Sunday, May 17, 2020

ചരിത്രത്തിലെ ആദ്യത്തെ പറക്കും (ഡ്രോൺ) ക്യാമറ വാഹകർ .👇

പണ്ട്, ആകാശത്ത് പറന്ന് നടക്കുന്ന 'ഡ്രോൺ' ക്യാമറകൾ എല്ലാവർക്കും ഒരു കൗതുകമായിരുന്നു. എന്നാൽ, ഇന്ന് ഡ്രോൺ ക്യാമറകളുടെ മുരൾച്ചയ്ക്ക്, പോലീസ് ജീപ്പിന്റെ ശബ്ദത്തോടുള്ള സാദൃശ്യം, അന്നത്തെ ആ കൗതുകം, അവനവന്റെ മുഖംമറച്ചു ഓടുന്ന ദയനീയ അവസ്ഥയിലേക്ക് നമ്മളെ എത്തിച്ചേർത്തിരിക്കുന്നു.
ലോകത്ത് ആദ്യമായി 'പറക്കുന്ന ക്യാമറ' എന്നൊരാശയം കൊണ്ടുവരുകയും, അത് വിജയകരമായി നടപ്പാക്കുകയും, അതിന്റെ പേറ്റന്റ് സ്വന്തമാക്കുകയും ചെയ്തൊരു ജർമൻകാരന്റെ ചരിത്രം പങ്കുവെയ്ക്കുവാൻ ആഗ്രഹിക്കുന്നു.

ഡോക്ടർ. ജൂലിയസ് ന്യൂബോർണർ ,1900 ആണ്ടിൽ, ജർമനിയിൽ ജീവിച്ചിരുന്ന ഒരു ഭിഷഗ്വരനായിരുന്നു. തന്റെ താമസസ്ഥലമായ 'ക്രോൻബെർഗ്'ലെ വീട്ടിൽ നിന്ന് ഏതാനും മൈലുകൾ അപ്പുറത്തുള്ള സർക്കാർ ആരോഗ്യപരിപാലന കേന്ദ്രത്തിലേയ്ക്ക് മരുന്നുകൾ അയക്കുവാൻ അദ്ദേഹം പ്രാവുകളെയാണ് ഉപയോഗിച്ചിരുന്നത്.

ഒരിക്കൽ 1907-ൽ മരുന്നുകളുമായി പോയൊരു പ്രാവിന് എവിടെയോ ദിശ നഷ്ടമായി, എന്നാൽ നാല് ആഴ്ച്ചകൾക്ക് ശേഷം അത് സുരക്ഷിതമായി തിരിച്ചെത്തുകയും ചെയ്തു.  വർഷങ്ങളായി പ്രാവുകളെ,  മരുന്നുകളുടെ വിതരണത്തിന് ഉപയോഗിച്ചിരുന്നതിനാലും, ഇതിന് മുൻപൊരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ലാത്തതിനാലും, ഇത്രയും ദിവസങ്ങൾ, ആ പ്രാവ് എവിടെയായിരിക്കും, എന്നോർത്തു ഡോക്ടർ ആശ്ചര്യപ്പെട്ടു.
അദ്ദേഹത്തിന്റെ ആ ജിജ്ഞാസ ചരിത്രത്തിലെ ആദ്യത്തെ പറക്കും ക്യാമറയെന്ന 'Piegon Camera' -യുടെ പരീക്ഷണങ്ങൾക്ക് തുടക്കമിട്ടു.

പറക്കുന്ന ക്യാമറയെന്നത് അന്നത്തെ കാലത്ത് മൂഢമായൊരു ആശയം ആയിരുന്നു, എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ ഈ നിരീക്ഷണം, മിലിട്ടറി സാങ്കേതിക പ്രവർത്തകരുടെ കണ്ണിൽ പെടുകയും, അവിടുന്നങ്ങോട്ട് ഇതൊരു ശാസ്ത്രശാഖയായി വളരുകയും ചെയ്തു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ,  'Birds-Eye-ഫോട്ടോഗ്രാഫി' എന്നത്,  അക്കാലത്തെ ജനങ്ങൾക്ക് ചിന്തിക്കാൻ കൂടി സാധ്യമല്ലായിരുന്നു. എന്നാൽ, ഇന്ന് നമുക്ക് വിമാനത്തിൽ നിന്നുള്ള ഫോട്ടോഗ്രാഫി, ഉയർന്ന കൊടുമുടിയുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറയിൽ നിന്നുള്ള ഫോട്ടോഗ്രാഫി,  ഡ്രോൺ ഫോട്ടോഗ്രാഫി, എന്നിങ്ങനെ വിവിധ സ്രോതസ്സുകളിൽ നിന്ന് ലോകത്തിലെ കാഴ്ച്ചകൾ 'Aerial View' ലൂടെ കാണുവാൻ സാധിക്കുന്നു. എന്നാൽ കഴിഞ്ഞ നൂറ്റാണ്ടിൽ, ആകാശസ്ഥമായ കാഴ്ചകൾ ഒരു പരിധി വരെ ലഭ്യമായിരുന്നത്, ബലൂണുകളിലും, പട്ടങ്ങളിലും മറ്റും കെട്ടി ഉയർത്തിവിട്ട ക്യാമറയിൽ നിന്നായിരുന്നു, പക്ഷേ അതിൽ തന്നെ മിക്കവാറും ചിത്രങ്ങൾ മങ്ങിയതും, അപൂർണ്ണവുമായിരുന്നു.

എന്നാൽ, ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരുന്നു, ഡോക്ടർ ജൂലിയസ് ന്യൂബോർണറിന്റ പരീക്ഷണം. എന്നിരുന്നാലും, അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്, മരുന്നുകൾ ഡെലിവറി ചെയ്യുന്ന പ്രാവുകളുടെ സഞ്ചാരപാത കണ്ടെത്തുകയും, അവർ എവിടെയൊക്കെയാണ് സമയം ചിലവഴിക്കുന്നത് എന്നത് തിരിച്ചറിയുന്നതിനും വേണ്ടിയായിരുന്നു.

മാസങ്ങൾ നീണ്ട പരീക്ഷണത്തിന്റെ ഫലമായി,  അദ്ദേഹം ഭാരം കുറഞ്ഞൊരു  ചെറിയ ക്യാമറ നിർമ്മിച്ചു. ഇതിൽ രണ്ട് ചെറിയ നാടകൾ ഉണ്ടായിരുന്നു, അത് പ്രാവുകളുടെ ഇരു തോളിലും കെട്ടിവെക്കാൻ പാകത്തിലും, ക്യാമറ പ്രാവുകളുടെ വയറിനോട് ചേർന്ന് തൂങ്ങിക്കിടക്കുന്ന രീതിയിലും, കൂടാതെ, ഇതിൽ കൃത്യമായ ഇടവേളകളിൽ ഫോട്ടോകൾ എടുക്കാൻ ഒരു ടൈമറും ഘടിപ്പിച്ചിരുന്നു.
ഡോക്ടറിന്റെ പരീക്ഷണങ്ങൾ അവിടെയും കൊണ്ട് അവസാനിച്ചില്ലാ, പ്രാവുകളെ പിന്തുടരുന്ന തന്റെ കുതിരവണ്ടിയിൽ, പ്രാവുകൾ അപ്പപ്പോൾ എടുക്കുന്ന ചിത്രങ്ങൾ ഡെവലപ്പ് ചെയ്യാൻ ഒരു ഡാർക്ക് റൂമും അദ്ദേഹം നിർമിച്ചു.

വളരെ വിജയകരമായി, പറക്കുന്ന ക്യാമറയുടെ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ അദ്ദേഹം, താൻ കണ്ടുപിടിച്ച ഉപകരണത്തിന്റെ പേറ്റന്റിനായി ജർമൻ പേറ്റന്റ് ഓഫീസിനെ സമീപിച്ചു. എന്നാൽ ജർമൻ പേറ്റന്റ് ഓഫീസ് അദ്ദേഹത്തിന്റെ കണ്ടുപിടുത്തതോട് അനുകൂലമായി തീരുമാനം കൈകൊണ്ടില്ലാ. അവർ പറഞ്ഞാ ന്യായികരണം, ആ ക്യാമറയുടെ ഭാരം 75 ഗ്രാം ഉള്ളതിനാൽ, പ്രാവുകൾക്ക് അത്രയും ഭാരം വഹിച്ചുകൊണ്ട് പറക്കുവാൻ സാധ്യമല്ല എന്നതും, കൂടാതെ അത്രയും ഭാരം പ്രാവുകളുടെ ആകെ തൂക്കത്തിന്റെ 20 ശതമാനും വരുമെന്നതായിരുന്നു. തെല്ലും നിരാശനാകാതെ,  ഒരിക്കൽകൂടി പ്രാവുകളുടെ സഹായത്താൽ, പറക്കുന്ന ക്യാമറ ഉപയോഗിച്ച്,  താൻ എടുത്ത ഫോട്ടോകൾ ഉൾപ്പെടെ വീണ്ടും അദ്ദേഹം പേറ്റന്റിന് അപേക്ഷിച്ചു. എന്നാൽ, അതിന്റെ ഫലവും ആദ്യതവണത്തെ പോലെയായിരുന്നു.

ഒടുവിൽ ഡോക്ടർ താൻ എടുത്ത ഫോട്ടോകൾ പൊതുജനങ്ങൾക്ക് കാണുവാനായി പ്രദർശിപ്പിച്ചു, ഇത് വളരെയേറെ ജനശ്രദ്ധയാകർഷിച്ചു. ആകാശത്ത് നിന്നുള്ള ഭൂമിയിലെ കാഴ്ചകൾ, പലരിലും കൗതുകവും ആകാംക്ഷയും ഉളവാക്കി, പ്രത്യേകിച്ചു 'ക്രോൻബെർഗ്'  സ്കൂളിന്റെ ഫോട്ടോയും, അതെടുത്താ  'പേരറിയാത്ത ക്യാമറമാന്റെ' ചിറകുകളും വളരെയേറെ അഭിനന്ദനങ്ങൾക്ക് കാരണമായി.  താമസിയാതെ, ജർമൻ പത്രങ്ങളും, മാഗസിനുകളും, പറക്കുന്ന പ്രാവ് ക്യാമറയെക്കുറിച്ചുള്ള വാർത്തകളും, ഫീച്ചറുകളും വൻ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു.

താമസിയാതെ, ജർമൻ സർക്കാരിലെ യുദ്ധവിഭാഗം, ഡോക്ടർ. ജൂലിയസ് ന്യൂബോർണറിന്റെ ഈ കണ്ടുപിടിത്തത്തിൽ താല്പര്യം കാണിക്കുകയും, ഒന്നാം ലോകമഹായുദ്ധത്തിൽ പറക്കുന്ന ക്യാമറവാഹകരായ പ്രാവുകളുടെ സേവനം ചാരപ്രവർത്തനത്തിൽ പ്രയോജനപ്പെടുത്തുകയും, ക്രമേണ അതിന്റെ പേറ്റന്റ് ഡോക്ടർക്ക് ലഭ്യമാകുകയും ചെയ്തു.
തുടർന്ന് വർഷങ്ങൾക്ക് ശേഷം, അമേരിക്കയുടെ ചാരസംഘടനയായ സി.ഐ.എ, പ്രാവ്-ക്യാമറയിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തുകയും, രണ്ടാം ലോകമഹായുദ്ധത്തിൽ പ്രാവുകളെ  വ്യാപകമായി  ഉപയോഗിക്കുകയും ചെയ്തു. 

ഇന്ന്, അമേരിക്ക വാഷിങ്ടൺ ഡി. സി. യിൽ  സ്ഥിതി ചെയ്യുന്ന 'സ്പൈ മ്യൂസിയത്തിലെ' ഒരു വലിയ ഹാൾ  നിറയെ, പറക്കുന്ന ചാരന്മാരായ പ്രാവുകൾ എടുത്ത ഫോട്ടോകളുടെ വിപുലമായ ശേഖരം പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിരിക്കുന്നു.

അതിനാൽ, അടുത്ത തവണ തലയ്ക് മുകളിൽ 'ഡ്രോൺ' ക്യാമറകൾ' കാണുമ്പോൾ ഓർമിക്കുക, നമ്മുടെ പ്രാവുകൾ ഈ സീനൊക്കെ പണ്ടേ വിട്ടതാണ്. 😊

No comments:

Post a Comment

ഒരു മൈ** പുരാണം..!

ഒരു മൈ** പുരാണം..!  കേരളത്തിൻ്റെ വടക്കേയറ്റമായ മഞ്ചേശ്വരം മുതൽ, തെക്കേറ്റമായ പാറശാല വരെയുള്ള മലയാളികളിലെ ഭൂരിഭാഗവും, അവരവരുടെ വികാരക്ഷോഭപ്രക...