Sunday, April 27, 2025

തുടരും....

ഇന്നലെ ' തുടരും '

കണ്ടപ്പോൾ മനസിൽ വന്നത് പഴയൊരു കഥയാണ്. സിനിമാ പ്രവർത്തകരായ സുഹൃത്തുക്കളുടെ സൊറ സദസുകളിൽ പലപ്പോഴും തമാശയായി പറഞ്ഞ് കേട്ടൊരു  പഴയ കഥ.

വളരെ വർഷങ്ങൾക്ക് മുൻപ് സിംഗപ്പൂരിൽ വെച്ചൊരു മോഹൻലാൽ ഷോ നടക്കുന്നു. നാട്ടിൽ നിന്ന് വലുതും ചെറുതുമായ നിരവധി കലാകാരന്മാർ പങ്കെടുക്കുന്ന ഒരു വലിയ മെഗാ ഷോ. ഈ മെഗാ ഷോയിൽ ഷൈജു അടിമാലി എന്നൊരു മിമിക്രി കലാകാരനും പങ്കെടുക്കുന്നു. ഒടുവിൽ ഷോ കഴിഞ്ഞ് എല്ലാവരും രാത്രിയിൽ നെടുമ്പാശേരിയിൽ

തിരിച്ച് എത്തി, പലരും പലവഴിക്കായി പിരിഞ്ഞ് പോയി. നമ്മുടെ കഥാനായകൻ ഷൈജു അടിമാലി, വിമാനത്താവളത്തിൽ നിന്ന് കാലടി വരെയെത്തി, തോളിൽ ഒരു ചെറിയ ബാഗുമായി, കാലടയിലെ ബസ്സ് സ്റ്റോപ്പിൽ അടിമാലിക്കുള്ള കെഎസ്ആർടിസി ബസ്സ് കാത്ത് നിൽക്കുന്നു. ഉടനെ എവിടെ നിന്നോ ഒരു പോലീസ് ജീപ്പ് അവിടെ പ്രത്യക്ഷപ്പെടുന്നു. പാതിരാത്രിയിൽ ഒറ്റയ്ക്ക് ബസ്സ്റ്റോപ്പിൽ തോളത്ത്

ബാഗുമായി നിൽക്കുന്ന അപരിചിതനായ ചെറുപ്പക്കാരനെ

കണ്ട് ജീപ്പിൻ്റെ മുൻപിൽ ഇരുന്ന എസ് ഐ ചോദിച്ചു.

" ഈ രാത്രിയിൽ നീ എങ്ങോട്ട് പോകുന്നടാ, എന്താടാപേര്..? "

സിനിമാ സ്റ്റൈലിൽ പോലീസ് ജീപ്പിൻ്റെ വരവും, ബ്രേക്ക് ചവട്ടലും, എസ് ഐയുടെ ചോദ്യവും കേട്ടപ്പോൾ ഏതൊരു സാധാരണക്കാരനെയും പോലെ പെട്ടെന്ന് പതറിപ്പോയ നമ്മുടെ കഥാനായകൻ വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു.

" സാറെ, അടിമാലിക്കുളള ബസ്സ് നോക്കി നിൽക്കുവാ, ഷൈജു എന്നാ പേര്"

ഒന്ന് ഇരുത്തി മൂളിയട്ട് എസ് ഐ വീണ്ടും ചോദിച്ചു.

"അത് ശരി, നീ എവിടെ പോയിട്ട് വരുന്നു..?"

ഉടനെ, ഷൈജു മറുപടി പറഞ്ഞു,

"സിംഗപ്പൂർ പോയിട്ട്...!"

ഉത്തരം കേട്ടപ്പോൾ, തൻ്റെ ചോദ്യത്തിന് ഇതുവരെ കേട്ടിട്ടില്ലാത്ത

മറുപടി പറഞ്ഞാ നായകനെ നോക്കി കൊണ്ട്, എസ് ഐ  പതിയെ ജീപ്പിൻ്റെ സീറ്റിൽ നിന്ന്  ഇറങ്ങി,

"ഓ...നീ അപ്പോൾ സിംഗപ്പൂർ പോയിട്ട് വരുവാണ് അല്ലേ, കൊള്ളാം..!

അതിരിക്കട്ടെ നീ ആരുടെ കൂടെയാ സിംഗപ്പൂർ പോയത്..?

ഉടൻ തന്നെ ഷൈജുവിൻ്റെ മറുപടി വന്നു.

"ഞാൻ മോഹൻലാലിൻ്റെ കൂടെയാ സാറെ, പോയത്..!"

വീണ്ടും ഇതുവരെ ജീവിതത്തിൽ കേട്ടിട്ടില്ലാത്ത ഉത്തരം കേട്ട് അന്ധാളിച്ച എസ് ഐ,

ഉടനെതന്നെ ജീപ്പിൻ്റെ വാതിൽ തുറന്ന് കൊണ്ട്  പറഞ്ഞു,

" എന്തായാലും, സിംഗപ്പൂരിൽ നിന്ന് വരുന്ന വഴിക്ക് സ്റ്റേഷനിൽ കൂടി ഒന്ന് കേറിയട്ട് പോകാം..!"

ഒടുവിൽ സ്റ്റേഷനിൽ ചെന്ന് ഷൈജു അടിമാലി തൻ്റെ പാസ്പോർട്ടും

, മെഗാഷോയുടെ

ഷോകാർഡും കാണിച്ചപ്പോൾ പോലീസുകാരുടെ അന്ധാളിപ്പ്, വലിയ ചിരിക്ക് വഴി മാറിയെന്നും, ഒടുവിൽ അവർ തന്നെ നമ്മുടെ നായകനെ ജീപ്പിൽ തിരിച്ച് കൊണ്ടു പോയി വിട്ടുവെന്നും കഥാന്ത്യം.

അന്ന് ഒരുപക്ഷേ ഒരുപാട് ചെറിയ

കലാകാരന്മാരെ പോലെ ആരാലും അധികം അറിയപ്പെടാത്ത ഒരു ചെറിയ കലാകാരൻ ആയിരുന്നു ഷൈജു അടിമാലി, പക്ഷേ ഇന്ന് ആണ് അങ്ങനെ ഒരു സാഹചര്യം ഉണ്ടായതെങ്കിൽ, " നീ ആരാടാ" എന്ന് പോലീസ് ചോദിച്ചിരുന്നുവെങ്കിൽ,

അടുത്തുള്ള ഏതെങ്കിലും മതിലിലെ

പോസ്റ്റർ ചൂണ്ടി കാണിച്ച് കൊണ്ട് ഷൈജു പറഞ്ഞേനെ,

"സാർ, അതാണ് ഞാൻ..! ലാലേട്ടൻ്റെ കൂടെ ബൈക്കിൽ പുറകിൽ ഇരിക്കുന്ന നടൻ, പേര് ഷൈജു അടിമാലി..!"

Monday, April 21, 2025

മുസ്ലീം സ്ത്രീയുടെ കാൽ കഴുകി ചുംബിച്ച മാർപാപ്പ.

ആഡംബരത്തിൽ അഭിരമിച്ചിരുന്ന കത്തോലിക്കാ സഭയിലെ ഒരുപറ്റം മെത്രാന്മാരുടെയും, വൈദികരുടെയും നെറ്റി ചുളിഞ്ഞ സംഭവമായിരുന്നു 2013 -ലെ പെസഹാവ്യാഴാഴ്ചയിലെ കാൽകഴുകൽ ശുശ്രൂഷയിൽ വത്തിക്കാനിൽ അരങ്ങേറിയത്. അന്നേവരെയുള്ള പെസഹാവ്യാഴാഴ്ച
കാൽകഴുകൽ ചടങ്ങിൽ കത്തോലിക്കാ സമൂഹത്തിലെ പ്രമാണിമാരുടെയും, ഉന്നതകുലജാതരുടെയും കാലുകളാണ് മെത്രാന്മാരും, വൈദികരും കഴുകി ചുംബിച്ചു ഇരുന്നതെങ്കിൽ, അതിന് വിപരീതമായി താൻ മാർപാപ്പയായിട്ട് ആദ്യമായി ഈ ശുശ്രൂഷയിൽ അദ്ദേഹം കാൽകഴുകി ചുംബിച്ചത്, റോമിൽ ജയിലിൽ കഴിയുന്ന കുടിയേറ്റക്കാരായ മുസ്ലീം സ്ത്രീയും, ഓർത്തഡോക്സ് സഭാംഗവും ഉൾപ്പെടുന്ന, സമൂഹത്തിൽ അവഗണിക്കപ്പെട്ട 12 പേരെയായിരുന്നു.
തുടർന്നുള്ള പ്രസംഗത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു;

"All of us together: Muslims, Hindus, Catholics, Copts, Evangelicals. But all brothers and children of the same God," 

നസ്രായക്കാരൻ്റെ അനുയായി എങ്ങനെ ആയിരിക്കണമെന്ന് ലോകത്തെ കാണിച്ച് തന്നതായിരുന്നു പിന്നീടുള്ള അദ്ദേഹത്തിൻ്റെ ജീവിതം. ആഡംബര നിബിഡമായ 
വത്തിക്കാനിലെ ഔദ്യോഗിക 
പേപ്പൽ കൊട്ടാരവസതിയിൽ താമസിക്കാൻ ഫ്രാൻസിസ് തയ്യാറായില്ല. പകരം വത്തിക്കാനിലെ 
ഗസ്റ്റ്ഹൗസിലെ ചെറിയ ഒരു മുറിയിൽ,
സ്വയം ഭക്ഷണം പാകം ചെയ്ത് കൊണ്ടായിരുന്നു കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ ഏറെയായി അദ്ദേഹം ജീവിച്ച് വന്നിരുന്നത്. ആഡംബര വാഹനം ഒഴിവാക്കിയും, പൊതുഗതാഗത സംവിധാനത്തിൽ കൂടുതൽ യാത്രകൾ ചെയ്തിരുന്ന അദ്ദേഹം, ജനകീയനായ മാർപാപ്പയായി ജനമനസുകൾ കീഴടക്കി. 

സഭയിലെ പുഴുക്കുത്തുക്കളായ ചില 
മെത്രാന്മാരും, വൈദികരും
ബാലപീഡനം, ബലാത്സംഗം, സാമ്പത്തിക അട്ടിമറി തുടങ്ങിയ കേസുകളിൽ അകപ്പെട്ടപ്പോൾ അവർക്ക് എതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുകയും, അവർ മൂലം വന്ന് പോയ തെറ്റിന് ലോകത്തോട് മുഴുവൻ തല കുമ്പിട്ട് മാപ്പ് അപേക്ഷിക്കുകയും ചെയ്തത്,
മാർപാപ്പ എന്നതിനേക്കാൾ ഉപരി ഒരു മനുഷ്യൻ എന്നതിൻ്റെ ഉത്തമ ഉദാഹരണമായിട്ടാണ് ലോകം വിലയിരുത്തിയത്. 
 
ഫ്രാൻസിസ് മാർപാപ്പ മരണത്തിലും ലാളിത്യം ആഗ്രഹിച്ചിരുന്നു. സൈപ്രസ്, ഓക്ക്, വാക മരത്തടികൾ കൊണ്ടു നിർമിച്ച 3 പെട്ടികൾക്കുള്ളിലായി മാർപാപ്പമാരെ അടക്കം ചെയ്യുന്ന ആചാരത്തിനു പകരം തനിക്ക് സാധാരണ തടിപ്പെട്ടി മതിയെന്ന് അദ്ദേഹം നേരത്തെ തന്നെ നിർദേശിച്ചിരുന്നു. ദീർഘമായ പൊതുദർശനം, നീണ്ട അന്ത്യോപചാര ചടങ്ങുകൾ ഇവയൊന്നും വേണ്ടെന്നും നിർദേശത്തിലുണ്ട്. മുൻ മാർപാപ്പമാരെ അടക്കം ചെയ്യുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു പകരം റോമിലെ സെന്റ് മേരി മേജർ പള്ളിയിൽ അടക്കിയാൽ മതിയെന്നും അദ്ദേഹം നേരത്തെ നിർദേശിച്ചിരുന്നു.

പരമ്പരാഗത മാർപാപ്പമാരുടെ സ്വർണ സിംഹാനം ഉപേക്ഷിച്ച്, സാധാരണ മരകസേരയിൽ ഇരുന്ന് ലോകത്തെ നയിച്ച ആ വലിയ ഇടയൻ്റെ സ്ഥാനം, ജനമനസുകളിലെ സ്വർണ സിംഹാനത്തിൽ തന്നെയാണ് എന്നുള്ള കാര്യത്തിൽ സംശയം ഇല്ലാ..!

Sanjo Joseph Script writer of Falimy & Hello Mummy..!

കൂട്ടുകാരന്, പിറന്തനാൾ വാഴ്ത്തുക്കൾ..! തൻ്റെ തൂലിക കൊണ്ട് മലയാള സിനിമ മേഖലയിൽ തൻ്റേതായ ശൈലിയിൽ കഥയും, തിരക്കഥയും, സംഭാഷണങ്ങളും ര...