Saturday, February 13, 2021

Who was valentine ? ആരായിരുന്നു വാലന്റൈൻ ?

ഒരു പുഷ്പം മാത്രമെന്‍ 
പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍.."

ഒരു കാലഘട്ടത്തിലെ, ഒരു ശരാശരി മലയാളി കാമുകന്റെ പ്രണയമായിരുന്നു, പി. ഭാസ്‌ക്കരൻ മാഷിന്റെ ഈ വരികളിലൂടെ പ്രതിഫലിച്ചിരുന്നത്.
കാലം മാറി, പ്രണയിതാക്കളുടെ അഭിരുചി മാറിയതിന് അനുസരിച്ച്, 
പ്രണയത്തിന്റെ നിറങ്ങൾക്കും, ഭാവങ്ങൾക്കും, പുതിയ മാനങ്ങൾ കൈവന്നു.  പ്രണയത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള  കാമുകീകാമുകന്‍മാരുടെ അന്വേഷണത്തിന്റെ ഫലമായിട്ടാണ്, നൂറ്റാണ്ടുകളായി യൂറോപ്യൻ രാജ്യങ്ങളിൽ മാത്രം ആഘോഷിഷിച്ചിരുന്നാ 'വാലന്‍റൈൻസ് ഡേ'യ്ക്ക് മലയാളി മണ്ണിലും വൻ തോതിലുള്ള  സ്വീകാര്യതാ കഴിഞ്ഞ നൂറ്റാണ്ട് മുതൽ കൈവന്നത്.  'മല്ലു ലവ് ബേർഡ്‌സ്'കൾക്കിടയിൽ, സ്നേഹത്തിന്റെ ആവിഷ്‌കാരം, ഒരു പുതിയ തലത്തിലേക്ക് എത്തിക്കുവാൻ ഈ ദിവസത്തിന് കഴിഞ്ഞുവെന്നത്, സംശയം ഇല്ലാത്ത കാര്യമാണ്.

വർഷമെമ്പാടും ലോകമുഴുവനുമുള്ള  പ്രണയികള്‍, ഫെബ്രുവരി പതിനാലിന്, പുഷ്പ്പങ്ങളും, ആശംസാ കാർഡുകളും,  സമ്മാനങ്ങളും പരസ്പരം കൈമാറുന്നു. എന്നാൽ, ഇതെല്ലാം ചെയ്യുന്നതാകട്ടെ  വാലന്‍റൈന്‍ എന്നൊരു വിശുദ്ധന്‍ പേരിലും !.
ആരാണ്  വാലന്‍റൈന്‍ എന്നാ ക്രിസ്ത്യൻ സഭയിലെ ഈ വിശുദ്ധൻ ?
എന്തിനാണ് ഇദ്ദേഹത്തിന്റെ പേരിൽ ലോകമൊട്ടുക്കെ പ്രണയിതാക്കൾ പ്രണയദിനം ആഘോഷിക്കുന്നത്?

‌ഇതിന്റെ ചരിത്രമൊന്ന് അൽപ്പം പരിശോധിച്ചാൽ, ലഭ്യമായ കണക്ക് പ്രകാരം AD മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നാ ഒരു പുരോഹിതനായിരുന്നു വാലന്‍റൈന്‍ എന്നാണ് ചരിത്രത്തിൽ പറയുന്നത്. (എന്നാൽ, അദ്ദേഹം വെറുമൊരു പുരോഹിതൻ അല്ലാ എന്നും, കത്തോലിക്കാ സഭയിലെ ബിഷപ്പ് ആയിരുന്നുവെന്നും മറിച്ചൊരു വാദമുണ്ട്).
‌അക്കാലത്ത് റോം ഭരിച്ചിരുന്ന ക്ളേിസിയസ് രണ്ടാമന്‍ ചക്രവര്‍ത്തി, സൈന്യത്തിലേക്ക് എടുക്കുന്നപടയാളികള്‍ കല്യാണം കഴിക്കാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിച്ചിരുന്നുവത്രെ. ചക്രവർത്തിയുടെ കർക്കശ നിയമത്താൽ നിസ്സംഗതരായ പ്രണയിതാക്കളുടെ വിവാഹം, രഹസ്യമായി  വാലന്‍റൈൻ നടത്തി കൊടുത്തു. ഒടുവിൽ ചാരമാരുടെ സൂചനകൾ വഴി ഈ കാര്യം മനസിലാക്കിയ ചക്രവര്‍ത്തി വാലന്‍റൈനെ പിടികൂടുകയും, മരണശിക്ഷക്ക് വിധിക്കുകയും ചെയ്തു.
‌മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്നാ വാലന്‍റൈനെ, ജയിൽ സൂക്ഷിപ്പുകാരന്റെ, അന്ധയായ മകൾ സ്ഥിരമായി സന്ദർശിക്കുമായിരുന്നത്രേ.
‌അങ്ങനെയിരിക്കെ, വാലന്‍റൈൻന്റെ പ്രാർത്ഥനയുടെ ഫലമായി അവൾക്ക് കാഴ്ച്ച ലഭിച്ചുവെന്നും, പിന്നീട്,  തനിക്ക് കാഴ്ച്ച ലഭിക്കാൻ കാരണമായ ആ യുവാവിന്റെ മേൽ അവൾ അനുരാഗപരവശയായി തീർന്നുവെന്നും പറയപ്പെടുന്നു. എന്നാൽ, ഒരു പുരോഹിതന്റെ ചട്ടക്കൂടിൽ നിന്നതിനാൽ അദ്ദേഹം തിരിച്ചു മറുപടിയൊന്നും പറഞ്ഞിരുന്നില്ലാ. അവസാനം മരണശിക്ഷാ ദിവസമായ ഫെബ്രുവരി 14- മാം തീയതി തലവെട്ടാൻ കൊണ്ടുപോകുന്നതിന് മുൻപായി, വാലന്‍റൈന്‍,  തന്നെ പ്രണയിച്ചാ അവളുടെ കയ്യിൽ,
‌വിടവാങ്ങല്‍ കുറിപ്പായി ഒരു സന്ദേശം എഴുതി കൊടുത്തു, അതിൽ അദ്ദേഹം ഇത്ര മാത്രം എഴുതി - " From Your Valentine." ആ വരികൾക്കിടയിൽ അദ്ദേഹം അവളോട് പറയാതെ പറഞ്ഞത്, നിഷ്കളങ്കമായ
‌സ്നേഹമായിരുന്നോ അതോ വെറും സൗഹൃദമായിരുന്നോ എന്നത്, ഇന്നും വെളിപ്പെടാത്ത ഒരു സമസ്യയാണ്. എന്നിരുന്നാലും, നൂറ്റാണ്ടുകൾക്ക് ശേഷവും, പ്രണയിതാക്കൾ ഇന്നേ ദിവസം,  തന്റെ  കമിതാവിന് ആശംസിക്കുന്നാ കാർഡിൽ 'From Your Valentine' എന്നും കൂടി എഴുതി ചേർക്കുന്നു.


‌തുടർന്ന്, AD 496 ൽ അന്നത്തെ മാർപാപ്പയായിരുന്നു പോപ്പ് ഗാലസീസ്, 
‌വാലന്‍റൈനെ കത്തോലിക്കാസഭയിലെ രക്തസാക്ഷിയായി പ്രഖ്യാപിക്കുകയും, അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്യുകയും ചെയ്തു. പിന്നീട്  വർഷങ്ങൾക്ക് ശേഷം, 1835- ൽ ഐറിഷ് കാരമേൽറ്റ് സഭാംഗവും, പുരോഹിതനുമായിരുന്നാ ഫാദർ ജോൺ സ്പ്രാർട്ട്, അന്നത്തെ മാർപാപ്പയായിരുന്ന ഗ്രിഗറി പതിനാറാമന്റെ അനുവാദത്തോടെ, വാലന്‍റൈനെ അടക്കം ചെയ്തിരുന്ന കല്ലറ പൊളിക്കുകയും,
ഭൗതികാവശിഷ്‌ടങ്ങൾ അയർലൻഡിലേക്ക് കൊണ്ടു വരുകയും ചെയ്തു. ഇന്ന്, അദ്ദേഹത്തിന്റെ ശേഷിപ്പുകൾ ഡബ്ലിനിലെ 'Whitefriar Church' -ൽ പൊതുജനങ്ങൾക്ക് വണക്കത്തിനായി തുറന്ന് വെച്ചിരിക്കുന്നു.

ഈ കാലഘട്ടത്തിൽ, ക്രിസ്തുമസും, ന്യൂ ഇയറും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു ഫെബ്രുവരി 14. കോവിഡിന്റെ ഈ പിരിമുറക്കാ സമയത്തിലും ബില്യൺ ഡോളറിന്റെ കച്ചവടമാണ്, ആശംസാ കാർഡായും, പൂക്കളായും, വിവിധ രൂപത്തിലുള്ള സമ്മാനങ്ങളായും ലോകമെമ്പാടുമുള്ള കച്ചവട കമ്പോളങ്ങളിൽ അരങ്ങേറുന്നത്.  എല്ലാം, നടക്കുന്നത് ആകട്ടെ അവന്റെ പേരിലും " From your valentine".

Saturday, February 6, 2021

World Cancer Day

February 4 -2016 , World Cancer Day 
............................................................
'നാശം പിടിച്ച മഴ..!'  കാറിന്‍റെ മുൻ  ഗ്ലാസിൽ പറ്റിപിടിച്ച മഴത്തുള്ളികൾ  ഇടംകയ്യാൽ തൂത്തുകളയുന്നതിന്നിടയിൽ  അയാൾ പിറുപിറുത്തു.  ഡബ്ലിനിലെ ട്രാഫിക്‌ അതിന്‍റെ മൂര്ധന്യത്തിൽ  എത്തുന്നത്‌ വൈകുന്നേരങ്ങളിലാണ്, സമയം അഞ്ചു മണിയാകുന്നു,  ഫ്ലവർ  ഷോപ്പ് അടക്കുന്നതിനു മുൻപ് അവിടെ  എത്തിച്ചേരണ്ണം, വീണ്ടും വീണ്ടും അയാള്‍ വാച്ചിലേക്ക് നോക്കി.

നാളെയാണ് അമ്മയുടെ പിറന്നാൾ ദിവസം, ഇന്നെങ്കിലും പൂക്കൾ   മേടിച്ചു കൊറിയർ ചെയ്യ്താലേ , നാളെയെങ്കിലും വീട്ടിൽ ചെന്നെത്തുകയുള്ളൂ.  യഥാര്‍ത്ഥത്തിൽ  ഇന്നലെ തന്നെ ചെയ്യേണ്ട കാര്യമായിരുന്നു, പക്ഷെ ഓഫീസിലെ തിരക്കും ,പിന്നെ കാലം തെറ്റി പെയ്യുന്ന മഴയും, അതു നീട്ടിവെച്ചുകളഞ്ഞു.  പണ്ടാരോ പറഞ്ഞത് പോലെ,  ഐറിഷ് കാലാവസ്ഥയും, ഐറിഷ്കാരി പെണ്ണുങ്ങളും ഏതാണ്ട് ഒരുപോലെയാണ്
പോലെയാണ്. രണ്ടിനെയും പൂർണ്ണമായും അത്രയ്ക്ക് അങ്ങ് വിശ്വസിക്കാൻ സാധിക്കില്ല , എപ്പോൾ വേണമെങ്കിലും സ്വഭാവം മാറ്റി കളയും. 

ഒരു പക്ഷെ അമ്മ, നാളെ എന്റെ പ്രതീക്ഷിക്കുമായിരിക്കും.  മം... സാരമില്ല, അടുത്ത ആഴ്‌ചയല്ലേ ,അമ്മയുടെ രണ്ടാമത്തെ 'കീമോ തെറാപ്പി'  ആ സമയം  എന്താണെങ്കിലും ഹോസ്പിറ്റലിൽ  കൊണ്ടു പോകണം, അപ്പോൾ  പോകാം, മാത്രമല്ല ഡബ്ലിനിൽ നിന്ന് അവിടെ വരെ  ഇരുനൂറു  മൈൽ  മുകളിലുണ്ട് , കാറിന് പെട്രോൾ അടിക്കണമെങ്കിൽ  തന്നെ നല്ല ഒരു തുക ചിലവാക്കേണ്ടി വരും.
 
വിടർന്ന  കണ്ണുകളോട് കൂടിയ സുന്ദരിയായ ചെറുപ്പകാരിയായിരുന്നു ഫ്ലവർ ഷോപ്പിൽ നിന്നിരുന്നത്, ഏറ്റവും വില കൂടിയ പ്ലാസ്റ്റിക്‌ പൂക്കൾ വേണമെന്നു പറഞ്ഞപ്പോൾ ,കുസൃതി 
നിറഞ്ഞ ചിരിയോടെ അവൾ ചോദിച്ചു.

 "ആർക്കു വേണ്ടിയാണ് സാർ, കാമുകിക്ക് ആണോ ? "

 കാമുകിക്ക് ആരെങ്കിലും പ്ലാസ്റ്റിക്‌ പൂക്കൾ കൊടുക്കുമോ കുട്ടിയെന്ന് ,മനസ്സിൽ  പറഞ്ഞുകൊണ്ട് ബർത്ത് ഡേ കാർഡുകൾ   വച്ചിരിക്കുന്ന വിഭാഗത്തിലേക്കു തിരിഞ്ഞു. 
ഫ്ലവർ ഷോപ്പിലെ മൂലക്കുള്ള ബെഞ്ചിൽ  എട്ടോ പത്തോ വയസുള്ള ഒരു ബാലൻ  ഇരുന്നു ചില്ലറ പൈസ എണ്ണുന്നത് അയാൾ  വന്നപ്പോഴേ ശ്രദ്ധിച്ചിരുന്നു. കാർഡ്  തിരഞ്ഞെടുത്തു തിരിച്ചുവന്നപ്പോഴും അവൻ  അവിടെ തന്നെയിരുന്നു കയ്യിലേ പൈസ എണ്ണുന്നു. തെല്ലുനിറഞ്ഞ  ജിജ്ഞാസയോടെ അയാൾ  ചോദിച്ചു.

 "എന്താണ് മോൻ  എണ്ണുന്നത്, കാശ് എവിടെയെങ്കിലും    നഷ്ടപ്പെട്ടു പോയോ ?"

കയ്യിലെ ചിലറ പൈസയിൽ   നിന്ന് കണ്ണുകളെടുക്കാതെ അവൻ  പറഞ്ഞു.
"എന്‍റെ അമ്മയ്ക്ക് റോസാപൂക്കൾ  മേടിക്കാൻ  എന്‍റെ കയ്യിൽ  പൈസ തികയില്ല , അഞ്ച് യൂറോയാണ് റോസാപൂക്കൾക്ക്, എന്‍റെ കയ്യില്‍ അത്രയും പൈസ  ഇല്ല..!"
 സഹതാപത്തോടെ അയാൾ  പറഞ്ഞു, "എന്‍റെ കൂടെ വരൂ ,ഞാൻ   വാങ്ങിത്തരാം". 

പൂക്കൾ മേടിച്ചു കൊടുത്തതിനു ശേഷം അയാൾ  ചോദിച്ചു, "എവിടെയാണ് മോന്‍റെ വീട് ഞാൻ അവിടെ കൊണ്ടു  ചെന്നുവിടാം, കാരണം പുറത്ത് നല്ല മഴയാണ് ." 

പ്ലാസ്റ്റിക്‌ പൂക്കളും,ബർത്ത് ഡേ   കാർഡുകളും   പാർസൽ  ചെയ്യാൻ,  കടയിലെ ചെറുപ്പക്കാരിയോടു പറഞ്ഞതിനു  ശേഷം അയാൾ  ബാലന്‍റെ കൂടെ കാറിൽ  കയറി. ഏകദേശം ഒരു മൈൽ  കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു, 
"ഇവിടെ നിറുത്തിയാൽ  മതി, ഇവിടെയാണ് അമ്മയുള്ളത്".

 മഴത്തുള്ളികൾ ഇറ്റിട്ട് വീഴുന്ന പാതി തുറന്ന കാറിന്റെ ഗ്ലാസിലൂടെ അയാൾ  കണ്ടു ,ആ കുട്ടി കയ്യിലെ റോസാപൂക്കളുമായി, സെൻറ്റ്. ഫ്രാൻസീസ്‌ കത്തീഡ്രൽ ശിമിത്തേരിയുടെ കൽപടവുകൾ കയറിപ്പോകുന്നത്‌.

ഭാരിച്ച മനസും, ശരീരവുമായി അയാൾ ഫ്ലവർ  ഷോപ്പിൽ തിരിച്ചെത്തിയപ്പോൾ പെൺകുട്ടി പറഞ്ഞു. 
"സാർ, താങ്കൾ  പറഞ്ഞതുപോലെ, പൂക്കളും ,കാർഡുകളും ഞാൻ പായ്ക്ക് ചെയ്തു വെച്ചിട്ടുണ്ട്,  അഡ്രസ്‌ പറയുമായിരുന്നുവെങ്കിൽ ,ഞാൻ തന്നെ എഴുതിതരാം".  
കണ്ണുകളിൽ  നിറഞ്ഞ സന്തോഷത്തോടെ അയാൾ  പറഞ്ഞു  "നന്ദി ,നിങ്ങളുടെ സഹായത്തിനു, ഈ ഓർഡർ ഞാൻ  ക്യാൻസൽ  ചെയ്തിരിക്കുന്നു, പകരം എനിക്ക് വേണ്ടത്  ഏറ്റവും ഫ്രെഷായ പുതിയ റോസാപ്പൂക്കളാണ്, ഒരു കാര്യം കൂടി,  
എവിടെയാണ് ഏറ്റവും അടുത്ത പെട്രോള്‍ പമ്പ്‌ ?". 

Tuesday, January 12, 2021

ജനുവരി ഒരു ഓർമ്മ; നന്ദിത !


ജനുവരി ഒരു ഓർമ്മ; നന്ദിത

നന്ദിത ( ജനനം; 1969 മെയ് 21- മരണം: 1999 ജനുവരി 17) 

മലയാള ഭാഷക്കും, സാഹിത്യത്തിനും കാവലാളായി മാറിയ, പ്രശസ്ത കവയിത്രി സുഗത കുമാരിയുടെയും, കവി അനില്‍ പനച്ചൂരാന്റെയും അകാല വിയോഗത്തിനാണ്, മലയാളികൾ ഈ കഴിഞ്ഞ ദിവസങ്ങളിൽ മൂകസാക്ഷികളായത്. ഈ മഹത് വ്യക്തികൾ ജീവിച്ചിരുന്നപ്പോൾ, കവിതകളിലൂടെ സാഹിത്യത്തെ ഉപാസിക്കുകയും, പ്രവൃത്തികളിലൂടെ മനുഷ്യത്വത്തെ മുറുകെപിടിക്കുകയും ചെയ്തിരുന്നാ, അസാധാരണ വ്യക്തിത്വത്തിന് ഉടമകളായിരുന്നു. എന്നാൽ, ജീവിച്ചിരുന്നാ കാലമത്രയും ആരോരും അറിയാതെ, ഒരു സാധാപെൺകുട്ടിയായി ജീവിക്കുകയും, പിന്നീട് മരണശേഷം മലയാളസാഹിത്യം വാനോളം വാഴ്ത്തിയ ഒരു കവയത്രിയുടെ 21-മാം ചരമവാർഷികമാണ് ഈ മാസം പതിനേഴാം തീയതി, അവളുടെ പേരാണ് നന്ദിത !.

നന്ദിത, അവൾ ഒരു ചിത്രശലഭമായിരുന്നു. പലവർണങ്ങൾ ചിറകിൽ ഒളിപ്പിച്ച ചിത്രശലഭം. പക്ഷേ, ആ വർണ്ണങ്ങൾ ഒന്നിൽ മരണത്തിന്റെ കറുപ്പും ഉണ്ടായിരുന്നത് അധികമാർക്കും അറിയില്ലായിരുന്നു. നന്ദിത ജീവിതത്തിന് പലതും നിഷേധിച്ചാണ് കടന്നു പോയത്. എഴുതാന്‍ ബാക്കി വെച്ച വരികളായും, കൊടുക്കാതെ ഹൃദയത്തിന്റെ ഒരു കോണില്‍ സൂക്ഷിച്ച പ്രണയമായും, പിടിതരാത്ത മരണത്തിന്റെ ദുരൂഹതയായും, അങ്ങനെ പലതും ബാക്കി വെച്ച്, ഇരുട്ടിന്റെ മറവിലേക്ക് ആ ചിത്രശലഭം തന്റെ തൂലികയുമായി പറന്നുപോയി.

മനുഷ്യജീവിതത്തോട് ഇത്രയേറെ പ്രണയമുണ്ടായിരുന്നാ നന്ദിത ജീവിതത്തിന്റെ ഏതു ഘട്ടത്തില്‍ വെച്ചാണ് മരണത്തെ പ്രണയിച്ചു തുടങ്ങിയതെന്ന് അവളുടെ വീട്ടുകാർക്കോ, സുഹൃത്തുകള്‍ക്കോ അറിയില്ലാ. അതോ, ഏറെ പരാജയപ്പെടുത്താന്‍ ശ്രമിച്ചിട്ടും പുഞ്ചിരിയോടെ മാത്രം ജീവിതത്തെ സ്വീകരിച്ച നന്ദിതയോട്, മരണം അതിന്റെ കറുത്ത ചിറകുകള്‍ വിരിച്ച് പ്രണയിക്കുകയായിരുന്നോ? 

1969 മെയ് 21-ന് വയനാട് ജില്ലയിലെ മടക്കിമലയില്‍ ശ്രീധരമേനോന്റെയും പ്രഭാവതി.എം.മേനോന്റെയും മകളായാണ് നന്ദിതയുടെ ജനനം. ഗവ. ഗണപത് മോഡല്‍ ഗേള്‍സ് ഹൈസ്‌കൂള്‍, ചാലപ്പുറം, ഗുരുവായൂരപ്പന്‍ കോളേജ് , ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ്, മദര്‍ തെരേസ വിമന്‍സ് യൂണിവേഴ്‌സിറ്റി, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനത്തില്‍ മികവ് പുലര്‍ത്തിയ നന്ദിത വയനാട് ജില്ലയിലെ തന്നെ മുട്ടില്‍ ഡബ്ലു.എം.ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. 

ജനുവരി പതിനേഴാം തീയതി രാത്രി, പതിവുപോലെ അത്താഴവും കഴിഞ്ഞ്,
 കിടക്കാന്‍ പോകുന്നതിനു മുന്‍പ് അമ്മയോടു നന്ദിത പറഞ്ഞു: ' അമ്മേ ഒരു ഫോണ്‍ വരും. ഞാന്‍ തന്നെ അറ്റന്റു ചെയ്തുകൊള്ളാം'. എന്നാൽ, ആ ഫോണ്‍ കോള്‍ വന്നതായി ആ വീട്ടിൽ ആരും കേട്ടില്ലാ !. അര്‍ദ്ധരാത്രി എന്തിനോ വേണ്ടി അമ്മ ഡ്രോയിംഗ് റൂമിലേയ്ക്കു വന്നപ്പോഴേക്കും കോണിപ്പടിയില്‍ സാരിത്തുമ്പില്‍ തൂങ്ങി നന്ദിത ആത്മഹത്യചെയ്തു കഴിഞ്ഞിരുന്നു.

മരണശേഷം വളരെ നാളുകൾ കഴിഞ്ഞാണ്, ഒരു ഡയറിയില്‍ ആരേയും കാണിക്കാതെ നന്ദിത കുറിച്ചിട്ടിരുന്ന കവിതകള്‍ അച്ഛനും അമ്മയും കണ്ടത്. ആ കവിതകൾ അവർ ഡോ.എം.എം.ബഷീറിനെ കാണിച്ചു. അദ്ദേഹം മുന്‍കൈയെടുത്താണ് 'നന്ദിതയുടെ കവിതകള്‍' എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്.

ചോരകിനിയുന്നാ പ്രണയവും, മരണത്തിന്റെ ഗന്ധവുമാണ് നന്ദിതയുടെ കവിതകള്‍ക്ക്. ഇന്നും, കേരളത്തിലെ പല കോളേജ് വരാന്തകളിലെ ചുവരുകളില്‍ കോറിയിട്ട വരികളില്‍, മിക്കതും നന്ദിതയുടേതാണ്. പ്രണയിക്കുവാനായി ലേഖനങ്ങളിൽ പലരും ഇന്ന് എഴുതുന്നാ അക്ഷരങ്ങൾ, അവളിൽ നിന്ന് കടം കൊണ്ടവയാണ്. ഫേസ്ബുക്ക്, സ്നാപ്പ്ചാറ്റ്, വാട്സ്ആപ് തുടങ്ങിയ മീഡിയകളിൽ നന്ദിതയുടെ കവിതകള്‍ക്ക് ആരാധകര്‍ ഏറെയാണ്. കടലാസുകളില്‍ നിന്ന് മാഞ്ഞുതുടങ്ങിയപ്പോഴേക്കും നന്ദിതയുടെ വരികള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് ആരാധകര്‍ ഇപ്പോഴും നന്ദിതയെ ഓര്‍ക്കുന്നു. നന്ദിത എന്ന എഴുത്തുകാരിയുടെ വരികള്‍ രണ്ടു പതിറ്റാണ്ടിനു ശേഷവും, അതേ തീക്ഷ്ണതയില്‍ നിലകൊളളുന്നു എന്നാണ് ഇതിൽ നിന്നൊക്കെ മനസിലാകുന്നത്.

പ്രണയത്തിനും മരണത്തിനും അതിമനോഹരമായ കാവ്യഭാഷ നല്‍കിയ കവയിത്രിയായിരുന്നു നന്ദിത. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക, ലൈബ്രറിയില്‍ പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് കുറിപ്പുകള്‍ തയ്യാറാക്കുന്ന നല്ലൊരു വായനക്കാരി, ഇങ്ങനെയൊക്കെയാണ് ഡബ്ലു.എം.ഒ കോളേജ് നന്ദിതയെ ഓര്‍ക്കുന്നത്. അതിനാൽ, എല്ലാ വര്‍ഷവും മുടങ്ങാതെ കോളേജില്‍ തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറുടെ ചരമവാര്‍ഷികം അവർ ആചരിക്കുന്നു.

 കണ്ണില്‍ അസാധാരണമായ തിളക്കവും ആകർഷണീയമായ സൗന്ദര്യമുണ്ടായിരുന്നു നന്ദിതയ്ക്ക്. എന്നിട്ടും, അവളുടെ കവിതകളുടെ സ്ഥായീ ഭാവം വിഷാദമായിരുന്നു. സില്‍വ്യാ പ്ലാത്ത്, വെര്‍ജീനിയ വൂള്‍ഫ്, ആന്‍ സെക്റ്റണ്‍, ഇങ്ങനെ നീണ്ടുപോകുന്ന ആത്മഹത്യചെയ്ത എഴുത്തുകാരികളുടെ നിരയില്‍ നന്ദിതയുടെ പേരും ചേര്‍ക്കപ്പെട്ടു. ഏറെ പ്രിയപ്പെട്ട കവിത തന്നെയാണ് തന്റെ വിഷാദത്തിന് ചിറക് നല്‍കാന്‍ ആ ചിത്രശലഭം തിരഞ്ഞെടുത്തതും. അല്ലങ്കിൽ ഒരുപക്ഷേ, കവിതയുടെ മായാ ലോകത്ത് സ്വയം അലിഞ്ഞുതീരാൻ അവൾ കൊതിച്ചിരുന്നേക്കാം.

നന്ദിത തന്റെ കവിതകളിൽ കണ്ടത് മരണത്തിന്റെ വേരുകളായിരുന്നു . 1989-ല്‍ നന്ദിത എഴുതിയ ഒരു കവിത ഇങ്ങനെ;

' പുറത്തു നിന്നിഴഞ്ഞെത്തുന്ന അന്തിവെളിച്ചം

എന്തിനെന്നെ വിലക്കുന്നു...

വിദ്വേഷം നിറഞ്ഞ കണ്ണുകള്‍ക്ക് താഴെ 

പുഞ്ചിരിക്കുന്ന ചുണ്ടുകളില്ലാത്തൊരു ലോകത്തിലേക്ക്

എനിക്ക് രക്ഷപ്പെടണം

ചുറ്റും അരിച്ചു നടക്കുന്ന പാമ്പുകളേയും 

മൂളിപ്പറക്കുന്ന കൊതുുകുകളെയും തട്ടിമാറ്റി

ഞാന്‍ യാത്രയാരംഭിക്കട്ടെ...

എന്റേ വേരുകള്‍ തേടി.'

അതീവലളിതമായ ഭാഷയും സങ്കീര്‍ണ്ണമായ ആശയങ്ങളുമാണ് നന്ദിതയുടെ കവിതയെ എത്ര വായിച്ചാലും മതിവരാത്ത ഒന്നായിത്തീര്‍ക്കുന്നത്. എന്തു കൊണ്ടാണ് നന്ദിത മരണമെന്നാ ലോകത്തെ സ്വപ്നം കണ്ടിരുന്നുവെന്നത്  ഇപ്പോഴും വ്യക്തമല്ല. ഈ ലോകത്തെ ഒരു തടവറയായാണോ നന്ദിത കണ്ടിരുന്നത്? തന്റെ ചിന്തകളുടെ തടവുകാരിയായിരുന്നു നന്ദിത.

' നിന്റെ പുഞ്ചിരിയില്‍ എന്റെ കണ്ണീരുറയുന്നതും

നിന്റെ നിര്‍വ്വികാരതയില്‍ ഞാന്‍ തളരുന്നതും

എന്റ് അറിവോടു കൂടിത്തന്നെയായിരുന്നു.

എനിക്ക് രക്ഷപ്പെടണമെന്നുണ്ടായിരുന്നു 

പക്ഷേ...

ഞാന്‍ തടവുകാരിയായിരുന്നു

എന്റെ ചിന്തകളുടെ;' -(1989)

കോഴിക്കോട് ഫാറൂക്ക് കോളേജില്‍ പഠിക്കുന്ന സമയത്ത് ജന്മദിനത്തില്‍ തന്റെ സ്വകാര്യ ഡയറിയില്‍ നന്ദിത കുറിച്ചിട്ട വരികള്‍ ഇങ്ങനെയായിരുന്നു ;

'എന്റെ ജന്മദിനം എന്നെ അസ്വസ്ഥയാക്കുന്നു

അന്ന്...ഇളം നീല വരകളുളള വെളുത്ത കടലാസ്സില്‍ 

നിന്റെ ചിന്തകള്‍ പോറി വരച്ച്

എനിക്ക് നീ ജന്മസമ്മാനം തന്നു. 

തീയായിരുന്നു നിന്റെ തൂലികത്തുമ്പില്‍ എന്നെ ഒരുക്കാന്‍ പോന്നവ

അന്ന്, തെളിച്ചമുളള പകലും 

നിലാവുളള രാത്രിയുമായിരുന്നു.

ഇന്ന് സൂര്യന്‍ കെട്ടുപോവുകയും

നക്ഷത്രങ്ങള്‍ മങ്ങി പോവുകയും ചെയ്യുന്നു

കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും 

അനിയന്റെ ആശംസകള്‍ക്കും 

അമ്മ വിളമ്പിയ പാല്‍ പായസത്തിനുമിടയ്ക്ക്

ഞാന്‍ തിരഞ്ഞത്

നിന്റെ തൂലികയ്ക്ക് വേണ്ടിയായിരുന്നു

നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക.

ഒടുവില്‍ പഴയപുസ്തകക്കെട്ടുകള്‍ക്കിടയ്ക്കു നിന്ന്

ഞാനാ തൂലിക കണ്ടെടുത്തപ്പോള്‍ 

അതിന്റെ തുമ്പിലെ അഗ്നി 

കെട്ടുപോയിരുന്നു' - (1988).

ഇംഗ്ലീഷിലും മലയാളത്തിലുമായിരുന്നു നന്ദിത കവിതകൾ എഴുതിയിരുന്നത്. മരണശേഷം കണ്ടെടുത്ത ഡയറിക്കുറിപ്പില്‍ രേഖപ്പെടുത്തിയതനുസരിച്ച് 1987-ലാണ് നന്ദിത ഇംഗ്ലീഷില്‍ ആദ്യത്തെ കവിതയെഴുതിയത്.

'the touch of affection

the aching need of what i sought

leaves me out of all the fairs

my mask, too fine and serene,

my smile ugly, words worthless,

the massk is torn to pieces.

still i wear a self-conscious laugh

facing the world out of its beauty

to frown with disdain' -( 1987)

ഇന്ന്, വയനാട്ടിലെ മടക്കിമലയിലെ വീടിനരികില്‍, അമ്മ നട്ടുവളർത്തിയ പവിഴമല്ലിയുടെയും, പാരിജാതത്തിന്റെയും തണലില്‍ നന്ദിത ഉറങ്ങുകയാണ്. എന്നും തിളങ്ങിയിരുന്ന ആ കണ്ണുകള്‍ അടച്ച്. പതിയെ വീശുന്ന കാറ്റിനും, അതില്‍ താഴെ പതിക്കുന്ന പൂക്കള്‍ക്കും ചോദിക്കാനുളളത് ഇത്ര മാത്രം, എന്തിനായിരുന്നു ചിത്രശലഭമേ നീ ഇത്രയും നേരത്തെ പോയത് ! 

Monday, November 23, 2020

റോസലീന ലബാര്‍ഡോ - ഉറങ്ങുന്ന സുന്ദരി ! Rosalia Lombardo- Sleeping Beauty(13 December 1918 – 6 December 1920

റോസലീന ലബാര്‍ഡോ - ഉറങ്ങുന്ന സുന്ദരി !
Rosalia Lombardo- Sleeping Beauty
(13 December 1918 – 6 December 1920)
നൂറ് വർഷങ്ങൾക്ക് (1918) മുൻപുള്ള ഒരു ഡിസംബർ മാസം 13-നാണ്,
'മാരിയോ ലബാള്‍ഡോ' എന്നാ ഇറ്റലിക്കാരന് പ്രഭുവിന് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആ കുഞ്ഞ് പിറന്നത്. അയാൾ, അവൾക്ക് 'റോസലീനാ' എന്നാ പേരിട്ടു വിളിച്ചു. അവളുടെ ചിരിയും കരച്ചിലും ആ വീട് സ്വർഗ്ഗതുല്യമാക്കി. ദിവസത്തിൽ കൂടുതല്‍ സമയവും തന്റെ കുഞ്ഞുമാലാഖയുടെ കൂടെ ചിലവഴിക്കാൻ മാരിയോ സമയം കണ്ടെത്തിയിരുന്നു. അവളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി കാണുവാൻ, അവളുടെ ഏതൊരു ആഗ്രഹത്തിനും അതിസമ്പന്നനായാ ആ പിതാവ് എപ്പോഴും തയ്യാറായിരുന്നു. എന്നാൽ, ചില സന്തോഷങ്ങൾ, അത് ചിലപ്പോൾ മനുഷ്യന്റെ, സമ്പത്തിനും, പരിമിതികൾക്കും അപ്പുറമായിരിക്കും.


ഇറ്റലിയിലെ ആ സമ്പന്ന പ്രഭുവിന്റെ, കുടുംബത്തിലെ കളിയും ചിരിയും മായുവാൻ അധികം സമയം വേണ്ടി വന്നില്ല. ആ മാലാഖയുടെ രണ്ടാം പിറന്നാളിന്, ഏഴ് ദിവസം ബാക്കിയുള്ളപ്പോൾ 'ന്യുമോണിയ' പിടിപെട്ട് അവൾ, താൻ വന്നാ സ്വർഗ്ഗലോകത്തേയ്ക്ക് 1920 ഡിസംബർ ആറാം തീയതി മടങ്ങിപ്പോയി.  കൃത്യമായി പറഞ്ഞാൽ വെറും 1 വർഷവും, 359 ദിവസവും മാത്രമേ അവൾ ഈ ഭൂമിയിൽ ജീവിച്ചിരുന്നുള്ളൂ.

അവളുടെ വിയോഗം, മാരിയോ ലബാള്‍ഡോന്നാ പിതാവിനും, അദ്ദേഹത്തിന്റെ കുടുംബത്തിനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ദിവസത്തിൽ, ഒരു നിമിഷം പോലും തന്റെ മകളെ പിരിഞ്ഞിരിക്കാൻ കഴിയാത്ത അദ്ദേഹത്തിനു അവളുടെ മരണം ഉൾക്കൊള്ളുവാൻ ആയില്ലാ. അതിനാൽ, തന്റെ മകളെ എന്നും കാണുവാൻ വേണ്ടി, ആ നൂറ്റാണ്ടിൽ അധികമാരും  ചെയ്യാന്‍ ധൈര്യപ്പെടാത്ത ഒരു കാര്യം  തന്റെ പൊന്നോമനയ്ക്കായി ചെയ്യുവാൻ അദ്ദേഹം തീരുമാനിച്ചു. തന്റെ മരണം വരെ, എന്നും തന്റെ മകളെ കാണുവാനായി, അവളുടെ മൃതശരീരം എബാം ചെയ്തു സൂക്ഷിക്കുവാൻ ആ പ്രഭു തീരുമാനമെടുത്തു.  അതിനായി, അദ്ദേഹം ആ കാലഘട്ടത്തിലെ ഏറ്റവും പേരുകേട്ട ഏബാമര്‍ ആല്‍ഫെര്‍ഡോ സലാഫിയ എന്ന വിദഗ്‌ദ്ധനെ സമീപിച്ചു. ഇത്രയും ചെറിയ കുഞ്ഞിന്റെ ശരീരം എംബാം ചെയ്യുവാൻ ആദ്യമൊക്കെ,   ആല്‍ഫെര്‍ഡോ വിസമ്മതിച്ചെങ്കിലും, ഒടുവിൽ അയാൾ, ആ ദൗത്യം
ഏറ്റെടുക്കുകയും, റോസലീന ലബാര്‍ഡോയുടെ ആന്തരികാവയവങ്ങൾ അതേപടിനിലനില്‍ത്തി കൊണ്ട്
ശവശരീരം എംബാം ചെയ്യുകയും, ഇറ്റലി, സിസിലയിലെ 'പാൽമറോ' കപ്പൂച്ചൻ ആശ്രമത്തിലെ Catacombe dei- സിമിത്തേരിയിൽ സൂക്ഷിക്കുകയും ചെയ്തു.


വിസ്‌മയജനകമായി, ആല്‍ഫെര്‍ഡോ എംബാം ചെയ്ത മറ്റുള്ള മൃതശരീരങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായി 'റോസലീന'യുടെ കുഞ്ഞുശരീരത്തിന് വർഷങ്ങളോളം
ഒരു ചുളിവ് പോലും  സംഭവിച്ചില്ലാ. പതിയെ പതിയെ ശാസ്ത്രലോകം ഈ ഉറങ്ങുന്ന കുഞ്ഞുസുന്ദരിയെ പഠനങ്ങൾക്കും, നിരീക്ഷണങ്ങൾക്കും. വിധേയമാക്കി. 2009-ൽ നാഷണൽ ജിയോഗ്രാഫി ചാനലിന്റെ നേതൃത്വത്തിൽ, അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ഒരു കൂട്ടം ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ, റോസലീനയുടെ ശരീരത്തിൽ നിന്ന് ഒരു അവയവും പോലും നീക്കം ചെയ്യപ്പെട്ടിട്ടല്ലെന്നും, എന്നാൽ വർഷങ്ങളായി ഈർപ്പം നിറഞ്ഞ സിമിത്തേരിൽ മൃതദേഹം വച്ചിരിക്കുന്ന പെട്ടി ഇരിക്കുന്നതിനാൽ, ത്വക്കിന് നിറം വിത്യാസം സംഭവിക്കുന്നുണ്ടെന്നും കണ്ടെത്തി.  അതിനാൽ, കപ്പൂച്ചൻ അധികൃതർ  ആ  മൃതശരീരം വായു കടക്കാത്ത ഒരു ചില്ലു കൂട്ടിലേക്ക് മാറ്റുകയും, സന്ദർശകർക്ക് കാണുവാൻ തുറന്ന് കൊടുക്കുകയും ചെയ്തു.
പിന്നീട്, അതേ വർഷം തന്നെ, ആ കപ്പൂച്ചൻ ആശ്രമത്തിലെ ക്യുറേറ്റർ ഫാദർ: ഡാറിയോ പിംബിനോ-മസ്കലി, നടത്തിയ ഒരു പരിശോധനയിൽ, ബോഡി എംബാം ചെയ്‌താ ഡോക്ടർ ആല്‍ഫെര്‍ഡോ എഴുതിയ ഒരു പഴയ ഗ്രന്ഥചുരുളുകൾ കണ്ടെത്തി, തുടർന്ന് ഫാദർ ഡാറിയോ അവയെല്ലാം, ഇറ്റാലിയൻ ഭാഷയിൽ നിന്ന് ഇംഗ്ലീഷ്ലേക്ക് തര്‍ജ്ജമചെയ്യുകയും ചെയ്തു. അതിലെ പ്രസക്തഭാഗങ്ങൾ ചുവടെ ചേർക്കുന്നു.

"injected the cadaver with a fluid made of formalin to kill bacteria, alcohol to dry the body, glycerin to keep her from overdrying, salicylic acid to kill fungi, and zinc salts to give her body rigidity. Accordingly, the formula's composition is "one part glycerin, one part formalin saturated with both zinc sulfate and chloride, and one part of an alcohol solution saturated with salicylic acid."

എന്നാൽ, അവളെ സന്ദര്‍ശിച്ചാ, സന്ദര്‍ശകരിൽ ഉളവായ,
ആശ്ചര്യകരമായ കാര്യം എന്തെന്ന് വെച്ചാൽ, ആ കുഞ്ഞുമാലാഖയുടെ നീലകണ്ണുകൾ ദിവസത്തിൽ പലപ്രാവശ്യം തുറക്കുകയും, അടയുകയും ചെയ്യുന്നതായി പലർക്കും അനുഭവവേദ്യമായി. പിന്നീട്,  വിദഗ്‌ദ്ധർ നടത്തിയ സൂക്ഷ്‌മ നിരീക്ഷണത്തിൽ, അവർ കണ്ടെത്തിയത്, അവളെ അടക്കം ചെയ്തിരിക്കുന്ന ഗ്ലാസ് പെട്ടിയുടെ വശങ്ങളിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചം അവളുടെ പാതിയടഞ്ഞ നീലകണ്ണുകളിൽ തട്ടി പ്രതിഫലിക്കുമ്പോൾ, കാഴ്ചക്കാരിൽ ഒരുതരം 'optical illusion' എന്നൊരു പ്രതിഭാസത്തിന് കാരണമാകുന്നു എന്നാണ്.

അല്ലെങ്കിൽ ഒരുപക്ഷേ, കൊതിതീരെ കണ്ടുതീരാത്ത ഈ വലിയ ലോകത്തെ, അവൾ വീണ്ടും നോക്കി കാണുന്നതായിരിക്കാം. 


Sunday, November 8, 2020

ഡൊണാൾഡ് ജോണ്‍ ട്രംപ്


എല്ലാ വാതിലുകളും തുറന്നിടുക'' എന്ന മുദ്രാവാക്യത്തോടെ മൂന്നുദശാബ്ദംമുമ്പ് ആരംഭിച്ച നവലിബറല്‍ ആശയങ്ങളുടെ നേര്‍വിപരീതമായ 'പ്രൊട്ടക്ഷനിസ'ത്തിന്റെ കൊടി ഉയര്‍ത്തിയാണ് ട്രംപ് അമേരിക്കയിൽ അധികാരത്തിൽ ഏറിയത്. 
നവഉദാരവല്‍ക്കരണ നയം സൃഷ്ടിച്ച അതിഭീമമായ സാമ്പത്തിക അസമത്വം, അമേരിക്കന്‍ സമൂഹത്തില്‍ സൃഷ്ടിച്ച അസ്വാസ്ഥ്യങ്ങള്‍ക്ക് വര്‍ണത്തിന്റെയും മതത്തിന്റെയും നിറംനല്‍കി കുടിയേറ്റവിരുദ്ധ– മുസ്ളിംവിരുദ്ധ, കറുത്തവൻ- വെളുത്തവൻ തുടങ്ങിയ വികാരം സൃഷ്ടിച്ചുകൊണ്ടാണ് ട്രംപ് പ്രചാരണത്തിന് ഇറങ്ങിയിത്. 

പൊതുവെ ചൈന വിരുദ്ധനായിരുന്ന ബൈഡൻ, ഒബാമയുടെ കാലത്ത്, വൈസ് പ്രസിഡന്റ് ആയിരുന്ന സമയത്താണ്, ചൈനയെ തഴഞ്ഞു കൊണ്ട്, 25 രാജ്യങ്ങളെ ഉൾപ്പെടുത്തികൊണ്ട് Indo-Pacific Treaty -കൊണ്ടുവന്നത്. അമേരിക്കയെ മാറ്റിനിർത്തിയാൽ ഈ കരാറിൽ വാണിജ്യാടിസ്ഥാനത്തിലും, സൈനികസഹായത്തിലും, ശരിക്കും ഒരു 'വല്യേട്ടൻ' റോളിലാണ് ഇന്ത്യയുടെ സ്ഥാനം എപ്പോഴും. ഈ കരാറിന്റെ ചുവട് പിടിച്ചു മാത്രമാണ്, ട്രംപ് എന്തെങ്കിലും സഹായം ഇൻഡ്യക്ക് അനുകൂലമായി, ചെയ്തിട്ടുണ്ടങ്കിൽ, ചെയ്തിട്ടുള്ളത്. 
കൊറോണ വന്നപ്പോൾ, ഞരമ്പിൽ Disinfectants- കുത്തിവെച്ചാൽ മതിയെന്നും, താൻ ഒരിക്കലും മാസ്ക് ഉപയോഗിക്കില്ലന്നും വാശി പിടിച്ച,  തലതിരിഞ്ഞ ഒരു ഭരണാധികാരിയുടെ, വട്ടൻ നയത്തിന്റെ പാർശ്വഫലമാണ്‌, അമേരിക്കയിൽ രണ്ടരലക്ഷത്തിൽപരം ജീവനുകൾ പൊലിഞ്ഞത്. 

ഇന്ത്യക്കാർ ഉൾപ്പെടുന്ന കുടിയേറ്റവിരുദ്ധ– മുസ്ളിംവിരുദ്ധ വികാരം സൃഷ്ടിച്ചുകൊണ്ടാണ് ട്രംപ് പലപ്പോഴും  ഇലക്ഷൻ റാലികളിൽ പ്രസംഗിച്ചിട്ടുള്ളത്. അമേരിക്കയിലെ വെളുത്തവര്‍ക്ക് തൊഴില്‍ ലഭിക്കാത്തത് ആഫ്രിക്കന്‍– ഏഷ്യൻ വംശജരുടെയും, മുസ്ളിങ്ങളുടെയും കുടിയേറ്റംകൊണ്ടാണെന്ന ലളിതവല്‍ക്കരണമാണ് ട്രംപ് നടത്തിയത്. അതുപോലെ ആഫ്രിക്കന്‍  കുടിയേറ്റം തടയാന്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ വേലികെട്ടണമെന്നാണ് ട്രംപിന്റെ മറ്റൊരു നിര്‍ദേശം. 1.2 കോടി ആഫ്രിക്കന്‍ അമേരിക്കരാണ് അമേരിക്കയില്‍ അനധികൃതമായി താമസിക്കുന്നതത്രെ. അമേരിക്കയില്‍ മുസ്ളിങ്ങളുടെ കുടിയേറ്റം പൂര്‍ണമായും തടയണമെന്നും ട്രംപ് വാദിക്കുന്നു. സിറിയയിലെയും ഇറാഖിലെയും ഐഎസ് കേന്ദ്രങ്ങളില്‍ ബോംബിടല്‍ തുടരണമെന്ന് ട്രംപ് പറയുമ്പോള്‍ അമേരിക്കയുടെ ഈ നടപടിയാണ് യഥാര്‍ഥത്തില്‍ അഭയാര്‍ഥിപ്രവാഹം സൃഷ്ടിക്കുന്നതെന്ന വസ്തുത ബോധപൂര്‍വം ട്രമ്പ് മറച്ചുപിടിച്ചു. 

ലോകം പ്രതീക്ഷയോടെ കണ്ടാ, പാരീസ് കാലാവസ്‌ഥ ഉടമ്പടിയിൽ നിന്ന്, ട്രംപ് ബോധപൂർവം പിന്മാറിയപ്പോൾ അതുവരെ എന്തോ സംഭവാണെന്ന് കരുതി ഇന്ത്യക്കാർ തലയിലേറ്റി കൊണ്ട് നടന്നാ, ഇന്ത്യയെ ഒന്ന് കുത്താനും ട്രംപ് മറന്നില്ലാ. " ചൈനയെ നോക്കൂ, അത് എത്ര മലിനമാണ്. റഷ്യ നോക്കൂ, ഇന്ത്യ നോക്കൂ, വായു അങ്ങേയറ്റം മലിനമാണ്" പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്മാറാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ച ട്രംപിന്റെ വാക്കുകൾ. 

മുൻ സർക്കാരുകൾ ഒപ്പിട്ട പല കരാറുകളിൽനിന്നും പിന്മാറുന്നത‌് ട്രംപ‌് പതിവാക്കിയിരുന്നു. ട്രാൻസ‌് പസിഫിക‌് പാർട‌്ണർഷിപ‌് കരാറിൽനിന്നും ക്യൂബയുമായുള്ള കരാറിൽനിന്നും അമേരിക്ക പിന്മാറുകയുണ്ടായി. വിശ്വാസലംഘനത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഇറാനുമായുള്ള ആണവക്കരാറിൽനിന്നുള്ള പിന്മാറ്റം.


Thursday, October 15, 2020

ഒക്ടോബർ 15-ലോക വിദ്യാർത്ഥി ദിനം.


ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ബഹുമാനപ്പെട്ടാ ശ്രീ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ജന്മദിനമായ ഒക്ടോബർ 15, എല്ലാ വർഷവും ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുവാൻ, 2010 മുതലാണ് ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. സ്ഥാനമാനങ്ങൾക്കും, പദവികൾക്കും ഉപരി ജനങ്ങളുടെ “അദ്ധ്യാപകൻ’ ആയി മാത്രം അറിയപ്പെടാനാണ് ഡോ.കലാം അദ്ദേഹം ജീവിച്ചിരുന്ന കാലമത്രയും ആഗ്രഹിച്ചി­രുന്നത്. അതുകൊണ്ടു തന്നെ ഒക്ടോബർ 15 ലോക വിദ്യാർത്ഥിദിനമായി ആചരിക്കാൻ തീരുമാനിച്ചത് ഏറ്റവും ഉചിതമായി.
കുട്ടികളോട്, പ്രത്യേകിച്ച് വിദ്യാർത്ഥികളോട് സംവദിക്കാനായിരുന്നു ഡോ. കലാമിന്  ഏറെ ഇഷ്ടം. ഉണർന്നിരിക്കുമ്പോഴും സ്വപ്നം കാണാൻ അവരോട് അദ്ദേഹം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. കൂടുതൽ ഉയരങ്ങളിലേക്ക്, വലിയ ലക്ഷ്യങ്ങളിലേക്ക് പറന്നുയരാൻ അദ്ദേഹം അവർക്ക് പ്രതീക്ഷയുടെ ചിറകുകൾ നല്കി. 

എന്റെ ബാംഗ്ലൂർ ജീവിതഘട്ടത്തിൽ ഒരിക്കൽ മുൻ രാഷ്ട്രപതി ശ്രീ. എ. പി. ജെ. അബ്ദുൽ കലാമിന്റെ പ്രസംഗം, നേരിട്ട് കേൾക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചപ്പോൾ, അദ്ദേഹം വിവരിച്ചൊരു സംഭവകഥ ഓർത്തു പോകുന്നു. (ഈ സംഭവം, അദ്ദേഹത്തിന്റെ-Ignited Minds: Unleashing The Power Within India, എന്നാ പുസ്തകത്തിൽ അതിമനോഹരമായി വിവരിക്കുന്നുണ്ട്).

1963 - ഫെബ്രുവരി മാസത്തിലെ ഒരു പ്രഭാതത്തിൽ, തുമ്പയെന്ന കടലോര ഗ്രാമത്തിലെ, നാലു നൂറ്റാണ്ടിലേറെ ചരിത്രമുള്ള സെന്റ്.മേരി മഗ്ദലേന കത്തോലിക്ക പള്ളിയോട് ചേർന്ന ബിഷപ്പ് ബിഷപ്പ് ഹൗസിൽ, ഒരു ജൈനമത വിശ്വസിയും, ഒരു ഹിന്ദുവും, ഒരു മുസൽമാനും , അന്നത്തെ ബിഷപ്പായിരുന്ന റവ. പീറ്റർ ബർണാഡ് പെരേരയെ കാണുവാനെത്തി. വന്നവരുടെ ആഗമന ഉദ്ദേശം ഇതായിരുന്നു, ഭൂമിയുടെ കാന്തികമധ്യരേഖ (മാഗ്നെറ്റിക് ഇക്വേറ്റർ) കടന്നു പോകുന്ന സ്ഥലത്താണ് പള്ളിയും, ബിഷപ്പ് ഹൗസും സ്ഥിതി ചെയ്തിരുന്നത്,ആയതിനാൽ അവ അവിടെ നിന്ന് മാറ്റി സ്ഥാപിച്ചു,  ഇൻഡ്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണത്തിന് സഹായിക്കണം, എന്ന കാര്യം അഭ്യർത്ഥിക്കുന്നതിനായിരുന്നു.

 പിൽക്കാലത്ത് ഇൻഡ്യയുടെ ബഹിരാകാശ പദ്ധതികളുടെ ബുദ്ധികേന്ദ്രങ്ങളായി മാറിയ ആ സന്ദർശകർ,  ജൈനമതക്കാരനായിരുന്ന ഡോക്ടർ ശ്രീ.വിക്രം സാരാഭായി, ഹിന്ദുവായ പ്രൊഫസർ. ശ്രീ.സതീഷ് ധവാൻ, മുസ്ലിമായ ഡോക്ടർ ശ്രീ. അബ്‌ദുൾ കലാം എന്നിവരായിരുന്നു.  അന്ന്, ഇന്ത്യൻ ബഹിരാകാശവകുപ്പോ, ബഹിരാകാശ ഗവേഷണസ്ഥാപനമായ ഐ.എസ്.ആർ.ഒ. യോ നിലവിൽ  വന്നിട്ടില്ലാ. റോക്കറ്റ് വിക്ഷേപിച്ച് പരിചയമുള്ള വിദഗ്ധരും രാജ്യത്തുണ്ടായിരുന്നില്ലാ. ഇന്ത്യൻ ന്യൂക്ലിയർ പദ്ധതികളുടെ പിതാവ്' എന്നറിയപ്പെട്ടിരുന്ന, പാഴ്‌സിയായ  ഡോക്ടർ. ഹോമി. ജെ. ബാബയുടെ നേതൃത്വവും,   അമേരിക്കയിലെ നാസയിൽ അയച്ച് ധൃതിയിൽ പരിശീലനം നേടിയ ഏതാനും യുവ എൻജിനിയർമാരുടെ സാന്നിധ്യവും, 'അചഞ്ചലമായ ആത്മവിശ്വാസവും മാത്രമേ ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിനായി അവർക്ക് കൂട്ടായി  ഉണ്ടായിരുന്നൊള്ളൂ. 

പെട്ടെന്നൊരു മറുപടി പറയാതെ ബിഷപ്പ്, അവരോട് അടുത്ത ഞായറാഴ്ച കുർബാനയ്ക്ക് ശേഷം, പള്ളിയിൽ വെച്ച് കാണാമെന്ന് അറിയിച്ചു. അന്നത്തെ ആ ഞായറാഴ്ച കുർബ്ബാനയ്ക്കിടയിൽ, ബിഷപ്പ് ആ മൂന്ന് ശാസ്ത്രജ്ഞമാർ തന്നെ അറിയിച്ച കാര്യങ്ങൾ, ഇടവകാംഗങ്ങളോട് വിവരിക്കുകയും, പള്ളിയും, ബിഷപ്പ് ഹൗസും, ചുറ്റുമുള്ള കെട്ടിടങ്ങളും കൈമാറ്റം ചെയ്യുവാൻ ആ തീരദേശ ഇടവക ജനങ്ങളോട് അനുവാദം ചോദിക്കുകയും ചെയ്തു. തുടർന്ന് അവിടുത്തെ  ഗ്രാമവാസികളായ മത്സ്യത്തൊഴിലാളികളും, പള്ളിക്കാരും,  ബിഷപ്പും, ഒറ്റക്കെട്ടായി ആ ശാസ്ത്രജ്ഞമാരുടെ വാക്കുകൾക്ക് പിന്തുണ നൽകുകയും, നിയമപരമായി പള്ളിയും, സ്ഥലവും അവർക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു. 

പിന്നീട്, കാര്യങ്ങൾ വളരെ വേഗത്തിലായി. മേരി മഗ്ദലേന പള്ളിയും അടുത്തുള്ള ബിഷപ്പ് ഹൗസും 'തുമ്പ ഇക്വറ്റേറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ' (TERLS) ആയി മാറ്റപ്പെട്ടു. ആദ്യ റോക്കറ്റ്' കൂട്ടിയോജിപ്പിച്ചത് പള്ളിയിലെ അൾത്താരയ്ക്ക് മുമ്പിൽ വെച്ചാണ്. സമീപത്തെ ബിഷപ്പ് ഹൗസ്, വിക്ഷേപണകേന്ദ്രം ഡയറക്ടറുടെ ഓഫീസായി. പള്ളിക്കു മുന്നിലെ തെങ്ങിൻതോപ്പിലായിരുന്നു വിക്ഷേപണത്തറ. അടുത്തുള്ള പ്രൈമറി സ്കൂൾ കെട്ടിടം ആദ്യം ലോഞ്ച് ഓഫീസായും, പിന്നീട് ടെക്നിക്കൽ ലൈബ്രറിയായും രൂപംമാറി. അവിടുത്തെ പഴയൊരു കാലിത്തൊഴുത്ത് സ്പേസ് ലാബായി (ഇന്ത്യയിലെ ആദ്യ സ്പേസ് ലാബ്). 1963 നവംബർ 21 ന് ചെറിയൊരു അമേരിക്കൻ നിർമിത 'നൈക്ക്-അപാഷെ റോക്കറ്റ്' ആ പള്ളി അങ്കണത്തിൽ നിന്ന് കുതിച്ചുയർന്നതോടെ, ഇന്ത്യയുടെ ബഹിരാകാശ ചരിത്ര പുസ്തകത്തിന്റെ, ആദ്യത്തെ അധ്യായം മതസൗഹാർദ്ദത്തിന്റെ തങ്കലിപികളാൽ എഴുതിചേർക്കപ്പെട്ടു. 

1969-ൽ 'ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ' (ISRO) നിലവിൽ വന്നതോടെ, തുമ്പ ഇക്വറ്റേറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ' (TERLS)- എന്നാ പഴയ പേര് ഉപേക്ഷിച്ചു. അന്ന്, ആ 'കാലി തൊഴുത്തിൽ' പിറന്ന ഇൻഡ്യയുടെ ബഹിരാകാശ കുതിപ്പ്, ഇന്ന് ചന്ദ്രനിൽ വരെ എത്തി നിൽക്കുന്നു. മികവിന്റെ കാര്യത്തിൽ മുൻനിരയിലാണ് ഇന്ത്യയുടെ സ്പേസ് പ്രോഗ്രാം. എന്നാൽ, ചെലവിന്റെ കാര്യത്തിലോ, പിൻനിരയിലും! അതിനാൽ, കുറഞ്ഞ ചെലവിൽ ഉപഗ്രഹവിക്ഷേപണം നടത്താൻ കൂടുതൽ രാജ്യങ്ങൾ ഐ.എസ്.ആർ.ഒ.യെ ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു. 

പ്രസംഗത്തിന്റെ അവസാനം ശ്രീ. കലാം, ശ്രോതാക്കളായ ഞങ്ങളോട് ഇങ്ങനെ ചോദിച്ചു ? എന്താണ്, 55- വർഷങ്ങൾക്ക് മുൻപ്, ദീർഘവീക്ഷണത്തോടെ ഈ കാര്യങ്ങളൊക്കെയും ചെയ്യുവാൻ ഞങ്ങൾക്ക് ബലം നൽകിയത്  എന്ന് അറിയാമോ ? അതിന് അദ്ദേഹം തന്നെ മറുപടിയും പറഞ്ഞു.  ഇച്ഛാശക്തിയും, കഠിനാധ്വാനവും, തീർച്ചയായും ഞങ്ങളിൽ ഉണ്ടായിരുന്നു, പക്ഷേ അതിൽ എല്ലാം ഉപരി, ജാതി-മത വർഗ്ഗത്തിന് അതീതമായി 'ഇന്ത്യക്കാരൻ' എന്നൊരു വികാരം ഞങ്ങൾ എല്ലാവരും നെഞ്ചിൽ ഏറ്റിയിരുന്നു, ഇന്നത്തെ രാഷ്ട്രീയ നാടകത്തിൽ ഇൻഡ്യയിലെ പുതുതലമുറയ്ക്കും നഷ്ടമാകുന്നതും അത് തന്നെ !.😊

@Anil Joseph Ramapuram.✍️


വാൽക്കഷണം : ആ കാലത്ത് തുമ്പ ഒരു കുഗ്രാമം ആയിരുന്നു, അതിനാൽ ശാസ്ത്രജ്ഞർ ഭക്ഷണം കഴിക്കാൻ വന്നിരുന്നത്, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ കാന്റീനിൽ ആയിരുന്നു. ആകെയുള്ള, ഒരേയൊരു ജീപ്പ് എപ്പോഴും തിരക്കായതിനാൽ, പലപ്പോഴും സൈക്കിളിലും, കാൽനടയുമായിട്ടായിരുന്നു സഞ്ചരിച്ചിരുന്നത്. പൊതുഅവധി ദിവസങ്ങളിലും, ശനി, ഞായറാഴ്ചകളിലും ബീച്ചിലും, തിരുവനന്തപുരം 'ശ്രീകുമാർ' തിയേറ്ററുകളിലുമായി ചിലവഴിക്കാൻ അവർ സമയം കണ്ടെത്തിയിരുന്നു. 


Thursday, August 6, 2020

ഒരിക്കലും മിഴിതുറക്കാത്തവൾക്ക് വേണ്ടി ജീവൻ കളഞ്ഞവൻ ! Nigel- The lonely bird .

സ്നേഹിക്കുവാനും, സ്നേഹിക്കപ്പെടുവാനുമുള്ള അഭിവാഞ്ഛയില്ലാത്ത ജീവജാലങ്ങളില്ലാ. പക്ഷേ, സ്നേഹിക്കുന്നവരുടെ നെഞ്ചിൽ 17 തവണ കത്തി ഇറക്കുന്നതും, അതിനെ ആത്മാർഥമായ സ്നേഹമെന്ന്  വ്യാഖ്യാനിക്കുന്നതുമായാ, ഏക മൃഗം മനുഷ്യർ മാത്രമാണ്. എന്നാൽ പക്ഷിമൃഗാദികളുടെ സ്നേഹം സ്ഥായിയാണ്. ഒരുതരത്തിൽ പറഞ്ഞാൽ മനുഷ്യരെക്കാൾ കാരുണ്യവും അനുകമ്പയും നിറഞ്ഞവരാണ് അവറ്റകൾ. അത്തരമൊരു നിസ്വാർത്ഥമായാ സ്നേഹത്തിന്റെ കഥയാണ് 'നൈജിൽ' എന്നാ വിളിപ്പേരിൽ ലോകമെമ്പാടും അറിയപ്പെടുന്ന ഒരു 'ആസ്ട്രേലിയൻ ഗാനറ്റ്സ്' പക്ഷിയുടേത്.

‌ന്യൂസീലൻഡിന്റെ തലസ്ഥാനമായാ 'വെല്ലിങ്ഡനിൽ' നിന്ന് 25 കിലോമീറ്റർ  വടക്കുപടിഞ്ഞാറ് മാറി  സ്ഥിതിചെയ്യുന്ന, ചെറിയൊരു തീരദേശനഗരമാണ് 'മന്നാ ദ്വീപ്'. ഒരു കാലത്ത് ദേശാടന പക്ഷികളുടെ, പ്രത്യേകിച്ച് 'ആസ്ട്രേലിയൻ ഗാനറ്റ്സ്' പക്ഷികളുടെ ഇടത്താവളവും, പറുദീസയായിരുന്ന ഈ ദ്വീപ്, പിന്നീട് മനുഷ്യന്റെയും, കൃഷിയുടെയും, കടന്നുവരവോടെ പക്ഷികളുടെ വരവിൽ ഗണ്യമായ കുറവുണ്ടായി. ഒടുവിൽ പക്ഷികൾ ഒന്നുംതന്നെ ദ്വീപിൽ വരാറായപ്പോൾ, മന്നാ ദ്വീപ് പരിസ്ഥിതിസംരക്ഷണ ബോർഡ്, ന്യൂസീലാൻഡ് ഗവണ്മെന്റുമായി ചേർന്ന്,  1990-ൽ വ്യത്യസ്തമായാ ഒരു പ്രോജക്ട് നടപ്പിലാക്കാൻ ശ്രമം തുടങ്ങി. അത് പ്രകാരം 'ആസ്ട്രേലിയൻ ഗാനറ്റ്സ്' പക്ഷികളെ ആകർഷിക്കുന്നതിനായി, അവയുടെ വിവിധ രൂപത്തിലുള്ള എണ്‍പതിൽപ്പരം കോണ്‍ക്രീറ്റ് പ്രതിമകൾ, ദ്വീപിന്റെ കടലിന് അഭിമുഖമായ കിടക്കുന്ന പാറക്കെട്ടുകളിൽ സ്ഥാപിച്ചു. പക്ഷികളുടെ പ്രതിമകൾ സ്ഥാപിച്ചതിന്റെ പിറ്റേ ആഴ്ച്ച രണ്ടുമൂന്ന് ആസ്ട്രേലിയൻ ഗാനറ്റ്സുകൾ ദ്വീപിൽ വിരുന്ന് വന്നു . എന്നാൽ, തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കിയ അവർ തിരിച്ചു പോയി. പിന്നീട് വർഷങ്ങളോളം, ഒരു പക്ഷികളും ആ വഴിയേ വരാൻ കൂട്ടാക്കിയില്ല. എന്നാൽ, 2010-ൽ  ഈ ദ്വീപിന്റെ പരിസ്ഥിതി സംരക്ഷണ അംഗവും, പ്രോജക്ട് പരിപാലകനുമായിരുന്നാ മിസ്റ്റർ. ജെയിംസ് ബിൽ, കൂടുതൽ വ്യത്യസ്തമായാ ഒരു പരീക്ഷണം നടപ്പിലാക്കി. 'ഗാനറ്റ്സ്' പക്ഷികളുടെ ശബ്ദങ്ങൾ അടങ്ങിയ ഒരു ടേപ്പ്, വളരെ ഉച്ചത്തിൽ ഈ പ്രതിമകളുടെ സമീപം സ്ഥാപിച്ചു. ആദ്യമാദ്യം, പരീക്ഷണഫലം നിരാശജനകമായിരുന്നു. എന്നാൽ 2016-ലെ ഒരു മാർച്ച് മാസത്തിൽ പ്രതിമകളിലും,ശബ്ദത്തിലും ആകർഷണനായി നമ്മുടെ കഥാനായകനായാ  ഒരു 'ആസ്ട്രേലിയൻ ഗാനറ്റ്സ്' ഈ ദ്വീപിൽ ലാൻഡ് ചെയ്തു. 
മറ്റ് പക്ഷികളെ പോലെ, ഇവനും കുറച്ചുനാൾ ദ്വീപിൽ ചിലവഴിച്ചതിനു ശേഷം മടങ്ങിപോകുമെന്നാണ് പ്രോജക്ട് നിരീക്ഷകർ കണക്കുകൂട്ടിയത്. എന്നാൽ അവരെയല്ലാം അതിശയിപ്പിച്ചു കൊണ്ട്, ഒരാഴ്ച്ച അവിടെയെല്ലാം ചുറ്റി നടന്നതിനുശേഷം അവിടെയുള്ള ഒരു പെൺപക്ഷിയുടെ പ്രതിമയോട് അവൻ അനുരാഗപരവശനായി. ക്രമേണ അവൻ 
  മന്നാ ദ്വീപ് വാസികളുടെ ശ്രദ്ധാകേന്ദ്രമായി, അവർ അവന് 'നൈജിൽ' എന്ന് വിളിപ്പേരിട്ടു.
അവൻ, തന്റെ പ്രണയിനിയുടെ ശിലാപ്രതിമയുടെ ചുവട്ടിൽ ഒരു കൂട് ഉണ്ടാക്കി, എന്നും കടലിൽപോയി കൊത്തികൊണ്ടു വരുന്ന മീനിന്റെ ഒരു ഭാഗം അവൾക്കായി മാറ്റിവെച്ചു. മറ്റ് പ്രതിമകളെയൊന്നും ശ്രദ്ധിക്കാതെ, കൂടുതൽ സമയവും തന്റെ പ്രിയപ്പെട്ടവളുടെ  കൊക്കിൽ മുട്ടിയുരുമി  അവൻ  രാവും പകലും ചിലവഴിച്ചു. ഇതിനിടയിൽ കുറേക്കൂടി  'ഗാനറ്റ്സ്' പക്ഷികൾ ദ്വീപിൽ സന്ദർശനം നടത്തി, എന്നാൽ നൈജിൽ അവരെയൊന്നും ശ്രദ്ധിക്കാതെ പ്രാണപ്രേയസിയുടെ പ്രതിമയുടെ കൂടെ മുഴുവൻ സമയം ചിലവിട്ടു. ഇങ്ങനെ
ഒന്നും രണ്ടും മാസമല്ലാ, നീണ്ട മൂന്ന് വർഷത്തോളം, ഒരിക്കലും മിഴിതുറക്കാത്ത തന്റെ പ്രണയിനിയുടെ പ്രതിമയുടെ കീഴിൽ ആ കാമുകൻ തന്റെ  ജീവിതം പങ്കുവെച്ചു. 

പതിയെപ്പതിയെ, നൈജിൽ, സോഷ്യൽ മീഡിയകളിലും, പ്രമുഖപത്രങ്ങളായ ന്യൂയോർക്ക് ടൈംസ്‌, വാഷിങ്ടൺ പോസ്റ്റ്,  ദി ഗാർഡിയൻ തുടങ്ങിയ പത്രങ്ങളിലും വാർത്തയാകാൻ തുടങ്ങി.  Nigel- The lonely bird എന്നൊരു വിളിപ്പേര് അവന് മാധ്യമങ്ങൾ സമ്മാനിച്ചു. ധാരാളം വിനോദസഞ്ചാരികൾ  നൈജിലിനെയും, അവന്റെ പ്രിയപ്പെട്ടവളെയും കാണുവാനായി ദ്വീപിൽ സന്ദർശിക്കുവാൻ എത്തിത്തുടങ്ങി. എന്നാൽ, മീഡിയകളുടെ ഫോട്ടോഷൂട്ടോ,  ആളുകളുടെ കടന്ന് വരവോ ഒന്നും തന്നെ അവന്റെ പ്രണയത്തിന് തടസ്സമായിരുന്നില്ലാ. അവരെയൊന്നും ശ്രദ്ധിക്കാതെ തന്റെ സ്വപ്നലോകത്തിൽ തന്റെ പ്രിയപ്പെട്ടവളുമായി അവൻ മുഴുകിജീവിച്ചു.  ഒടുവിൽ ആ ദിവസം വന്ന് ചേർന്നു, 2018 ജനുവരി 10-മാം തീയതി, തന്റെ പ്രണയിനിയുടെ കാൽകീഴിൽ കിടന്ന് നൈജിൽ ഈ ലോകത്തോട് വിടപറഞ്ഞു. 
അവന്റെ മരണം വളരെ വികാരപരമായിട്ടാണ് മന്നാ ദ്വീപ് വാസികളും, ന്യൂസിലാൻഡ് പത്രങ്ങളും, ലോകമാധ്യമങ്ങളും ഏറ്റെടുത്തത്. വലിയ തലക്കെട്ടോടെ പത്രങ്ങൾ അവന് ആദരവ് അർപ്പിച്ചു, നിസ്വാർത്ഥമായാ പ്രണയത്തിന്റെ മാതൃകയായി അവന്റെ പേരിൽ ധാരാളം കവിതകൾ രചിക്കപ്പെട്ടു. നൈജിലിന്റെ മരണകാരണം അറിയുവാനും, കൂടുതൽ പഠനങ്ങൾക്കുമായി, മരണശേഷം നൈജിലിന്റെ ബോഡി പിന്നീട് ന്യൂസിലാൻഡ് മാസ്സി യൂണിവേഴ്‌സിറ്റി ഏറ്റെടുക്കുകയും ചെയ്തു.

 ആ കാമുകന്റെ മരണത്തെപ്പറ്റി, ദ്വീപ് വാസിയായ സോഫിയ എന്നൊരു കോളേജ് വിദ്യാർത്ഥിനി ഇങ്ങനെ എഴുതി, 
"ഞാൻ, ഒരു ഡോക്ടറൊന്നുമല്ലാ, എന്നിരുന്നാലും, ഒരിക്കൽപോലും ഒന്ന് ചലിക്കുകപോലും ചെയ്യാത്ത തന്റെ പ്രിയപ്പെട്ടവൾക്ക് വേണ്ടി ഒരു ജീവിതം ജീവിച്ചുതീർത്ത അവന്റെ മരണകാരണം ഞാൻ ഉറപ്പിച്ചു പറയുന്നു, I dare say, it was from a broken heart !".

നൈജിലിന് വേണ്ടി  രചിക്കപ്പെട്ട ഒരു കവിത.
To Nigel

You stayed awhile on Mana Island,

Attracted by your concrete mates

You built a nest, you did your best

But only Norman dropped on by.

We weeded, we painted, we sprayed guano around.

We hoped you’d find the real thing.

Three newbies arrived, a Christmas surprise,

But suddenly you are gone.

RIP ‘no mates’ Nigel




Sanjo Joseph Script writer of Falimy & Hello Mummy..!

കൂട്ടുകാരന്, പിറന്തനാൾ വാഴ്ത്തുക്കൾ..! തൻ്റെ തൂലിക കൊണ്ട് മലയാള സിനിമ മേഖലയിൽ തൻ്റേതായ ശൈലിയിൽ കഥയും, തിരക്കഥയും, സംഭാഷണങ്ങളും ര...