Saturday, February 6, 2021

World Cancer Day

February 4 -2016 , World Cancer Day 
............................................................
'നാശം പിടിച്ച മഴ..!'  കാറിന്‍റെ മുൻ  ഗ്ലാസിൽ പറ്റിപിടിച്ച മഴത്തുള്ളികൾ  ഇടംകയ്യാൽ തൂത്തുകളയുന്നതിന്നിടയിൽ  അയാൾ പിറുപിറുത്തു.  ഡബ്ലിനിലെ ട്രാഫിക്‌ അതിന്‍റെ മൂര്ധന്യത്തിൽ  എത്തുന്നത്‌ വൈകുന്നേരങ്ങളിലാണ്, സമയം അഞ്ചു മണിയാകുന്നു,  ഫ്ലവർ  ഷോപ്പ് അടക്കുന്നതിനു മുൻപ് അവിടെ  എത്തിച്ചേരണ്ണം, വീണ്ടും വീണ്ടും അയാള്‍ വാച്ചിലേക്ക് നോക്കി.

നാളെയാണ് അമ്മയുടെ പിറന്നാൾ ദിവസം, ഇന്നെങ്കിലും പൂക്കൾ   മേടിച്ചു കൊറിയർ ചെയ്യ്താലേ , നാളെയെങ്കിലും വീട്ടിൽ ചെന്നെത്തുകയുള്ളൂ.  യഥാര്‍ത്ഥത്തിൽ  ഇന്നലെ തന്നെ ചെയ്യേണ്ട കാര്യമായിരുന്നു, പക്ഷെ ഓഫീസിലെ തിരക്കും ,പിന്നെ കാലം തെറ്റി പെയ്യുന്ന മഴയും, അതു നീട്ടിവെച്ചുകളഞ്ഞു.  പണ്ടാരോ പറഞ്ഞത് പോലെ,  ഐറിഷ് കാലാവസ്ഥയും, ഐറിഷ്കാരി പെണ്ണുങ്ങളും ഏതാണ്ട് ഒരുപോലെയാണ്
പോലെയാണ്. രണ്ടിനെയും പൂർണ്ണമായും അത്രയ്ക്ക് അങ്ങ് വിശ്വസിക്കാൻ സാധിക്കില്ല , എപ്പോൾ വേണമെങ്കിലും സ്വഭാവം മാറ്റി കളയും. 

ഒരു പക്ഷെ അമ്മ, നാളെ എന്റെ പ്രതീക്ഷിക്കുമായിരിക്കും.  മം... സാരമില്ല, അടുത്ത ആഴ്‌ചയല്ലേ ,അമ്മയുടെ രണ്ടാമത്തെ 'കീമോ തെറാപ്പി'  ആ സമയം  എന്താണെങ്കിലും ഹോസ്പിറ്റലിൽ  കൊണ്ടു പോകണം, അപ്പോൾ  പോകാം, മാത്രമല്ല ഡബ്ലിനിൽ നിന്ന് അവിടെ വരെ  ഇരുനൂറു  മൈൽ  മുകളിലുണ്ട് , കാറിന് പെട്രോൾ അടിക്കണമെങ്കിൽ  തന്നെ നല്ല ഒരു തുക ചിലവാക്കേണ്ടി വരും.
 
വിടർന്ന  കണ്ണുകളോട് കൂടിയ സുന്ദരിയായ ചെറുപ്പകാരിയായിരുന്നു ഫ്ലവർ ഷോപ്പിൽ നിന്നിരുന്നത്, ഏറ്റവും വില കൂടിയ പ്ലാസ്റ്റിക്‌ പൂക്കൾ വേണമെന്നു പറഞ്ഞപ്പോൾ ,കുസൃതി 
നിറഞ്ഞ ചിരിയോടെ അവൾ ചോദിച്ചു.

 "ആർക്കു വേണ്ടിയാണ് സാർ, കാമുകിക്ക് ആണോ ? "

 കാമുകിക്ക് ആരെങ്കിലും പ്ലാസ്റ്റിക്‌ പൂക്കൾ കൊടുക്കുമോ കുട്ടിയെന്ന് ,മനസ്സിൽ  പറഞ്ഞുകൊണ്ട് ബർത്ത് ഡേ കാർഡുകൾ   വച്ചിരിക്കുന്ന വിഭാഗത്തിലേക്കു തിരിഞ്ഞു. 
ഫ്ലവർ ഷോപ്പിലെ മൂലക്കുള്ള ബെഞ്ചിൽ  എട്ടോ പത്തോ വയസുള്ള ഒരു ബാലൻ  ഇരുന്നു ചില്ലറ പൈസ എണ്ണുന്നത് അയാൾ  വന്നപ്പോഴേ ശ്രദ്ധിച്ചിരുന്നു. കാർഡ്  തിരഞ്ഞെടുത്തു തിരിച്ചുവന്നപ്പോഴും അവൻ  അവിടെ തന്നെയിരുന്നു കയ്യിലേ പൈസ എണ്ണുന്നു. തെല്ലുനിറഞ്ഞ  ജിജ്ഞാസയോടെ അയാൾ  ചോദിച്ചു.

 "എന്താണ് മോൻ  എണ്ണുന്നത്, കാശ് എവിടെയെങ്കിലും    നഷ്ടപ്പെട്ടു പോയോ ?"

കയ്യിലെ ചിലറ പൈസയിൽ   നിന്ന് കണ്ണുകളെടുക്കാതെ അവൻ  പറഞ്ഞു.
"എന്‍റെ അമ്മയ്ക്ക് റോസാപൂക്കൾ  മേടിക്കാൻ  എന്‍റെ കയ്യിൽ  പൈസ തികയില്ല , അഞ്ച് യൂറോയാണ് റോസാപൂക്കൾക്ക്, എന്‍റെ കയ്യില്‍ അത്രയും പൈസ  ഇല്ല..!"
 സഹതാപത്തോടെ അയാൾ  പറഞ്ഞു, "എന്‍റെ കൂടെ വരൂ ,ഞാൻ   വാങ്ങിത്തരാം". 

പൂക്കൾ മേടിച്ചു കൊടുത്തതിനു ശേഷം അയാൾ  ചോദിച്ചു, "എവിടെയാണ് മോന്‍റെ വീട് ഞാൻ അവിടെ കൊണ്ടു  ചെന്നുവിടാം, കാരണം പുറത്ത് നല്ല മഴയാണ് ." 

പ്ലാസ്റ്റിക്‌ പൂക്കളും,ബർത്ത് ഡേ   കാർഡുകളും   പാർസൽ  ചെയ്യാൻ,  കടയിലെ ചെറുപ്പക്കാരിയോടു പറഞ്ഞതിനു  ശേഷം അയാൾ  ബാലന്‍റെ കൂടെ കാറിൽ  കയറി. ഏകദേശം ഒരു മൈൽ  കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു, 
"ഇവിടെ നിറുത്തിയാൽ  മതി, ഇവിടെയാണ് അമ്മയുള്ളത്".

 മഴത്തുള്ളികൾ ഇറ്റിട്ട് വീഴുന്ന പാതി തുറന്ന കാറിന്റെ ഗ്ലാസിലൂടെ അയാൾ  കണ്ടു ,ആ കുട്ടി കയ്യിലെ റോസാപൂക്കളുമായി, സെൻറ്റ്. ഫ്രാൻസീസ്‌ കത്തീഡ്രൽ ശിമിത്തേരിയുടെ കൽപടവുകൾ കയറിപ്പോകുന്നത്‌.

ഭാരിച്ച മനസും, ശരീരവുമായി അയാൾ ഫ്ലവർ  ഷോപ്പിൽ തിരിച്ചെത്തിയപ്പോൾ പെൺകുട്ടി പറഞ്ഞു. 
"സാർ, താങ്കൾ  പറഞ്ഞതുപോലെ, പൂക്കളും ,കാർഡുകളും ഞാൻ പായ്ക്ക് ചെയ്തു വെച്ചിട്ടുണ്ട്,  അഡ്രസ്‌ പറയുമായിരുന്നുവെങ്കിൽ ,ഞാൻ തന്നെ എഴുതിതരാം".  
കണ്ണുകളിൽ  നിറഞ്ഞ സന്തോഷത്തോടെ അയാൾ  പറഞ്ഞു  "നന്ദി ,നിങ്ങളുടെ സഹായത്തിനു, ഈ ഓർഡർ ഞാൻ  ക്യാൻസൽ  ചെയ്തിരിക്കുന്നു, പകരം എനിക്ക് വേണ്ടത്  ഏറ്റവും ഫ്രെഷായ പുതിയ റോസാപ്പൂക്കളാണ്, ഒരു കാര്യം കൂടി,  
എവിടെയാണ് ഏറ്റവും അടുത്ത പെട്രോള്‍ പമ്പ്‌ ?". 

No comments:

Post a Comment

ഒരു മൈ** പുരാണം..!

ഒരു മൈ** പുരാണം..!  കേരളത്തിൻ്റെ വടക്കേയറ്റമായ മഞ്ചേശ്വരം മുതൽ, തെക്കേറ്റമായ പാറശാല വരെയുള്ള മലയാളികളിലെ ഭൂരിഭാഗവും, അവരവരുടെ വികാരക്ഷോഭപ്രക...