Thursday, May 28, 2020

എലികളും, വർഗീയതയും !

എലികളും, വർഗീയതയും !

__________________________

ബഹുസ്വരതയാണ് ഇന്ത്യയുടെ മുഖമുദ്ര.


മതവും വിശ്വാസവും ചൂഷണം ചെയ്യുന്നവരാണ്, നമ്മുടെ രാജ്യത്തെ പലപ്പോഴും


അപകടസ്ഥിതിയിലേക്ക് തള്ളിവിടുന്നത്. വര്‍ഗീയ ചിന്താഗതിയുടെ പ്രത്യക്ഷമായ ഓളപ്പെരുക്കങ്ങള്‍ ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മുമ്പ് സാമാന്യേന കുറവായിരുന്നു. ഒരു ബഹുസ്വരസമൂഹത്തില്‍ എങ്ങനെയാണ് സൗഹാര്‍ദപൂര്‍വം ജീവിച്ചുപോകേണ്ടത് എന്നതിന് മികച്ച നിദര്‍ശനമായിരുന്നു അടുത്തകാലംവരെ കേരളസമൂഹം. അതിനാൽ, ഒരു സിനിമയ്ക്ക് വേണ്ടി താൽക്കാലിക സെറ്റിട്ടെന്നാ ഒറ്റകാരണത്താൽ മതവികാരം വ്രണപ്പെട്ടുവെന്ന് വിശ്വസിക്കാൻ മാത്രം അത്രയ്ക്ക് അജ്ഞരല്ലാ കേരളസമൂഹം.
എന്നിരുന്നാലും, ഈ സംഘർഷാവസ്ഥയിലും,  ആക്രമണത്തിനെതിരെ ശക്തമായി രംഗത്ത് വരുകയും തുടർന്ന്  ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുകയും ചെയ്താ, മണപ്പുറം മഹാശിവരാത്രി ആഘോഷ സമിതിയുടെ നടപടികൾ വളരെയധികം പ്രശംസ അർഹിക്കുന്നു.

ഒരിക്കൽ ഒരു കർഷകൻ തന്റെ പാടത്ത് കുറെ ഗോതമ്പ് ചെടികൾ നട്ടു പിടിപ്പിച്ചു. ഗോതമ്പ് ചെടികൾ വളർന്ന് വരുന്നത് അനുസരിച്ചു, ആ പാടത്തിൽ എലി ശല്യവും വർധിച്ചു. ആ കൃഷിക്കാരൻ എത്രയോക്കെ കെണികളും, വിഷവും വെച്ചിട്ടും, എലികളുടെ എണ്ണത്തിൽ ഒരു കുറവും വന്നില്ലാ. അവസാനം ബുദ്ധിമാനായ ആ കർഷകൻ ഒരു കുടത്തിൽ, കുറച്ച്  മധുര പലഹാരങ്ങൾ വച്ചിട്ട് കുടം മണ്ണിൽ കുഴിച്ചിട്ടു. മധുരമായ ആ പലഹാരങ്ങളുടെ വാസന പിടിച്ചു വന്നാ കുറെ എലികൾ ആ കുടത്തിൽ അകപ്പെട്ടു പോയി. എലികൾ കുടത്തിൽ പെട്ടു പോയത്  അറിഞ്ഞാ ആ കർഷകൻ, കുടം പതിയെ കുഴിയിൽ നിന്ന് പുറത്തെടുത്തു, ഒരു എലിയെ പോലും കൊല്ലാതെ, വീട്ടിൽ കൊണ്ടുപോയി സൂക്ഷിച്ചു വച്ചു.  കുടത്തിലെ പലഹാരങ്ങൾ  തീർന്നപ്പോൾ വീണ്ടും എലികൾക്ക് വിശന്നു.  അവറ്റകൾ പരസ്‌പരം കടിച്ചു കൊന്നു തിന്നാൻ തുടങ്ങി. അവസാനം, രണ്ട് എലികൾ മാത്രം ബാക്കിയായി. തത്രശാലിയായ കർഷകൻ അവറ്റകളെയും കൊന്നില്ലാ !. അയാൾ ബാക്കിയായ രണ്ടു എലികളെ, വീണ്ടും തന്റെ ഗോതമ്പ് പാടത്തിലേക്ക് തുറന്നു വിട്ടു. മാംസത്തിന്റെ രുചി അറിഞ്ഞാ ആ രണ്ട് എലികൾക്ക്, പിന്നെ വേണ്ടിയിരുന്നത്, ഗോതമ്പ് മണികൾ അല്ലായിരുന്നു, തന്റെ വംശത്തിന്റെ തന്നെ പച്ച മാംസമായിരുന്നു. 

ഏത് ജനതയുടെയും ബഹുസ്വരത തകർക്കാൻ അവരിൽ അന്ധമായ വിശ്വാസങ്ങളും, മത ഭ്രാന്തും കുത്തിവെച്ചാൽ മതിയാകും. അതുപോലെ തന്നെ, വളർന്ന് വരുന്ന യുവത്വത്തിന്റെ ചിന്തകളെ വഴിതെറ്റിച്ച് സമൂഹവിരുദ്ധമാർഗങ്ങളിലേക്കും, തോളുരുമ്മി കൂടെ നടന്നിരുന്ന സഹചാരിയുടെ  തല തല്ലിപൊളിക്കാനും, അതേ 'മതഭ്രാന്ത്' എന്നാ കൊടിയവിഷം ധാരാളം മതിയാകും. ഒരേ വർഗ്ഗമാണെന്നാ സത്യം മറന്ന്, കൂടെയുള്ളവരുടെ ചോരയും, മാംസവും കടിച്ച് തിന്നാൻ എലികളെ കർഷകൻ വളർത്തിയെടുത്ത അതേ തന്ത്രം തന്നെ !

Tuesday, May 19, 2020

Campile WW2 Bombing Site

Campile WW2 Bombing Site -അയർലൻഡിന്റെ തെക്ക് വശത്തായി സ്ഥിതി ചെയ്തിരുന്നാ, പള്ളിയും, റെസ്റ്റോറന്റും, പബും, സ്കൂളുമെല്ലാം ചേർന്നൊരു ചെറിയ ഗ്രാമം ആയിരുന്നു 'ക്യാപയിൽ', 1940 ആഗസ്റ്റ് 26 വരെ.

രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലം, ഒരു സഖ്യത്തിലും ചേരാതെയൊരു 'ന്യൂട്രൽ' നിലപാടാണ്‌  അന്നേ വരേ 'അയർലൻഡ്' സ്വീകരിച്ചിരുന്നത്. പക്ഷേ അന്നേ ദിവസം പകൽ ഉച്ചകഴിഞ്ഞ് 1.30നും 3.15 നും ഇടയിൽ, ഹിറ്റ്ലറുടെ 'ഹെൻകിയിൽ 111' ബോബർ വിമാനങ്ങൾ, ക്യാപയിലിന്നാ ഗ്രാമത്തിന്റെ മുകളിൽ ബോംബുകൾ അതിതീവ്രമായി വർഷിച്ചു, തുടർന്ന്  ക്യാപയിലെന്നാ, ആ ഗ്രാമം പൂർണമായി തുടച്ചുമാറ്റപ്പെടുകയും, അയർലൻഡ് എന്നാ രാജ്യം രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കാളിയാകാൻ നിർബന്ധിതരാകപ്പെടുകയും ചെയ്തു. 

എന്തുകൊണ്ട്  ജർമൻ പോർവിമാനങ്ങൾ അയർലണ്ടിന്റെ വൻനഗരങ്ങളെ ഒഴിവാക്കി, ഈ കുഗ്രാമത്തെ മാത്രം ആക്രമിച്ചു ? കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി പല വാദങ്ങളും ഇതിനെ സാധുകരിച്ചു  ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്, അതിൽ ഏറ്റവും വിശ്വാസയോഗ്യമായ രണ്ട്‌ വാദങ്ങളിൽ, ഒന്ന്, യുക്കെയിലെ 'വെയിൽസ്' നഗരം ലക്ഷ്യമാക്കി ജർമ്മനിയിൽ നിന്ന് പറന്ന് പൊങ്ങിയ വിമാനങ്ങൾ, അത്യാധുനിക 
ജി.പ്പി.സ് സംവിധാനങ്ങൾ അപ്രാപ്യമായ ആ കാലഘട്ടത്തിൽ തങ്ങളുടെ കൈവശം ഉണ്ടായിരുന്ന റൂട്ട് മാപ്പ് നോക്കി, അബദ്ധവശാൽ, കടൽ കടന്ന് മേഘങ്ങൾക്കിടയിൽ കൂടി താഴേക്ക് പറന്നപ്പോൾ ആദ്യം കാണപ്പെട്ട കര 'യുക്കെ' ആണെന്ന് തെറ്റുദ്ധരിച്ചു ബോബുകൾ വർഷിച്ചതാകാം എന്നാണ്. 
രണ്ടാമത്തേത്, യുദ്ധമുഖത്ത് നിന്ന് തിരിച്ചു പോയ വിമാനങ്ങൾ, ഇന്ധനം ലഭിക്കാൻ വേണ്ടി, ബോംബുകൾ ഒഴിവാക്കിയത് ആകാം എന്നും പറയപ്പെടുന്നു.

സിദ്ധാന്തങ്ങൾ എന്തൊക്കെയായാലും, അന്നത്തെ ആ ബോംബ് ആക്രമണം 'ക്യാപയിൽ' എന്നൊരു കൊച്ചു ഗ്രാമത്തിന്റെ ജാതകം തിരുത്തിക്കുറിച്ചു. ഇന്ന് അവിടെ അവശേഷിക്കുന്നത്, തരിശായി കിടക്കുന്ന  കുറെ പുൽമേടുകൾ മാത്രം.

തിരുവനന്തപുരത്തെ ഒരു പള്ളി 'പൊളിച്ച' (കൈമാറ്റം ചെയ്ത) കഥ :

അയോധ്യയിലെ പള്ളി പൊളിച്ചതിന്റെ പേരിൽ സംജാതമായ കോലാഹലങ്ങളുടെയും, തുടർന്ന് ബഹുമാനപ്പെട്ട സുപ്രീംകോടതിവിധിയുടെയും പശ്ചാത്തലത്തിൽ, ഒരിക്കൽ മുൻ രാഷ്ട്രപതി ശ്രീ. എ. പി. ജെ. അബ്ദുൽ കലാമിന്റെ പ്രസംഗം, ബാംഗ്ലൂരിൽ വച്ച് നേരിട്ട് കേൾക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചപ്പോൾ, അദ്ദേഹം വിവരിച്ചൊരു സംഭവ കഥ ഓർത്തു പോകുന്നു. (ഈ സംഭവം, അദ്ദേഹത്തിന്റെ-Ignited Minds: Unleashing The Power Within India, എന്നാ പുസ്തകത്തിൽ അതിമനോഹരമായി വിവരിക്കുന്നുണ്ട്).

1963 - ഫെബ്രുവരി മാസത്തിലെ ഒരു പ്രഭാതത്തിൽ, തുമ്പയെന്ന കടലോര ഗ്രാമത്തിലെ, നാലു നൂറ്റാണ്ടിലേറെ ചരിത്രമുള്ള സെന്റ്.മേരി മഗ്ദലേന കത്തോലിക്ക പള്ളിയോട് ചേർന്ന ബിഷപ്പ് ബിഷപ്പ് ഹൗസിൽ, ഒരു ജൈനമത വിശ്വസിയും, ഒരു ഹിന്ദുവും, ഒരു മുസൽമാനും , അന്നത്തെ ബിഷപ്പായിരുന്ന റവ. പീറ്റർ ബർണാഡ് പെരേരയെ കാണുവാനെത്തി. വന്നവരുടെ ആഗമന ഉദ്ദേശം ഇതായിരുന്നു, ഭൂമിയുടെ കാന്തികമധ്യരേഖ (മാഗ്നെറ്റിക് ഇക്വേറ്റർ) കടന്നു പോകുന്ന സ്ഥലത്താണ് പള്ളിയും, ബിഷപ്പ് ഹൗസും സ്ഥിതി ചെയ്തിരുന്നത്,ആയതിനാൽ അവ അവിടെ നിന്ന് മാറ്റി സ്ഥാപിച്ചു,  ഇൻഡ്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണത്തിന് സഹായിക്കണം, എന്ന കാര്യം അഭ്യർത്ഥിക്കുന്നതിനായിരുന്നു.

 പിൽക്കാലത്ത് ഇൻഡ്യയുടെ ബഹിരാകാശ പദ്ധതികളുടെ ബുദ്ധികേന്ദ്രങ്ങളായി മാറിയ ആ സന്ദർശകർ,  ജൈനമതക്കാരനായിരുന്ന ഡോക്ടർ ശ്രീ.വിക്രം സാരാഭായി, ഹിന്ദുവായ പ്രൊഫസർ. ശ്രീ.സതീഷ് ധവാൻ, മുസ്ലിമായ ഡോക്ടർ ശ്രീ. അബ്‌ദുൾ കലാം എന്നിവരായിരുന്നു.  അന്ന്, ഇന്ത്യൻ ബഹിരാകാശവകുപ്പോ, ബഹിരാകാശ ഗവേഷണസ്ഥാപനമായ ഐ.എസ്.ആർ.ഒ. യോ നിലവിൽ  വന്നിട്ടില്ലാ. റോക്കറ്റ് വിക്ഷേപിച്ച് പരിചയമുള്ള വിദഗ്ധരും രാജ്യത്തുണ്ടായിരുന്നില്ലാ. ഇന്ത്യൻ ന്യൂക്ലിയർ പദ്ധതികളുടെ പിതാവ്' എന്നറിയപ്പെട്ടിരുന്ന, പാഴ്‌സിയായ  ഡോക്ടർ. ഹോമി. ജെ. ബാബയുടെ നേതൃത്വവും,   അമേരിക്കയിലെ നാസയിൽ അയച്ച് ധൃതിയിൽ പരിശീലനം നേടിയ ഏതാനും യുവ എൻജിനിയർമാരുടെ സാന്നിധ്യവും, 'അചഞ്ചലമായ ആത്മവിശ്വാസവും മാത്രമേ ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിനായി അവർക്ക് കൂട്ടായി  ഉണ്ടായിരുന്നൊള്ളൂ. 

പെട്ടെന്നൊരു മറുപടി പറയാതെ ബിഷപ്പ്, അവരോട് അടുത്ത ഞായറാഴ്ച കുർബാനയ്ക്ക് ശേഷം, പള്ളിയിൽ വെച്ച് കാണാമെന്ന് അറിയിച്ചു. അന്നത്തെ ആ ഞായറാഴ്ച കുർബ്ബാനയ്ക്കിടയിൽ, ബിഷപ്പ് ആ മൂന്ന് ശാസ്ത്രജ്ഞമാർ തന്നെ അറിയിച്ച കാര്യങ്ങൾ, ഇടവകാംഗങ്ങളോട് വിവരിക്കുകയും, പള്ളിയും, ബിഷപ്പ് ഹൗസും, ചുറ്റുമുള്ള കെട്ടിടങ്ങളും കൈമാറ്റം ചെയ്യുവാൻ ആ തീരദേശ ഇടവക ജനങ്ങളോട് അനുവാദം ചോദിക്കുകയും ചെയ്തു. തുടർന്ന് അവിടുത്തെ  ഗ്രാമവാസികളായ മത്സ്യത്തൊഴിലാളികളും, പള്ളിക്കാരും,  ബിഷപ്പും, ഒറ്റക്കെട്ടായി ആ ശാസ്ത്രജ്ഞമാരുടെ വാക്കുകൾക്ക് പിന്തുണ നൽകുകയും, നിയമപരമായി പള്ളിയും, സ്ഥലവും അവർക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു. 

പിന്നീട്, കാര്യങ്ങൾ വളരെ വേഗത്തിലായി. മേരി മഗ്ദലേന പള്ളിയും അടുത്തുള്ള ബിഷപ്പ് ഹൗസും 'തുമ്പ ഇക്വറ്റേറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ' (TERLS) ആയി മാറ്റപ്പെട്ടു. ആദ്യ റോക്കറ്റ്' കൂട്ടിയോജിപ്പിച്ചത് പള്ളിയിലെ അൾത്താരയ്ക്ക് മുമ്പിൽ വെച്ചാണ്. സമീപത്തെ ബിഷപ്പ് ഹൗസ്, വിക്ഷേപണകേന്ദ്രം ഡയറക്ടറുടെ ഓഫീസായി. പള്ളിക്കു മുന്നിലെ തെങ്ങിൻതോപ്പിലായിരുന്നു വിക്ഷേപണത്തറ. അടുത്തുള്ള പ്രൈമറി സ്കൂൾ കെട്ടിടം ആദ്യം ലോഞ്ച് ഓഫീസായും, പിന്നീട് ടെക്നിക്കൽ ലൈബ്രറിയായും രൂപംമാറി. അവിടുത്തെ പഴയൊരു കാലിത്തൊഴുത്ത് സ്പേസ് ലാബായി (ഇന്ത്യയിലെ ആദ്യ സ്പേസ് ലാബ്). 1963 നവംബർ 21 ന് ചെറിയൊരു അമേരിക്കൻ നിർമിത 'നൈക്ക്-അപാഷെ റോക്കറ്റ്' ആ പള്ളി അങ്കണത്തിൽ നിന്ന് കുതിച്ചുയർന്നതോടെ, ഇന്ത്യയുടെ ബഹിരാകാശ ചരിത്ര പുസ്തകത്തിന്റെ, ആദ്യത്തെ അധ്യായം മതസൗഹാർദ്ദത്തിന്റെ തങ്കലിപികളാൽ എഴുതിചേർക്കപ്പെട്ടു. 

1969-ൽ 'ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ' (ISRO) നിലവിൽ വന്നതോടെ, തുമ്പ ഇക്വറ്റേറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ' (TERLS)- എന്നാ പഴയ പേര് ഉപേക്ഷിച്ചു. അന്ന്, ആ 'കാലി തൊഴുത്തിൽ' പിറന്ന ഇൻഡ്യയുടെ ബഹിരാകാശ കുതിപ്പ്, ഇന്ന് ചന്ദ്രനിൽ വരെ എത്തി നിൽക്കുന്നു. മികവിന്റെ കാര്യത്തിൽ മുൻനിരയിലാണ് ഇന്ത്യയുടെ സ്പേസ് പ്രോഗ്രാം. എന്നാൽ, ചെലവിന്റെ കാര്യത്തിലോ, പിൻനിരയിലും! അതിനാൽ, കുറഞ്ഞ ചെലവിൽ ഉപഗ്രഹവിക്ഷേപണം നടത്താൻ കൂടുതൽ രാജ്യങ്ങൾ ഐ.എസ്.ആർ.ഒ.യെ ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു. 

എന്തായിരിക്കും, 55- വർഷങ്ങൾക്ക് മുൻപ്, ദീർഘവീക്ഷണത്തോടെ ഈ കാര്യങ്ങളൊക്കെയും ചെയ്യുവാൻ അവർക്ക് ബലം നൽകിയത് ? ഇച്ഛാശക്തിയും, കഠിനാധ്വാനവും, തീർച്ചയായും അവർക്ക് അടിത്തറ പാകിയിരിക്കാം, പക്ഷേ അതിൽ എല്ലാം ഉപരി, ജാതി-മത വർഗ്ഗത്തിന് അതീതമായി 'ഇന്ത്യക്കാരൻ' എന്നൊരു വികാരം അന്നത്തെ തലമുറ നെഞ്ചിൽ ഏറ്റിയിരുന്നു, ഇന്നത്തെ രാഷ്ട്രീയ നാടകത്തിൽ നമ്മൾക്ക് നഷ്ടമായതും അത് തന്നെ !.😊
@Anil Joseph Ramapuram.✍️

വാൽക്കഷണം : ആ കാലത്ത് തുമ്പ ഒരു കുഗ്രാമം ആയിരുന്നു, അതിനാൽ ശാസ്ത്രജ്ഞർ ഭക്ഷണം കഴിക്കാൻ വന്നിരുന്നത്, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ കാന്റീനിൽ ആയിരുന്നു. ആകെയുള്ള, ഒരേയൊരു ജീപ്പ് എപ്പോഴും തിരക്കായതിനാൽ, പലപ്പോഴും സൈക്കിളിലും, കാൽനടയുമായിട്ടായിരുന്നു സഞ്ചരിച്ചിരുന്നത്. പൊതുഅവധി ദിവസങ്ങളിലും, ശനി, ഞായറാഴ്ചകളിലും ബീച്ചിലും, തിരുവനന്തപുരം 'ശ്രീകുമാർ' തിയേറ്ററുകളിലുമായി ചിലവഴിക്കാൻ അവർ സമയം കണ്ടെത്തിയിരുന്നു. 

Sunday, May 17, 2020

ബ്രസീലിലെ മതിലുകൾ 👇(A wall dividing Rich and Poor)

2008 ലെ ഒരു മാർച്ച് മാസത്തിലാണ് ബ്രസീലിലെ റിയോ-ഡി-ജനീറിയോ നഗരത്തിലെ 'ഫാവേല' ചേരിയിൽ ആ മതിലിന്റെ നിർമ്മാണ പ്രവർത്തനം തുടങ്ങിയത്. ലോകത്തിലെ പാവപ്പെട്ടവനും, പണക്കാരനും തമ്മിലുള്ള വിവേചനത്തിന്റെ വ്യക്തമായ ഉദാഹരണങ്ങളിൽ ഒന്നാണ് 11 കിലോമീറ്റർ നീളത്തിൽ 600-ൽപ്പരം വരുന്ന നിര്‍ധനരായവരുടെ കുടിലുകളെ, കുലീനരുടെ മണിമാളികയിൽ നിന്ന് മറയ്ക്കുന്ന ഈ ചുമർഭിത്തികൾ. 

ഗവണ്മെന്റ് ഭാഷ്യത്തിൽ, ഈ മതിലുകൾ നിർമിച്ചിരിക്കുന്നത്  'അടുത്തുള്ള വനത്തിലേക്ക് കൂടുതൽ ആളുകൾ കടന്ന് ചെല്ലാതിരിക്കാനും, അത് വഴി വനനശീകരണം തടയുവാനും, കൂടാതെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ ഈ ചേരിയിലേക്ക് കുടിയേറി ഇവിടുത്തെ ജനങ്ങളുടെ സ്വസ്ഥത തടസപ്പെടാതിരിക്കുന്നതിനും വേണ്ടിയാണ് '.

എന്നാൽ, വിപരീതാര്‍ത്ഥകമായി ഈ കോട്ട വന്നതിനുശേഷം, തൊഴില്‍രഹിതരും, നിരാശജനകരുമായ ചേരിയിലെ ജനങ്ങളുടെ ഇടയിൽ ആക്രമണങ്ങളും, മയക്കുമരുന്ന് മാഫിയയുടെ സ്വാധീനവും വർധിക്കുന്നതായി 'ഫെഡറൽ യൂണിവേഴ്‌സിറ്റി ഓഫ് റിയോ ഡി ജനറീയോ' നടത്തിയ പഠനങ്ങൾ  വെളിപ്പെടുത്തുന്നു. കൂടാതെ, ഒരു കാലത്ത് വിദേശസഞ്ചാരികളുടെ പറുദീസയായിരുന്നു ഇവിടുത്തെ പ്രസിദ്ധ ബീച്ചായ 'എപ്പനിമിയ' യിലെ ഹോട്ടലുകളും, റിസോർട്ടുകളും,  ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയുടെ കേന്ദ്രമായതിനാൽ ആളനക്കം ഇല്ലാതെ പ്രേതഭവനങ്ങളെ പോലെ ഇപ്പോൾ നിലകൊള്ളുന്നു. 

ബ്രസീലിലെ പ്രമുഖ പത്രമായ 'O Globe'-ലിൽ ഒരു ശനിയാഴ്ച  വലിയ വാർത്താപ്രാധാന്യത്തോടെ മുൻപേജിൽ അച്ചടിച്ചു വന്നാ ഫോട്ടോയാണ് കൂടെ ചേർത്തിരിക്കുന്നത്. 

അവലംബം : റോയിറ്റേഴ്‌സ് ന്യൂസ് 
Anil Joseph Ramapuram ✍️

ബ്ലാക്ക്‌ ഡെത്ത് (Black Death )

BLACK DEATH . 👇

മനുഷ്യ ചരിത്രത്തിലെ ഏറ്റവും മാരക പാൻഡെമിക്കുകളിൽ ഒന്നായിരുന്നു 1348-നും 1350-നും ഇടയിൽ യൂറോപ്പിൽ മൂർദ്ധന്യത്തിലെത്തിയ പ്ലേഗ് ബാധയായ ബ്ലാക്ക് ഡെത്ത് (Black Death). 
(പല ഭൂഖണ്ഡങ്ങളിലേക്കോ ലോകമാസകലമോ പടർന്നു പിടിക്കുന്ന തരം വ്യാപക പകർച്ചവ്യാധിയെയാണ് വൈദ്യശാസ്ത്രത്തിൽ പാൻഡെമിക് (pandemic) എന്നു വിളിക്കുന്നത്. ഗ്രീക്ക് ഭാഷയിലെ പാൻ (എല്ലാം) + ഡിമോസ് (ജനത) എന്ന വാക്കുകളിൽ നിന്നാണ് നാമം ഉദ്ഭവിച്ചിരിക്കുന്നത്) 
ഈ രോഗം മൂലം ലോകത്തിൽ ആകമാനം ഏഴരക്കോടിക്കും 20 കോടിക്കും ഇടയിൽ മരണങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് കണക്കാക്കപ്പെടുന്നു. 

ഈ പകർച്ചവ്യാധിയുടെ കാരണം എന്താണെന്നതിനെപ്പറ്റി പല ഊഹങ്ങളുണ്ടായിരുന്നെങ്കിലും ദക്ഷിണ യൂറോപ്പിൽ മരണമടഞ്ഞവരുടെ മൃതശരീരത്തിൽ നിന്നു ശേഖരിച്ച ഡി.എൻ.എ. സമീപകാലത്ത് പരിശോധിച്ചതിൽ നിന്നും ബ്യൂബോണിക് പ്ലേഗ് ഉണ്ടാക്കുന്ന യെർസീനിയ പെസ്റ്റിസ് എന്ന രോഗകാരിയാണ് ഇതിനു കാരണം എന്നാണ് ശാസ്ത്രജ്ഞർക്ക് മനസ്സിലാക്കാൻ സാധിച്ചത്.  ഇരുപതാം നൂറ്റാണ്ടിൽ കണ്ടെത്തപ്പെട്ടിട്ടുള്ള പ്ലേഗ് രോഗകാരികളിൽ നിന്നും വളരെ വ്യത്യസ്തമായവയായിരുന്നു ബ്ലാക്ക് ഡെത്തിനു കാരണമായ രോഗാണുക്കൾ. 

എങ്ങനെയാണ് ബ്ലാക്ക് ഡെത്ത് വ്യാപിച്ചത് ?
1.പ്ലേഗ് ബാധിച്ച എലികളിൽ ജീവിച്ചിരുന്ന തുരങ്കങ്ങൾ ബബിണിക് പ്ലേഗിന് വ്യാപകമായി പ്രചരിച്ചിരുന്നു, അത്തരം എലികൾ അന്നത്തെ വ്യാപാര കപ്പലുകളിൽ സർവവ്യാപിയുമായിരുന്നു.

2.ന്യുമോണിക് പ്ലേഗ് തുമ്മിയാൽ പടർന്ന്  വേഗത്തിൽ   അടുത്ത വ്യക്തിയിലേക്ക്  വ്യാപിച്ചു.

3.തുറന്ന വ്രങ്ങളുമായി സമ്പർക്കം വഴിയുള്ള സെപ്റ്റിക്മിക് പ്ലേഗ് വ്യാപിച്ചു.

ഏഷ്യയിൽ (ചൈനയിലോ മദ്ധേഷ്യയിലോ) ആരംഭിച്ച അസുഖം  1348- ന്റെ ആരംഭത്തിൽ യൂറോപ്പിലും എത്തി. സിൽക്ക് റോഡുവഴിയാവണം 1346-ൽ ഈ അസുഖം ക്രിമിയയിൽ എത്തിയതെന്ന് അനുമാനിക്കുന്നു. ക്രിമിയയിൽ നിന്ന് രക്ഷപെട്ട ഇറ്റാലിയൻ കച്ചവടക്കാരിലൂടെയാവണം ഇത് അവസാനം യൂറോപ്പിലെത്തിയത്. വ്യാപാരക്കപ്പലുകളിലെ സഞ്ചാരികളായ കറുത്ത എലികളിൽ വസിക്കുന്ന പൗരസ്ത്യ എലിച്ചെ‌ള്ളുകൾ വഴിയാവണം ക്രിമിയയിൽ നിന്ന് മെഡിറ്ററേനിയൻ പ്രദേശത്തേയ്ക്ക് അസുഖം പടർന്നത്.

യൂറോപ്പിലെ ജനസംഖ്യയുടെ 30–60 ശതമാനം ഈ അസുഖം മൂലം മരണപ്പെട്ടു എന്ന് കണക്കാക്കപ്പെടുന്നു. ബ്ലാക്ക് ഡെത്ത് മുതൽ ഏകദേശം 20 മില്യൺ ആളുകൾ യൂറോപ്പിൽ മരണമടഞ്ഞുവെന്നാണ്  .അനൗദ്യോഗിക കണക്ക്. ഇത് യൂറോപ്പിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് വരുമായിരുന്നു. പ്രമുഖ നഗരങ്ങളായ പാരീസ് ഏതാണ്ട് പൂർണമായും ഈ രോഗത്തിന്റെ പിടിയിൽ അമർന്നു, വെനിസ്, ഹാംബർഗ്, ബ്രെമെൻ എന്നിവരുടെ ജനസംഖ്യയുടെ 60% എങ്കിലും നഷ്ടപ്പെട്ടു. ആറു വർഷം കൊണ്ട് രണ്ടു മുതൽ മൂന്നു കോടി വരെ യൂറോപ്യന്മാർ ഈ അസുഖം മൂലം മരണമടഞ്ഞു.  മൊത്തത്തിൽ ആ സമയത്തെ (പതിനാലാം നൂറ്റാണ്ട്) ലോക ജനസംഖ്യയായിരുന്ന 45 കോടി ഈ അസുഖം മൂലം 35 കോടിക്കും 37.5 കോടിക്കും ഇടയിലെത്തി. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായതെ പട്ടണപ്രദേശങ്ങളിലാണ്. ഇവിടങ്ങളിൽ ജനസംഖ്യയുടെ പകുതി മരണമടഞ്ഞുവെന്നാണ് കണക്ക്. 

ബ്ലാക്ക് ഡെത്തിന്റെ മതപരവും, സാമൂഹികവും, സാമ്പത്തികവുമായ, പ്രത്യാഘാതങ്ങൾ അതിഭീമമായിരുന്നു. ഇത് യൂറോപ്പിന്റെ ചരിത്രത്തെത്തന്നെ മാറ്റിമറിച്ചു. ജനസംഖ്യ പഴയ നിലയിലെത്താൻ 150 വർഷങ്ങളെടുത്തു. പതിനെട്ടാം നൂറ്റാണ്ടുവരെ ഈ പ്ലേഗിന്റെ ആവർത്തനങ്ങൾ ചാക്രികമായി യൂറോപ്പിൽ വന്നുകൊണ്ടിരുന്നു.  ഈ കാലയളവിൽ നൂറിൽ കൂടുതൽ പ്ലേഗ് പകർച്ചവ്യാധികൾ യൂറോപ്പിനെ ബാധിച്ചു.  1361 മുതൽ 1480 വരെയുള്ള കാലത്ത് രണ്ടു മുതൽ അഞ്ചു വർഷം വരെ ഇടവേളകളിൽ ഇംഗ്ലണ്ടിൽ പ്ലേഗ് ബാധയുണ്ടാകുമായിരുന്നു.  1370 കളോടെ ഇംഗ്ലണ്ടിന്റെ ജനസംഖ്യ ഈ അസുഖം കാരണം 50% കണ്ട് കുറയുകയുണ്ടായി. തുടർന്ന് ലണ്ടനിൽ 1665–66 കാലത്തുണ്ടായ പ്ലേഗ് ബാധ ഒരു ലക്ഷം ആൾക്കാരുടെ മരണത്തിനിടയാക്കി. ഇത് ലണ്ടനിലെ ജനസംഖ്യയുടെ 20% കൂടുതൽ വരുമായിരുന്നു. 

ഭയവും, ഭീതിയും നിറഞ്ഞ ജനങ്ങൾ  നഗരങ്ങളിൽ നിന്നും പലായനം ചെയ്തു, മിക്കവരും അവരുടെ കുടുംബങ്ങളെ ഉപേക്ഷിച്ചു. ഡോക്ടർമാരും പുരോഹിതരുമായിട്ടുള്ള ആളുകൾ ,രോഗം പടരുമെന്നതിനാൽ  രോഗികളെ ചികിത്സിക്കാൻ  വിസമ്മതിച്ചു. ഒരു നഗരത്തിൽ നിന്നും മറ്റൊന്നിലേക്കു പലായനം ചെയ്യുന്നവർ ദേഹമാസകലം മൂടിപ്പുതച്ചാണ്  തെരുവുകളിൽ സഞ്ചരിച്ചത്.  

ഈ പ്ലേഗിന്റെ ആദ്യ രോഗ ലക്ഷണം ജലദോഷവും, തുമ്മലും ആയിരുന്നു, അടുത്തുള്ള ആരെങ്കിലും തുമ്മിയാൽ അവരെ ജനങ്ങൾ സംശയത്തോടെയാണ് നോക്കിയിരുന്നത്, ആ കാലയളവിൽ അന്നത്തെ മാർപാപ്പ ആയിരുന്ന പോപ്പ് ഗ്രിഗറി ഒന്നാമൻ നിർദേശിച്ച ചെറിയൊരു പ്രാർഥനയായിരുന്നു ആരെങ്കിലും തുമ്മിയാൽ 'God Bless You' എന്ന് അടുത്തിരിക്കുന്നവർ പറയണം എന്നത്. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇപ്പോഴും ആരെങ്കിലും തുമ്മിയാൽ ആ ശീലം യൂറോപ്പിലെയും, മറ്റുള്ള രാജ്യത്തിലെയും ജനങ്ങൾ പിന്തുടരുന്നു. 

ചരിത്രത്തിലെ ആദ്യത്തെ പറക്കും (ഡ്രോൺ) ക്യാമറ വാഹകർ .👇

പണ്ട്, ആകാശത്ത് പറന്ന് നടക്കുന്ന 'ഡ്രോൺ' ക്യാമറകൾ എല്ലാവർക്കും ഒരു കൗതുകമായിരുന്നു. എന്നാൽ, ഇന്ന് ഡ്രോൺ ക്യാമറകളുടെ മുരൾച്ചയ്ക്ക്, പോലീസ് ജീപ്പിന്റെ ശബ്ദത്തോടുള്ള സാദൃശ്യം, അന്നത്തെ ആ കൗതുകം, അവനവന്റെ മുഖംമറച്ചു ഓടുന്ന ദയനീയ അവസ്ഥയിലേക്ക് നമ്മളെ എത്തിച്ചേർത്തിരിക്കുന്നു.
ലോകത്ത് ആദ്യമായി 'പറക്കുന്ന ക്യാമറ' എന്നൊരാശയം കൊണ്ടുവരുകയും, അത് വിജയകരമായി നടപ്പാക്കുകയും, അതിന്റെ പേറ്റന്റ് സ്വന്തമാക്കുകയും ചെയ്തൊരു ജർമൻകാരന്റെ ചരിത്രം പങ്കുവെയ്ക്കുവാൻ ആഗ്രഹിക്കുന്നു.

ഡോക്ടർ. ജൂലിയസ് ന്യൂബോർണർ ,1900 ആണ്ടിൽ, ജർമനിയിൽ ജീവിച്ചിരുന്ന ഒരു ഭിഷഗ്വരനായിരുന്നു. തന്റെ താമസസ്ഥലമായ 'ക്രോൻബെർഗ്'ലെ വീട്ടിൽ നിന്ന് ഏതാനും മൈലുകൾ അപ്പുറത്തുള്ള സർക്കാർ ആരോഗ്യപരിപാലന കേന്ദ്രത്തിലേയ്ക്ക് മരുന്നുകൾ അയക്കുവാൻ അദ്ദേഹം പ്രാവുകളെയാണ് ഉപയോഗിച്ചിരുന്നത്.

ഒരിക്കൽ 1907-ൽ മരുന്നുകളുമായി പോയൊരു പ്രാവിന് എവിടെയോ ദിശ നഷ്ടമായി, എന്നാൽ നാല് ആഴ്ച്ചകൾക്ക് ശേഷം അത് സുരക്ഷിതമായി തിരിച്ചെത്തുകയും ചെയ്തു.  വർഷങ്ങളായി പ്രാവുകളെ,  മരുന്നുകളുടെ വിതരണത്തിന് ഉപയോഗിച്ചിരുന്നതിനാലും, ഇതിന് മുൻപൊരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ലാത്തതിനാലും, ഇത്രയും ദിവസങ്ങൾ, ആ പ്രാവ് എവിടെയായിരിക്കും, എന്നോർത്തു ഡോക്ടർ ആശ്ചര്യപ്പെട്ടു.
അദ്ദേഹത്തിന്റെ ആ ജിജ്ഞാസ ചരിത്രത്തിലെ ആദ്യത്തെ പറക്കും ക്യാമറയെന്ന 'Piegon Camera' -യുടെ പരീക്ഷണങ്ങൾക്ക് തുടക്കമിട്ടു.

പറക്കുന്ന ക്യാമറയെന്നത് അന്നത്തെ കാലത്ത് മൂഢമായൊരു ആശയം ആയിരുന്നു, എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ ഈ നിരീക്ഷണം, മിലിട്ടറി സാങ്കേതിക പ്രവർത്തകരുടെ കണ്ണിൽ പെടുകയും, അവിടുന്നങ്ങോട്ട് ഇതൊരു ശാസ്ത്രശാഖയായി വളരുകയും ചെയ്തു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ,  'Birds-Eye-ഫോട്ടോഗ്രാഫി' എന്നത്,  അക്കാലത്തെ ജനങ്ങൾക്ക് ചിന്തിക്കാൻ കൂടി സാധ്യമല്ലായിരുന്നു. എന്നാൽ, ഇന്ന് നമുക്ക് വിമാനത്തിൽ നിന്നുള്ള ഫോട്ടോഗ്രാഫി, ഉയർന്ന കൊടുമുടിയുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറയിൽ നിന്നുള്ള ഫോട്ടോഗ്രാഫി,  ഡ്രോൺ ഫോട്ടോഗ്രാഫി, എന്നിങ്ങനെ വിവിധ സ്രോതസ്സുകളിൽ നിന്ന് ലോകത്തിലെ കാഴ്ച്ചകൾ 'Aerial View' ലൂടെ കാണുവാൻ സാധിക്കുന്നു. എന്നാൽ കഴിഞ്ഞ നൂറ്റാണ്ടിൽ, ആകാശസ്ഥമായ കാഴ്ചകൾ ഒരു പരിധി വരെ ലഭ്യമായിരുന്നത്, ബലൂണുകളിലും, പട്ടങ്ങളിലും മറ്റും കെട്ടി ഉയർത്തിവിട്ട ക്യാമറയിൽ നിന്നായിരുന്നു, പക്ഷേ അതിൽ തന്നെ മിക്കവാറും ചിത്രങ്ങൾ മങ്ങിയതും, അപൂർണ്ണവുമായിരുന്നു.

എന്നാൽ, ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരുന്നു, ഡോക്ടർ ജൂലിയസ് ന്യൂബോർണറിന്റ പരീക്ഷണം. എന്നിരുന്നാലും, അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്, മരുന്നുകൾ ഡെലിവറി ചെയ്യുന്ന പ്രാവുകളുടെ സഞ്ചാരപാത കണ്ടെത്തുകയും, അവർ എവിടെയൊക്കെയാണ് സമയം ചിലവഴിക്കുന്നത് എന്നത് തിരിച്ചറിയുന്നതിനും വേണ്ടിയായിരുന്നു.

മാസങ്ങൾ നീണ്ട പരീക്ഷണത്തിന്റെ ഫലമായി,  അദ്ദേഹം ഭാരം കുറഞ്ഞൊരു  ചെറിയ ക്യാമറ നിർമ്മിച്ചു. ഇതിൽ രണ്ട് ചെറിയ നാടകൾ ഉണ്ടായിരുന്നു, അത് പ്രാവുകളുടെ ഇരു തോളിലും കെട്ടിവെക്കാൻ പാകത്തിലും, ക്യാമറ പ്രാവുകളുടെ വയറിനോട് ചേർന്ന് തൂങ്ങിക്കിടക്കുന്ന രീതിയിലും, കൂടാതെ, ഇതിൽ കൃത്യമായ ഇടവേളകളിൽ ഫോട്ടോകൾ എടുക്കാൻ ഒരു ടൈമറും ഘടിപ്പിച്ചിരുന്നു.
ഡോക്ടറിന്റെ പരീക്ഷണങ്ങൾ അവിടെയും കൊണ്ട് അവസാനിച്ചില്ലാ, പ്രാവുകളെ പിന്തുടരുന്ന തന്റെ കുതിരവണ്ടിയിൽ, പ്രാവുകൾ അപ്പപ്പോൾ എടുക്കുന്ന ചിത്രങ്ങൾ ഡെവലപ്പ് ചെയ്യാൻ ഒരു ഡാർക്ക് റൂമും അദ്ദേഹം നിർമിച്ചു.

വളരെ വിജയകരമായി, പറക്കുന്ന ക്യാമറയുടെ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ അദ്ദേഹം, താൻ കണ്ടുപിടിച്ച ഉപകരണത്തിന്റെ പേറ്റന്റിനായി ജർമൻ പേറ്റന്റ് ഓഫീസിനെ സമീപിച്ചു. എന്നാൽ ജർമൻ പേറ്റന്റ് ഓഫീസ് അദ്ദേഹത്തിന്റെ കണ്ടുപിടുത്തതോട് അനുകൂലമായി തീരുമാനം കൈകൊണ്ടില്ലാ. അവർ പറഞ്ഞാ ന്യായികരണം, ആ ക്യാമറയുടെ ഭാരം 75 ഗ്രാം ഉള്ളതിനാൽ, പ്രാവുകൾക്ക് അത്രയും ഭാരം വഹിച്ചുകൊണ്ട് പറക്കുവാൻ സാധ്യമല്ല എന്നതും, കൂടാതെ അത്രയും ഭാരം പ്രാവുകളുടെ ആകെ തൂക്കത്തിന്റെ 20 ശതമാനും വരുമെന്നതായിരുന്നു. തെല്ലും നിരാശനാകാതെ,  ഒരിക്കൽകൂടി പ്രാവുകളുടെ സഹായത്താൽ, പറക്കുന്ന ക്യാമറ ഉപയോഗിച്ച്,  താൻ എടുത്ത ഫോട്ടോകൾ ഉൾപ്പെടെ വീണ്ടും അദ്ദേഹം പേറ്റന്റിന് അപേക്ഷിച്ചു. എന്നാൽ, അതിന്റെ ഫലവും ആദ്യതവണത്തെ പോലെയായിരുന്നു.

ഒടുവിൽ ഡോക്ടർ താൻ എടുത്ത ഫോട്ടോകൾ പൊതുജനങ്ങൾക്ക് കാണുവാനായി പ്രദർശിപ്പിച്ചു, ഇത് വളരെയേറെ ജനശ്രദ്ധയാകർഷിച്ചു. ആകാശത്ത് നിന്നുള്ള ഭൂമിയിലെ കാഴ്ചകൾ, പലരിലും കൗതുകവും ആകാംക്ഷയും ഉളവാക്കി, പ്രത്യേകിച്ചു 'ക്രോൻബെർഗ്'  സ്കൂളിന്റെ ഫോട്ടോയും, അതെടുത്താ  'പേരറിയാത്ത ക്യാമറമാന്റെ' ചിറകുകളും വളരെയേറെ അഭിനന്ദനങ്ങൾക്ക് കാരണമായി.  താമസിയാതെ, ജർമൻ പത്രങ്ങളും, മാഗസിനുകളും, പറക്കുന്ന പ്രാവ് ക്യാമറയെക്കുറിച്ചുള്ള വാർത്തകളും, ഫീച്ചറുകളും വൻ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു.

താമസിയാതെ, ജർമൻ സർക്കാരിലെ യുദ്ധവിഭാഗം, ഡോക്ടർ. ജൂലിയസ് ന്യൂബോർണറിന്റെ ഈ കണ്ടുപിടിത്തത്തിൽ താല്പര്യം കാണിക്കുകയും, ഒന്നാം ലോകമഹായുദ്ധത്തിൽ പറക്കുന്ന ക്യാമറവാഹകരായ പ്രാവുകളുടെ സേവനം ചാരപ്രവർത്തനത്തിൽ പ്രയോജനപ്പെടുത്തുകയും, ക്രമേണ അതിന്റെ പേറ്റന്റ് ഡോക്ടർക്ക് ലഭ്യമാകുകയും ചെയ്തു.
തുടർന്ന് വർഷങ്ങൾക്ക് ശേഷം, അമേരിക്കയുടെ ചാരസംഘടനയായ സി.ഐ.എ, പ്രാവ്-ക്യാമറയിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തുകയും, രണ്ടാം ലോകമഹായുദ്ധത്തിൽ പ്രാവുകളെ  വ്യാപകമായി  ഉപയോഗിക്കുകയും ചെയ്തു. 

ഇന്ന്, അമേരിക്ക വാഷിങ്ടൺ ഡി. സി. യിൽ  സ്ഥിതി ചെയ്യുന്ന 'സ്പൈ മ്യൂസിയത്തിലെ' ഒരു വലിയ ഹാൾ  നിറയെ, പറക്കുന്ന ചാരന്മാരായ പ്രാവുകൾ എടുത്ത ഫോട്ടോകളുടെ വിപുലമായ ശേഖരം പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിരിക്കുന്നു.

അതിനാൽ, അടുത്ത തവണ തലയ്ക് മുകളിൽ 'ഡ്രോൺ' ക്യാമറകൾ' കാണുമ്പോൾ ഓർമിക്കുക, നമ്മുടെ പ്രാവുകൾ ഈ സീനൊക്കെ പണ്ടേ വിട്ടതാണ്. 😊

ചരിതത്തിലെ ഏറ്റവും 'ഭാഗ്യവതിയായ നഴ്‌സ്' - 👇 മിസ്. വയലറ്റ് കോണ്‍സ്റ്റാൻസ് ജെസോപ്പ്. (Miss Unsinkable)

സേവനത്തിന്‍റെ മാലാഖമാരായ നഴ്‌സ്മാരുടെ ലോകദിനമാണ് ഇന്ന്. വിളക്കേന്തിയ വനിതയെന്ന് ലോകം വിളിച്ച ആധുനിക ആതുരശുശ്രൂഷാ രീതിയുടെ ഉപജ്ഞാതാവായ 'ഫ്‌ളോറന്‍സ്‌ നൈറ്റിംഗേലിന്‍റെ' ജന്മദിനമായ മെയ് 12- ആണ് ലോക നഴ്സസ്‌ ദിനമായി ആചരിക്കുന്നത്‌. ഫ്‌ളോറന്‍സ്‌ നൈറ്റിംഗേലിന്‍റെ ജീവിതത്തെക്കുറിച്ചും, പ്രവർത്തനങ്ങളെക്കുറിച്ചും എല്ലാവർക്കുമറിയാം, എന്നാൽ ലോകത്തിലെ ഏറ്റവും 'ഭാഗ്യവതിയായ' നഴ്‌സായി കണക്കാക്കപ്പെടുന്ന ഒരാളുടെ കഥ അധികമാർക്കും അറിയില്ലാ, അവരാണ് "Miss Unsinkable” എന്നാ അപരനാമത്തിൽ അറിയപ്പെടുന്ന മിസ്. വയലറ്റ് കോണ്‍സ്റ്റാൻസ് ജെസോപ്പ്.

അയർലൻഡിൽ നിന്ന്, അർജന്റീനയിലേക്ക് കുടിയേറിപ്പാര്‍ത്ത, വില്യം കാതറിൻ ദമ്പതികളുടെ ഒൻപത് മക്കളിൽ ആദ്യത്തെ മകളായിട്ടാണ് 1887 ഒക്ടോബർ 2 -മാം തിയതി വയലറ്റ് ജനിച്ചത്. ചെറുപ്പത്തിൽ തന്നെ വയലറ്റും, സഹോദരങ്ങളും ക്ഷയാരോഗത്തിന്റെ പിടിയിലമർന്നു, കുടുംബത്തിലെ മൂത്തവൾ ആയത് കൊണ്ട്, തന്റെ സഹോദരങ്ങളെ ശുശ്രൂഷിക്കേണ്ട ചുമതല വയലറ്റിനായിരുന്നു. ഒരു സർജറിയെ തുടർന്ന് പിതാവ് മരണപ്പെട്ടതിനാൽ വയലറ്റും, കുടുംബവും വീണ്ടും ഇംഗ്ലണ്ടിലേക്ക് മാറിതാമസിച്ചു. തുടർന്ന്, ഇംഗ്ലണ്ടിൽ പ്രാഥമിക പഠനവും, നഴ്സിങ് വിദ്യാഭ്യാസം പൂർത്തിയാക്കിയ വയലറ്റിന് 1908-ൽ ലണ്ടനിലെ റോയൽ
മെയിൽഷിപ്പ് ലൈൻ കമ്പനിയിൽ 'ഷിപ്പ് നഴ്‌സ് സ്റ്റുവാർഡിസ്‌' (stewardess) ആയി ജോലി ലഭിച്ചു.

അതേ വർഷം തന്നെ 'ഓർനിക്കോ' എന്നൊരു, താരതമേന്യ ചെറിയ ഒരു കപ്പലിൽ ജോലി ആരംഭിച്ച മിസ്. വയലറ്റ്, 1911- ൽ അക്കാലത്തെ ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലായിരുന്ന RMS ഒളിംപികിസിലേക്കു സ്ഥാനക്കയറ്റം ലഭിച്ചു. 1911 സെപ്റ്റംബർ 20 -ന് ഇംഗ്ലണ്ടിലെ സൗത്താംപ്ടൻ തുറമുഖത്ത് നിന്ന് യാത്ര തിരിച്ച ഒളിംപിക്‌സ്, മാർഗമധ്യേ ഇംഗ്ലണ്ടിന്റെ യുദ്ധകപ്പലായ 'HMS ഹവാക്ക്' മായി കൂട്ടിയിടിച്ചു. ഭാഗ്യവശാൽ കപ്പലിലെ യാത്രകാർക്കോ, ജീവനാകാർക്കോ അപകടമരണങ്ങൾ ഒന്നും തന്നെ സംഭവിക്കാതെ കപ്പൽ തിരിച്ചു തീരത്തണഞ്ഞു.

അതിനുശേഷം, പിറ്റേവർഷം 1911-ൽ തന്റെ 24-മത്തെ വയസ്സിൽ വയലറ്റിനെ ജോലിയ്ക്കായി കമ്പനി നിയോഗിച്ചത്, RMS ടൈറ്റാനിക്കിൽ ആയിരുന്നു. 1912 ഏപ്രിൽ 10- ന് ഇംഗ്ലണ്ടിലെ സൗത്താംപ്ടൻ തുറമുഖത്ത് നിന്ന്, അമേരിക്കയിലെ ന്യൂയോർക്കിലേക്ക് യാത്ര തിരിച്ച ടൈറ്റാനിക്ക് , അറ്റ്ലാന്റിക് സമുദ്രത്തിലെ മഞ്ഞുമലയുമായി കൂട്ടിയിടിച്ച്, കടലിന്റെ ആഴങ്ങളിൽ മുങ്ങിപ്പോയി. ജീവനക്കാരും, യാത്രക്കാരും ഉൾപ്പെടെ 3547-പേർ ഉണ്ടായിരുന്ന ടൈറ്റാനിക്ക് കപ്പലിൽ നിന്ന്, രക്ഷപ്പെട്ട 705- പേരിൽ ഒരാൾ, കപ്പലിലെ നഴ്‌സായ വയലറ്റായിരുന്നു. ആ നഴ്‌സിന്റെ ജീവിതത്തിലെ രണ്ടാമത്തെ രക്ഷപ്പെടൽ.

പിന്നീട്, നാല് വർഷങ്ങൾക്ക് ശേഷം, ഒന്നാം ലോകമഹായുദ്ധ സമയത്ത്‌, ടൈറ്റാനിക്ക് നിർമ്മിച്ച കമ്പനിയായ 'RMS' വീണ്ടും,1916-ൽ ടൈറ്റാനിക്കിന്റെ സഹോദരി ഷിപ്പായി 'HMHS ബ്രൈറ്റാനിക്ക്' നീറ്റിലിറക്കി. ബ്രിട്ടീഷ് റെഡ് ക്രോസ്സിനു വേണ്ടി, എല്ലാവിധ ഹോസ്പിറ്റൽ സജ്ജീകരണങ്ങളോടെ നിർമ്മിച്ച കപ്പലയിരുന്നു അത്. 1916 നവംബർ 20-ലെ ഒരു പ്രഭാതത്തിൽ മെഡിറ്ററേനിയൻ പ്രദേശത്തെ 'ഏഗിയാൻ' കടലിൽ വച്ച്, ജർമൻ അന്തര്‍വാഹിനിയുടെ മിസൈൽ ആക്രമണത്തിൽ ബ്രൈറ്റാനിക്കും തകർന്നു. ആയിരത്തൽപ്പരം യാത്രക്കാരിൽ നിന്ന് മുപ്പതോളം പേർ മരണത്തിന് കീഴ്പ്പെട്ടു. ആ കപ്പൽ അപകടത്തിൽ നിന്ന് വീണ്ടും നമ്മുടെ കഥാനായിക അത്ഭുതകരമായി രക്ഷപെട്ടു. പക്ഷേ, ആ അപകടത്തിൽ രക്ഷപ്പെട്ട ബോട്ടിന്റെ പ്രോപ്പല്ലറിൽ ഇടിച്ച്, വയലറ്റിന്റെ തലയ്ക്ക് ഗുരുതരമായ പരിക്ക് പറ്റി, എന്നാൽ ആറുമാസത്തെ ആശുപതി വാസത്തിന് ശേഷം, വീണ്ടും അവർ തിരിച്ചു റോയൽ മെയിൽ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു.

വർഷങ്ങൾക്ക് ശേഷം, 1950-ൽ വയലറ്റ് ജോലിയിൽ നിന്ന് വിരമിക്കുകയും, ഇംഗ്ലണ്ടിലെ , സഫോൾക്ക് കൗണ്ടിയിലെ Great Ashfield നഴ്സിങ് ഹോമിൽ 1971-ൽ തന്റെ 83-മത്തെ വയസിൽ മരണമടയുകയും ചെയ്തു.

ചരിത്രപ്രസിദ്ധമായ മൂന്ന് കപ്പൽ അപകടങ്ങളിൽ ഉൾപ്പെടുകയും, എന്നാൽ അതിൽ നിന്നെല്ലാം അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്താ, മിസ്.വയലറ്റ് കോണ്‍സ്റ്റാൻസ് ജെസോപ്പ്, എന്നാ നഴ്‌സ് അക്കാലത്ത് വളരെയധികം
ജനശ്രദ്ധ നേടിയ വ്യക്തിയാണ്. അന്നത്തെ ഇംഗ്ലണ്ടിലെ മുഖ്യധാരാ മാധ്യമങ്ങൾ അവരെ വിശേഷിപ്പിച്ചാ പേരാണ്, "Miss Unsinkable”.
അതേ, ഒരിക്കലും മുങ്ങിപോകാത്തവൾ !

ഏത് വർഷമാണ്, മനുഷ്യചരിത്രത്തിലെ ഏറ്റവും ദുരിതപൂർണമായ വർഷം ?

അസാധാരണമായാ സാഹചര്യങ്ങൾ, അസാധാരണമായാ പെരുമാറ്റച്ചട്ടങ്ങൾ, ഈ കോവിഡ് വർഷം, നമ്മൾ ഓരോരുത്തരും ഉൾപ്പെടുന്ന, ഈ ലോകത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്, ഇത് വരെ നമ്മൾക്ക് അനുഭവവേദ്യമല്ലാത്ത അസാധാരണമായാ സ്തംഭനാവസ്ഥയിലേക്കാണ്.

സോഷ്യല്‍ ഡിസ്റ്റന്‍സെന്നും (Social distancing) സോഷ്യൽ ബബിൾസെന്നും (Social bubbles), വിളിപ്പേരുള്ള സ്വയം നിർമ്മിത ചട്ടക്കൂടിലേക്ക്, ഒരു കയ്യിൽ സ്മാർട്ട്‌ഫോണും, മറുകയ്യിൽ 'നെറ്റ്ഫ്ലികസ്' റിമോട്ടുമായി നാം ഓരോരുത്തരും സ്വയം ചുരുങ്ങിയിരിക്കുന്നു. കോവിഡ് 19 എന്നാ മഹാമാരി (Pandemic) ഇതുവരെ അപഹരിച്ച ജീവനുകൾ, അമേരിക്ക-വിയറ്റ്‌നാം യുദ്ധത്തിൽ മരണപ്പെട്ടവരുടെ സംഖ്യകളെക്കാൾ കൂടുതൽ !
ലോകമാസകലം പടർന്നു പിടിക്കുന്ന തരം വ്യാപക പകർച്ചവ്യാധിയെയാണ് വൈദ്യശാസ്ത്രത്തിൽ പാൻഡെമിക് (pandemic) എന്നു വിളിക്കുന്നത്. ഗ്രീക്ക് ഭാഷയിലെ പാൻ (എല്ലാം) + ഡിമോസ് (ജനത) എന്ന വാക്കുകളിൽ നിന്നാണ് ഈ നാമം ഉദ്ഭവിച്ചിരിക്കുന്നത്.

മഹാമാരികള്‍ക്കു മനുഷ്യന്റെ ചരിത്രത്തോളം പഴക്കമുണ്ട്. 13-മാം നൂറ്റാണ്ടിൽ ഭൂമിയിലെ 20 കോടിയിലധികം മനുഷ്യരെ 'പ്ലേഗ്' എന്ന മഹാമാരി കൊന്നൊടുക്കി. അത് ഏറ്റവും കൂടുതൽ നാശം വിതച്ചത് യൂറോപ്പിലാണ്. പിന്നീട് 1346– 1353 കാലത്ത്‌ യൂറോപ്യന്‍ ജനസംഖ്യയുടെ 60 ശതമാനത്തോളം അപഹരിച്ച ബ്ലാക്‌ഡെത്ത്‌ എന്നാ മഹാമാരിയ്ക്ക് കാരണമായത്‌ 'യെര്‍സിനിയ പെസ്‌റ്റിസ്‌' എന്നാ ബാക്ടീരിയായിരുന്നു. അതിന് ശേഷം ഒന്നാംലോക മഹായുദ്ധകാലത്ത്‌ ലോകത്തെ മുഴുവൻ ഭീതിയിലാഴ്‌ത്തി കടന്നുപോയ 'സ്പാനിഷ് ഫ്ലൂ' എന്നാ പകര്‍ച്ചപ്പനി അഞ്ചുകോടിയിലേറെ മനുഷ്യജീവനുകളെയാണ് അപഹരിച്ചത്.

മരണങ്ങളുടെ കണക്കുകൾ, വർഷങ്ങളുടെ ത്രാസ്സിൽ വച്ച് തൂക്കുമ്പോൾ, ഏത് വർഷമായിരിക്കും, മാനവചരിത്രം ആധികാരികമായി എഴുത്തപ്പെട്ട് തുടങ്ങിയതിനു ശേഷം, ഏറ്റവും ഭീതിജനകമായത് ? നമ്മൾ ഇപ്പോൾ ജീവിക്കുന്നാ ഈ 2020 തോ, അതോ, അതിനുമുൻപുള്ള ഏതെങ്കിലും കാലഘട്ടമായിരിക്കുമോ, മനുഷ്യചരിത്രത്തിൽ മനുഷ്യന് ഏറ്റവും ദുരിതപൂർണമായ വർഷം ?

അതിനുള്ള ഉത്തരം കണ്ടെത്തുകയാണ്, ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രഫസറും, പ്രശസ്ത നരവംശ ശാസ്ത്രജ്ഞനുമായ ഡോക്ടർ മാക് ക്രോമിക്ക്. അനവധി വർഷത്തെ പഠനങ്ങളിലൂടെയും, നിഗമനങ്ങളിലൂടെയും, അദ്ദേഹം കണ്ടെത്തിയിരിക്കുന്നത് AD-536 എന്നാ വർഷമാണ്, മനുഷ്യവംശത്തിന്റെ ഏറ്റവും ശപിക്കപ്പെട്ട വർഷങ്ങളിൽ ഒന്നാമതായി നിൽക്കുന്നത്. അദ്ദേഹത്തിന്റ കണ്ടെത്തലുകൾ പിന്നീട് ഒട്ടനവധി ചർച്ചകൾക്കും, സംവാദത്തിനും കളമൊരുക്കുകയും, പിന്നീട് പല ശാസ്ത്രജ്ഞരും, ഡോക്ടർ മാക് ക്രോമിക്കിന്റെ വാദത്തോട് അനുകൂലമായാ നിലപാടുകൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

AD-536 ന്റെ ആദ്യപാദത്തിൽ നിഗൂഢമായ ഒരു മൂടൽമഞ്ഞ് യൂറോപ്പിൽ ആകമാനം വ്യാപിച്ചു, ക്രമേണ അത് പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലേക്കും, തുടർന്ന് ഏഷ്യ വൻകര മുഴുവനും പടർന്ന് പന്തലിച്ചു. ഈ മൂടൽമഞ്ഞ് ഭൂമിയുടെ അന്തരീക്ഷത്തിൽ പതിനെട്ട് മാസത്തോളം നിലനിന്നിരുന്നായി രേഖകൾ വെളിപ്പെടുത്തുന്നു. അക്കാലത്തെ ബൈസ്റ്റാന്റിയൻ പണ്ഡിതനും, ചരിത്രകാരനുമായ 'പ്രോക്കൊപ്പസ്' അദ്ദേഹത്തിന്റെ ചരിത്രപുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത് "ഒരു വർഷം മുഴുവൻ, സൂര്യനിൽ നിന്നുള്ള പ്രകാശം ചന്ദ്രനിൽ എന്നപോലെ തോന്നിച്ചു, വേനല്‍ക്കാലത്ത് പകൽസമയങ്ങളിലെ താപനില വളരെയധികം താഴെയായിരുന്നു". മനുഷ്യചരിത്രം രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും തണുപ്പ് നിറഞ്ഞ വർഷമായിരുന്നു AD-536. ആ വർഷത്തെ വേനൽക്കാലത്ത് ഏഷ്യൻ ഭൂഖണ്ഡത്തിന്റെ പല ഉഷ്ണമേഖലാ രാജ്യങ്ങളുടെ മുകളിലും മഞ്ഞുവീഴ്ച്ചയുണ്ടായി, ലോകത്തിലെ എല്ലായിടത്തെയും കൃഷികൾ നാശോമുഖമായി, അവികസിതമായ രാജ്യങ്ങളും, ഭരണചക്രങ്ങളും നിലനിന്നിരുന്ന ആ കാലത്ത്, കോടികണക്കിന് ജനങ്ങൾ പട്ടിണി മൂലം മരണപ്പെട്ടു. ഡബ്ലിനിലെ, നാഷണൽ മ്യൂസിയം ഓഫ് അയർലൻഡ് ആർക്കിയോളജിയിലെ "A failure of bread from the years 536–539" എന്നാ കാലാനുസൃതവവിവരണ പുസ്തകത്തിൽ, അന്നത്തെ ഭീകരവസ്ഥ കൃത്യമായി വിവരിക്കുന്നുണ്ട്. അതിനെത്തുടർന്ന് AD-541 ൽ 'ബ്യൂബോണിക് പ്ളേഗ്' റോമിൽ പൊട്ടിപുറപ്പെട്ടു, അത് യൂറോപ്പിലെ മൂന്നിലൊന്ന് ജനങ്ങളുടെ മരണത്തിന് ഹേതുവായി.

കഴിഞ്ഞാ കുറെ വർഷങ്ങളായി, ലോകത്തിലെ അനേകം ശാസ്ത്രജ്ഞർ, അന്നത്തെ ആ മൂടൽമഞ്ഞിന്റെ കാരണം കണ്ടെത്തുന്നതിനുവേണ്ടി നിരവധി പഠനങ്ങളും, നിരീക്ഷണങ്ങളും നടത്തിപ്പോരുന്നു, പക്ഷേ ഇപ്പോഴും അതിന്റെ യഥാർഥ കാരണം ഒരു പ്രഹേളികയായി തുടരുന്നു.
എന്നിരുന്നാലും, ആ പഠനങ്ങളിൽ ഏറ്റവും, വിശ്വാസയോഗ്യവും, വ്യാപകമായ അഭിപ്രായവും നേടാനായത്, കനേഡിയൻ ശാസ്ത്രജ്ഞനും, ഗ്ലേഷ്യോളജിസ്റ്റും, യൂണിവേഴ്‌സിറ്റി ഓഫ് മായിൻ (UM) ലെ പ്രൊഫസറുമായ പോൾ മാവ്സ്കിയുടെ
ഗവേഷണങ്ങളാണ്. അദ്ദേഹം, സ്വിസ് പര്‍വ്വതശിഖരങ്ങളിലെ മഞ്ഞുകട്ടകളിൽ, അത്യാധുനിക ലേസർ സഹായത്തോടെ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയത്, അതിഭീകരമായ ഒരു അഗ്നിപർവത സ്ഫോടനം ഐസിലാന്റിലെ മഞ്ഞുകൊടുമുടികളിൽ AD-536 ൽ കൃത്യമായ ഇടവേളകളിൽ സംഭവിച്ചു കൊണ്ടിരുന്നു, തൽഫലമായി ടണ്‍ കണക്കിന് മഞ്ഞുപാളികൾ അന്തരീക്ഷത്തിലേക്ക് തൂത്ത് എറിയപ്പെട്ടു, അവയെല്ലാം ക്രമേണ ഭൂമിയുടെ അന്തരീക്ഷമായാ ട്രോപ്പോസ്ഫിയറിന് മുകളിൽ ഒരു കുടയെന്ന പോലെ വിന്യസിക്കപ്പെടുകയും ചെയ്തു.

AD 536 ലെ നിഗൂഢമായ ആ മൂടൽമഞ്ഞിന്റെ അനന്തരഫലങ്ങള്‍ പ്രവചനാതീതമായിരുന്നു. പ്രശസ്ത ചരിത്രഗവേഷകനും, എഴുത്തുകാരനും, ഇംഗ്ലീഷ് ദിനപത്രമായ 'ദി ഇൻഡിപെൻഡന്റ്' ന്റെ ലേഖകനുമായ ഡേവിഡ് കെയിസിന്റെ Catastrophe: An Investigation into the Origins of the Modern World, എന്നാ ബുക്കിൽ അന്നത്തെ ആ വിപത്ത്‌, എങ്ങനെയാണ് മനുഷ്യവംശത്തിന്റെ സാമൂഹിക സാമ്പത്തിക സാംസ്കാരിക മേഖലകളിൽ പ്രതിഫലിച്ചതെന്ന് വിവരിക്കുന്നുണ്ട്.
ഇന്നത്തെ, ലണ്ടൻ, പാരീസ്, ന്യൂയോർക്ക് പോലുള്ള ആധുനികാ കാലത്തെ നഗരങ്ങളോട് കിടപിടിക്കുന്ന പ്രാചീന മെക്സിക്കൻ നഗരങ്ങളായ, ടിയോട്ടക്കുവാൻ, മെസോമേഴ്സിയൻ തുടങ്ങിയ നഗരങ്ങൾ കല്ലിൽ മേൽ കല്ല് അവശേഷികാതെ നാമാവശേഷമായി. ദാരിദ്ര്യവും, പ്ളേഗും, അന്നേവരെ ലോകത്തെ നിയന്ത്രിച്ചിരുന്ന റോമൻ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടു. ആഡംബരസമൃദ്ധിയുടെ ഉന്നതിയിൽ, പശ്ചിമേഷ്യ ഭരിച്ചിരുന്ന സസാനിയൻ രാജ്യവംശത്തിന്റെ അധഃപതനത്തിനും ഈ മൂടൽമഞ്ഞു കാരണമായി. ലോകത്തിലെ പല രാജവംശങ്ങളുടെ വീഴ്ചകൾ ഇന്ത്യയിലും പ്രതിഫലിച്ചു. ഇന്ത്യൻ ഉപഭൂഖണ്ഡം മുഴുവൻ ഭരിച്ചിരുന്ന ഗുപ്‌തസാമ്രാജ്യത്തിന്റെ പതനമായിരുന്നു അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. പുരാതന ഇന്ത്യയുടെ സുവർണ്ണ കാലഘട്ടമെന്നായിരുന്നു ഗുപ്‌തസാമ്രാജ്യം അറിയപ്പെട്ടിരുന്നത്, പണ്ഡിതന്മാരും, ജ്ഞാനികളുമായ, ആര്യാഭട്ട, കാളിദാസൻ, വരാഹമിഹരൻ, വാത്സ്യയൻ തുടങ്ങിയ പ്രഗത്ഭരായിരുന്നു ഗുപ്ത രാജസദസ്സിലെ പ്രധാനികൾ. അവരുടെയും, അവരുടെ പിൻതലമുറയുടെയും പര്യവേക്ഷണങ്ങളുടെ ക്ഷയത്തിന് AD-536 ലെ ദുരിതം കാരണമായി. അന്ന് വരെ ഏറ്റവും വിലപിടിപ്പുള്ള ലോഹം സ്വർണമായിരുന്നു, എന്നാൽ സാമ്പത്തിക മേഖലയിലെ അരക്ഷിതാവസ്ഥ വെള്ളിയ്ക്ക് ആ സ്ഥാനം പതിച്ചു കൊടുത്തു, വെള്ളി നാണയങ്ങൾ ലോകത്തിൽ വൻപ്രചാരം നേടുവാൻ തുടങ്ങി, ആ പ്രവണത 17-മാം നൂറ്റാണ്ട് വരെ തുടർന്ന് പോന്നിരുന്നു.

അങ്ങനെ, ലോകത്തിന്റെ ഗതിവിഗതികളെ അടിമുടി മാറ്റിമറിച്ച വർഷമായിരുന്നു AD-536ൽ, ലോകം മുഴുവൻ വ്യാപിച്ച മൂടൽ മഞ്ഞ്‌. മനുഷ്യചരിത്രത്തിന്റെ കണക്കുപുസ്‌തകത്തിൽ ഏറ്റവും ദുരിതപൂർണമായ ഒരു കറുത്ത അധ്യായമായി ആ വർഷം അങ്ങനെ എഴുതിചേർക്കപ്പെട്ടു.

Add caption

ഒരു മൈ** പുരാണം..!

ഒരു മൈ** പുരാണം..!  കേരളത്തിൻ്റെ വടക്കേയറ്റമായ മഞ്ചേശ്വരം മുതൽ, തെക്കേറ്റമായ പാറശാല വരെയുള്ള മലയാളികളിലെ ഭൂരിഭാഗവും, അവരവരുടെ വികാരക്ഷോഭപ്രക...