Saturday, June 19, 2021

ദേശീയ വായനദിനം

കേരള ജനതയെ അക്ഷരങ്ങളുടെയും വായനയുടെയും ലോകത്തേക്ക് കൈ പിടിച്ചുയർത്തി വായനയിൽ വസന്തം വിരിയിച്ച അതുല്യ പ്രതിഭയായിരുന്നു പുതുവാളിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കർ. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച അദ്ദേഹം സാക്ഷരത പ്രസ്ഥാനങ്ങളുടെ പരിപോഷകനും ആയിരുന്നു. പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 അദ്ദേഹത്തോടുള്ള ആദരസൂചകമായി 1996 മുതൽ ഇന്ത്യയിൽ ഈ ദിനം വായനാദിനമായി ആചരിച്ച് വരുന്നു. 

ആലപ്പുഴ ജില്ലയിലെ നീലമ്പേരൂരിൽ ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് 1 തീയതി പുതുവായിൽ നാരായണ പണിക്കർ ജനിച്ചു. എൽ.പി.സ്കൂൾ അദ്ധ്യാപകനായിരുന്നു.

ഗ്രന്ഥശാലകൾ ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിൽ ഉണ്ടാവരുത് എന്ന് സ്വപ്നം കണ്ട പി.എൻ.തന്റെ സ്വപ്നസാക്ഷാത്കാരത്തിനായി രാപ്പകലില്ലാതെ അധ്വാനിച്ചു. വീടുകൾതോറും കയറി പുസ്തകങ്ങൾ ശേഖരിച്ച് 1926-ൽ ജന്മനാട്ടിൽ 'സനാതനധർമ്മം' എന്ന വായനശാല സ്ഥാപിച്ചു. വർത്തമാനപത്രങ്ങൾ ചുരുക്കമായിരുന്നു അക്കാലത്ത് ഗ്രാമീണ ചായക്കടകളിൽ പത്രം വായിക്കാൻ എത്തുന്ന സാധാരണക്കാർക്ക് ആശ്വാസ കേന്ദ്രമായി സനാതനധർമം വായനശാല മാറി. നാട്ടു വെളിച്ചത്തിന്റെ ഇത്തിരി വെട്ടത്തിൽ തുടങ്ങിയ ഗ്രന്ഥശാലകളെല്ലാം പിന്നീട് നാടിന്റെ സാംസ്കാരിക കേന്ദ്രങ്ങളായി വളർന്നു. 


വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക' എന്ന മുദ്രാവാക്യവുമായി 1970 നവംമ്പർ, ഡിസംബർ മാസങ്ങളിലായി തിരുവനന്തപുരം പാറശാല മുതൽ കാസർഗോഡ് വരെ പി.എൻ പണിക്കരുടെ നേതൃത്വത്തിൽ കാൽനടയായി നടത്തിയ സാംസ്കാരിക ജാഥ കേരള ചരിത്രത്തിലെ തന്നെ പ്രധാന ഏടുകളിൽ ഒന്നായിരുന്നു. 

സ്വാതന്ത്ര്യ സമര സേനാനിയും സാംസ്കാരിക പ്രവർത്തകനുമായ കെ. കുഞ്ചുപ്പിളയേയും, കുറച്ച് ചെറുപ്പക്കാരെയും സംഘടിപ്പിച്ച് കൊണ്ട് 1947- ൽ പി.കെ വിലാസം വായനശാലയ്ക്ക് പി.എൻ.പണിക്കർ രൂപം നല്കി. സ്ഥാപക സെക്രട്ടറിയായും പി.എൻ. പണിക്കർ തന്നെയാണ് ചുമതല വഹിച്ചത്. തുടർന്ന് പണിക്കർ തുടർച്ചയായി 32 വർഷത്തോളം ആ സ്ഥാനത്ത് തുടർന്നു. 1971-ൽ ഗ്രന്ഥശാലാ സംഘത്തിന്റെ ഭരണച്ചുമതല സർക്കാർ ഏറ്റെടുത്തു. വിദ്യാഭ്യാസ മന്ത്രി ചെയർമാനും, സെക്രട്ടറി പണിക്കരുമായി ഒരു കൺട്രോൾ ബോർഡ് നിലവിൽ വന്നു. പിന്നീട് പുതിയ മന്ത്രിസഭ അധികാരത്തിൽ വന്നപ്പോൾ പണിക്കർക്ക് പുറത്ത് പോകേണ്ടി വന്നു. ഗ്രന്ഥശാല സംഘത്തിന്റെ ഭാഗമായി ആരംഭിച്ചിരുന്ന അനൗപചാരിക വിദ്യാഭ്യാസത്തിന് ആക്കം കൊടുക്കുവാൻ പി.എൻ പണിക്കർ കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി (കാൻഫെഡ്) രൂപീകരിച്ചു. 

1995 ജൂൺ 19-ന് രോഗബാധിതനായി തിരുവനന്തപുരത്തു വെച്ച് പണിക്കർ അന്തരിച്ചു. അദ്ദേഹത്തോട്ടുള്ള ആദരസൂചകമായി 1996 മുതൽ കേരള സർക്കാർ ജൂൺ 19 വായനാദിനമായി ആചരിച്ചു വരുന്നു. 2004 -ൽ രാജ്യം പി.എൻ.പണിക്കരുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി 2017-ൽ കേരളത്തിന്റെ വായനാദിനമായ ആയ ജൂൺ 19, ദേശീയ വായനാദിനമായി പ്രഖ്യാപിക്കുകയുണ്ടായി. തുടർന്നുള്ള ഒരു മാസക്കാലം ദേശീയവായനാ മാസമായും ഇപ്പോൾ ആചരിച്ച് വരുന്നു. 

ഒരു മൈ** പുരാണം..!

ഒരു മൈ** പുരാണം..!  കേരളത്തിൻ്റെ വടക്കേയറ്റമായ മഞ്ചേശ്വരം മുതൽ, തെക്കേറ്റമായ പാറശാല വരെയുള്ള മലയാളികളിലെ ഭൂരിഭാഗവും, അവരവരുടെ വികാരക്ഷോഭപ്രക...