Friday, May 23, 2025

എങ്ങനെയാണ് ഏകാധിപതികൾ ജന്മമെടുക്കുന്നത്..?

എങ്ങനെയാണ് ഏകാധിപതികൾ ജന്മമെടുക്കുന്നത്..? 

ഈയടത്ത് കാലത്ത് വായിച്ചതിൽ ഏറ്റവും സ്വാധീനിച്ച പുസ്തകമാണ് 2020-ൽ പുറത്തിറങ്ങിയ, റൂത് ബെൻ-ഗ്യാറ്റ് (Ruth Ben-Ghiat) രചിച്ച “STRONG MEN: MUSSOLINI TO THE PRESENT” എന്ന ഗ്രന്ഥം.


ശക്തമായ ജനാധിപത്യം നിലനിൽക്കുന്ന രാജ്യങ്ങളിൽ പോലും രാഷ്ട്രീയ നേതാക്കളായ വ്യക്തികൾ എങ്ങനെയാണ് വ്യവസ്ഥാപിതമായ നിയമവവ്യവസ്ഥയെയും, സ്ഥാപനങ്ങളെയും അട്ടിമറിച്ച് ഏകാധിപതികൾ ആകുന്നതെന്ന് 
ഈ ഗ്രന്ഥത്തിലൂടെ ലേഖിക വിവരിച്ച് തരുന്നു. 

പതിറ്റാണ്ടുകളുടെ ഗവേഷണത്തിന്‍റെ ഫലമായി ലേഖിക എത്തിച്ചേർന്ന നിഗമനങ്ങൾ അത്തരം ഭരണാധികാരികൾ എങ്ങനെ ചിന്തിക്കുന്നു, അവരുടെ കല്പിത അപ്രമാദിത്തം (Infallibility) ആരെയും എന്തിനെയും ആശ്രയിച്ചിരിക്കുന്നു, എന്നതിനെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്നു. ഇത്തരം ഏകാധിപത്യപ്രവണതയുള്ള നേതാക്കൾ ഭരണത്തിലേറിയാൽ പിന്തുടരുന്ന മാതൃക എന്താണെന്ന് തുറന്നുകാട്ടുക വഴി ഇത്തരക്കാരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞ് തടയാനും, ചെറുക്കാനും നമുക്ക് മുൻപിൽ ഒരു വഴി തുറന്നിടുകയാണ് റൂത് ബെൻ-ഗ്യാറ്റ് തന്‍റെ ഈ ഗ്രന്ഥത്തിലൂടെ.  


ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുള്ള മാന്ത്രികവടി തങ്ങൾ മാത്രമാണെന്ന ധാരണ വളർത്തി അധികാരത്തിലേറുന്ന ഇത്തരം വ്യക്തികൾ, അതേ ജനാധിപത്യ വ്യവസ്ഥയെ ജനാധിപത്യസംവിധാനങ്ങളെ കൂട്ടുപിടിച്ച് അട്ടിമറിക്കുകയും രാജ്യത്തിന്‍റെ സമ്പത്ത് തൻ്റെ സ്തുതിപാടകർക്കും, കോർപ്പറേറ്റ് കൂട്ടാളികൾക്കും, കൊള്ളയടിക്കാൻ കാഴ്ചവെക്കുകയും ചെയ്യുന്നു. 

ആധുനികകാലത്തെ സാമൂഹ്യമാധ്യമങ്ങളുടെ അതിപ്രസരം ഇത്തരം നേതാക്കൾക്ക് വളരെ സഹായകരമാണ്. ഉടമസ്ഥരില്ലാത്ത സന്ദേശങ്ങളും, വ്യാജവാർത്തകളും, 
നിമിഷങ്ങൾക്കകം ലക്ഷക്കണക്കിന് ആൾക്കാരിൽ എത്തിക്കാൻ സജ്ജമാക്കിയ ഐ ടി സെല്ലുകൾ നേതാവിനെ പുകഴ്ത്താനും, 
വാഴ്ത്തിപാടാനും, എതിരാളികളെ ഇകഴ്ത്താനും അഹോരാത്രം പണിയെടുക്കുന്നു. പൊതുജനാഭിപ്രായം തങ്ങൾക്ക് അനുകൂലമായി വക്രീകരിക്കാനും ഭിന്നാഭിപ്രായങ്ങൾ ഇല്ലാതാക്കാനും ഇതുമൂലം ഇവർക്ക് കഴിയുന്നു. എന്തൊക്കെ ദുരിതങ്ങളും പ്രതിസന്ധികളും രോഗങ്ങളും ഉണ്ടെങ്കിലും അനുയായികളും അണികളും Propaganda-യുടെ ബലത്തിൽ നേതാവിന്‍റെ ആരാധനയിൽ മുഴുകുന്നു.

സ്വന്തം ആൾക്കാരെ ഭരണസ്ഥാപനങ്ങളിലെ മർമ്മസ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചും അല്ലാത്തവരെ പ്രലോഭനങ്ങൾ നൽകി വശത്താക്കിയും ഇവർ തങ്ങളുടെ ഇംഗിതങ്ങൾ നടപ്പാക്കിയെടുക്കുന്നു. ലിംഗസമത്വം, മതേതരത്വം, വംശസമത്വം, എന്നിങ്ങനെ ഒരു ആധുനികസമൂഹത്തിന് അഭികാമ്യമായ ഗുണഗണങ്ങൾ ഇത്തരക്കാർക്ക് അലർജിയാണ്. സമൂഹം പുരോഗമനാത്മകമായി ചിന്തിക്കുമ്പോഴൊക്കെ ഇത്തരം അധമശക്തികൾ പാരമ്പര്യ-വംശ-രാജ്യ മഹിമ ഉയർത്തിപ്പിടിച്ച് സമൂഹത്തെ പിന്നോട്ട് തള്ളാൻ ശ്രമിക്കും. 

ഈ പുസ്തകം വായിക്കുന്ന ഏതൊരാൾക്കും ഇതിൽ പരാമർശവിധേയമായ വിഷയങ്ങളെ ഇന്നത്തെ വർത്തമാനകാല സാമൂഹ്യ രാഷ്ട്രീയ സംഭവങ്ങളുമായി Connect ചെയ്യാതിരിക്കാനാവില്ല. 

ഏകാധിപതികളും പാരമ്പര്യവാദികളും എപ്പോഴും സമൂഹത്തെ പുറകോട്ട് നടത്തിയ ചരിത്രമേയുള്ളൂ. എന്നാൽ, ഒരു ഏകാധിപത്യവും ശാശ്വതമല്ല താനും. ഏകാധിപതികളെയും പ്രതിലോമശക്തികളെയും പിന്തള്ളി പൂർവ്വാധികം ശക്തിയോടെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സമൂഹമാണ് മനുഷ്യന്റേത്. ആ അറിവും അനുഭവവുമാണ് ഭാവിയിലേക്കുള്ള പ്രതീക്ഷയെന്നും കൂടി അവസാനം ഗ്രന്ഥകാരി കൂട്ടി ചേർക്കുന്നു. 

( ചരിത്രകാരിയും ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമാണ് റൂത് ബെൻ-ഗ്യാറ്റ് )

Sanjo Joseph Script writer of Falimy & Hello Mummy..!

കൂട്ടുകാരന്, പിറന്തനാൾ വാഴ്ത്തുക്കൾ..! തൻ്റെ തൂലിക കൊണ്ട് മലയാള സിനിമ മേഖലയിൽ തൻ്റേതായ ശൈലിയിൽ കഥയും, തിരക്കഥയും, സംഭാഷണങ്ങളും ര...