റ് പോർമുഖങ്ങളിൽ പ്രാവർത്തികമായില്ലാ. എന്നിരുന്നാലും, സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും സന്ദേശമായി വന്നാ തിരുപ്പിറവി ദിനം, ലോകംകണ്ട ഏറ്റവും രക്തരൂക്ഷിതമായ ഒരു മഹായുദ്ധത്തിൻ്റെ
ഒരു ദിവസമെങ്കിലും, വെടിയൊച്ചകൾ നിലയ്ക്കുന്നതിനും, കൂടുതൽ മൃതശരീരങ്ങൾ വീഴാതെയിരിക്കുന്നതിനും കാരണമായി തീർന്നു. 

Christmas Truce -ൻ്റെ ഓർമ്മക്കായി ഇംഗ്ലണ്ടിലും, ജർമനിയിലും, ബെൽജിയത്തിലും തുടർന്ന് സ്മാരകസ്തംഭങ്ങളും, പ്രതിമകളും പിൽക്കാലത്ത് പണിയുകയും, അവയെല്ലാം ഇപ്പോഴും സംരക്ഷിക്കപ്പെടുകയും ചെയ്യപ്പെടുന്നു.

വാൽക്കഷണം: ക്രിസ്തുമസ്സ് പ്രമാണിച്ച് വാശിയും, വൈരാഗ്യവും മറന്ന്, ഒരു ലോകമഹായുദ്ധം തന്നെ  സമാധാനത്തോടെ നിർത്തി വെച്ചപ്പോൾ, ക്രിസ്തുമസ്സിന് 
കുർബ്ബാന ചെല്ലാൻ, പിന്നാപ്പുറം വേണോ അതോ മുന്നാപ്പുറം മതിയോ എന്നുള്ള വാശിക്കാരുടെ ബഹളത്തിൽ  സഹികെട്ട്, ബേതലേഹേമിലെ ഒരു അപ്പൻ ഇങ്ങനെ പറഞ്ഞുവത്രേ;
"ജനിച്ചിട്ട് ഒരാഴ്ച പോലും ആകാത്ത ഒരു കുഞ്ഞ് ഇവിടെ കിടന്ന് ഉറങ്ങുന്നുണ്ട്, ഇനിയും ഇവിടെ കിടന്ന് അലമ്പ് കാണിച്ചാൽ എല്ലാത്തിനെയും അടിച്ച് പുറത്താക്കും, ശല്യങ്ങള്..! ".

Monday, October 17, 2022

സരസ്വതി ദേവിയും, കലാകാരന്മാരും!

മനുഷ്യ ജീവിതത്തിന്റെ ഏതൊരു മേഖല എടുത്തു നോക്കിയാലും അവിടെയെല്ലാം" കല " എന്നത്, മനുഷ്യൻ്റെ
സാംസ്കാരിക ജീവിതത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നതായി കാണുവാൻ സാധിക്കും. കലകൾ പലതരം ഉണ്ടെങ്കിലും, ദൃശ്യകലാ ശ്രേണിയിൽ ഉൾപ്പെടുന്നാ സിനിമയാണ്, വർത്തമാനകാലത്തിൻ്റെ ഭാവനാസൃഷ്ടിയിൽ മുൻപന്തിയിൽ നിൽക്കുന്നത്.

സിനിമയ്ക്ക് നൽകിയ അതേ സ്ഥാനവും, ബഹുമാനവും, ആരാധനയും അതേ മേഖലയിൽ പ്രവർത്തിക്കുന്നാ നടീനടന്മാർക്കും നമ്മൾ ഒരുപരിധി വരെ നൽകിവരുന്നു. അതിനാൽ തന്നെ, അവരുടെ പൊതുജീവിതത്തിലെ പെരുമാറ്റങ്ങളും, അഭിമുഖ സംഭാഷണങ്ങളും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും, അതിൽ, ഒരു ചെറിയ ശതമാനം തെറ്റുകൾ സംഭവിച്ചാൽ പോലും, വലിയ തോതിലുള്ള വിവാദങ്ങൾക്കും, നിശിതമായ വിമർശനങ്ങൾക്കും കാരണമാകുകയും ചെയ്യുന്നു.

കഴിഞ്ഞദിവസം നടന്നാ ഒരു ഇൻ്റർവ്യൂൽ, മലയാളത്തിലെ ഒരു യുവനടൻ, യുവതിയായ അവതാരികയോട് 'നല്ല ഭാഷയുടെ'  വൃത്തവും, പ്രാസവും സമന്വയിപ്പിച്ച് സംസാരിച്ചതും, ഭാഷയുടെ ശാലീനതാ കൂടിപ്പോയതിനാൽ പോലീസ് നേരിട്ട് കേസ് എടുത്ത്, സംഭവം കോടതിയിൽ പോയതും, തുടർന്ന് ടിയാൻ കാലു പിടിച്ച് മാപ്പ് പറഞ്ഞത് കൊണ്ടു, യുവതി പരാതി പിൻവലിച്ചതും, അങ്ങനെ ജഗപൊകയായ കുറേ പൊറോട്ട് നാടകങ്ങൾക്ക് മലയാളികൾ സാക്ഷികളായിരുന്നു. ഇതെല്ലാം കാണുമ്പോൾ വർഷങ്ങൾക്ക് മുൻപ് മലയാളത്തിലെ പ്രിയനടി കല്പന ചേച്ചി, ഹാസ്യ സാമ്രാട്ട് ശ്രീ. ജഗതിയുമായുള്ള അഭിമുഖ സംഭാഷണം ഓർത്ത് പോകുന്നു.

കലാകാരന്മാർക്ക് സമൂഹത്തോടുള്ള മനോഭാവം എങ്ങനെയായിരിക്കണമെന്ന്
ആ അഭിമുഖത്തിൽ ജഗതി വളരെ അർത്ഥവത്തായ ഭാഷയിൽ രസാവഹമായി അവതാരികയായ കല്പനയ്ക്ക് മറുപടി പറയുന്നു.

അദ്ദേഹം പറയുന്നു; "നമ്മുടെ ഉപജീവനത്തിൻ്റെ മാർഗ്ഗം ഉണ്ടാക്കുന്ന കലാദേവിയായ സരസ്വതി ദേവി ദുർബലമായ ഒരു താമരതണ്ടിലാണ് വലിയൊരു വീണയും, നാല് വേദങ്ങളുമായി ഇരിക്കുന്നത്.  സാമാന്യം ഭാരമുള്ള ഒരു സ്ത്രീയാണ്. എന്നിട്ടും ഈ തണ്ട് ഒടിയുന്നില്ലാ. കാരണം എല്ലാം കലയും, അറിവും, വിജ്ഞാനവും
ഉണ്ടായിട്ടും അഹങ്കാരം ലവലേശമില്ലാതെ 'ഘനം '
ഇല്ലാതെയാണ് അവൾ ഇരിക്കുന്നത് !"


"എന്നാൽ, ഇന്ന് ഒരു റിയാലിറ്റി ഷോയിലോ, ഒരു സിനിമയിലോ, ഒരു പാട്ട് പാടുകയോ, ഒരു സീനിൽ  അഭിനയിക്കുകയോ ചെയ്യുന്നവരുടെ 'ഘനം ' കണ്ടാൽ, താമര അല്ലാ അതിൻ്റെ അല്ലി വരെ ചതഞ്ഞ് പോകും."!

അദ്ദേഹം കൂട്ടിച്ചേർക്കുന്നു, "കലാരംഗത്ത് പ്രവർത്തിക്കുന്നാ ' സെലിബ്രിറ്റികൾ ' എന്ന് വിളിക്കപ്പെടുന്നവർ, സാധാരണക്കാരായ ജനങ്ങളെ കാണുമ്പോൾ, അവരെ നോക്കിയൊന്ന് പുഞ്ചിരിക്കുകയോ, കൈവീശി അഭിവാദ്യം കാണിക്കുകയോ ചെയ്യുന്നത് കൊണ്ട് അവന് ഒന്നും നഷ്ടപ്പെടാൻ ഇല്ല. കാരണം, ആ  സാധാരണക്കാരായ ജനങ്ങളുടെ വിയർപ്പിൻ്റെ ഓഹരി കൊണ്ട് തിയേറ്ററിൽ കൊടുക്കുന്നാ കാശാണ്, നമ്മുടെയൊക്കെ അന്നം".

അഭിമുഖത്തിൻ്റെ അവസാനം അദ്ദേഹം  ഇങ്ങനെ പറഞ്ഞ് നിർത്തുന്നു;
ശ്രീ. കുമാരനാശാൻ്റെ പ്രസിദ്ധമായ വരികൾ കേട്ടിട്ടില്ലേ?
"ഹാ, പുഷ്പമേ,
അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ,
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍?

ഒരു പൂവിനെ നോക്കി കുമാരനാശാൻ പറയുകയാണ്, ഇന്നലെ നീ എത്ര
മനോഹാരിയായിരുന്നു. എത്ര പൊക്കത്തിൽ ആയിരുന്നു നിൻ്റെ വാസം !. എന്നാൽ ഇന്ന് രാവിലെ മണ്ണ് അടിഞ്ഞ്, മഞ്ഞ് വീണ് നീ ഇതാ വാടി കിടക്കുന്നു.

ക്ഷണികമാണ് ജീവിതം. പ്രശസ്തിയും, ധനവും, ആരോഗ്യവും, സമ്പല്‍സമൃദ്ധിയുമെല്ലാം ക്ഷണികമാണ്. അതാണ് കലയെയും, ജീവിതത്തെയും സ്നേഹിക്കുന്ന ഒരോ കലാകാരനും ഓർമിക്കേണ്ടത്.

Thursday, September 8, 2022

എലിസബത്ത്‌ രാജ്ഞിക്ക് ബ്രിട്ടൻ കൽപ്പിച്ചു നൽകിയിരുന്ന ചില അധികാരങ്ങൾ:-

എലിസബത്ത്‌ രാജ്ഞിക്ക് ബ്രിട്ടൻ കൽപ്പിച്ചു നൽകിയിരുന്ന ചില അധികാരങ്ങൾ:-



ബ്രിട്ടീഷ് രാജ്ഞിയുടെ മരണത്തോട് കൂടി, ഒരു യുഗത്തിൻ്റെ അന്ത്യത്തിനാണ് ബ്രിട്ടനും, ലോകവും സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞുപോയ അവരുടെ മനുഷ്യായുസ്സിൽ, ലോകത്തിൻ്റെ ഗതിവിഗതികളെ മാറ്റിമറിച്ചാ, ഒരുപാട് സംഭവവികാസങ്ങൾക്ക് അവർ
ദൃക്സാക്ഷിയായി.

വായിൽ സ്വർണ്ണ കരണ്ടിയുമായി, ജനിച്ചവൾ ആയിരുന്നു എലിസബത്ത്  രാജ്ഞി. പ്രത്യേകം എഴുതപ്പെട്ട നിയമവും, നിയമത്തിന്റെ ഇളവുകളും എല്ലാം അവർക്ക് സ്വന്തമായിരുന്നു. ജീവിച്ചിരുന്നപ്പോൾ  രാജ്ഞിക്ക് മാത്രം സ്വന്തമായ ചില അധികാരങ്ങളും, അവകാശങ്ങളും ഉണ്ടായിരുന്നു.



എലിസബത്ത്‌ രാജ്ഞിക്ക് ബ്രിട്ടൻ കൽപ്പിച്ചു നൽകിയിരുന്ന ചില അധികാരങ്ങൾ:-

1. ബ്രിട്ടനിൽ എവിടെയും ലൈസൻസ് ഇല്ലാതെ രാജ്ഞിക്ക് വാഹനം ഓടിക്കാം.

2. രാജ്ഞിക്ക് യാത്രയ്ക്ക് പാസ്പോർട്ടും ആവശ്യമില്ല.

3.രാജ്ഞിക്ക് ഒരു വർഷം രണ്ടു പിറന്നാൾ ആഘോഷിക്കാം.ഏപ്രിൽ 21 നു സ്വന്തം പിറന്നാളും , ജൂണിലെ ഒരു ശനിയാഴ്ച ആഘോഷിക്കുന്ന രാജ്ഞി സ്ഥാനത്തിന്റെ പിറന്നാൾ ആഘോഷവും.

4.രാജ്ഞിക്ക് വേണ്ടി മാത്രം കവിത എഴുതാനും, പാടാനുമായി ഒരു സ്വകാര്യ കവി കൊട്ടാരത്തിൽ താമസിക്കുന്നുണ്ട്.

5. സ്വന്തം ആവശ്യത്തിനു പണം എടുക്കുന്നതിനായി രാജ്ഞിക്ക് സ്വന്തമായി ഒരു കാഷ് മെഷീൻ ഉണ്ട്.

6. ബ്രിട്ടനിലെ ജലാശയങ്ങളിൽ ഉള്ള എല്ലാ അരയന്നങ്ങളും രാജ്ഞിക്ക് സ്വന്തമാണ്.

7. ബ്രിട്ടനിലെ ഡോൾഫിനുകളും രാജ്ഞിക്ക് മാത്രം അവകാശപ്പെട്ടതാണ്.



8. രാജ്ഞിയുടെ സമ്മതമില്ലാതെ, ഒരു ബില്ലുകളും നിയമങ്ങളാക്കാൻ കഴിയില്ലാ.


9. ബ്രിട്ടനിൽ പ്രവിശ്യകൾക്ക് പ്രഭുക്കളെ നിയമിക്കുന്നത് രാജ്ഞിയുടെ ഇഷ്ട പ്രകാരമാണ്.

10. രാജ്ഞിയും കുടുംബവും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ല.

11. ഒരിക്കലും ടാക്സ് അടക്കേണ്ട ആവശ്യമില്ല രാജ്ഞിക്ക്.

12. അടിയന്തര ഘട്ടത്തിൽ , തന്റെ വീടോ അധികാരം ഉപയോഗിച്ച് രാജ്ഞിക്ക് ഒറ്റക്ക് മന്ത്രി സഭ പിരിച്ചു വിടാൻ കഴിയും.

13.ബ്രിട്ടനിലെ രാജ്ഞി, ആസ്ത്രേലിയയിലെയും കൂടി രാജ്ഞിയാണ്.

14. യാതൊരു കാരണവശാലും ആർക്കും രാജ്ഞിയെ നിയമ വിചാരണ ചെയ്യാനാകില്ല.

15. ബ്രിട്ടീഷ്, ആസ്ത്രേലിയൻ സർക്കാരുകളെ നേരിട്ട് ശാസിക്കാനുള്ള അധികാരം രാജ്ഞിക്കുണ്ട്.

Wednesday, July 6, 2022

ഇന്ത്യൻ ഭരണഘടന !.

ഇന്ത്യൻ ഭരണഘടന !.

ഓരോ ഇന്ത്യൻ പൗരനെയും സംബന്ധിച്ചടത്തോളം,  അവന്റെ മതഗ്രന്ഥത്തോടും, അതുപോലെ അവൻ വിശ്വസിക്കുന്നാ പ്രത്യയശാസ്ത്രത്തോടൊപ്പം, പ്രാധാന്യം കല്പിക്കേണ്ടതും, ബഹുമാനിക്കപ്പെടേണ്ടതുമായ, ഒന്നാണ് ഇന്ത്യൻ ഭരണഘടന. പ്രദോഷ സമയത്തെ വിളക്ക് ചന്ദ്രനാണ്, രാത്രിയുടെ അന്ധകാരത്തിൽ ചന്ദ്രൻ നറുവെളിച്ചം പൊഴിക്കുന്നു, എന്നാൽ പ്രഭാതസമയത്തെ വിളക്ക് സൂര്യനാണ്. ആ സൂര്യൻ കാരണമാണ് ഈ പ്രപഞ്ചം, പ്രപഞ്ചമായി നിലകൊള്ളാനുള്ള കാരണം. അതുപോലെ, ഈ രാജ്യത്തെ ജനങ്ങളെ ഒരുമയോടും, സാഹോദര്യത്തോടും നിലനിർത്തുന്ന സൂര്യനാണ് നമ്മുടെ ഭരണഘടന. 

ഭരണഘടന നിലവിൽ വരുമ്പോൾ പരമാധികാര ജനാതിപത്യ റിപ്പബ്ലിക്ക് എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1976 -ലെ 42 -മാം ഭരണഘടന ഭേദഗതി പ്രകാരം "സോഷ്യലിസ്റ്റ് മതേതര" എന്നും കൂടി കൂട്ടി ചേർക്കപ്പെട്ടു. സ്വതന്ത്രമായാ ജനസമൂഹത്തിന്, രാജ്യഭരണത്തിൽ പങ്കാളിത്തമുള്ള സ്വതന്ത്ര ജനാതിപത്യ റിപ്പബ്ലിക്കാണ് ഭാരതം. പരമാധികാരം നമ്മൾ ഓരോരുത്തരുമായാ ജനങ്ങളിൽ നിക്ഷിപ്തമാണ്. ആ പരമാധികാരം കാത്തു സൂക്ഷിക്കുന്ന പവിത്രവും, അലംഘനീയമായ പ്രമാണമാണ് നമ്മുടെ ഭരണഘടന.

`
വിവിധ രാജ്യങ്ങളുടെ ഭരണഘടനയില്‍നിന്ന് മികച്ചവ തെരഞ്ഞെടുത്താണ് ഇന്ത്യന്‍ ഭരണഘടനയ്ക്ക് രൂപം നല്‍കിയത്. വ്യക്തിസ്വാതന്ത്ര്യം ഫ്രാന്‍സില്‍നിന്നും മൗലികാവകാശങ്ങള്‍ സോവിയറ്റ് യൂണിയനില്‍നിന്നും ജനകീയ തെരഞ്ഞെടുപ്പും പാര്‍ലമെന്റ് സംവിധാനവും ബ്രിട്ടനില്‍നിന്നും സംസ്ഥാനങ്ങളുടെ ഫെഡറല്‍ സംവിധാനം അമേരിക്കന്‍ ഭരണഘടനയില്‍നിന്നുമാണ് നാം സ്വീകരിച്ചത്.ഇതിനായി അക്ഷീണം പ്രയത്നിച്ചത് നിയമപണ്ഡിതനായ അംബേക്കറെ, അക്കാരണത്തലാണ് ഭരണഘടനയുടെ ശില്‍പി എന്ന് നാം വിളിക്കുന്നതും .



1947 ആഗസ്റ്റ് 29നു ചേര്‍ന്ന ഭരണഘടനാ സമിതി യോഗം ഭരണഘടനയുടെ കരടുരേഖ തയ്യാറാക്കാന്‍ ഡോ. ബി ആര്‍ അംബേദ്ക്കറുടെ നേതൃത്വത്തില്‍ ഏഴംഗ സമിതിയെ ചുമതലപ്പെടുത്തി. അദ്ദേഹത്തിെന്‍റ അധ്യക്ഷതയില്‍ 30ന് സമിതി ആദ്യയോഗം ചേര്‍ന്നു. 1949 നവംബര്‍ 26ന് സമ്പൂര്‍ണ ഭരണഘടന തയ്യാറായി. അംബേദ്കറുടെ നേതൃത്വത്തില്‍ 141 ദിവസം കൊണ്ടാണ് ഭരണഘടനയുടെ കരട് തയാറാക്കിയത്. ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷം ഭേദഗതികളോടെ ഇന്ത്യന്‍ ഭരണഘടന തയ്യാറാവാന്‍ മൂന്നു വര്‍ഷത്തോളമെടുത്തു.  കരട് രൂപരേഖയില്‍ ചില വ്യത്യാസങ്ങള്‍ വരുത്തി ഭരണഘടനാ നിര്‍മാണസഭ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചു. ഭരണഘടനാ നിര്‍മാണസഭ അധ്യക്ഷന്‍ ഡോ. രാജേന്ദ്രപ്രസാദ് 1950 ജനുവരി 24ന് ഭരണഘടന അംഗീകരിച്ച് ഒപ്പിട്ടു.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് 1947 ആഗസ്ത് 15നാണ്. രാജ്യം റിപ്പബ്ലിക് ആയി പ്രഖ്യാപിക്കപ്പെട്ടത് 1950 ജനുവരി 26നും.  സ്വാതന്ത്ര്യം കിട്ടിയെങ്കിലും അന്ന് സ്വന്തമായി ഒരു ഭരണഘടനയോടുകൂടിയ ഭരണവ്യവസ്ഥ രാജ്യത്ത് നിലവില്‍ വന്നിരുന്നില്ല. സ്വാതന്ത്ര്യലബ്ധിക്കു മുമ്പുതന്നെ 1946ല്‍ രൂപീകരിച്ച കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലി മൂന്നുവര്‍ഷത്തെ ശ്രമഫലമായാണ് ഇന്ത്യയുടെ ഭരണഘടന എഴുതി തയാറാക്കിയത്.1950 ജനുവരി 26ന് ഭരണഘടന പ്രാബല്യത്തില്‍ വന്നു. അതോടെ ഇന്ത്യ സ്വതന്ത്ര പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി. മറ്റ് ജനാധിപത്യ രാജ്യങ്ങളിലെ ഭരണഘടനകള്‍ പഠിച്ച,് കൊള്ളേണ്ടത് കൊണ്ടും തള്ളേണ്ടത് തള്ളിയുമാണ് നമ്മുടെ ഭരണഘടനക്ക് രൂപംനല്‍കിയത്.

ലോകത്തെ എഴുതിത്തയ്യാറാക്കിയ ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യം ഭാരതമാണ്. 22 ഭാഗങ്ങളും 395 വകുപ്പുകളും 12 ഷെഡ്യൂളുകളുമുള്ളതാണ് ഇന്ത്യന്‍ ഭരണഘടന.വ്യക്തിയുടെയോ ഭരണകര്‍ത്താവിന്റെയോ സര്‍ക്കാറിന്റെയോ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലോ ഭരണഘടനയില്‍ സാധ്യമല്ല. പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്ത് അംഗീകരിച്ചാല്‍ മാത്രമേ ഭേദഗതികള്‍ സാധ്യമാവൂ. ഇങ്ങനെ അവസരോചിതമായ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് വിധേയമായി ഇപ്പോഴും നമ്മുടെ ഭരണഘടന വളര്‍ന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ ഭരണഘടന ഒരു രാജ്യത്തിലെ ഭരണവ്യവസ്ഥ, സംവിധാനം, ഭരണകൂടത്തിന്റെ അധികാരങ്ങള്‍, ചുമതലകള്‍ തുടങ്ങി പൗരന്‍ എന്ന നിലയിലുള്ള മൗലികാവകാശങ്ങള്‍, പൗരന് രാഷ്ട്രത്തോടുള്ള കടമകള്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍വചിക്കുന്ന അടിസ്ഥാന നിയമ സംഹിതയാണ് ഭരണഘടന. ഇന്ത്യ പരമാധികാര സോഷ്യലിസ്റ്റ്, മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കാണെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ നീതിയും ചിന്താസ്വാതന്ത്ര്യം, ആശയ സ്വാതന്ത്ര്യം, സ്ഥിതിസമത്വം, അവസരസമത്വം തുടങ്ങിയവയും ഉറപ്പുവരുത്തുമെന്നും ഭരണഘടന ആമുഖത്തില്‍ ഉറപ്പുതരുന്നു.

ഒരു വ്യക്തി, ഒരു വോട്ട്, ഒരേ മൂല്യം എന്ന ആശയത്തിലധിഷ്ഠിതമായ തെരഞ്ഞെടുപ്പാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിെന്‍റ അടിസ്ഥാനശില. രാഷ്ട്രത്തിെന്‍റയും പൗരന്മാരുടെയും അന്തസ്സും ഐക്യവും സാഹോദര്യവും അഖണ്ഡതയും വളര്‍ത്താനും സംരക്ഷിക്കാനും ഭരണഘടനയോടൊപ്പം ജനതയും ബാധ്യസ്ഥരാണ്. നമ്മുടെ മൗലികാവകാശങ്ങളെക്കുറിച്ച് പ്രസ്താവിക്കുന്നത് ഭരണഘടനയുടെ മൂന്നാം ഭാഗത്ത് 12മുതല്‍ 35വരെയുള്ള വകുപ്പുകളിലാണ്.

പലപ്പോഴായി ഭേദഗതികള്‍ക്കു വിധേയമായതാണ് ഇന്നത്തെ ഭരണഘടന. ഭരണഘടനയുടെ ആമുഖത്തില്‍ മതേതരത്വം, സോഷ്യലിസം തുടങ്ങിയ ആശയങ്ങള്‍ 1976ല്‍ "ഭരണഘടനാ ഭേദഗതി'യിലൂടെ കൂട്ടിച്ചേര്‍ത്തതാണ്. അയിത്താചരണം കുറ്റകരമാക്കിയത് 1955ലെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. 1976ലെ 42ാം ഭേദഗതിയിലൂടെ 51എ വകുപ്പായി 10 മൗലിക കര്‍ത്തവ്യങ്ങള്‍ ഭരണഘടനയോട് ചേര്‍ത്തു. പിന്നീട് ഒന്നുകൂടി ചേര്‍ത്ത് ഇപ്പോള്‍ 11 എണ്ണമുണ്ട്. 2003ല്‍ 92ാം ഭേദഗതിയോടെയാണ് ബോഡോ, സന്താലി, മൈഥിലി, ഡോഗ്രി ഭാഷകള്‍കൂടി എട്ടാം ഷെഡ്യൂളില്‍ ചേര്‍ത്തത്.


സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നിവയിൽ അധിഷ്ഠിതമാണ് നമ്മുടെ നമ്മുടെ ജനാതിപത്യ സമ്പ്രദായം. അതിന് മുൻതൂക്കം കൊടുത്തു കൊണ്ടു തന്നെയാണ് ഭരണഘടന തയ്യാറാക്കിയിരിക്കുന്നത്. സാമൂഹിക ബന്ധങ്ങളുടെ ആകെത്തുകയാണ് മനുഷ്യർ.  അവരുടെ ജീവിതത്തിന്റെ സങ്കർഷങ്ങൾ
ഇരമ്പിമറിയുന്നാ മഹാസാഗരത്തിൽ, നീതിയുടെ ആശ്വാസം തേടിയുള്ള ചെറുതുരുത്താണ് നാടിന്റെ ഭരണഘടന. 

Saturday, May 21, 2022

ആട് തോമ്മായായി പരിണമിച്ചാ, കണ്ടതിൽ നോബിളിന്റെ കഥ !


മലയാളത്തിന്‍റെ ലാലേട്ടന് ഇന്ന് 62-മാം പിറന്നാൾ. പത്തനംതിട്ടയിലെ ഇലന്തൂരിൽ 1960 മെയ് 21 നാണ് അദ്ദേഹത്തിന്റെ  ജനനം, പിന്നീട് തിരുവനന്തപുരത്തെ ഗവ. മോഡല്‍ ഹൈസ്കൂളിലും പിന്നെ എം.ജി. കോളജിലുമൊക്കെ പഠനം, സ്കൂള്‍തലം  മുതൽ അഭിനയത്തിൽ നിരവധി പുരസ്‌കാരങ്ങൾ, കൂട്ടത്തിൽ സംസ്ഥാന പഞ്ചഗുസ്തി മത്സരത്തില്‍ ഇന്‍റര്‍ കൊളിജിയറ്റ് ചാംപ്യന്‍, പിന്നീട് തിരനോട്ടം' എന്നാ ചിത്രത്തില്‍ മന്ദനായ ഒരു വേലക്കാരന്‍റെ വേഷത്തിലൂടെ മലയാള സിനിമാ ലോകത്തേക്കുള്ള പ്രവേശനം. തുടർന്ന്, തിരശീലയിൽ നിറഞ്ഞാടിയത് നൂറുകണക്കിന് കഥാപാത്രങ്ങൾ, അനേകായിരം ഭാവവിത്യാസങ്ങൾ, നാല് ദേശീയ അവാർഡ് ഉൾപ്പെടെ നാലു പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിലൂടെ നേടിയെടുത്താ പുരസ്‌കാരങ്ങൾ നിരവധി. അക്കൂട്ടത്തിൽ ലാലേട്ടൻ എന്നാ മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ നിർണായക വെല്ലുവിളി നിറഞ്ഞാ വേഷമായിരുന്നു, സ്ഫടികത്തിലെ ആട്‌ തോമായെന്ന, തോമ്മാച്ചായാൻ.


ഗുണമേന്മ കൊണ്ടും, അഭിനയതികവ് കൊണ്ടും മലയാളത്തിലെ എണ്ണം പറഞ്ഞാ ആക്ഷൻ ചിത്രങ്ങളിൽ ഒന്നാണ് സ്ഫടികം. വർഷങ്ങൾ പലകുറി കഴിഞ്ഞിട്ടും, ഇപ്പോഴും ആട് തോമയെന്ന തോമ്മാച്ചയാനെ മലയാളി നെഞ്ചിലേറ്റുന്നത്  ആ കഥാപാത്രത്തിന്റെ സംഭവബഹുലമായ ജീവിതവും, അതിൽ വന്ന് പോയാ മറ്റ് കഥാപാത്രങ്ങളുടെ അഭിനയമികവ് എന്നത് കൊണ്ട് മാത്രമാണ്. എന്നാൽ, യഥാർത്ഥ ജീവിതത്തിലെ  ആട് തോമയുടെ ജീവിതത്തിന്റെ, വേരുകൾ തേടിപ്പോയൽ നമ്മൾ ചെന്നെത്തുന്നത്, പാലാ മൂന്നിലവിലെ ഒരു ധനിക കുടുംബത്തിന്റെ മുറ്റത്താണ്‌.  അവിടെയാണ് വർഷങ്ങൾക്ക് മുൻപ് ആട് തോമയെന്ന കഥാപാത്രമായി പരിണമിച്ചാ കണ്ടത്തിൽ നോബിളിന്‍റെ ജനനം.

അന്നത്തെ കാലത്ത് വലിയ രാഷ്ട്രീയ ബന്ധങ്ങളുള്ള പ്രമാണി കുടുംബം.  ചെറുപ്പത്തില്‍ ശാന്തസ്വഭാവിയായിരുന്നു നാട്ടുകാരുടെ കഥകളിലെ നോബിള്‍. തോമയെന്ന തോമസ് ചാക്കോയെപ്പോലെ പാഠ്യേതരവിഷയങ്ങളില്‍ മിടുക്കന്‍. എന്നാല്‍ സ്വത്തുണ്ടാക്കുന്ന തിരിക്കിനിടെ അപ്പന്‍ നോബിളിനെ ശ്രദ്ധിക്കാന്‍ മറന്നു. വഴിപിഴച്ച്, സകല അടിതടവുകളും പഠിച്ച്, പനപോലെ അവന്‍ വളര്‍ന്നുപൊങ്ങി. കൂട്ടംതെറ്റിയ കുഞ്ഞാടിനെപോലെ നാടിനെ നടുക്കുന്ന റൗഡിയായി.  കൊന്നും കൊലവിളിച്ചുമുള്ള  നടപ്പായി പിന്നീട്. കൂടെ, എന്തിനും പോന്ന ഒരു സംഘവും നിഴലുപോലെ അവന്‍റൊപ്പമുണ്ടായിരുന്നു. നോബിള്‍ വീട്ടിലെത്തിയാല്‍ അപ്പന്‍ പോലും ഭയന്ന് ഇറങ്ങിപ്പോകുമായിരുന്നുവത്രെ. സ്ഫടികത്തിൽ കാണിക്കുന്നത് പോലെ, അന്നത്തെ ഒരു എ.എസ്.യെ, പാലാ പാലത്തിൽ നിന്ന് നോബിൾ തലയിലൂടെ മുണ്ട് ഊരി അടിച്ചു, മീനച്ചിലാറ്റിലേക്ക് വലിച്ചെറിഞ്ഞത് പാലായിലെ പഴമക്കാർ ഇന്നും ഓർക്കുന്നു.

അക്കാലത്ത്, നോബിള്‍ ഷാപ്പിലെത്തിയാല്‍ മറ്റുള്ള കള്ളുകുടിയന്മാര്‍ പേടിച്ച് സ്ഥലംവിടും. കാശുകൊടുക്കാതെ കുടിക്കും. സ്ഥിരം അടിപിടി. അങ്ങനെ നാട്ടിലെ അബ്കാരി പ്രമുഖന് സ്വസ്ഥമായി ഷാപ്പ് നടത്താന്‍ പറ്റാതായി. അബ്കാരിയുടെ നേതൃത്വത്തിൽ നോബിളിനെ വകവരുത്തുന്നതിനുള്ള ഗൂഢാലോചന തുടങ്ങി. ഒടുവില്‍ അവര്‍ നോബിളിന്‍റെ വലംകൈയും, കൂട്ടാളിയുമായിരുന്നാ, ശിവരാമനെന്നാ ശിവരാമപിള്ളയെ വിലയ്ക്കെടുത്തു. ഷാപ്പിൽ എത്തിയാൽ, എപ്പോഴും ഒരാക്രമണം പ്രതീക്ഷിച്ചിരുന്ന നോബിള്‍ ഷാപ്പിലെ ഭിത്തിക്ക് തൊട്ടുമുന്നിലേ എപ്പോഴും ഇരിക്കാറുള്ളു,
അന്ന് പതിവ് പോലെ ഷാപ്പിലിരിക്കുകയായിരുന്നു നോബിള്‍.. പെട്ടെന്ന് കരണ്ടുപോയി.. അപകടം മനസിലാക്കിയ അവന്‍ മേശപ്പുറത്തു കുത്തി വച്ചിരുന്ന കത്തീം വലിച്ചൂരി ചാടിഎഴുന്നേറ്റു, എന്നാല്‍ അടുത്ത സെക്കന്‍ഡില്‍ ഇരുട്ടത്തു നിന്നും ഒരാസിഡ് ബള്‍ബ് പറന്നു വന്നു...അതവന്‍റെ മുഖത്തേക്കാ വന്നു വീണത്, കൂടാതെ ശിവരാമന്‍റെ നേതൃത്വത്തിൽ നേരത്തെ തയ്യാറായി നിന്നിരുന്നാ ആറേഴ് പേരും കൂടെ അവന്റെ മേൽ ചാടി വീണു..  ഉടനെ മേശയുടെ അടിയില്‍ പതുങ്ങിക്കിടന്നാ ഒരുത്തന്‍ അവന്‍റെ കുതികാലിനു വെട്ടി.. ഞരമ്പ് അറ്റുപോയി... പുറകിലേക്ക് മറിഞ്ഞ് വീണ നോബിളിനെ തലങ്ങും വിലങ്ങും വാഴപ്പിണ്ടി വെട്ടി അരിയുമ്പോലെ വെട്ടി അരിഞ്ഞു..മരിക്കുന്നതിനു മുമ്പ്  കൂട്ടത്തിലെ പലര്‍ക്കും നോബിളിന്‍റെ കുത്തേറ്റിരുന്നു. കഴുത്തറുത്ത് മാറ്റിയ ശേഷം മാത്രമാണ് നോബിള്‍ മരിച്ചെന്ന് അവര്‍ ഉറപ്പിച്ചത്. കാരണം വെട്ടിയിട്ടാല്‍ തനിയെ മുറിവുകൂടുന്നവനായിരുന്നു നോബിളെന്നായിരുന്നു വിശ്വാസം. എന്തായാലും, പാലായിലെ ഷാപ്പിൽ വെച്ച് നോബിൾ കൊല്ലപ്പെടുമ്പോൾ വെറും
33 വയസായിരുന്നു അവന്റെ പ്രായം.


നോബിളിനെ കുത്തിമലര്‍ത്തിയ ശിവരാമനായിരുന്നു പിന്നീട് നാട്ടിലെ പ്രധാന ഗുണ്ട. ദേഹാസകലം രോമം നിറഞ്ഞ കരടിയേപ്പോലരു ഒരു പിള്ളേച്ചന്‍. ജാമ്യത്തിലിറങ്ങിയ കാലത്ത് നോബിളിന്‍റെ ആള്‍ക്കാര്‍ക്കു നേരെ കവലയില്‍ വച്ച് സ്വന്തം ശരീരത്തിലെ രോമം പറിച്ച് ഊതിപ്പറത്തിയ ശിവരാമനും നാട്ടുകാരുടെ കഥകളിലുണ്ട്. ഇയാള്‍ പിന്നീട് പാലായിലെ മറ്റൊരു ഗുണ്ടയും, നോബിളിന്റെ കൂട്ടുകാരനുമായ  ചെല്ലപ്പന്‍റെ കൈകളാല്‍ തീര്‍ന്നു എന്നത് മറ്റൊരു കഥ.

പതിറ്റാണ്ടുകൾ പലതും പോയിമറഞ്ഞു, ഒരു കാലത്ത് കോട്ടയം പാലായിലെ പഴമക്കാരുടെ മനസിൽ ജീവിച്ചിരുന്നാ നോബിളും, ശിവരാമനും, ചെല്ലപ്പനും എല്ലാം കാലത്തിന്റെ തിരശീലയിൽ മറഞ്ഞു, എന്നാൽ നോബിളിൽ നിന്ന്, പ്രചോദനം ഉൾക്കൊണ്ട് ആ നാട്ടുകാരനായ ഭദ്രൻ അണിയിച്ചൊരുക്കിയ ആട് തോമ്മയെന്ന 'തോമ്മാച്ചയാൻ' ഇന്നും അഭ്രപാളിയിലെ തിരശീലയിൽ ജീവിക്കുന്നു !.
NB :  മികച്ച നടനുള്ള കേരളാ സംസ്ഥാന അവാർഡ്, 1995 ൽ, കോട്ടയം ചന്തയിലെ ആ തട്ടിൻപുറത്ത്, ആട് തോമ്മായെ തേടിയെത്തി.



Monday, November 15, 2021

അയർലൻഡിലെ കാശുകാർ; കർഷകർ !

ഫലഭൂഷ്ഠമായ മണ്ണ്, മിതശീതോഷ്‌ണമായ കാലാവസ്ഥയുടെ സാന്നിധ്യം, വർഷത്തിന്റെ
മുക്കാൽ സമയവും നിർലോഭം ലഭിക്കുന്ന മഴവെള്ളം, അസൂയാവഹമായ ഭൂപ്രകൃതി,
പരിസ്ഥിതിയുടെ ഈ അനുകൂലഘടകങ്ങളാണ്, അയർലൻഡിനെ കൃഷിയുടെയും, കൃഷിക്കാരുടെയും പറുദീസായാക്കി മാറ്റുന്നത്തിൽ മുഖ്യപങ്ക് വഹിക്കുന്നത്. കൂടാതെ, ഗൾഫ് കാറ്റിന്റെ ഉചിതമായ പ്രവാഹദിശയുടെ സ്വാധീനവും, ഇടമുറിയാതെ മലിനരഹിതമായി ഒഴുകുന്നാ മൂവായിരത്തിൽപ്പരം നദികളും, അയർലൻഡിന്റെ തനതായ പച്ചപ്പ് നിലനിർത്തുന്നതിനും, പുൽമേടുകളിൽ അലസമായി മേയുന്നാ കന്നുകാലികളുടെ ആദായകരമായ പരിപാലനത്തിനും നിദാനമാകുന്നു.


ഈ രാജ്യത്തിലെ കൃഷിയ്ക്കും, കൃഷി രീതികൾക്കും ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുണ്ട്. ആർക്കിയോളജിക്കൽ സർവേ ഓഫ് അയർലൻഡ്, കൗണ്ടി 'മയോയിൽ' കണ്ടെടുത്തപ്പെട്ടാ രേഖകൾ പ്രകാരം, ബിസി 4000- ത്തിന്റെ തുടക്കത്തിൽ, അത് വരെ അലഞ്ഞുതിരിഞ്ഞ് വേട്ടയാടി നടന്നിരുന്നാ ആദിമമനുഷ്യർ, പിന്നീട് കൂട്ടമായി ഒന്നിച്ച് താമസിച്ചു, ബാർലിയും, ഗോതമ്പും കൃഷി ചെയ്യാൻ തുടങ്ങിയതായി കണ്ടെത്തുകയുണ്ടായി. തുടർന്ന്, മധ്യകാലഘട്ടത്തിൽ,  മണ്ണ് ഉഴുത് മറിക്കാൻ കുതിരകൾ പൂട്ടിയ കലപ്പയുടെ ആവിർഭാവവും, ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ക്രിസ്ത്യൻ ആശ്രമങ്ങളുടെ കൃഷിരീതികളിലുള്ള നൂതന പരീക്ഷണങ്ങളും, കൂടുതൽ വിളകൾ വിളിയിക്കാൻ കൃഷിക്കാരെ പ്രാപ്തരാക്കി. അക്കാലയളവിൽ കൂടുതലും, കാബേജ്, ബീൻസ്, ഉള്ളി, ക്യാരറ്റ് തുടങ്ങിയാ പച്ചക്കറികളും, ആപ്പിൾ, സ്ട്രോബെറി, പ്ലം മുതലായ പഴവർഗങ്ങളുമായിരുന്നു കൃഷിക്കാരുടെ പ്രധാന വരുമാന സ്രോതസ്. അതോടൊപ്പം, കന്നുകാലികളിലും, ആട്, പന്നി വളർത്തലുകളിലും ഉണ്ടായ പുരോഗതി എടുത്ത് പറയേണ്ടാ വസ്തുതയാണ്. 


പക്ഷേ, അയർലൻഡിൽ മാത്രമല്ലാ, യൂറോപ്പിലെ ഒന്നടങ്കം കൃഷിക്കാരുടെ ഇടയിലും, ഇവിടുത്തെ ജീവിതസാഹചര്യത്തിലും വിപ്ലവകരമായ മാറ്റം സംഭവിച്ചത്, പതിനാറാം നൂറ്റാണ്ടിലെ ഉരുളക്കിഴങ്ങിന്റെ ആഗമനത്തോടെയാണ്. അയർലൻഡിലെ അനുകൂലമായ കാലാവസ്ഥയും, ധാതുസമ്പുഷ്ടമായ മണ്ണും മൂലം, ഉരുളക്കിഴങ്ങ് കൃഷി ഈ രാജ്യത്തിലെ ജനങ്ങളുടെ വയറും, പോക്കറ്റും നിറയ്ക്കാൻ ഒരു പരിധി വരെ കാരണമായെന്ന് പറയാം. 1845 - ൽ ഉരുളക്കിഴങ്ങ് കൃഷിയിൽ ഉണ്ടായ തകർച്ച മൂലം, ഒരു ലക്ഷത്തിൽപ്പരം ജനങ്ങളാണ് അന്ന് പട്ടിണിമൂലം മരണമടഞ്ഞത് എന്നത് കൂടി കൂട്ടിവായിക്കുമ്പോൾ, ഉരുളക്കിഴങ്ങ് ഇവിടുത്തെ ദൈനംദിന ജീവിതത്തിൽ എത്രമാത്രം വലിയ സ്വാധീനമാണ് ഉളവാക്കിയിരിക്കുന്നത് എന്ന് കൂടുതൽ വ്യക്തമാകുകാ.


എന്നാൽ അയർലൻഡിലെ കൃഷിക്കാരുടെ ജീവിതനിലവാരത്തിന് യഥാർത്ഥ തകർച്ച നേരിട്ടത് 12-മാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് അധിനിവേശത്തോടെയായിരുന്നു.  ബ്രിട്ടന്റെയും, ബ്രിട്ടീഷ് രാജവംശത്തിന്റെയും 'ഫുഡ് ഫാക്ടറി' ആയിട്ടാണ് അയർലൻഡിനെ, ഇംഗ്ലീഷ്കാർ കണക്കാക്കി പോയിരുന്നത്. മാത്രമല്ലാ, ഐറീഷ് ജനതയെ, രണ്ടാംതരം പൗരന്മാരായി അവർ തരം തിരിക്കുകയും,  ഇവിടെ ഉല്പാദിപ്പിച്ചിരുന്നാ ധ്യാനവർഗ്ഗങ്ങൾ, പച്ചക്കറി, പഴവർഗങ്ങൾ, മാംസം, പാൽ ഉത്പന്നങ്ങൾ തുടങ്ങിയവയെല്ലാം, ഭീമമായ നികുതിയുടെയും, രാജഭരണത്തിന്റെ അധികാരത്തിന്റെയും പേരിൽ, ബ്രിട്ടനിലേക്ക് നിർലോഭം കടത്തിക്കൊണ്ട് പോകുകയും ചെയ്തിരുന്നു. അയർലൻഡിലെ, കൃഷിക്കാരുടെ കുടുംബങ്ങളിൽ, സ്ത്രീകളും- കുട്ടികളും കൊടിയ ദാരിദ്യത്തിൽ കഴിയുമ്പോഴും, അവരുടെ അധ്വാനത്താൽ വിളയിച്ചിരുന്ന വിഭവങ്ങൾ, ബ്രിട്ടനിലേക്ക് കയറ്റി അയക്കാൻ അവർ നിർബന്ധിതരായി. മറ്റൊരു തരത്തിൽ പറഞ്ഞാൽ, പണ്ട് കാലത്ത് കേരളത്തിൽ നിലനിന്നിരുന്നാ ജന്മി-കുടിയാൻ ബന്ധമായിരുന്നു,  ഈ രണ്ടു രാജ്യങ്ങളും തമ്മിൽ അന്ന് നിലനിന്നിരുന്നത്.  2018- ൽ പുറത്തിറങ്ങിയാ 'Black 47' -എന്നാ ഐറിഷ് സിനിമയിൽ, ഈ രംഗങ്ങൾ, പ്രശസ്‌ത സംവിധായകൻ ലാൻസ് ഡാലി മനോഹരമായി ആവിഷ്‌ക്കരിച്ചിട്ടുണ്ട്.   പിന്നീട് ബ്രിട്ടനുമായി പൊട്ടിപ്പുറപ്പെട്ടാ ആംഗ്ലോ - ഐറിഷ് യുദ്ധം പതിറ്റാണ്ടുകളോളം നീണ്ട് നിന്നു, യുദ്ധത്തിൽ 2 മില്യനോളം ഐറീഷ് പൗരന്മാർക്ക്  ജീവൻ നഷ്ടമായി.  എന്നിരുന്നാലും, നൂറ്റാണ്ടുകൾ നീണ്ട് നിന്നാ യുദ്ധത്തിനും, സംഘർഷത്തിനും, 1921 ഡിസംബർ 6 മാം തീയതിയിൽ ഒപ്പ് വെച്ചാ, ആംഗ്ലോ - ഐറീഷ് കരാറിലൂടെ വിരാമമായി, അതോടുകൂടി അയർലഡിലെ കർഷകരുടെ സുവർണ കാലഘട്ടത്തിനും തുടക്കമായെന്നും പറയാം.


കാലം മാറി, കഥ മാറി. 2010-ലെ, The International Financial Service Center Dublin-  കണക്കുകൾ പ്രകാരം, അയർലൻഡിലെ പ്രധാനവരുമാന സ്രോതസിലെ, പ്രാഥമിക മേഖലയിൽ ഒന്നാമത് നിൽക്കുന്നതാണ് ഇവിടുത്തെ കാര്‍ഷികമേഖല. കൃഷിക്ക് ശേഷമോണ് ഖനനം, വ്യവസായം, ഫാർമസ്യൂട്ടിക്കൽ, മത്സ്യബന്ധനം തുടങ്ങിയാ മറ്റ് വരുമാന മേഖലകൾ കടന്ന് വരുന്നത്. കൂടാതെ, രാജ്യത്തിലെ GDP- യുടെ 2 ശതമാന വിഹിതവും വന്ന് ചേരുന്നത് വിവിധയിനം കാർഷികമേഖലയിലൂടെയാണ്. ഫുൾടൈം കൃഷിക്കാരായി ഒരു ലക്ഷത്തി നാല്പത്തി അയ്യായിരം പേർ ഇവിടെ ജോലി ചെയ്യുന്നുണ്ട് എന്നാണ് , Agriland of Ireland- ന്റെ വെബ്‌സൈറ്റിൽ പറയുന്നത്, പാർട്ട് ടൈം കൃഷിക്കാരായി രണ്ട് ലക്ഷത്തിൽ  പരം ജനങ്ങളും ജോലി ചെയ്യുന്നു. അയർലൻഡിലെ ആകെയുള്ള ജനസംഖ്യ, 5.01 മില്യൺ  (Press Statement Population and Migration Estimates April 2021) മാത്രമാണെന്നാ കാര്യവും  കൂടി ഇവിടെ ഓർമിപ്പിക്കുന്നു.


അയർലൻഡിലെ ഒരു കൃഷിക്കാരന് ശരാശരി 80 ഏക്കർ ഭൂമിയുണ്ടെന്നാണ് Farm structure statical survey 2019 ലെ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. നേരെമറിച്ച്, യൂറോപ്പ് യൂണിയൻ കീഴിലുള്ള മറ്റ് രാജ്യങ്ങളിലെ കൃഷിക്കാർക്ക് ശരാശരി 39 ഏക്കർ ഭൂമി മാത്രമേ ആളോഹരി സ്വന്തമായിട്ട് ഉള്ളൂ. അയർലൻഡിലെ മണ്ണിൽ, ബാർലി, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്,  ഗോതമ്പ്, ഓട്‌സ് തുടങ്ങിയവയാണ്  പ്രധാനവിളകൾ. കൂടാതെ, പഴവർഗങ്ങളിൽ സ്ട്രോബെറിയാണ് ഒന്നാം സ്ഥാനം കയ്യാളുന്നത്, അതിന്റെ പുറകിൽ യഥാക്രമം ആപ്പിൾ, ബ്ലൂബറി, റാസ്ബെറി, ഓറഞ്ച് തുടങ്ങിയവയും ഇവിടുത്തെ കൃഷിക്കാരുടെ പ്രധാനമായാ വരുമാനമാർഗങ്ങളാണ്‌.


മണ്ണിൽ പണിയെടുക്കുന്നാ കൃഷിക്കാരെ മാറ്റി നിർത്തിയാൽ, ഈ രാജ്യത്തിൽ കൂടുതൽ കൃഷിക്കാരും ജോലി ചെയ്യുന്നാ മറ്റൊരു പ്രധാന മേഖലയാണ് കന്നുകാലികൾ വളർത്തലും, അതിന്റ വിപണനവും. Central Statics Office 2020 -ലെ രേഖകൾ പ്രകാരം പത്തുലക്ഷത്തിൽ അധികം കന്നുകാലികളും,  ഒന്നര ലക്ഷത്തിലധികം ബീഫ്, പന്നി, കോഴി ഫാമുകളാണ്  അയർലൻഡിൽ സജീവമായി ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ ഉല്പാദിപ്പിക്കുന്നാ മാംസത്തിന്റെ 90 ശതമാനവും, യുക്കെ, ഫ്രാൻസ്, ഹോളണ്ട്, ചൈന മുതലായ രാജ്യങ്ങളിലേക്കാണ് കൂടുതലായും കയറ്റുമതി ചെയ്യപ്പെടുന്നത്. Meat Industry Ireland (MII ) കണക്കുകൾ പ്രകാരം, 2019ലെ മാംസ കയറ്റുമതിയിലൂടെ മാത്രം, 4.9 ബില്യൺ യൂറോയാണ്  ഈ രാജ്യം നേടിയെടുത്തത്. ഗൾഫ് രാജ്യങ്ങളിലെ എണ്ണ ഉത്പാദന വരുമാനത്തോടാണ്, ഇവിടുത്തെ ഇറച്ചി ഉത്‌പാദനപ്രക്രിയയെയും, അതിൽ നിന്ന് ലഭിക്കുന്നാ വിദേശകറൻസിയെയും അയർലൻഡ് മാധ്യമങ്ങൾ താരതമ്യം ചെയ്യുന്നത്.


കർഷകരെ മനമറിഞ്ഞ് സഹായിക്കുന്നാ അയർലൻഡ് സർക്കാരിന്റെ ഒട്ടുമിക്കാ പദ്ധതികളും, പ്രവർത്തനങ്ങളും വളരെയധികം ശ്ലാഘനീയമാണ്. Rural Environmental Protection Scheme (REPS) കീഴിലുള്ള 'Farm Assist' സ്‌കീം എന്നൊരു പദ്ധതി പ്രധാനമായും എടുത്ത് പറയേണ്ടത് ഒന്നാണ്. ഇതിൽ പ്രകാരം,  വരുമാനം കുറവുള്ള കൃഷിക്കാരെ പ്രത്യേകം കണ്ടെത്തി അവർക്ക് അവരുടെ ഭൂമിയിൽ കൂടുതൽ കൃഷി ഇറക്കുവാനും, നികുതി ഇളവ്, വളം, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മിതമായ നിരക്കിൽ ആവശ്യാനുസരണം സർക്കാർ എത്തിച്ചു കൊടുക്കുന്നു. അതുപോലെ മറ്റൊന്നാണ്, കൃഷിമേഖലയിലേക്ക് കൂടുതൽ സ്ത്രീകളെ ആകർഷിക്കുവാനും, കൂടാതെ ഇപ്പോൾ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷിതമായ സാമ്പത്തിക ഭദ്രയ്ക്കും വേണ്ടി പാർലമെന്റിൽ പാസാക്കിയ The Common Agricultural Policy (CAP) എന്നൊരു നിയമം. ഇതിൽപ്രകാരം 40 വയസിന് മുകളിലുള്ള കർഷകരായ സ്ത്രീകൾക്ക് 60 ശതമാനവും, 40 വയസിൽ താഴെയുള്ളവർക്ക് 40 ശതമാനവും സർക്കാരിൽ നിന്ന് പ്രത്യേകം ഗ്രാന്റ് ലഭ്യമാകുന്നു. ഇതിന്റെ പ്രയോജനം വിവിധ കാർഷിക മേഖലകളിൽ ജോലി ചെയ്യുന്ന 70,000 പരം സ്ത്രീകൾക്കാണ് ലഭ്യമാകുക. കൂടാതെ, രാജ്യത്തിന്റെ പലഭാഗങ്ങളിലും തുറന്ന ചന്തകൾ, ഫാം ഫെസ്റ്റിവൽ, നൂതന കൃഷിരീതികൾ, അതിസാങ്കേതിക കൃഷിഉപകരണങ്ങൾക്ക് നികുതി ഇളവ്,
കാർഷിക രംഗത്തേക്ക്  ചെറുപ്പക്കാരെ കൂടുതൽ ആകർഷിക്കുവാനായി, യൂണിവേഴ്‌സിറ്റികളിൽ പ്രത്യേകം അഗ്രിക്കൾച്ചറൽ കോഴ്സുകൾ തുടങ്ങിയ വിവിധതരം പദ്ധതികൾ നടപ്പാക്കുന്നതിൽ, അയർലൻഡ് ഗവണ്മെന്റ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നു.

മറ്റൊരു തരത്തിൽ പറഞ്ഞാൽ, അയർലൻഡിലെ കൂടുതൽ കാശുകാർ   ഏത് വിഭാഗത്തിൽപ്പെട്ടവർ ആണെന്ന് ചോദിച്ചാൽ, അതിവിടുത്തെ കൃഷിക്കാർ ആണെന്ന് നിസംശയം പറയാം. The Irish Times - പോയ വർഷം തിരഞ്ഞെടുത്താ, രാജ്യത്തിലെ 17 ശതകോടിശ്വരന്മാരിൽ 4 പേരും കൃഷിയും, കന്നുകാലി വിപണനുമായിട്ടുള്ള പശ്ചാത്തലത്തിൽ നിന്നുള്ളവർ ആയിരുന്നു. ബീഫ് കയറ്റുമതിയിലൂടെ രാജ്യത്തെ കോടീശ്വരന്മാരിൽ മുൻപന്തിയിൽ നിൽക്കുന്നാ, ABP Food Grop ഉടമസ്ഥനും, 2.46 ബില്യൻ സമ്പത്തിന് ഉടമയുമായ ലാറി ഗുഡ്മാൻ, യുക്കെയിലെ സഫോക്ക് കൗണ്ടി, എൽവേഡീൻ എസ്റ്റേറ്റിൽ മാത്രം  22,500 ഏക്കറിൽ ഉരുളക്കിഴങ്ങ്, ഉള്ളി തുടങ്ങിയ കൃഷിയുടെ ഉടമസ്‌ഥനും, കൂടാതെ അയർലൻഡിലെ പല കൗണ്ടികളിലും , വലിയ കൃഷി ഇടങ്ങൾ പാട്ടത്തിനെടുത്ത് കൃഷിയിറക്കി  കോടികൾ കൊയ്യുന്നാ, നേഡ് ഗിന്നസ് തുടങ്ങിയവരൊക്കെ, അയർലൻഡിൽ മണ്ണിൽ പൊന്നുവിളയിച്ച് കാശുണ്ടാക്കിയവരിൽ ഉത്തമ ഉദാഹരണങ്ങളാണ്.


കണ്ണെത്താ ദൂരത്തോളം വിളഞ്ഞുകിടക്കുന്നാ ഗോതമ്പ്, ബാർലി വയലുകളും, പച്ചപുതഞ്ഞ കുന്നിൻ ചെരുവിലും, പുൽമേടുകളിലും അലസമായി അലഞ്ഞു നടക്കുന്നാ കന്നുകാലി- ചെമ്മരിയാടുകളും, ഓരോ ഗ്രാമത്തിലും സജീവമായി പ്രവർത്തിക്കുന്നാ ഒന്നിലധികം
ഡെയറി - ഇറച്ചി ഫാർമുകളും, കൃഷിക്കാരുടെ ആവശ്യത്തിൽ അവരോടൊപ്പം   ഉത്തരവാദിത്വബോധത്തോടെ നിൽക്കുന്നാ  ഗവർണ്മെന്റും, What is your job ? എന്ന് ചോദിക്കുമ്പോൾ, 'I am a farmer !' എന്ന് അഭിമാനത്തോടെ പറയുന്നാ തദ്ദേശവാസിയായ ഓരോ കൃഷിക്കാരനുമാണ്,
അയർലൻഡിലെ കൃഷിയുടെയും, ഈ നാട്ടിലെ ജീവിതരീതിയുടെയും, നേർക്കാഴ്ചയുടെ സാക്ഷ്യമാകുന്നത്.






ഒരു മൈ** പുരാണം..!

ഒരു മൈ** പുരാണം..!  കേരളത്തിൻ്റെ വടക്കേയറ്റമായ മഞ്ചേശ്വരം മുതൽ, തെക്കേറ്റമായ പാറശാല വരെയുള്ള മലയാളികളിലെ ഭൂരിഭാഗവും, അവരവരുടെ വികാരക്ഷോഭപ്രക...