തൻ്റെ തൂലിക കൊണ്ട് മലയാള സിനിമ മേഖലയിൽ തൻ്റേതായ ശൈലിയിൽ കഥയും, തിരക്കഥയും, സംഭാഷണങ്ങളും രചിച്ച പ്രിയപ്പെട്ട കൂട്ടുകാരൻ Sanjo Joseph ക്കുറിച്ചുള്ള ബാല്യകാല ഓർമ്മകൾ;
കുട്ടിക്കാലത്ത്, ഒരേ നാട്ടുകാരും,
അയൽക്കാരുമെന്നുമുള്ള
സുഹൃത്ബന്ധത്തിൽ നിന്നാണ് സാഞ്ചോയുമായുള്ള സൗഹൃദം ഉടലെടുക്കുന്നത്. അത് പിന്നീട്, റബ്ബർ തോട്ടങ്ങളിലെ ക്രിക്കറ്റ് മത്സരങ്ങളിലൂടെയും, രാമപുരം പള്ളിയിലെ അൾത്താരബാലസഖ്യത്തിലെ കൂട്ടായ്മയിലൂടെയും
കൂടുതൽ ഗാഢമായി.
എന്നാൽ, അക്ഷരങ്ങളുടെയും, കലകളുടെയും, നാടകങ്ങളുടെയും
ലോകത്തേക്കുള്ള പ്രയാണത്തിലാണ് സാഞ്ചോയുമായിട്ടുള്ള ചങ്ങാത്തതിന് കൂടുതൽ ഭംഗിയേറിയത്. അഞ്ചാം ക്ലാസിലെ മധ്യവേനൽ അവധികാലത്താണ് ആദ്യമായി
രാമപുരം പഞ്ചായത്ത് ലൈബ്രറിയിൽ ഒരു മെമ്പർഷിപ്പ് കരസ്ഥമാക്കുന്നത്. ആദ്യത്തെ പുസ്തകം തിരഞ്ഞ് പോയപ്പോൾ കണ്ടത്, വലിയ കൂറ്റൻ അലമാരകൾ..! അവിടെ നിറയെ തടിച്ചതും, നേർത്തതുമായ ഒരുപാട്, ഒരുപാട് പുസ്തകങ്ങൾ. അവയുടെ ഇടയിൽ നിന്ന് പുറംചട്ടയാൽ മനോഹരമായ വലിയ ഒരു പുസ്തകം വലിച്ച് എടുത്ത്, ആവേശത്തോടെ ഏതാണ്ട് രണ്ടാഴ്ചയോളം എടുത്ത് അത് മുഴുവൻ വായിച്ച് തീർന്നപ്പോൾ മനസിൽ ബാക്കിയായത് കഥാതന്തുക്കളോ,
അർത്ഥങ്ങളോ ഒന്നും മനസ്സിലാകാത്തയൊരു ശൂന്യത..! (കാലങ്ങൾക്ക് ശേഷമാണ് മനസ്സിലായത്, പുറം ചട്ടയാൽ ഭ്രമിതനായി അന്ന് എടുത്ത പുസ്തകം റഷ്യൻ എഴുത്തുകാരൻ മാക്സിം ഗോര്‍ക്കിയുടെ 'അമ്മ' നോവലിൻ്റെ മലയാള പരിഭാഷ ആയിരുന്നുവെന്ന്.) പുസ്തകം വായന വഴങ്ങാത്ത ഒരു കലയാണോ എന്നുള്ള വിഷമത്തിൽ
ഇരിക്കുമ്പോഴാണ്, പ്രിയപ്പെട്ട കൂട്ടുകാരനായ കഥാനായകൻ
രാമപുരം പള്ളിയിലെ മിഷൻ ലീഗ് ലൈബ്രറിയുടെ, ലൈബ്രേറിയൻ ആണെന്നുള്ള വിവരം അറിയാൻ ഇടയായത്. വായന ജീവിതത്തിലെ ആദ്യത്തെ പരാജയം ചങ്ങാതിയായ ലൈബ്രേറിയൻ സാഞ്ചോയോട് പറഞ്ഞപ്പോൾ,
"എടാ, എന്നാൽ അനിലേ, നീ ഈ മോഡൽ പുസ്തകങ്ങൾ വായിച്ച് നോക്കൂ, ഇത് നിനക്ക് ചിലപ്പോൾ ഇഷ്ടപ്പെടും" എന്ന് പറഞ്ഞ് അവൻ ആദ്യം ലൈബ്രറിയിൽ എൻ്റെ പേര് എഴുതിച്ചത്,ദുർഗ്ഗ പ്രസാദ് ഘത്രിയുടെ ഡിറ്റക്ടീവ് നോവലായ 'ചെമന്ന കൈപ്പത്തി'യുടെ മലയാള തർജ്ജിമ. പിന്നീട് അങ്ങോട്ട് കൂട്ടുകാരൻ്റെ സഹായത്തോടെ കുറ്റാന്വേഷണ പുസ്തകങ്ങളുടെയും, അപസർപ്പക കഥകളുടെയും ലോകത്തേക്കുള്ള ഘോഷയാത്ര ആയിരിന്നു.
എന്നാൽ, ഞായറാഴ്ച മാത്രം തുറക്കുന്ന പളളി ലൈബ്രറിയിലെ പുസ്തകം പാരായണം കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നതിനാൽ ഒന്നിൽ കൂടുതൽ പുസ്തകങ്ങൾ ഒരാൾക്ക് കൊടുക്കുവാൻ പാടില്ലെന്ന് അന്നത്തെ ഫൊറോന വികാരി കുന്നേൽ അച്ചൻ്റെ ശാസനയെ മറികടന്ന്, ഒരു പുസ്തകത്തിൻ്റെ അകത്ത് മറ്റൊരു പുസ്തകം കൂടി ഒളിപ്പിച്ച് എൻ്റെ സാഹിത്യ വായനയ്ക്ക് സഹായമാകുന്ന മറ്റൊരു സൂത്രപ്പണി കൂടി പ്രിയപ്പെട്ട കൂട്ടുകാരൻ
അന്ന് തന്ത്രപൂർവ്വം ചെയ്ത് തന്നിരുന്നു. അക്കാലത്ത്, മലയാള സാഹിത്യത്തിലെ പ്രശസ്തയായ കഥാകൃത്തും, നോവലിസ്റ്റുമായ ലളിതാംബിക അന്തർജനത്തിൻ്റെ 'അഗ്നിസാക്ഷി" വായിച്ചതിൻ്റെ പ്രേരണയാൽ, രാമപുരത്തെ അവരുടെ വീടൊന്ന് കാണുവാൻ സാഞ്ചോയുടെ MTB സൈക്കിളിൻ്റെ പുറകിൽ കയറി ഇരുന്ന് പോയതും, കുട്ടിക്കാലത്തെ ഓർമ്മചെപ്പിൽ സൂക്ഷിക്കുന്ന മറ്റൊരു
മനോഹരമായ ഓർമ്മയാണ്..!
നോവലിൻ്റെയും, പുസ്തകങ്ങളുടെയും
ലോകത്തുള്ള ഒരുമിച്ചുള്ള ചങ്ങാതമാണ് സ്കൂൾ നാടക വേദിയിലേക്കും, തുടർന്ന്
ബൈബിൾ ദൃശ്യാവതരണ നാടകത്തിലേക്കും എത്തി ചേരുവാൻ കാരണമായത്. നാടകമെന്ന ആ കലാധാരയിൽ കൂടിയും ഒരുപാട് സൗഹൃദ ബന്ധങ്ങൾ ഞങ്ങളുടെ ഇടയിൽ പിന്നീട് ഉരുത്തിരിഞ്ഞു വന്നു.
അന്നത്തെ രാമപുരം പള്ളിയിലെ അസിസ്റ്റൻ്റ് വികാരി തോമസ് മടത്തിപ്പറമ്പിൽ അച്ചൻ്റെ സംവിധാനത്തിൽ അവതരിപ്പിച്ച നാടകങ്ങളിൽ, പള്ളിപ്പറമ്പിൽ സെബാസ്റ്റ്യൻ ചേട്ടനെപ്പോലുള്ള പ്രതിഭാധനാരായ മുതിർന്ന കലാകാരന്മാരോട് കലാപരമായി അഭിരമിക്കുവാനും,
അവരോടൊപ്പം വർഷങ്ങളോളം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ
ഞങ്ങൾ കൂട്ടുകാർക്ക് ഭാഗ്യം ലഭിച്ചതും, മറ്റൊരു ഗതകാലസ്മരണയാണ്.
1995 -ലാണ് നാട്ടിലെ അന്നത്തെ സോമൻ ചേട്ടൻ്റെ രാമപുരം
'ലക്ഷ്മി സിനിമാ തിയേറ്ററിൽ' സുരേഷ് ഗോപിയുടെ 'തക്ഷശില ' സിനിമാ പ്രദർശനത്തിന് വന്നത്. അന്നത്തെ ആക്ഷൻ ഹീറോയുടെ സിനിമയ്ക്ക് പോകുവാൻ കയ്യിൽ ഉള്ളത് ആകെ പത്ത് രൂപാ മാത്രം. തിയേറ്ററിലെ
സെക്കൻ്റ് ക്ലാസ് ബെഞ്ചിൽ ഇരിക്കുവാൻ 7 രൂപാ ടിക്കറ്റ് എടുക്കണം, പിന്നെ ബാക്കിയുള്ള 3 രൂപാ ഇൻ്റർവെൽ സമയത്തെ നാരങ്ങവെളളത്തിനും, ബണ്ണിനും കൊടുക്കണം. തിയേറ്ററിൽ എത്തി , ടിക്കറ്റ് എടുത്ത്, ഞാനും,
സാഞ്ചോയും, എൻ്റെ അനിയനും പടത്തിന് കയറി. സിനിമാ തുടങ്ങി തിയേറ്ററിലെ ലൈറ്റ് ഓഫ് ആക്കിയപ്പോൾ, വാതിൽക്കൽ ടിക്കറ്റ് കീറുന്ന 'പൊട്ടൻ ' എന്ന് ഞങ്ങൾ കുട്ടികൾ കളിയാക്കി വിളിക്കുന്ന കാരണവർ കാണാതെ, ഫസ്റ് ക്ലാസിൽ ഗ്യാലറിയിലെ അരമതിൽ ചാടിക്കടന്ന്, തൊട്ട് പുറകിലെ
ഫസ്റ്റ് ക്ലാസ്സ് കുഷ്യൻ സീറ്റിൽ ചാരിക്കിടന്ന്, ആക്ഷൻ ഹീറോയുടെ മാസ്സ് ഡയലോഗും, കൂടെ നായകൻ്റെ കൂട്ടുകാരനായ ജഗദീഷിൻ്റെ നർമമുഹൂർത്തങ്ങളും, വെള്ളിത്തിരയിലെ സിനിമയെന്നാ ദൃശ്യാവ്യാഖ്യാനങ്ങളിലൂടെയുള്ള മഹാവിസ്മയത്തെ ഹർഷാ ആരവത്തോടെ ആ കാലഘട്ടത്തിൽ ആസ്വദിച്ചതും, ബാല്യകാലത്തെ
കുസൃതി നിറഞ്ഞ മറ്റൊരു ഓർമ്മ.
അന്ന് ഞങ്ങൾ സ്ക്രീനിൽ കണ്ട് കയ്യടിച്ചാ ' ജഗദീഷ് ' എന്നാ ഹാസ്യ നടനെ, വർഷങ്ങൾക്ക് ശേഷം താൻ തിരക്കഥ എഴുതിയ 'ഫാലിമി ' സിനിമയിൽ, മലയാള സിനിമാ അന്നേവരെ കണ്ടിട്ടില്ലാത്ത വേഷപകർച്ചയോടെ, ജീവിതത്തിൽ പരാജയപ്പെട്ട് പോയൊരു 'അച്ഛൻ്റെ ' വേഷത്തിൽ, തൻ്റെ സൃഷ്ടിയായ കഥാപാത്രത്തിലൂടെ,ഡയലോഗ് പറഞ്ഞ് കൊടുത്ത് വർത്തമാന കാലഘട്ട പരിവൃത്തത്തിലെ സാധാമനുഷ്യനായി, ഒരു സ്വഭാവ നടനായി തിരശ്ശീലയിൽ അദ്ദേഹത്തെ അവതരിപ്പിക്കാൻ സാഞ്ചോയുടെ തൂലികയ്ക്ക് കഴിഞ്ഞതും, കാലത്തിനു മുൻപേ കലാപരമായി കുതിക്കാനുളള പ്രിയപ്പെട്ട കൂട്ടുകാരൻ്റെ
എഴുത്തിനോടുള്ള ചാതുര്യമാണ് പിന്നീട് പ്രകടമായത്.
വർഷങ്ങൾക്ക് ശേഷം, നഴ്സിംഗ് പഠനവും, ജോലിയുമായി ബാംഗ്ലൂരിൽ ഞങ്ങൾ എത്തിപ്പെട്ടപ്പോഴും, പലപ്പോഴും ഒരു കുപ്പി ബിയറിൻ്റെ ഇരുവശവും ഇരുന്ന് കൊണ്ട് സായാഹ്നങ്ങൾ പങ്ക് ഇടുന്ന സമയങ്ങളിൽ,
അന്ന് അവസാനം കണ്ടാ
സിനിമയുടെ കഥയും, കഥാപാത്രങ്ങളും, ആ സിനിമയുടെ ചിത്രീകരണ രീതികളും,
അതിലെ സാങ്കേതിക സംസ്കാരത്തിൻ്റെയും വിവിധ വശങ്ങൾ ആയിരിന്നു സംസാരത്തിൽ കൂടുതൽ കടന്ന് വന്നിരുന്നത്.
പിന്നീട്, വർഷങ്ങൾക്ക് ശേഷം 'Falimy ' സിനിമാ വലിയൊരു വിജയവും, നിരൂപക പ്രശംസയും നേടിയപ്പോൾ, സൗഹൃദ സംഭാഷണത്തിൽ എപ്പോഴോ
ഒരിക്കൽ സഞ്ചോയോട് ഞാൻ ചോദിച്ചു,
"നഴ്സിംഗ് മേഖലയിൽ നീ കൂടുതൽ മനസ്സ് കേന്ദ്രീകരിച്ച് എങ്കിൽ, നിനക്ക് നേടാമായിരുന്നാ വലിയൊരു പാശ്ചാത്യലോകപ്രപഞ്ചം നീ നഷ്ടപ്പെടുത്തിയില്ലേ..?"
അതിന് പ്രിയപ്പെട്ട കൂട്ടുകാരൻ്റെ മറുപടി ഇങ്ങനെ ആയിരുന്നു.
"ഭാഗികമായി നീ പറയുന്നതിൽ സത്യമുണ്ട്. പക്ഷേ, മലയാള സിനിമാ ഉള്ളിടത്തോളം കാലം, ഞാൻ എഴുതിയ തിരക്കഥയിലൂടെയും അതിലെ കഥാപാത്രങ്ങളിലൂടെയും, മലയാള സിനിമാ പ്രേക്ഷകരിൽ എൻ്റെ എഴുത്തിൻ്റെ കൈയൊപ്പ് അങ്കുരിപ്പിക്കുവാൻ ഇതുവരെ
എനിക്ക് സാധിച്ചിട്ടുണ്ട് എന്നാണ് എൻ്റെ വിശ്വാസം. ഈ ലോകത്ത് സിനിമയെന്ന വർണ്ണവിസ്മയത്തെ സ്വപ്നം കാണുന്ന എത്രപേർക്ക് അതിനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്..?
Sanjo Joseph script writer of Falimi & Hello Mummy.