Wednesday, July 15, 2020

ഒരു റഷ്യൻ വീരഗാഥ ! ( 1971 -ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ, പാകിസ്ഥാനെ സഹായിക്കുന്നതിനായി എത്തിയ ബ്രിട്ടീഷ്, അമേരിക്കൻ നാവികസേനകളെ, ഒറ്റയ്ക്ക് ഉൾക്കടലിൽ നേരിട്ടാ, റഷ്യയുടെ വീരഗാഥ )

'ദി കിംഗ്‌' ൽ കലക്ടറായ ജോസഫ് അലക്സ് പറയുന്നൊരു ഡയലോഗ് ഉണ്ട്, " അക്ഷരങ്ങൾ അച്ചടിച്ചുക്കൂട്ടിയ പുസ്തകതാളുകളിൽ നിന്ന് നീ പഠിച്ച ഇന്നത്തെ ഇന്ത്യ അല്ലാ അനുഭവങ്ങളുടെ ഇന്ത്യ".
അതേ, സ്വതന്ത്ര്യാലബ്ദിക്കു ശേഷം ഇന്ത്യയുടെ അവസ്ഥ വളരെയധികം ദയനീയമായിരുന്നു, പ്രത്യേകിച്ച് രാജ്യത്തിന്റെ സാമ്പത്തികാന്തരഘടനകളിലും, അടിസ്ഥാന സൗകര്യങ്ങളുടെ  വികസനകാര്യത്തിലെ ന്യൂനതകളിലും, അത് വളരെയേറെ മുഴച്ചു നിന്നു. ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ, രാജ്യത്തിന്റെ  സിംഹഭാഗവും ചൂഷണം നേരിടേണ്ടിവന്ന അന്നത്തെ ഭാരതത്തിന്,  ലോകരാജ്യങ്ങളുടെ മുൻപിൽ നടുനിവർന്ന് നിൽക്കാൻ ശക്തനായ ഒരു സുഹൃത്തിന്റെ നിർലോഭമായാ സൗഹൃദവും, സഹകരണവും ആവശ്യമായിരുന്നു.
അന്നത്തെ, ഇന്ത്യയുടെ സാമ്പത്തിക അന്തർഘടനയ‌്ക്ക് ശക്തമായ ഒരടിത്തറ പാകുന്ന കാര്യത്തിൽ പ്രഥമ പ്രധാനമന്ത്രി നെഹ‌്‌റുവിനുണ്ടായിരുന്ന ഉൽക്കണ്ഠയോടും, ആകുലതയോടും,  അനുകൂലമായി പ്രതികരിച്ചത് അന്നത്തെ ലോകത്തിലെ പ്രബലരാജ്യങ്ങളിൽ ഒന്നായിരുന്ന പഴയ  സോവിയറ്റ് യൂണിയനായിരുന്നു.

അമ്പതുകളുടെ തുടക്കത്തിൽ ഭിലായി സ്റ്റീൽപ്ലാന്റ് സ്ഥാപിച്ചുകൊണ്ടായിരുന്നു തുടക്കം. ഉരുക്ക്, മെഷിൻ ടൂൾസ്, ഫാർമസ്യൂട്ടിക്കൽസ്, എണ്ണശുദ്ധീകരണം, ആണവോർജം, കൃഷി, ലോഹ സംസ്കരണം, ഘന ഇലക്ട്രിക്കൽ, ഘന എൻജിനിയറിങ‌്, ഐഎെടികൾ, ശാസ്ത്രസാങ്കേതികം, വാണിജ്യം, പ്രതിരോധം, സംസ്കാരം, ശൂന്യാകാശശാസ്ത്രം തുടങ്ങിയ മേഖലകളിലേക്ക‌് ഈ ബന്ധം വളർന്നു. 1975ൽ തൊടുത്തുവിട്ട ഇന്ത്യൻ ഉപഗ്രഹമായ ആര്യഭട്ടയ‌്ക്ക് സോവിയറ്റ് യൂണിയൻ നൽകിയ സഹായം, അതിനെത്തുടർന്ന് വിക്ഷേപിച്ച ഭാസ്കര 1ഉം ഭാസ്കര 2ഉം, രാകേഷ് ശർമയുടെ കൂടെയുള്ള ശൂന്യാകാശയാത്രയിലെ ഇന്തോ‐സോവിയറ്റ് സഹകരണം, 1984ലെ സൂയസ്  2,  പിന്നീട് ഈ കാലഘട്ടത്തിലെ ചന്ദ്രയാൻ മിഷൻ, ബ്രഹ്മോസ് പദ്ധതി, വിക്രമാദിത്യ മുങ്ങിക്കപ്പൽ, കൂടംകുളം ആണവവൈദ്യുത പദ്ധതി എന്നിങ്ങനെ  ശൂന്യാകാശ ശാസ്ത്രത്തിലും പ്രതിരോധമേഖലയിലും ആണവോർജകാര്യത്തിലും ഇന്ത്യയെ മുന്നേറാൻ സഹായിച്ചത് ഇന്ത്യയുടെ എക്കാലത്തെയും ഉറ്റസുഹൃത്തായ സോവിയറ്റ് യൂണിയന്റെ  ഉഭയകക്ഷി ബന്ധത്തിലെ വിശ്വാസയോഗ്യമായ സമീപനമായിരുന്നു.

എന്നാൽ, ഇൻഡ്യയുടെ ശക്തനായ സുഹൃത്തെന്നാ നിലയിൽ റഷ്യയുടെ പ്രാധാന്യം ലോകരാജ്യങ്ങൾ മനസിലാക്കിയ സംഭവമാണ് 1971- ലെ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിൽ റഷ്യയുടെ ഐതിഹാകമായ ഇടപെടൽ.  1971 മാർച്ചിൽ നടന്ന പാകിസ്ഥാൻ പൊതുതെരഞ്ഞെടുപ്പിൽ  കിഴക്കൻ പാകിസ്ഥാനിലെ (ഇപ്പോഴത്തെ ബംഗ്ലാദേശ്)  'അവാമി ലീഗ്' ശക്തമായ ഭൂരിപക്ഷം നേടി. കിഴക്കൻ പാകിസ്ഥാനികളെ രണ്ടാം തരം പൗരന്മാരായി കണ്ടിരുന്ന പാകിസ്ഥാൻ ഭരണകൂടത്തിനും, അന്നത്തെ പട്ടാളമേധാവി ജനറൽ യാഹഖാനും 'അവാമി ലീഗിന്റെ' ത്രസിപ്പിക്കുന്ന വിജയം അത്രകണ്ട് ഉൾക്കൊള്ളാനായില്ലാ. തന്റെ പട്ടാള അധികാരം ഉപയോഗിച്ച് യാഹഖാൻ, 'അവാമി' പാർട്ടിയുടെ നേതാക്കന്മാരെ ജയിലിൽ അടയ്ക്കുകയും, കിഴക്കൻ പാകിസ്ഥാനിൽ കർഫ്യൂ പ്രഖാപിക്കുകയും, ധാക്കയിൽ പട്ടാളഭരണം ഏർപ്പെടുത്തുകയും ചെയ്തു.
സ്വാതന്ത്ര്യബോധം ഉണർന്നാ ജനങ്ങൾ പട്ടാളത്തിന് എതിരെയായി  ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. വലിയ തോതിലുള്ള കൂട്ടക്കുരുതിയായിരുന്നു അതിന്റെ ഫലം. പ്രത്യേകിച്ചു, ഹിന്ദു ഭൂരിപക്ഷമായിരുന്ന കിഴക്കൻ പാകിസ്ഥാനിലെ ചില സ്ഥലങ്ങളിൽ സാധാരണക്കാരായ ജനങ്ങൾ വളരെയധികം ആക്രമിക്കപ്പെട്ടു. പാകിസ്ഥാൻ പട്ടാളത്തിന്റെ ആക്രമണത്തിലും, വെടിവയ്പിലും ഭയാശങ്കരായ  സാധാരണക്കാർ തത്ഫലമായി ഇൻഡ്യയിലേക്ക് പ്രാണരക്ഷാർത്ഥം ഒഴുകാൻ തുടങ്ങി. അനിയത്രിതമായി ഏകദേശം പത്തു ലക്ഷത്തോളം  ബംഗാളികൾ ഈ തരത്തിൽ കിഴക്കൻ പാകിസ്ഥാനിൽ നിന്ന് ഇൻഡ്യയിലേക്ക് കുടിയേറിയതായി കണക്കുകൾ  സൂചിപ്പിക്കുന്നു. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീമതി. ഇന്ദിര ഗാന്ധി, പാകിസ്ഥാന്റെ ഈ കിരാത നടപടിയ്ക്ക്  എതിരെ ശക്തമായി പ്രതിഷേധിക്കുകയും, ഐക്യരാഷ്ട്ര സഭയിൽ ഈ അപകടാവസ്ഥ പലപ്പോഴും ഉന്നയിക്കുകയും, ഇതിലേക്ക് ലോകരാജ്യങ്ങളുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു.
എന്നാൽ ശീതയുദ്ധകാലഘട്ടമായിരുന്നു അന്ന്,  മിക്ക ലോകരാജ്യങ്ങളും ഒരു ഭാഗത്ത്  റഷ്യയുടെയും (പഴയ USSR) മറുഭാഗത്ത് അമേരിക്കയുടെയും കീഴിൽ പരസ്പരം ചേരിതിരിഞ്ഞ് അണിനിരന്ന് നിൽക്കുന്ന സമയം. അമേരിക്കൻ പ്രസിഡൻറ് റിച്ചാർഡ് നിക്സനുമായ വളരെയേറെ വ്യക്തിബന്ധം പുലർത്തിയിരുന്ന ആളായിരുന്നു, പാകിസ്ഥാൻ പട്ടാളമേധാവി ജനറൽ യാഹഖാൻ. അതുപോലെ തന്നെ മാവോയുടെ ചൈനയുമായി നയതന്ത്രപരമായി ശക്തമായ ബന്ധവുമായിരുന്നു പാകിസ്ഥാന് ആ കാലത്ത് ഉണ്ടായിരുന്നത്. ഇക്കാരണത്താൽ അമേരിക്കയും, ബ്രിട്ടനും ഉൾപ്പെടുന്ന സഖ്യകക്ഷികളും, ചൈനയും പാകിസ്ഥാന്റെ ആ ആക്രമണത്തിൽ ബോധപൂർവമായാ മൗനം പാലിച്ചു.

കുടിയേറ്റക്കാരുടെ വരവ് അനിയന്ത്രിതമായപ്പോൾ കിഴക്കൻ പാകിസ്ഥാന്റെ  വിമോചനത്തെ (ബംഗ്ലാദേശ്) സൈനികപരമായി സംരക്ഷിക്കേണ്ട, ധാർമികമായാ ചുമതല ഇന്ത്യയ്ക്ക് വന്നു ചേർന്നു. എടുത്ത് പറയേണ്ടത്, ഈ കാലയളവിൽ ഉഭയകക്ഷി ബന്ധത്തിൽ  ഇന്ത്യ നടത്തിയ ഏറ്റവും തത്രപ്രധാനമായ ഒരു നീക്കമാണ്.

1971 ആഗസ്റ്റ് 9-മാം തീയതി അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീമതി. ഇന്ദിരഗാന്ധിയുടെയും, സോവിയറ്റ് യൂണിയൻ പ്രസിഡന്റ് സർ.ലെയോണിഡ് ബ്രെഷ്നേവിന്റെയും സാരഥ്യത്തിൽ 'Indo-Soviet Treaty of Friendship and Cooperation' എന്നൊരു സുപ്രധാന കരാറിൽ ഒപ്പുവെക്കാൻ ധാരണയായി.
ആ കരാറിന്റെ ഏറ്റവും സുപ്രധാന ഉടമ്പടി ആയിരുന്നു ആർട്ടിക്കൾ ഒൻപത് (Article 9) .
അതനുസരിച്ച്, ഇന്ത്യയെ മറ്റൊരു രാജ്യം ആക്രമിക്കുന്നത് സോവിയറ്റ് യൂണിയനെ ആക്രമിക്കുന്നതിന് തുല്യമാകുന്നു, അതുപോലെ തിരിച്ചും. അത്തരം സന്ദർഭങ്ങളിൽ പരസ്പര സൈനികസഹായം ഈ കരാർ വാഗ്ദാനം ചെയ്തിരുന്നു. ഇൻഡ്യയുടെ ഭാഗത്ത്‌ നിന്ന് വിദേശകാര്യ മന്ത്രി ശ്രീ. സൗരൻ സിങ്ങും, റഷ്യയുടെ ഭാഗത്ത്‌ നിന്ന് വിദേശകാര്യമന്ത്രി എ. എ. ഗോർകോമും ആയിരുന്നു, ഇരുപത് വർഷത്തെ ഈ കരാറിൽ ഒപ്പിട്ടത്. പക്ഷേ, ഇത്തരമൊരു സഹൃദകരാർ പ്രാബല്യത്തിൽ വന്നത് അമേരിക്കയെയും, ചൈനയെയും അസ്വസ്ഥരാക്കി.
1971 ഡിസംബർ 3- ന്  'ഓപ്പറേഷൻ ജിബ്രാൾട്ടർ' എന്നൊരു വിളിപ്പേരിൽ പാകിസ്ഥാന്റെ പോർവിമാനങ്ങൾ ഇൻഡ്യയുടെ ജമ്മുകശ്മീരിലെയും, പഞ്ചാബിലെയും സൈനികവിമാനത്താവളങ്ങൾ ആക്രമിച്ചു, തൽഫലമായി ഇന്ത്യ പ്രധാനമന്ത്രി ശ്രീമതി. ഇന്ദിരാഗാന്ധി പാകിസ്താനോട് യുദ്ധം പ്രഖാപിച്ചു. തൊട്ടടുത്ത ദിവസം യു. എൻ. സെക്യൂരിറ്റി കൗണ്സിലിൽ അമേരിക്കൻ അംബാസിഡർ H. W. ബുഷ്, ഇരു രാജ്യങ്ങളും വെടിനിർത്താൻ ആവശ്യപ്പെട്ടു കൊണ്ട് ഒരു പ്രമേയം കൊണ്ടുവന്നു, എന്നാൽ പ്രമേയത്തെ റഷ്യ ശക്തമായി എതിർത്തു, ഇന്ത്യ യുദ്ധം ചെയ്യുന്നത് ആ രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാനാണെന്ന് റഷ്യ ഐക്യരാഷ്ട്രസഭയിൽ വാദിച്ചു.

തുടർന്ന്, അതേ വർഷം ഡിസംബർ അവസാനം ബ്രിട്ടന്റെ വിമാനവാഹിനി കപ്പലായ 'Eagle' പാകിസ്ഥാനെ സഹായിക്കുന്നതിനായി ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് അടുക്കുന്നതായി റഷ്യ ഇന്റലിജൻസിന് വിവരം ലഭിച്ചു. ഉടൻ തന്നെ സോവിയറ്റ്‌ യൂണിയൻ, അഡ്മിറൽ വി. ക്രുഗൽക്കോവിന്റെ നേതൃത്വത്തിൽ വിമാനവാഹിനി കപ്പലും, ആണവായുധവാഹകരായ അന്തര്‍വാഹിനിയും ഉൾപ്പെടുന്ന ചെറിയൊരു കപ്പൽ വ്യൂഹത്തെ, ബ്രിട്ടീഷ് കപ്പലിനെ തടയുവാനായി ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് റഷ്യ അയച്ചു. ഉൾക്കടലിൽ വച്ച് റഷ്യൻ നാവികപ്പടയെ കണ്ടുമുട്ടിയ ഇംഗ്ലീഷ് 'Eagle' വടക്കേ മഡഗാസ്ക്കാറിലേക്ക് പിൻവലിഞ്ഞു.

ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ ഇൻഡ്യയുടെ മുന്നേറ്റം മനസിലാക്കിയ അന്നത്തെ അമേരിക്കൻ പ്രസിഡൻറ് റിച്ചാർഡ് നിക്സൻ, അമേരിക്കയുടെ ഏഴാം കപ്പൽ വ്യൂഹവും, (7th Fleet) വിമാനവാഹിനിയുമായിരുന്ന 'Enterprise' നെയും, ആണവായുധ കപ്പലായ 'USS Tripoli’ നെയും, പാകിസ്ഥാന്റെ സഹായത്തിനായി സംഘർഷ ഭൂമിയായ ബംഗാൾ ഉൾക്കടലിലേക്ക് അയച്ചു. എന്നാൽ വീണ്ടും, അഡ്മിറൽ വി. ക്രുഗൽക്കോവിന്റെ ധീരമായ ആധിപത്യത്തിൽ സോവിയറ്റ് യൂണിയൻ, അമേരിക്കയുടെ രണ്ട് കപ്പലിനെയും കറാച്ചിയിലെക്കോ, ചിറ്റഗോങ്ങിലേക്കോ, ധാക്കയിലെക്കോ പോകാതെ  പുറംകടലിൽ തടഞ്ഞു. എന്നാൽ, അമേരിക്ക പിന്തിരിയാൻ കൂട്ടാക്കിയില്ലാ. കാര്യങ്ങൾ കൂടുതൽ സംഘർഷത്തിലേക്ക് പോകുമെന്ന് മനസിലാക്കിയ റഷ്യയുടെ ചീഫ് അഡ്മിറൽ,  മോസ്‌കോയിൽ നിന്ന്, കപ്പലിലെ അഡ്മിറൽ ക്രുഗൽക്കോവിനോട്,  കടലിന്റെ അടിയിൽ  വിന്യസിച്ചിരുന്ന റഷ്യയുടെ ആണവായുധവാഹകരായ അന്തര്‍വാഹിനികളെ, അമേരിക്കയുടെ ചാരഉപഗ്രഹങ്ങൾക്ക് കാണുവാൻ പാകത്തിൽ, വെള്ളത്തിന് മുകളിൽ ഉയർത്തി കാണിക്കുവാൻ നിർദ്ദേശം കൊടുത്തു. ചീഫ് അഡ്മിറലിന്റെ ഉത്തരവ് അതേപടി പാലിച്ച റഷ്യൻ കപ്പൽ പട, മുൻപിൽ റഷ്യൻ വിമാനവാഹിനി കപ്പലും, പുറകിൽ അര ഡസൻ ആണവായുധ അന്തര്‍വാഹിനികളുമായി കടലിൽ പോരിന് എന്നാ


പോലെ നിരന്ന് നിന്നു.  റഷ്യയുടെ കോട്ടയുറപ്പിച്ച പോലുള്ള നിൽപ്പിൽ പകച്ചുപോയ അമേരിക്കയുടെ ഏഴാം കപ്പൽ ഫ്‌ലീറ്റ് കമാൻഡർ , വാഷിങ്ടണിലേക്ക് ഇങ്ങനെ സന്ദേശം അയച്ചു. "Sir, we are too late. There are Russian nuclear submarines here, and a big collection of battleships’. അവസാനം ഗത്യന്തരമില്ലാതെ അമേരിക്കയും ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് പിന്മാറി. 

അന്ന് , പാകിസ്ഥാനെ സഹായിക്കാനായി എത്തിയ, അമേരിക്കയുടെ കപ്പൽ പടയെയും, ബ്രിട്ടീഷ് നാവികസേനയെയും, റഷ്യ ഇന്ത്യൻ മഹാസമുദ്രത്തിൽ തടഞ്ഞില്ലായിരുന്നു എങ്കിൽ, ഒരുപക്ഷേ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിന്റെ ഗതി മറ്റൊന്ന് ആകുമായിരുന്നു. അതിനാൽ, നിസംശയം പറയാം, റഷ്യ ഇന്ത്യയുടെ എക്കാലത്തെയും ഉറ്റമിത്രമായിരുന്നു.

Reference :
1.www.Naval History and heritage  
              command.com
2. www.Indian naval library.com
3. www.swarajya.com
4. Wikipedia
5. www.warisboring.com
6. www.nytimes.com (The New york     
     Times ).


Thursday, May 28, 2020

എലികളും, വർഗീയതയും !

എലികളും, വർഗീയതയും !

__________________________

ബഹുസ്വരതയാണ് ഇന്ത്യയുടെ മുഖമുദ്ര.


മതവും വിശ്വാസവും ചൂഷണം ചെയ്യുന്നവരാണ്, നമ്മുടെ രാജ്യത്തെ പലപ്പോഴും


അപകടസ്ഥിതിയിലേക്ക് തള്ളിവിടുന്നത്. വര്‍ഗീയ ചിന്താഗതിയുടെ പ്രത്യക്ഷമായ ഓളപ്പെരുക്കങ്ങള്‍ ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മുമ്പ് സാമാന്യേന കുറവായിരുന്നു. ഒരു ബഹുസ്വരസമൂഹത്തില്‍ എങ്ങനെയാണ് സൗഹാര്‍ദപൂര്‍വം ജീവിച്ചുപോകേണ്ടത് എന്നതിന് മികച്ച നിദര്‍ശനമായിരുന്നു അടുത്തകാലംവരെ കേരളസമൂഹം. അതിനാൽ, ഒരു സിനിമയ്ക്ക് വേണ്ടി താൽക്കാലിക സെറ്റിട്ടെന്നാ ഒറ്റകാരണത്താൽ മതവികാരം വ്രണപ്പെട്ടുവെന്ന് വിശ്വസിക്കാൻ മാത്രം അത്രയ്ക്ക് അജ്ഞരല്ലാ കേരളസമൂഹം.
എന്നിരുന്നാലും, ഈ സംഘർഷാവസ്ഥയിലും,  ആക്രമണത്തിനെതിരെ ശക്തമായി രംഗത്ത് വരുകയും തുടർന്ന്  ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുകയും ചെയ്താ, മണപ്പുറം മഹാശിവരാത്രി ആഘോഷ സമിതിയുടെ നടപടികൾ വളരെയധികം പ്രശംസ അർഹിക്കുന്നു.

ഒരിക്കൽ ഒരു കർഷകൻ തന്റെ പാടത്ത് കുറെ ഗോതമ്പ് ചെടികൾ നട്ടു പിടിപ്പിച്ചു. ഗോതമ്പ് ചെടികൾ വളർന്ന് വരുന്നത് അനുസരിച്ചു, ആ പാടത്തിൽ എലി ശല്യവും വർധിച്ചു. ആ കൃഷിക്കാരൻ എത്രയോക്കെ കെണികളും, വിഷവും വെച്ചിട്ടും, എലികളുടെ എണ്ണത്തിൽ ഒരു കുറവും വന്നില്ലാ. അവസാനം ബുദ്ധിമാനായ ആ കർഷകൻ ഒരു കുടത്തിൽ, കുറച്ച്  മധുര പലഹാരങ്ങൾ വച്ചിട്ട് കുടം മണ്ണിൽ കുഴിച്ചിട്ടു. മധുരമായ ആ പലഹാരങ്ങളുടെ വാസന പിടിച്ചു വന്നാ കുറെ എലികൾ ആ കുടത്തിൽ അകപ്പെട്ടു പോയി. എലികൾ കുടത്തിൽ പെട്ടു പോയത്  അറിഞ്ഞാ ആ കർഷകൻ, കുടം പതിയെ കുഴിയിൽ നിന്ന് പുറത്തെടുത്തു, ഒരു എലിയെ പോലും കൊല്ലാതെ, വീട്ടിൽ കൊണ്ടുപോയി സൂക്ഷിച്ചു വച്ചു.  കുടത്തിലെ പലഹാരങ്ങൾ  തീർന്നപ്പോൾ വീണ്ടും എലികൾക്ക് വിശന്നു.  അവറ്റകൾ പരസ്‌പരം കടിച്ചു കൊന്നു തിന്നാൻ തുടങ്ങി. അവസാനം, രണ്ട് എലികൾ മാത്രം ബാക്കിയായി. തത്രശാലിയായ കർഷകൻ അവറ്റകളെയും കൊന്നില്ലാ !. അയാൾ ബാക്കിയായ രണ്ടു എലികളെ, വീണ്ടും തന്റെ ഗോതമ്പ് പാടത്തിലേക്ക് തുറന്നു വിട്ടു. മാംസത്തിന്റെ രുചി അറിഞ്ഞാ ആ രണ്ട് എലികൾക്ക്, പിന്നെ വേണ്ടിയിരുന്നത്, ഗോതമ്പ് മണികൾ അല്ലായിരുന്നു, തന്റെ വംശത്തിന്റെ തന്നെ പച്ച മാംസമായിരുന്നു. 

ഏത് ജനതയുടെയും ബഹുസ്വരത തകർക്കാൻ അവരിൽ അന്ധമായ വിശ്വാസങ്ങളും, മത ഭ്രാന്തും കുത്തിവെച്ചാൽ മതിയാകും. അതുപോലെ തന്നെ, വളർന്ന് വരുന്ന യുവത്വത്തിന്റെ ചിന്തകളെ വഴിതെറ്റിച്ച് സമൂഹവിരുദ്ധമാർഗങ്ങളിലേക്കും, തോളുരുമ്മി കൂടെ നടന്നിരുന്ന സഹചാരിയുടെ  തല തല്ലിപൊളിക്കാനും, അതേ 'മതഭ്രാന്ത്' എന്നാ കൊടിയവിഷം ധാരാളം മതിയാകും. ഒരേ വർഗ്ഗമാണെന്നാ സത്യം മറന്ന്, കൂടെയുള്ളവരുടെ ചോരയും, മാംസവും കടിച്ച് തിന്നാൻ എലികളെ കർഷകൻ വളർത്തിയെടുത്ത അതേ തന്ത്രം തന്നെ !

Tuesday, May 19, 2020

Campile WW2 Bombing Site

Campile WW2 Bombing Site -അയർലൻഡിന്റെ തെക്ക് വശത്തായി സ്ഥിതി ചെയ്തിരുന്നാ, പള്ളിയും, റെസ്റ്റോറന്റും, പബും, സ്കൂളുമെല്ലാം ചേർന്നൊരു ചെറിയ ഗ്രാമം ആയിരുന്നു 'ക്യാപയിൽ', 1940 ആഗസ്റ്റ് 26 വരെ.

രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലം, ഒരു സഖ്യത്തിലും ചേരാതെയൊരു 'ന്യൂട്രൽ' നിലപാടാണ്‌  അന്നേ വരേ 'അയർലൻഡ്' സ്വീകരിച്ചിരുന്നത്. പക്ഷേ അന്നേ ദിവസം പകൽ ഉച്ചകഴിഞ്ഞ് 1.30നും 3.15 നും ഇടയിൽ, ഹിറ്റ്ലറുടെ 'ഹെൻകിയിൽ 111' ബോബർ വിമാനങ്ങൾ, ക്യാപയിലിന്നാ ഗ്രാമത്തിന്റെ മുകളിൽ ബോംബുകൾ അതിതീവ്രമായി വർഷിച്ചു, തുടർന്ന്  ക്യാപയിലെന്നാ, ആ ഗ്രാമം പൂർണമായി തുടച്ചുമാറ്റപ്പെടുകയും, അയർലൻഡ് എന്നാ രാജ്യം രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കാളിയാകാൻ നിർബന്ധിതരാകപ്പെടുകയും ചെയ്തു. 

എന്തുകൊണ്ട്  ജർമൻ പോർവിമാനങ്ങൾ അയർലണ്ടിന്റെ വൻനഗരങ്ങളെ ഒഴിവാക്കി, ഈ കുഗ്രാമത്തെ മാത്രം ആക്രമിച്ചു ? കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി പല വാദങ്ങളും ഇതിനെ സാധുകരിച്ചു  ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്, അതിൽ ഏറ്റവും വിശ്വാസയോഗ്യമായ രണ്ട്‌ വാദങ്ങളിൽ, ഒന്ന്, യുക്കെയിലെ 'വെയിൽസ്' നഗരം ലക്ഷ്യമാക്കി ജർമ്മനിയിൽ നിന്ന് പറന്ന് പൊങ്ങിയ വിമാനങ്ങൾ, അത്യാധുനിക 
ജി.പ്പി.സ് സംവിധാനങ്ങൾ അപ്രാപ്യമായ ആ കാലഘട്ടത്തിൽ തങ്ങളുടെ കൈവശം ഉണ്ടായിരുന്ന റൂട്ട് മാപ്പ് നോക്കി, അബദ്ധവശാൽ, കടൽ കടന്ന് മേഘങ്ങൾക്കിടയിൽ കൂടി താഴേക്ക് പറന്നപ്പോൾ ആദ്യം കാണപ്പെട്ട കര 'യുക്കെ' ആണെന്ന് തെറ്റുദ്ധരിച്ചു ബോബുകൾ വർഷിച്ചതാകാം എന്നാണ്. 
രണ്ടാമത്തേത്, യുദ്ധമുഖത്ത് നിന്ന് തിരിച്ചു പോയ വിമാനങ്ങൾ, ഇന്ധനം ലഭിക്കാൻ വേണ്ടി, ബോംബുകൾ ഒഴിവാക്കിയത് ആകാം എന്നും പറയപ്പെടുന്നു.

സിദ്ധാന്തങ്ങൾ എന്തൊക്കെയായാലും, അന്നത്തെ ആ ബോംബ് ആക്രമണം 'ക്യാപയിൽ' എന്നൊരു കൊച്ചു ഗ്രാമത്തിന്റെ ജാതകം തിരുത്തിക്കുറിച്ചു. ഇന്ന് അവിടെ അവശേഷിക്കുന്നത്, തരിശായി കിടക്കുന്ന  കുറെ പുൽമേടുകൾ മാത്രം.

തിരുവനന്തപുരത്തെ ഒരു പള്ളി 'പൊളിച്ച' (കൈമാറ്റം ചെയ്ത) കഥ :

അയോധ്യയിലെ പള്ളി പൊളിച്ചതിന്റെ പേരിൽ സംജാതമായ കോലാഹലങ്ങളുടെയും, തുടർന്ന് ബഹുമാനപ്പെട്ട സുപ്രീംകോടതിവിധിയുടെയും പശ്ചാത്തലത്തിൽ, ഒരിക്കൽ മുൻ രാഷ്ട്രപതി ശ്രീ. എ. പി. ജെ. അബ്ദുൽ കലാമിന്റെ പ്രസംഗം, ബാംഗ്ലൂരിൽ വച്ച് നേരിട്ട് കേൾക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചപ്പോൾ, അദ്ദേഹം വിവരിച്ചൊരു സംഭവ കഥ ഓർത്തു പോകുന്നു. (ഈ സംഭവം, അദ്ദേഹത്തിന്റെ-Ignited Minds: Unleashing The Power Within India, എന്നാ പുസ്തകത്തിൽ അതിമനോഹരമായി വിവരിക്കുന്നുണ്ട്).

1963 - ഫെബ്രുവരി മാസത്തിലെ ഒരു പ്രഭാതത്തിൽ, തുമ്പയെന്ന കടലോര ഗ്രാമത്തിലെ, നാലു നൂറ്റാണ്ടിലേറെ ചരിത്രമുള്ള സെന്റ്.മേരി മഗ്ദലേന കത്തോലിക്ക പള്ളിയോട് ചേർന്ന ബിഷപ്പ് ബിഷപ്പ് ഹൗസിൽ, ഒരു ജൈനമത വിശ്വസിയും, ഒരു ഹിന്ദുവും, ഒരു മുസൽമാനും , അന്നത്തെ ബിഷപ്പായിരുന്ന റവ. പീറ്റർ ബർണാഡ് പെരേരയെ കാണുവാനെത്തി. വന്നവരുടെ ആഗമന ഉദ്ദേശം ഇതായിരുന്നു, ഭൂമിയുടെ കാന്തികമധ്യരേഖ (മാഗ്നെറ്റിക് ഇക്വേറ്റർ) കടന്നു പോകുന്ന സ്ഥലത്താണ് പള്ളിയും, ബിഷപ്പ് ഹൗസും സ്ഥിതി ചെയ്തിരുന്നത്,ആയതിനാൽ അവ അവിടെ നിന്ന് മാറ്റി സ്ഥാപിച്ചു,  ഇൻഡ്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണത്തിന് സഹായിക്കണം, എന്ന കാര്യം അഭ്യർത്ഥിക്കുന്നതിനായിരുന്നു.

 പിൽക്കാലത്ത് ഇൻഡ്യയുടെ ബഹിരാകാശ പദ്ധതികളുടെ ബുദ്ധികേന്ദ്രങ്ങളായി മാറിയ ആ സന്ദർശകർ,  ജൈനമതക്കാരനായിരുന്ന ഡോക്ടർ ശ്രീ.വിക്രം സാരാഭായി, ഹിന്ദുവായ പ്രൊഫസർ. ശ്രീ.സതീഷ് ധവാൻ, മുസ്ലിമായ ഡോക്ടർ ശ്രീ. അബ്‌ദുൾ കലാം എന്നിവരായിരുന്നു.  അന്ന്, ഇന്ത്യൻ ബഹിരാകാശവകുപ്പോ, ബഹിരാകാശ ഗവേഷണസ്ഥാപനമായ ഐ.എസ്.ആർ.ഒ. യോ നിലവിൽ  വന്നിട്ടില്ലാ. റോക്കറ്റ് വിക്ഷേപിച്ച് പരിചയമുള്ള വിദഗ്ധരും രാജ്യത്തുണ്ടായിരുന്നില്ലാ. ഇന്ത്യൻ ന്യൂക്ലിയർ പദ്ധതികളുടെ പിതാവ്' എന്നറിയപ്പെട്ടിരുന്ന, പാഴ്‌സിയായ  ഡോക്ടർ. ഹോമി. ജെ. ബാബയുടെ നേതൃത്വവും,   അമേരിക്കയിലെ നാസയിൽ അയച്ച് ധൃതിയിൽ പരിശീലനം നേടിയ ഏതാനും യുവ എൻജിനിയർമാരുടെ സാന്നിധ്യവും, 'അചഞ്ചലമായ ആത്മവിശ്വാസവും മാത്രമേ ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിനായി അവർക്ക് കൂട്ടായി  ഉണ്ടായിരുന്നൊള്ളൂ. 

പെട്ടെന്നൊരു മറുപടി പറയാതെ ബിഷപ്പ്, അവരോട് അടുത്ത ഞായറാഴ്ച കുർബാനയ്ക്ക് ശേഷം, പള്ളിയിൽ വെച്ച് കാണാമെന്ന് അറിയിച്ചു. അന്നത്തെ ആ ഞായറാഴ്ച കുർബ്ബാനയ്ക്കിടയിൽ, ബിഷപ്പ് ആ മൂന്ന് ശാസ്ത്രജ്ഞമാർ തന്നെ അറിയിച്ച കാര്യങ്ങൾ, ഇടവകാംഗങ്ങളോട് വിവരിക്കുകയും, പള്ളിയും, ബിഷപ്പ് ഹൗസും, ചുറ്റുമുള്ള കെട്ടിടങ്ങളും കൈമാറ്റം ചെയ്യുവാൻ ആ തീരദേശ ഇടവക ജനങ്ങളോട് അനുവാദം ചോദിക്കുകയും ചെയ്തു. തുടർന്ന് അവിടുത്തെ  ഗ്രാമവാസികളായ മത്സ്യത്തൊഴിലാളികളും, പള്ളിക്കാരും,  ബിഷപ്പും, ഒറ്റക്കെട്ടായി ആ ശാസ്ത്രജ്ഞമാരുടെ വാക്കുകൾക്ക് പിന്തുണ നൽകുകയും, നിയമപരമായി പള്ളിയും, സ്ഥലവും അവർക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു. 

പിന്നീട്, കാര്യങ്ങൾ വളരെ വേഗത്തിലായി. മേരി മഗ്ദലേന പള്ളിയും അടുത്തുള്ള ബിഷപ്പ് ഹൗസും 'തുമ്പ ഇക്വറ്റേറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ' (TERLS) ആയി മാറ്റപ്പെട്ടു. ആദ്യ റോക്കറ്റ്' കൂട്ടിയോജിപ്പിച്ചത് പള്ളിയിലെ അൾത്താരയ്ക്ക് മുമ്പിൽ വെച്ചാണ്. സമീപത്തെ ബിഷപ്പ് ഹൗസ്, വിക്ഷേപണകേന്ദ്രം ഡയറക്ടറുടെ ഓഫീസായി. പള്ളിക്കു മുന്നിലെ തെങ്ങിൻതോപ്പിലായിരുന്നു വിക്ഷേപണത്തറ. അടുത്തുള്ള പ്രൈമറി സ്കൂൾ കെട്ടിടം ആദ്യം ലോഞ്ച് ഓഫീസായും, പിന്നീട് ടെക്നിക്കൽ ലൈബ്രറിയായും രൂപംമാറി. അവിടുത്തെ പഴയൊരു കാലിത്തൊഴുത്ത് സ്പേസ് ലാബായി (ഇന്ത്യയിലെ ആദ്യ സ്പേസ് ലാബ്). 1963 നവംബർ 21 ന് ചെറിയൊരു അമേരിക്കൻ നിർമിത 'നൈക്ക്-അപാഷെ റോക്കറ്റ്' ആ പള്ളി അങ്കണത്തിൽ നിന്ന് കുതിച്ചുയർന്നതോടെ, ഇന്ത്യയുടെ ബഹിരാകാശ ചരിത്ര പുസ്തകത്തിന്റെ, ആദ്യത്തെ അധ്യായം മതസൗഹാർദ്ദത്തിന്റെ തങ്കലിപികളാൽ എഴുതിചേർക്കപ്പെട്ടു. 

1969-ൽ 'ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ' (ISRO) നിലവിൽ വന്നതോടെ, തുമ്പ ഇക്വറ്റേറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ' (TERLS)- എന്നാ പഴയ പേര് ഉപേക്ഷിച്ചു. അന്ന്, ആ 'കാലി തൊഴുത്തിൽ' പിറന്ന ഇൻഡ്യയുടെ ബഹിരാകാശ കുതിപ്പ്, ഇന്ന് ചന്ദ്രനിൽ വരെ എത്തി നിൽക്കുന്നു. മികവിന്റെ കാര്യത്തിൽ മുൻനിരയിലാണ് ഇന്ത്യയുടെ സ്പേസ് പ്രോഗ്രാം. എന്നാൽ, ചെലവിന്റെ കാര്യത്തിലോ, പിൻനിരയിലും! അതിനാൽ, കുറഞ്ഞ ചെലവിൽ ഉപഗ്രഹവിക്ഷേപണം നടത്താൻ കൂടുതൽ രാജ്യങ്ങൾ ഐ.എസ്.ആർ.ഒ.യെ ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു. 

എന്തായിരിക്കും, 55- വർഷങ്ങൾക്ക് മുൻപ്, ദീർഘവീക്ഷണത്തോടെ ഈ കാര്യങ്ങളൊക്കെയും ചെയ്യുവാൻ അവർക്ക് ബലം നൽകിയത് ? ഇച്ഛാശക്തിയും, കഠിനാധ്വാനവും, തീർച്ചയായും അവർക്ക് അടിത്തറ പാകിയിരിക്കാം, പക്ഷേ അതിൽ എല്ലാം ഉപരി, ജാതി-മത വർഗ്ഗത്തിന് അതീതമായി 'ഇന്ത്യക്കാരൻ' എന്നൊരു വികാരം അന്നത്തെ തലമുറ നെഞ്ചിൽ ഏറ്റിയിരുന്നു, ഇന്നത്തെ രാഷ്ട്രീയ നാടകത്തിൽ നമ്മൾക്ക് നഷ്ടമായതും അത് തന്നെ !.😊
@Anil Joseph Ramapuram.✍️

വാൽക്കഷണം : ആ കാലത്ത് തുമ്പ ഒരു കുഗ്രാമം ആയിരുന്നു, അതിനാൽ ശാസ്ത്രജ്ഞർ ഭക്ഷണം കഴിക്കാൻ വന്നിരുന്നത്, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ കാന്റീനിൽ ആയിരുന്നു. ആകെയുള്ള, ഒരേയൊരു ജീപ്പ് എപ്പോഴും തിരക്കായതിനാൽ, പലപ്പോഴും സൈക്കിളിലും, കാൽനടയുമായിട്ടായിരുന്നു സഞ്ചരിച്ചിരുന്നത്. പൊതുഅവധി ദിവസങ്ങളിലും, ശനി, ഞായറാഴ്ചകളിലും ബീച്ചിലും, തിരുവനന്തപുരം 'ശ്രീകുമാർ' തിയേറ്ററുകളിലുമായി ചിലവഴിക്കാൻ അവർ സമയം കണ്ടെത്തിയിരുന്നു. 

Sunday, May 17, 2020

ബ്രസീലിലെ മതിലുകൾ 👇(A wall dividing Rich and Poor)

2008 ലെ ഒരു മാർച്ച് മാസത്തിലാണ് ബ്രസീലിലെ റിയോ-ഡി-ജനീറിയോ നഗരത്തിലെ 'ഫാവേല' ചേരിയിൽ ആ മതിലിന്റെ നിർമ്മാണ പ്രവർത്തനം തുടങ്ങിയത്. ലോകത്തിലെ പാവപ്പെട്ടവനും, പണക്കാരനും തമ്മിലുള്ള വിവേചനത്തിന്റെ വ്യക്തമായ ഉദാഹരണങ്ങളിൽ ഒന്നാണ് 11 കിലോമീറ്റർ നീളത്തിൽ 600-ൽപ്പരം വരുന്ന നിര്‍ധനരായവരുടെ കുടിലുകളെ, കുലീനരുടെ മണിമാളികയിൽ നിന്ന് മറയ്ക്കുന്ന ഈ ചുമർഭിത്തികൾ. 

ഗവണ്മെന്റ് ഭാഷ്യത്തിൽ, ഈ മതിലുകൾ നിർമിച്ചിരിക്കുന്നത്  'അടുത്തുള്ള വനത്തിലേക്ക് കൂടുതൽ ആളുകൾ കടന്ന് ചെല്ലാതിരിക്കാനും, അത് വഴി വനനശീകരണം തടയുവാനും, കൂടാതെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ ഈ ചേരിയിലേക്ക് കുടിയേറി ഇവിടുത്തെ ജനങ്ങളുടെ സ്വസ്ഥത തടസപ്പെടാതിരിക്കുന്നതിനും വേണ്ടിയാണ് '.

എന്നാൽ, വിപരീതാര്‍ത്ഥകമായി ഈ കോട്ട വന്നതിനുശേഷം, തൊഴില്‍രഹിതരും, നിരാശജനകരുമായ ചേരിയിലെ ജനങ്ങളുടെ ഇടയിൽ ആക്രമണങ്ങളും, മയക്കുമരുന്ന് മാഫിയയുടെ സ്വാധീനവും വർധിക്കുന്നതായി 'ഫെഡറൽ യൂണിവേഴ്‌സിറ്റി ഓഫ് റിയോ ഡി ജനറീയോ' നടത്തിയ പഠനങ്ങൾ  വെളിപ്പെടുത്തുന്നു. കൂടാതെ, ഒരു കാലത്ത് വിദേശസഞ്ചാരികളുടെ പറുദീസയായിരുന്നു ഇവിടുത്തെ പ്രസിദ്ധ ബീച്ചായ 'എപ്പനിമിയ' യിലെ ഹോട്ടലുകളും, റിസോർട്ടുകളും,  ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയുടെ കേന്ദ്രമായതിനാൽ ആളനക്കം ഇല്ലാതെ പ്രേതഭവനങ്ങളെ പോലെ ഇപ്പോൾ നിലകൊള്ളുന്നു. 

ബ്രസീലിലെ പ്രമുഖ പത്രമായ 'O Globe'-ലിൽ ഒരു ശനിയാഴ്ച  വലിയ വാർത്താപ്രാധാന്യത്തോടെ മുൻപേജിൽ അച്ചടിച്ചു വന്നാ ഫോട്ടോയാണ് കൂടെ ചേർത്തിരിക്കുന്നത്. 

അവലംബം : റോയിറ്റേഴ്‌സ് ന്യൂസ് 
Anil Joseph Ramapuram ✍️

ബ്ലാക്ക്‌ ഡെത്ത് (Black Death )

BLACK DEATH . 👇

മനുഷ്യ ചരിത്രത്തിലെ ഏറ്റവും മാരക പാൻഡെമിക്കുകളിൽ ഒന്നായിരുന്നു 1348-നും 1350-നും ഇടയിൽ യൂറോപ്പിൽ മൂർദ്ധന്യത്തിലെത്തിയ പ്ലേഗ് ബാധയായ ബ്ലാക്ക് ഡെത്ത് (Black Death). 
(പല ഭൂഖണ്ഡങ്ങളിലേക്കോ ലോകമാസകലമോ പടർന്നു പിടിക്കുന്ന തരം വ്യാപക പകർച്ചവ്യാധിയെയാണ് വൈദ്യശാസ്ത്രത്തിൽ പാൻഡെമിക് (pandemic) എന്നു വിളിക്കുന്നത്. ഗ്രീക്ക് ഭാഷയിലെ പാൻ (എല്ലാം) + ഡിമോസ് (ജനത) എന്ന വാക്കുകളിൽ നിന്നാണ് നാമം ഉദ്ഭവിച്ചിരിക്കുന്നത്) 
ഈ രോഗം മൂലം ലോകത്തിൽ ആകമാനം ഏഴരക്കോടിക്കും 20 കോടിക്കും ഇടയിൽ മരണങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് കണക്കാക്കപ്പെടുന്നു. 

ഈ പകർച്ചവ്യാധിയുടെ കാരണം എന്താണെന്നതിനെപ്പറ്റി പല ഊഹങ്ങളുണ്ടായിരുന്നെങ്കിലും ദക്ഷിണ യൂറോപ്പിൽ മരണമടഞ്ഞവരുടെ മൃതശരീരത്തിൽ നിന്നു ശേഖരിച്ച ഡി.എൻ.എ. സമീപകാലത്ത് പരിശോധിച്ചതിൽ നിന്നും ബ്യൂബോണിക് പ്ലേഗ് ഉണ്ടാക്കുന്ന യെർസീനിയ പെസ്റ്റിസ് എന്ന രോഗകാരിയാണ് ഇതിനു കാരണം എന്നാണ് ശാസ്ത്രജ്ഞർക്ക് മനസ്സിലാക്കാൻ സാധിച്ചത്.  ഇരുപതാം നൂറ്റാണ്ടിൽ കണ്ടെത്തപ്പെട്ടിട്ടുള്ള പ്ലേഗ് രോഗകാരികളിൽ നിന്നും വളരെ വ്യത്യസ്തമായവയായിരുന്നു ബ്ലാക്ക് ഡെത്തിനു കാരണമായ രോഗാണുക്കൾ. 

എങ്ങനെയാണ് ബ്ലാക്ക് ഡെത്ത് വ്യാപിച്ചത് ?
1.പ്ലേഗ് ബാധിച്ച എലികളിൽ ജീവിച്ചിരുന്ന തുരങ്കങ്ങൾ ബബിണിക് പ്ലേഗിന് വ്യാപകമായി പ്രചരിച്ചിരുന്നു, അത്തരം എലികൾ അന്നത്തെ വ്യാപാര കപ്പലുകളിൽ സർവവ്യാപിയുമായിരുന്നു.

2.ന്യുമോണിക് പ്ലേഗ് തുമ്മിയാൽ പടർന്ന്  വേഗത്തിൽ   അടുത്ത വ്യക്തിയിലേക്ക്  വ്യാപിച്ചു.

3.തുറന്ന വ്രങ്ങളുമായി സമ്പർക്കം വഴിയുള്ള സെപ്റ്റിക്മിക് പ്ലേഗ് വ്യാപിച്ചു.

ഏഷ്യയിൽ (ചൈനയിലോ മദ്ധേഷ്യയിലോ) ആരംഭിച്ച അസുഖം  1348- ന്റെ ആരംഭത്തിൽ യൂറോപ്പിലും എത്തി. സിൽക്ക് റോഡുവഴിയാവണം 1346-ൽ ഈ അസുഖം ക്രിമിയയിൽ എത്തിയതെന്ന് അനുമാനിക്കുന്നു. ക്രിമിയയിൽ നിന്ന് രക്ഷപെട്ട ഇറ്റാലിയൻ കച്ചവടക്കാരിലൂടെയാവണം ഇത് അവസാനം യൂറോപ്പിലെത്തിയത്. വ്യാപാരക്കപ്പലുകളിലെ സഞ്ചാരികളായ കറുത്ത എലികളിൽ വസിക്കുന്ന പൗരസ്ത്യ എലിച്ചെ‌ള്ളുകൾ വഴിയാവണം ക്രിമിയയിൽ നിന്ന് മെഡിറ്ററേനിയൻ പ്രദേശത്തേയ്ക്ക് അസുഖം പടർന്നത്.

യൂറോപ്പിലെ ജനസംഖ്യയുടെ 30–60 ശതമാനം ഈ അസുഖം മൂലം മരണപ്പെട്ടു എന്ന് കണക്കാക്കപ്പെടുന്നു. ബ്ലാക്ക് ഡെത്ത് മുതൽ ഏകദേശം 20 മില്യൺ ആളുകൾ യൂറോപ്പിൽ മരണമടഞ്ഞുവെന്നാണ്  .അനൗദ്യോഗിക കണക്ക്. ഇത് യൂറോപ്പിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് വരുമായിരുന്നു. പ്രമുഖ നഗരങ്ങളായ പാരീസ് ഏതാണ്ട് പൂർണമായും ഈ രോഗത്തിന്റെ പിടിയിൽ അമർന്നു, വെനിസ്, ഹാംബർഗ്, ബ്രെമെൻ എന്നിവരുടെ ജനസംഖ്യയുടെ 60% എങ്കിലും നഷ്ടപ്പെട്ടു. ആറു വർഷം കൊണ്ട് രണ്ടു മുതൽ മൂന്നു കോടി വരെ യൂറോപ്യന്മാർ ഈ അസുഖം മൂലം മരണമടഞ്ഞു.  മൊത്തത്തിൽ ആ സമയത്തെ (പതിനാലാം നൂറ്റാണ്ട്) ലോക ജനസംഖ്യയായിരുന്ന 45 കോടി ഈ അസുഖം മൂലം 35 കോടിക്കും 37.5 കോടിക്കും ഇടയിലെത്തി. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായതെ പട്ടണപ്രദേശങ്ങളിലാണ്. ഇവിടങ്ങളിൽ ജനസംഖ്യയുടെ പകുതി മരണമടഞ്ഞുവെന്നാണ് കണക്ക്. 

ബ്ലാക്ക് ഡെത്തിന്റെ മതപരവും, സാമൂഹികവും, സാമ്പത്തികവുമായ, പ്രത്യാഘാതങ്ങൾ അതിഭീമമായിരുന്നു. ഇത് യൂറോപ്പിന്റെ ചരിത്രത്തെത്തന്നെ മാറ്റിമറിച്ചു. ജനസംഖ്യ പഴയ നിലയിലെത്താൻ 150 വർഷങ്ങളെടുത്തു. പതിനെട്ടാം നൂറ്റാണ്ടുവരെ ഈ പ്ലേഗിന്റെ ആവർത്തനങ്ങൾ ചാക്രികമായി യൂറോപ്പിൽ വന്നുകൊണ്ടിരുന്നു.  ഈ കാലയളവിൽ നൂറിൽ കൂടുതൽ പ്ലേഗ് പകർച്ചവ്യാധികൾ യൂറോപ്പിനെ ബാധിച്ചു.  1361 മുതൽ 1480 വരെയുള്ള കാലത്ത് രണ്ടു മുതൽ അഞ്ചു വർഷം വരെ ഇടവേളകളിൽ ഇംഗ്ലണ്ടിൽ പ്ലേഗ് ബാധയുണ്ടാകുമായിരുന്നു.  1370 കളോടെ ഇംഗ്ലണ്ടിന്റെ ജനസംഖ്യ ഈ അസുഖം കാരണം 50% കണ്ട് കുറയുകയുണ്ടായി. തുടർന്ന് ലണ്ടനിൽ 1665–66 കാലത്തുണ്ടായ പ്ലേഗ് ബാധ ഒരു ലക്ഷം ആൾക്കാരുടെ മരണത്തിനിടയാക്കി. ഇത് ലണ്ടനിലെ ജനസംഖ്യയുടെ 20% കൂടുതൽ വരുമായിരുന്നു. 

ഭയവും, ഭീതിയും നിറഞ്ഞ ജനങ്ങൾ  നഗരങ്ങളിൽ നിന്നും പലായനം ചെയ്തു, മിക്കവരും അവരുടെ കുടുംബങ്ങളെ ഉപേക്ഷിച്ചു. ഡോക്ടർമാരും പുരോഹിതരുമായിട്ടുള്ള ആളുകൾ ,രോഗം പടരുമെന്നതിനാൽ  രോഗികളെ ചികിത്സിക്കാൻ  വിസമ്മതിച്ചു. ഒരു നഗരത്തിൽ നിന്നും മറ്റൊന്നിലേക്കു പലായനം ചെയ്യുന്നവർ ദേഹമാസകലം മൂടിപ്പുതച്ചാണ്  തെരുവുകളിൽ സഞ്ചരിച്ചത്.  

ഈ പ്ലേഗിന്റെ ആദ്യ രോഗ ലക്ഷണം ജലദോഷവും, തുമ്മലും ആയിരുന്നു, അടുത്തുള്ള ആരെങ്കിലും തുമ്മിയാൽ അവരെ ജനങ്ങൾ സംശയത്തോടെയാണ് നോക്കിയിരുന്നത്, ആ കാലയളവിൽ അന്നത്തെ മാർപാപ്പ ആയിരുന്ന പോപ്പ് ഗ്രിഗറി ഒന്നാമൻ നിർദേശിച്ച ചെറിയൊരു പ്രാർഥനയായിരുന്നു ആരെങ്കിലും തുമ്മിയാൽ 'God Bless You' എന്ന് അടുത്തിരിക്കുന്നവർ പറയണം എന്നത്. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇപ്പോഴും ആരെങ്കിലും തുമ്മിയാൽ ആ ശീലം യൂറോപ്പിലെയും, മറ്റുള്ള രാജ്യത്തിലെയും ജനങ്ങൾ പിന്തുടരുന്നു. 

ചരിത്രത്തിലെ ആദ്യത്തെ പറക്കും (ഡ്രോൺ) ക്യാമറ വാഹകർ .👇

പണ്ട്, ആകാശത്ത് പറന്ന് നടക്കുന്ന 'ഡ്രോൺ' ക്യാമറകൾ എല്ലാവർക്കും ഒരു കൗതുകമായിരുന്നു. എന്നാൽ, ഇന്ന് ഡ്രോൺ ക്യാമറകളുടെ മുരൾച്ചയ്ക്ക്, പോലീസ് ജീപ്പിന്റെ ശബ്ദത്തോടുള്ള സാദൃശ്യം, അന്നത്തെ ആ കൗതുകം, അവനവന്റെ മുഖംമറച്ചു ഓടുന്ന ദയനീയ അവസ്ഥയിലേക്ക് നമ്മളെ എത്തിച്ചേർത്തിരിക്കുന്നു.
ലോകത്ത് ആദ്യമായി 'പറക്കുന്ന ക്യാമറ' എന്നൊരാശയം കൊണ്ടുവരുകയും, അത് വിജയകരമായി നടപ്പാക്കുകയും, അതിന്റെ പേറ്റന്റ് സ്വന്തമാക്കുകയും ചെയ്തൊരു ജർമൻകാരന്റെ ചരിത്രം പങ്കുവെയ്ക്കുവാൻ ആഗ്രഹിക്കുന്നു.

ഡോക്ടർ. ജൂലിയസ് ന്യൂബോർണർ ,1900 ആണ്ടിൽ, ജർമനിയിൽ ജീവിച്ചിരുന്ന ഒരു ഭിഷഗ്വരനായിരുന്നു. തന്റെ താമസസ്ഥലമായ 'ക്രോൻബെർഗ്'ലെ വീട്ടിൽ നിന്ന് ഏതാനും മൈലുകൾ അപ്പുറത്തുള്ള സർക്കാർ ആരോഗ്യപരിപാലന കേന്ദ്രത്തിലേയ്ക്ക് മരുന്നുകൾ അയക്കുവാൻ അദ്ദേഹം പ്രാവുകളെയാണ് ഉപയോഗിച്ചിരുന്നത്.

ഒരിക്കൽ 1907-ൽ മരുന്നുകളുമായി പോയൊരു പ്രാവിന് എവിടെയോ ദിശ നഷ്ടമായി, എന്നാൽ നാല് ആഴ്ച്ചകൾക്ക് ശേഷം അത് സുരക്ഷിതമായി തിരിച്ചെത്തുകയും ചെയ്തു.  വർഷങ്ങളായി പ്രാവുകളെ,  മരുന്നുകളുടെ വിതരണത്തിന് ഉപയോഗിച്ചിരുന്നതിനാലും, ഇതിന് മുൻപൊരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ലാത്തതിനാലും, ഇത്രയും ദിവസങ്ങൾ, ആ പ്രാവ് എവിടെയായിരിക്കും, എന്നോർത്തു ഡോക്ടർ ആശ്ചര്യപ്പെട്ടു.
അദ്ദേഹത്തിന്റെ ആ ജിജ്ഞാസ ചരിത്രത്തിലെ ആദ്യത്തെ പറക്കും ക്യാമറയെന്ന 'Piegon Camera' -യുടെ പരീക്ഷണങ്ങൾക്ക് തുടക്കമിട്ടു.

പറക്കുന്ന ക്യാമറയെന്നത് അന്നത്തെ കാലത്ത് മൂഢമായൊരു ആശയം ആയിരുന്നു, എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ ഈ നിരീക്ഷണം, മിലിട്ടറി സാങ്കേതിക പ്രവർത്തകരുടെ കണ്ണിൽ പെടുകയും, അവിടുന്നങ്ങോട്ട് ഇതൊരു ശാസ്ത്രശാഖയായി വളരുകയും ചെയ്തു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ,  'Birds-Eye-ഫോട്ടോഗ്രാഫി' എന്നത്,  അക്കാലത്തെ ജനങ്ങൾക്ക് ചിന്തിക്കാൻ കൂടി സാധ്യമല്ലായിരുന്നു. എന്നാൽ, ഇന്ന് നമുക്ക് വിമാനത്തിൽ നിന്നുള്ള ഫോട്ടോഗ്രാഫി, ഉയർന്ന കൊടുമുടിയുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറയിൽ നിന്നുള്ള ഫോട്ടോഗ്രാഫി,  ഡ്രോൺ ഫോട്ടോഗ്രാഫി, എന്നിങ്ങനെ വിവിധ സ്രോതസ്സുകളിൽ നിന്ന് ലോകത്തിലെ കാഴ്ച്ചകൾ 'Aerial View' ലൂടെ കാണുവാൻ സാധിക്കുന്നു. എന്നാൽ കഴിഞ്ഞ നൂറ്റാണ്ടിൽ, ആകാശസ്ഥമായ കാഴ്ചകൾ ഒരു പരിധി വരെ ലഭ്യമായിരുന്നത്, ബലൂണുകളിലും, പട്ടങ്ങളിലും മറ്റും കെട്ടി ഉയർത്തിവിട്ട ക്യാമറയിൽ നിന്നായിരുന്നു, പക്ഷേ അതിൽ തന്നെ മിക്കവാറും ചിത്രങ്ങൾ മങ്ങിയതും, അപൂർണ്ണവുമായിരുന്നു.

എന്നാൽ, ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരുന്നു, ഡോക്ടർ ജൂലിയസ് ന്യൂബോർണറിന്റ പരീക്ഷണം. എന്നിരുന്നാലും, അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്, മരുന്നുകൾ ഡെലിവറി ചെയ്യുന്ന പ്രാവുകളുടെ സഞ്ചാരപാത കണ്ടെത്തുകയും, അവർ എവിടെയൊക്കെയാണ് സമയം ചിലവഴിക്കുന്നത് എന്നത് തിരിച്ചറിയുന്നതിനും വേണ്ടിയായിരുന്നു.

മാസങ്ങൾ നീണ്ട പരീക്ഷണത്തിന്റെ ഫലമായി,  അദ്ദേഹം ഭാരം കുറഞ്ഞൊരു  ചെറിയ ക്യാമറ നിർമ്മിച്ചു. ഇതിൽ രണ്ട് ചെറിയ നാടകൾ ഉണ്ടായിരുന്നു, അത് പ്രാവുകളുടെ ഇരു തോളിലും കെട്ടിവെക്കാൻ പാകത്തിലും, ക്യാമറ പ്രാവുകളുടെ വയറിനോട് ചേർന്ന് തൂങ്ങിക്കിടക്കുന്ന രീതിയിലും, കൂടാതെ, ഇതിൽ കൃത്യമായ ഇടവേളകളിൽ ഫോട്ടോകൾ എടുക്കാൻ ഒരു ടൈമറും ഘടിപ്പിച്ചിരുന്നു.
ഡോക്ടറിന്റെ പരീക്ഷണങ്ങൾ അവിടെയും കൊണ്ട് അവസാനിച്ചില്ലാ, പ്രാവുകളെ പിന്തുടരുന്ന തന്റെ കുതിരവണ്ടിയിൽ, പ്രാവുകൾ അപ്പപ്പോൾ എടുക്കുന്ന ചിത്രങ്ങൾ ഡെവലപ്പ് ചെയ്യാൻ ഒരു ഡാർക്ക് റൂമും അദ്ദേഹം നിർമിച്ചു.

വളരെ വിജയകരമായി, പറക്കുന്ന ക്യാമറയുടെ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ അദ്ദേഹം, താൻ കണ്ടുപിടിച്ച ഉപകരണത്തിന്റെ പേറ്റന്റിനായി ജർമൻ പേറ്റന്റ് ഓഫീസിനെ സമീപിച്ചു. എന്നാൽ ജർമൻ പേറ്റന്റ് ഓഫീസ് അദ്ദേഹത്തിന്റെ കണ്ടുപിടുത്തതോട് അനുകൂലമായി തീരുമാനം കൈകൊണ്ടില്ലാ. അവർ പറഞ്ഞാ ന്യായികരണം, ആ ക്യാമറയുടെ ഭാരം 75 ഗ്രാം ഉള്ളതിനാൽ, പ്രാവുകൾക്ക് അത്രയും ഭാരം വഹിച്ചുകൊണ്ട് പറക്കുവാൻ സാധ്യമല്ല എന്നതും, കൂടാതെ അത്രയും ഭാരം പ്രാവുകളുടെ ആകെ തൂക്കത്തിന്റെ 20 ശതമാനും വരുമെന്നതായിരുന്നു. തെല്ലും നിരാശനാകാതെ,  ഒരിക്കൽകൂടി പ്രാവുകളുടെ സഹായത്താൽ, പറക്കുന്ന ക്യാമറ ഉപയോഗിച്ച്,  താൻ എടുത്ത ഫോട്ടോകൾ ഉൾപ്പെടെ വീണ്ടും അദ്ദേഹം പേറ്റന്റിന് അപേക്ഷിച്ചു. എന്നാൽ, അതിന്റെ ഫലവും ആദ്യതവണത്തെ പോലെയായിരുന്നു.

ഒടുവിൽ ഡോക്ടർ താൻ എടുത്ത ഫോട്ടോകൾ പൊതുജനങ്ങൾക്ക് കാണുവാനായി പ്രദർശിപ്പിച്ചു, ഇത് വളരെയേറെ ജനശ്രദ്ധയാകർഷിച്ചു. ആകാശത്ത് നിന്നുള്ള ഭൂമിയിലെ കാഴ്ചകൾ, പലരിലും കൗതുകവും ആകാംക്ഷയും ഉളവാക്കി, പ്രത്യേകിച്ചു 'ക്രോൻബെർഗ്'  സ്കൂളിന്റെ ഫോട്ടോയും, അതെടുത്താ  'പേരറിയാത്ത ക്യാമറമാന്റെ' ചിറകുകളും വളരെയേറെ അഭിനന്ദനങ്ങൾക്ക് കാരണമായി.  താമസിയാതെ, ജർമൻ പത്രങ്ങളും, മാഗസിനുകളും, പറക്കുന്ന പ്രാവ് ക്യാമറയെക്കുറിച്ചുള്ള വാർത്തകളും, ഫീച്ചറുകളും വൻ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു.

താമസിയാതെ, ജർമൻ സർക്കാരിലെ യുദ്ധവിഭാഗം, ഡോക്ടർ. ജൂലിയസ് ന്യൂബോർണറിന്റെ ഈ കണ്ടുപിടിത്തത്തിൽ താല്പര്യം കാണിക്കുകയും, ഒന്നാം ലോകമഹായുദ്ധത്തിൽ പറക്കുന്ന ക്യാമറവാഹകരായ പ്രാവുകളുടെ സേവനം ചാരപ്രവർത്തനത്തിൽ പ്രയോജനപ്പെടുത്തുകയും, ക്രമേണ അതിന്റെ പേറ്റന്റ് ഡോക്ടർക്ക് ലഭ്യമാകുകയും ചെയ്തു.
തുടർന്ന് വർഷങ്ങൾക്ക് ശേഷം, അമേരിക്കയുടെ ചാരസംഘടനയായ സി.ഐ.എ, പ്രാവ്-ക്യാമറയിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തുകയും, രണ്ടാം ലോകമഹായുദ്ധത്തിൽ പ്രാവുകളെ  വ്യാപകമായി  ഉപയോഗിക്കുകയും ചെയ്തു. 

ഇന്ന്, അമേരിക്ക വാഷിങ്ടൺ ഡി. സി. യിൽ  സ്ഥിതി ചെയ്യുന്ന 'സ്പൈ മ്യൂസിയത്തിലെ' ഒരു വലിയ ഹാൾ  നിറയെ, പറക്കുന്ന ചാരന്മാരായ പ്രാവുകൾ എടുത്ത ഫോട്ടോകളുടെ വിപുലമായ ശേഖരം പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിരിക്കുന്നു.

അതിനാൽ, അടുത്ത തവണ തലയ്ക് മുകളിൽ 'ഡ്രോൺ' ക്യാമറകൾ' കാണുമ്പോൾ ഓർമിക്കുക, നമ്മുടെ പ്രാവുകൾ ഈ സീനൊക്കെ പണ്ടേ വിട്ടതാണ്. 😊

Sanjo Joseph Script writer of Falimy & Hello Mummy..!

കൂട്ടുകാരന്, പിറന്തനാൾ വാഴ്ത്തുക്കൾ..! തൻ്റെ തൂലിക കൊണ്ട് മലയാള സിനിമ മേഖലയിൽ തൻ്റേതായ ശൈലിയിൽ കഥയും, തിരക്കഥയും, സംഭാഷണങ്ങളും ര...