Monday, November 15, 2021

അയർലൻഡിലെ കാശുകാർ; കർഷകർ !

ഫലഭൂഷ്ഠമായ മണ്ണ്, മിതശീതോഷ്‌ണമായ കാലാവസ്ഥയുടെ സാന്നിധ്യം, വർഷത്തിന്റെ
മുക്കാൽ സമയവും നിർലോഭം ലഭിക്കുന്ന മഴവെള്ളം, അസൂയാവഹമായ ഭൂപ്രകൃതി,
പരിസ്ഥിതിയുടെ ഈ അനുകൂലഘടകങ്ങളാണ്, അയർലൻഡിനെ കൃഷിയുടെയും, കൃഷിക്കാരുടെയും പറുദീസായാക്കി മാറ്റുന്നത്തിൽ മുഖ്യപങ്ക് വഹിക്കുന്നത്. കൂടാതെ, ഗൾഫ് കാറ്റിന്റെ ഉചിതമായ പ്രവാഹദിശയുടെ സ്വാധീനവും, ഇടമുറിയാതെ മലിനരഹിതമായി ഒഴുകുന്നാ മൂവായിരത്തിൽപ്പരം നദികളും, അയർലൻഡിന്റെ തനതായ പച്ചപ്പ് നിലനിർത്തുന്നതിനും, പുൽമേടുകളിൽ അലസമായി മേയുന്നാ കന്നുകാലികളുടെ ആദായകരമായ പരിപാലനത്തിനും നിദാനമാകുന്നു.


ഈ രാജ്യത്തിലെ കൃഷിയ്ക്കും, കൃഷി രീതികൾക്കും ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുണ്ട്. ആർക്കിയോളജിക്കൽ സർവേ ഓഫ് അയർലൻഡ്, കൗണ്ടി 'മയോയിൽ' കണ്ടെടുത്തപ്പെട്ടാ രേഖകൾ പ്രകാരം, ബിസി 4000- ത്തിന്റെ തുടക്കത്തിൽ, അത് വരെ അലഞ്ഞുതിരിഞ്ഞ് വേട്ടയാടി നടന്നിരുന്നാ ആദിമമനുഷ്യർ, പിന്നീട് കൂട്ടമായി ഒന്നിച്ച് താമസിച്ചു, ബാർലിയും, ഗോതമ്പും കൃഷി ചെയ്യാൻ തുടങ്ങിയതായി കണ്ടെത്തുകയുണ്ടായി. തുടർന്ന്, മധ്യകാലഘട്ടത്തിൽ,  മണ്ണ് ഉഴുത് മറിക്കാൻ കുതിരകൾ പൂട്ടിയ കലപ്പയുടെ ആവിർഭാവവും, ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ക്രിസ്ത്യൻ ആശ്രമങ്ങളുടെ കൃഷിരീതികളിലുള്ള നൂതന പരീക്ഷണങ്ങളും, കൂടുതൽ വിളകൾ വിളിയിക്കാൻ കൃഷിക്കാരെ പ്രാപ്തരാക്കി. അക്കാലയളവിൽ കൂടുതലും, കാബേജ്, ബീൻസ്, ഉള്ളി, ക്യാരറ്റ് തുടങ്ങിയാ പച്ചക്കറികളും, ആപ്പിൾ, സ്ട്രോബെറി, പ്ലം മുതലായ പഴവർഗങ്ങളുമായിരുന്നു കൃഷിക്കാരുടെ പ്രധാന വരുമാന സ്രോതസ്. അതോടൊപ്പം, കന്നുകാലികളിലും, ആട്, പന്നി വളർത്തലുകളിലും ഉണ്ടായ പുരോഗതി എടുത്ത് പറയേണ്ടാ വസ്തുതയാണ്. 


പക്ഷേ, അയർലൻഡിൽ മാത്രമല്ലാ, യൂറോപ്പിലെ ഒന്നടങ്കം കൃഷിക്കാരുടെ ഇടയിലും, ഇവിടുത്തെ ജീവിതസാഹചര്യത്തിലും വിപ്ലവകരമായ മാറ്റം സംഭവിച്ചത്, പതിനാറാം നൂറ്റാണ്ടിലെ ഉരുളക്കിഴങ്ങിന്റെ ആഗമനത്തോടെയാണ്. അയർലൻഡിലെ അനുകൂലമായ കാലാവസ്ഥയും, ധാതുസമ്പുഷ്ടമായ മണ്ണും മൂലം, ഉരുളക്കിഴങ്ങ് കൃഷി ഈ രാജ്യത്തിലെ ജനങ്ങളുടെ വയറും, പോക്കറ്റും നിറയ്ക്കാൻ ഒരു പരിധി വരെ കാരണമായെന്ന് പറയാം. 1845 - ൽ ഉരുളക്കിഴങ്ങ് കൃഷിയിൽ ഉണ്ടായ തകർച്ച മൂലം, ഒരു ലക്ഷത്തിൽപ്പരം ജനങ്ങളാണ് അന്ന് പട്ടിണിമൂലം മരണമടഞ്ഞത് എന്നത് കൂടി കൂട്ടിവായിക്കുമ്പോൾ, ഉരുളക്കിഴങ്ങ് ഇവിടുത്തെ ദൈനംദിന ജീവിതത്തിൽ എത്രമാത്രം വലിയ സ്വാധീനമാണ് ഉളവാക്കിയിരിക്കുന്നത് എന്ന് കൂടുതൽ വ്യക്തമാകുകാ.


എന്നാൽ അയർലൻഡിലെ കൃഷിക്കാരുടെ ജീവിതനിലവാരത്തിന് യഥാർത്ഥ തകർച്ച നേരിട്ടത് 12-മാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് അധിനിവേശത്തോടെയായിരുന്നു.  ബ്രിട്ടന്റെയും, ബ്രിട്ടീഷ് രാജവംശത്തിന്റെയും 'ഫുഡ് ഫാക്ടറി' ആയിട്ടാണ് അയർലൻഡിനെ, ഇംഗ്ലീഷ്കാർ കണക്കാക്കി പോയിരുന്നത്. മാത്രമല്ലാ, ഐറീഷ് ജനതയെ, രണ്ടാംതരം പൗരന്മാരായി അവർ തരം തിരിക്കുകയും,  ഇവിടെ ഉല്പാദിപ്പിച്ചിരുന്നാ ധ്യാനവർഗ്ഗങ്ങൾ, പച്ചക്കറി, പഴവർഗങ്ങൾ, മാംസം, പാൽ ഉത്പന്നങ്ങൾ തുടങ്ങിയവയെല്ലാം, ഭീമമായ നികുതിയുടെയും, രാജഭരണത്തിന്റെ അധികാരത്തിന്റെയും പേരിൽ, ബ്രിട്ടനിലേക്ക് നിർലോഭം കടത്തിക്കൊണ്ട് പോകുകയും ചെയ്തിരുന്നു. അയർലൻഡിലെ, കൃഷിക്കാരുടെ കുടുംബങ്ങളിൽ, സ്ത്രീകളും- കുട്ടികളും കൊടിയ ദാരിദ്യത്തിൽ കഴിയുമ്പോഴും, അവരുടെ അധ്വാനത്താൽ വിളയിച്ചിരുന്ന വിഭവങ്ങൾ, ബ്രിട്ടനിലേക്ക് കയറ്റി അയക്കാൻ അവർ നിർബന്ധിതരായി. മറ്റൊരു തരത്തിൽ പറഞ്ഞാൽ, പണ്ട് കാലത്ത് കേരളത്തിൽ നിലനിന്നിരുന്നാ ജന്മി-കുടിയാൻ ബന്ധമായിരുന്നു,  ഈ രണ്ടു രാജ്യങ്ങളും തമ്മിൽ അന്ന് നിലനിന്നിരുന്നത്.  2018- ൽ പുറത്തിറങ്ങിയാ 'Black 47' -എന്നാ ഐറിഷ് സിനിമയിൽ, ഈ രംഗങ്ങൾ, പ്രശസ്‌ത സംവിധായകൻ ലാൻസ് ഡാലി മനോഹരമായി ആവിഷ്‌ക്കരിച്ചിട്ടുണ്ട്.   പിന്നീട് ബ്രിട്ടനുമായി പൊട്ടിപ്പുറപ്പെട്ടാ ആംഗ്ലോ - ഐറിഷ് യുദ്ധം പതിറ്റാണ്ടുകളോളം നീണ്ട് നിന്നു, യുദ്ധത്തിൽ 2 മില്യനോളം ഐറീഷ് പൗരന്മാർക്ക്  ജീവൻ നഷ്ടമായി.  എന്നിരുന്നാലും, നൂറ്റാണ്ടുകൾ നീണ്ട് നിന്നാ യുദ്ധത്തിനും, സംഘർഷത്തിനും, 1921 ഡിസംബർ 6 മാം തീയതിയിൽ ഒപ്പ് വെച്ചാ, ആംഗ്ലോ - ഐറീഷ് കരാറിലൂടെ വിരാമമായി, അതോടുകൂടി അയർലഡിലെ കർഷകരുടെ സുവർണ കാലഘട്ടത്തിനും തുടക്കമായെന്നും പറയാം.


കാലം മാറി, കഥ മാറി. 2010-ലെ, The International Financial Service Center Dublin-  കണക്കുകൾ പ്രകാരം, അയർലൻഡിലെ പ്രധാനവരുമാന സ്രോതസിലെ, പ്രാഥമിക മേഖലയിൽ ഒന്നാമത് നിൽക്കുന്നതാണ് ഇവിടുത്തെ കാര്‍ഷികമേഖല. കൃഷിക്ക് ശേഷമോണ് ഖനനം, വ്യവസായം, ഫാർമസ്യൂട്ടിക്കൽ, മത്സ്യബന്ധനം തുടങ്ങിയാ മറ്റ് വരുമാന മേഖലകൾ കടന്ന് വരുന്നത്. കൂടാതെ, രാജ്യത്തിലെ GDP- യുടെ 2 ശതമാന വിഹിതവും വന്ന് ചേരുന്നത് വിവിധയിനം കാർഷികമേഖലയിലൂടെയാണ്. ഫുൾടൈം കൃഷിക്കാരായി ഒരു ലക്ഷത്തി നാല്പത്തി അയ്യായിരം പേർ ഇവിടെ ജോലി ചെയ്യുന്നുണ്ട് എന്നാണ് , Agriland of Ireland- ന്റെ വെബ്‌സൈറ്റിൽ പറയുന്നത്, പാർട്ട് ടൈം കൃഷിക്കാരായി രണ്ട് ലക്ഷത്തിൽ  പരം ജനങ്ങളും ജോലി ചെയ്യുന്നു. അയർലൻഡിലെ ആകെയുള്ള ജനസംഖ്യ, 5.01 മില്യൺ  (Press Statement Population and Migration Estimates April 2021) മാത്രമാണെന്നാ കാര്യവും  കൂടി ഇവിടെ ഓർമിപ്പിക്കുന്നു.


അയർലൻഡിലെ ഒരു കൃഷിക്കാരന് ശരാശരി 80 ഏക്കർ ഭൂമിയുണ്ടെന്നാണ് Farm structure statical survey 2019 ലെ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. നേരെമറിച്ച്, യൂറോപ്പ് യൂണിയൻ കീഴിലുള്ള മറ്റ് രാജ്യങ്ങളിലെ കൃഷിക്കാർക്ക് ശരാശരി 39 ഏക്കർ ഭൂമി മാത്രമേ ആളോഹരി സ്വന്തമായിട്ട് ഉള്ളൂ. അയർലൻഡിലെ മണ്ണിൽ, ബാർലി, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്,  ഗോതമ്പ്, ഓട്‌സ് തുടങ്ങിയവയാണ്  പ്രധാനവിളകൾ. കൂടാതെ, പഴവർഗങ്ങളിൽ സ്ട്രോബെറിയാണ് ഒന്നാം സ്ഥാനം കയ്യാളുന്നത്, അതിന്റെ പുറകിൽ യഥാക്രമം ആപ്പിൾ, ബ്ലൂബറി, റാസ്ബെറി, ഓറഞ്ച് തുടങ്ങിയവയും ഇവിടുത്തെ കൃഷിക്കാരുടെ പ്രധാനമായാ വരുമാനമാർഗങ്ങളാണ്‌.


മണ്ണിൽ പണിയെടുക്കുന്നാ കൃഷിക്കാരെ മാറ്റി നിർത്തിയാൽ, ഈ രാജ്യത്തിൽ കൂടുതൽ കൃഷിക്കാരും ജോലി ചെയ്യുന്നാ മറ്റൊരു പ്രധാന മേഖലയാണ് കന്നുകാലികൾ വളർത്തലും, അതിന്റ വിപണനവും. Central Statics Office 2020 -ലെ രേഖകൾ പ്രകാരം പത്തുലക്ഷത്തിൽ അധികം കന്നുകാലികളും,  ഒന്നര ലക്ഷത്തിലധികം ബീഫ്, പന്നി, കോഴി ഫാമുകളാണ്  അയർലൻഡിൽ സജീവമായി ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ ഉല്പാദിപ്പിക്കുന്നാ മാംസത്തിന്റെ 90 ശതമാനവും, യുക്കെ, ഫ്രാൻസ്, ഹോളണ്ട്, ചൈന മുതലായ രാജ്യങ്ങളിലേക്കാണ് കൂടുതലായും കയറ്റുമതി ചെയ്യപ്പെടുന്നത്. Meat Industry Ireland (MII ) കണക്കുകൾ പ്രകാരം, 2019ലെ മാംസ കയറ്റുമതിയിലൂടെ മാത്രം, 4.9 ബില്യൺ യൂറോയാണ്  ഈ രാജ്യം നേടിയെടുത്തത്. ഗൾഫ് രാജ്യങ്ങളിലെ എണ്ണ ഉത്പാദന വരുമാനത്തോടാണ്, ഇവിടുത്തെ ഇറച്ചി ഉത്‌പാദനപ്രക്രിയയെയും, അതിൽ നിന്ന് ലഭിക്കുന്നാ വിദേശകറൻസിയെയും അയർലൻഡ് മാധ്യമങ്ങൾ താരതമ്യം ചെയ്യുന്നത്.


കർഷകരെ മനമറിഞ്ഞ് സഹായിക്കുന്നാ അയർലൻഡ് സർക്കാരിന്റെ ഒട്ടുമിക്കാ പദ്ധതികളും, പ്രവർത്തനങ്ങളും വളരെയധികം ശ്ലാഘനീയമാണ്. Rural Environmental Protection Scheme (REPS) കീഴിലുള്ള 'Farm Assist' സ്‌കീം എന്നൊരു പദ്ധതി പ്രധാനമായും എടുത്ത് പറയേണ്ടത് ഒന്നാണ്. ഇതിൽ പ്രകാരം,  വരുമാനം കുറവുള്ള കൃഷിക്കാരെ പ്രത്യേകം കണ്ടെത്തി അവർക്ക് അവരുടെ ഭൂമിയിൽ കൂടുതൽ കൃഷി ഇറക്കുവാനും, നികുതി ഇളവ്, വളം, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മിതമായ നിരക്കിൽ ആവശ്യാനുസരണം സർക്കാർ എത്തിച്ചു കൊടുക്കുന്നു. അതുപോലെ മറ്റൊന്നാണ്, കൃഷിമേഖലയിലേക്ക് കൂടുതൽ സ്ത്രീകളെ ആകർഷിക്കുവാനും, കൂടാതെ ഇപ്പോൾ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷിതമായ സാമ്പത്തിക ഭദ്രയ്ക്കും വേണ്ടി പാർലമെന്റിൽ പാസാക്കിയ The Common Agricultural Policy (CAP) എന്നൊരു നിയമം. ഇതിൽപ്രകാരം 40 വയസിന് മുകളിലുള്ള കർഷകരായ സ്ത്രീകൾക്ക് 60 ശതമാനവും, 40 വയസിൽ താഴെയുള്ളവർക്ക് 40 ശതമാനവും സർക്കാരിൽ നിന്ന് പ്രത്യേകം ഗ്രാന്റ് ലഭ്യമാകുന്നു. ഇതിന്റെ പ്രയോജനം വിവിധ കാർഷിക മേഖലകളിൽ ജോലി ചെയ്യുന്ന 70,000 പരം സ്ത്രീകൾക്കാണ് ലഭ്യമാകുക. കൂടാതെ, രാജ്യത്തിന്റെ പലഭാഗങ്ങളിലും തുറന്ന ചന്തകൾ, ഫാം ഫെസ്റ്റിവൽ, നൂതന കൃഷിരീതികൾ, അതിസാങ്കേതിക കൃഷിഉപകരണങ്ങൾക്ക് നികുതി ഇളവ്,
കാർഷിക രംഗത്തേക്ക്  ചെറുപ്പക്കാരെ കൂടുതൽ ആകർഷിക്കുവാനായി, യൂണിവേഴ്‌സിറ്റികളിൽ പ്രത്യേകം അഗ്രിക്കൾച്ചറൽ കോഴ്സുകൾ തുടങ്ങിയ വിവിധതരം പദ്ധതികൾ നടപ്പാക്കുന്നതിൽ, അയർലൻഡ് ഗവണ്മെന്റ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നു.

മറ്റൊരു തരത്തിൽ പറഞ്ഞാൽ, അയർലൻഡിലെ കൂടുതൽ കാശുകാർ   ഏത് വിഭാഗത്തിൽപ്പെട്ടവർ ആണെന്ന് ചോദിച്ചാൽ, അതിവിടുത്തെ കൃഷിക്കാർ ആണെന്ന് നിസംശയം പറയാം. The Irish Times - പോയ വർഷം തിരഞ്ഞെടുത്താ, രാജ്യത്തിലെ 17 ശതകോടിശ്വരന്മാരിൽ 4 പേരും കൃഷിയും, കന്നുകാലി വിപണനുമായിട്ടുള്ള പശ്ചാത്തലത്തിൽ നിന്നുള്ളവർ ആയിരുന്നു. ബീഫ് കയറ്റുമതിയിലൂടെ രാജ്യത്തെ കോടീശ്വരന്മാരിൽ മുൻപന്തിയിൽ നിൽക്കുന്നാ, ABP Food Grop ഉടമസ്ഥനും, 2.46 ബില്യൻ സമ്പത്തിന് ഉടമയുമായ ലാറി ഗുഡ്മാൻ, യുക്കെയിലെ സഫോക്ക് കൗണ്ടി, എൽവേഡീൻ എസ്റ്റേറ്റിൽ മാത്രം  22,500 ഏക്കറിൽ ഉരുളക്കിഴങ്ങ്, ഉള്ളി തുടങ്ങിയ കൃഷിയുടെ ഉടമസ്‌ഥനും, കൂടാതെ അയർലൻഡിലെ പല കൗണ്ടികളിലും , വലിയ കൃഷി ഇടങ്ങൾ പാട്ടത്തിനെടുത്ത് കൃഷിയിറക്കി  കോടികൾ കൊയ്യുന്നാ, നേഡ് ഗിന്നസ് തുടങ്ങിയവരൊക്കെ, അയർലൻഡിൽ മണ്ണിൽ പൊന്നുവിളയിച്ച് കാശുണ്ടാക്കിയവരിൽ ഉത്തമ ഉദാഹരണങ്ങളാണ്.


കണ്ണെത്താ ദൂരത്തോളം വിളഞ്ഞുകിടക്കുന്നാ ഗോതമ്പ്, ബാർലി വയലുകളും, പച്ചപുതഞ്ഞ കുന്നിൻ ചെരുവിലും, പുൽമേടുകളിലും അലസമായി അലഞ്ഞു നടക്കുന്നാ കന്നുകാലി- ചെമ്മരിയാടുകളും, ഓരോ ഗ്രാമത്തിലും സജീവമായി പ്രവർത്തിക്കുന്നാ ഒന്നിലധികം
ഡെയറി - ഇറച്ചി ഫാർമുകളും, കൃഷിക്കാരുടെ ആവശ്യത്തിൽ അവരോടൊപ്പം   ഉത്തരവാദിത്വബോധത്തോടെ നിൽക്കുന്നാ  ഗവർണ്മെന്റും, What is your job ? എന്ന് ചോദിക്കുമ്പോൾ, 'I am a farmer !' എന്ന് അഭിമാനത്തോടെ പറയുന്നാ തദ്ദേശവാസിയായ ഓരോ കൃഷിക്കാരനുമാണ്,
അയർലൻഡിലെ കൃഷിയുടെയും, ഈ നാട്ടിലെ ജീവിതരീതിയുടെയും, നേർക്കാഴ്ചയുടെ സാക്ഷ്യമാകുന്നത്.






No comments:

Post a Comment

ഒരു മൈ** പുരാണം..!

ഒരു മൈ** പുരാണം..!  കേരളത്തിൻ്റെ വടക്കേയറ്റമായ മഞ്ചേശ്വരം മുതൽ, തെക്കേറ്റമായ പാറശാല വരെയുള്ള മലയാളികളിലെ ഭൂരിഭാഗവും, അവരവരുടെ വികാരക്ഷോഭപ്രക...