Monday, October 17, 2022

സരസ്വതി ദേവിയും, കലാകാരന്മാരും!

മനുഷ്യ ജീവിതത്തിന്റെ ഏതൊരു മേഖല എടുത്തു നോക്കിയാലും അവിടെയെല്ലാം" കല " എന്നത്, മനുഷ്യൻ്റെ
സാംസ്കാരിക ജീവിതത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നതായി കാണുവാൻ സാധിക്കും. കലകൾ പലതരം ഉണ്ടെങ്കിലും, ദൃശ്യകലാ ശ്രേണിയിൽ ഉൾപ്പെടുന്നാ സിനിമയാണ്, വർത്തമാനകാലത്തിൻ്റെ ഭാവനാസൃഷ്ടിയിൽ മുൻപന്തിയിൽ നിൽക്കുന്നത്.

സിനിമയ്ക്ക് നൽകിയ അതേ സ്ഥാനവും, ബഹുമാനവും, ആരാധനയും അതേ മേഖലയിൽ പ്രവർത്തിക്കുന്നാ നടീനടന്മാർക്കും നമ്മൾ ഒരുപരിധി വരെ നൽകിവരുന്നു. അതിനാൽ തന്നെ, അവരുടെ പൊതുജീവിതത്തിലെ പെരുമാറ്റങ്ങളും, അഭിമുഖ സംഭാഷണങ്ങളും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും, അതിൽ, ഒരു ചെറിയ ശതമാനം തെറ്റുകൾ സംഭവിച്ചാൽ പോലും, വലിയ തോതിലുള്ള വിവാദങ്ങൾക്കും, നിശിതമായ വിമർശനങ്ങൾക്കും കാരണമാകുകയും ചെയ്യുന്നു.

കഴിഞ്ഞദിവസം നടന്നാ ഒരു ഇൻ്റർവ്യൂൽ, മലയാളത്തിലെ ഒരു യുവനടൻ, യുവതിയായ അവതാരികയോട് 'നല്ല ഭാഷയുടെ'  വൃത്തവും, പ്രാസവും സമന്വയിപ്പിച്ച് സംസാരിച്ചതും, ഭാഷയുടെ ശാലീനതാ കൂടിപ്പോയതിനാൽ പോലീസ് നേരിട്ട് കേസ് എടുത്ത്, സംഭവം കോടതിയിൽ പോയതും, തുടർന്ന് ടിയാൻ കാലു പിടിച്ച് മാപ്പ് പറഞ്ഞത് കൊണ്ടു, യുവതി പരാതി പിൻവലിച്ചതും, അങ്ങനെ ജഗപൊകയായ കുറേ പൊറോട്ട് നാടകങ്ങൾക്ക് മലയാളികൾ സാക്ഷികളായിരുന്നു. ഇതെല്ലാം കാണുമ്പോൾ വർഷങ്ങൾക്ക് മുൻപ് മലയാളത്തിലെ പ്രിയനടി കല്പന ചേച്ചി, ഹാസ്യ സാമ്രാട്ട് ശ്രീ. ജഗതിയുമായുള്ള അഭിമുഖ സംഭാഷണം ഓർത്ത് പോകുന്നു.

കലാകാരന്മാർക്ക് സമൂഹത്തോടുള്ള മനോഭാവം എങ്ങനെയായിരിക്കണമെന്ന്
ആ അഭിമുഖത്തിൽ ജഗതി വളരെ അർത്ഥവത്തായ ഭാഷയിൽ രസാവഹമായി അവതാരികയായ കല്പനയ്ക്ക് മറുപടി പറയുന്നു.

അദ്ദേഹം പറയുന്നു; "നമ്മുടെ ഉപജീവനത്തിൻ്റെ മാർഗ്ഗം ഉണ്ടാക്കുന്ന കലാദേവിയായ സരസ്വതി ദേവി ദുർബലമായ ഒരു താമരതണ്ടിലാണ് വലിയൊരു വീണയും, നാല് വേദങ്ങളുമായി ഇരിക്കുന്നത്.  സാമാന്യം ഭാരമുള്ള ഒരു സ്ത്രീയാണ്. എന്നിട്ടും ഈ തണ്ട് ഒടിയുന്നില്ലാ. കാരണം എല്ലാം കലയും, അറിവും, വിജ്ഞാനവും
ഉണ്ടായിട്ടും അഹങ്കാരം ലവലേശമില്ലാതെ 'ഘനം '
ഇല്ലാതെയാണ് അവൾ ഇരിക്കുന്നത് !"


"എന്നാൽ, ഇന്ന് ഒരു റിയാലിറ്റി ഷോയിലോ, ഒരു സിനിമയിലോ, ഒരു പാട്ട് പാടുകയോ, ഒരു സീനിൽ  അഭിനയിക്കുകയോ ചെയ്യുന്നവരുടെ 'ഘനം ' കണ്ടാൽ, താമര അല്ലാ അതിൻ്റെ അല്ലി വരെ ചതഞ്ഞ് പോകും."!

അദ്ദേഹം കൂട്ടിച്ചേർക്കുന്നു, "കലാരംഗത്ത് പ്രവർത്തിക്കുന്നാ ' സെലിബ്രിറ്റികൾ ' എന്ന് വിളിക്കപ്പെടുന്നവർ, സാധാരണക്കാരായ ജനങ്ങളെ കാണുമ്പോൾ, അവരെ നോക്കിയൊന്ന് പുഞ്ചിരിക്കുകയോ, കൈവീശി അഭിവാദ്യം കാണിക്കുകയോ ചെയ്യുന്നത് കൊണ്ട് അവന് ഒന്നും നഷ്ടപ്പെടാൻ ഇല്ല. കാരണം, ആ  സാധാരണക്കാരായ ജനങ്ങളുടെ വിയർപ്പിൻ്റെ ഓഹരി കൊണ്ട് തിയേറ്ററിൽ കൊടുക്കുന്നാ കാശാണ്, നമ്മുടെയൊക്കെ അന്നം".

അഭിമുഖത്തിൻ്റെ അവസാനം അദ്ദേഹം  ഇങ്ങനെ പറഞ്ഞ് നിർത്തുന്നു;
ശ്രീ. കുമാരനാശാൻ്റെ പ്രസിദ്ധമായ വരികൾ കേട്ടിട്ടില്ലേ?
"ഹാ, പുഷ്പമേ,
അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ,
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍?

ഒരു പൂവിനെ നോക്കി കുമാരനാശാൻ പറയുകയാണ്, ഇന്നലെ നീ എത്ര
മനോഹാരിയായിരുന്നു. എത്ര പൊക്കത്തിൽ ആയിരുന്നു നിൻ്റെ വാസം !. എന്നാൽ ഇന്ന് രാവിലെ മണ്ണ് അടിഞ്ഞ്, മഞ്ഞ് വീണ് നീ ഇതാ വാടി കിടക്കുന്നു.

ക്ഷണികമാണ് ജീവിതം. പ്രശസ്തിയും, ധനവും, ആരോഗ്യവും, സമ്പല്‍സമൃദ്ധിയുമെല്ലാം ക്ഷണികമാണ്. അതാണ് കലയെയും, ജീവിതത്തെയും സ്നേഹിക്കുന്ന ഒരോ കലാകാരനും ഓർമിക്കേണ്ടത്.

No comments:

Post a Comment

ഒരു മൈ** പുരാണം..!

ഒരു മൈ** പുരാണം..!  കേരളത്തിൻ്റെ വടക്കേയറ്റമായ മഞ്ചേശ്വരം മുതൽ, തെക്കേറ്റമായ പാറശാല വരെയുള്ള മലയാളികളിലെ ഭൂരിഭാഗവും, അവരവരുടെ വികാരക്ഷോഭപ്രക...