Wednesday, November 20, 2024

ബാംഗ്ലൂർ ജീവിതവും, സന്തോഷ് ചേട്ടനും പിന്നെ രാഹുൽ ദ്രാവിഡും..!

ബാംഗ്ലൂർ ജീവിതവും, സന്തോഷ് ചേട്ടനും പിന്നെ രാഹുൽ ദ്രാവിഡും..! 

ബാംഗ്ലൂർ ജീവിതത്തിലെ 2005 കാലഘട്ടത്തിൽ ആണ് സന്തോഷ് ചേട്ടനുമൊത്തുള്ള ഊഷ്മളമായ സൗഹൃദം തുടങ്ങുന്നത്. സുഹൃത്തുക്കളായ ബിജു ചേട്ടൻ്റെയും, അളിയൻ ജിമ്മിയുടെയും വീട്ടിൽ വെച്ചാണ് ആദ്യമായി സന്തോഷ് ചേട്ടനെ കാണുന്നത്. പുതിയ സുഹൃത്തിന് ഷേക്ക് ഹാൻഡ് കൊടുക്കുമ്പോൾ ബിജു ചേട്ടൻ പറഞ്ഞു,

"എടാ, ഇത് എൻ്റെ കൂട്ടുകാരൻ സന്തോഷ്, ഇവിടെ ഡ്രൈവർ ആയിട്ട് ജോലി ചെയ്യുന്നു..!" 

ബിജു ചേട്ടൻ്റെ പരിചയപ്പെടുത്തലിൽ, ഒരു മലയാളിയായ ഡ്രൈവർ ചേട്ടനോടുള്ള സാധാ ഷേക്ക് ഹാൻഡിൽ ഒതുങ്ങിയപ്പോൾ, ജിമ്മിച്ചൻ പറഞ്ഞു,

"എടാ അനിലേ, സന്തോഷ് ചേട്ടൻ ആളൊരു പുലിയാണ്..! പുള്ളിക്കാരൻ ആണ് നമ്മുടെ രാഹുൽ ദ്രാവിഡിൻ്റെ പേഴ്സണൽ ഡ്രൈവർ..!"

രാഹുൽ ദ്രാവിഡിൻ്റെ ഡ്രൈവർ എന്ന് കേട്ടപ്പോൾ ഷേക്ക് ഹാൻഡ് കൊടുത്ത കൈകൾ കൂടുതൽ ദൃഢമായി.

രാഹുൽ ദ്രാവിഡ് അന്ന്, ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ അഭിവാജ്യ ഘടകവും, ഇന്ത്യൻ ക്യാപ്റ്റനുമായി തിളങ്ങി നിൽക്കുന്ന സമയം. പിന്നീടുള്ള ഞങ്ങൾ സുഹൃത്തുക്കളും, സന്തോഷ് ചേട്ടനുമൊത്തുള്ള ബിയറിൽ നുരയുന്ന സായാഹ്നങ്ങളിൽ, ദ്രാവിഡിൻ്റെ വീട്ട് വിശേഷങ്ങളും, ദിനചര്യയും, അദ്ദേഹം കാറിൽ സഞ്ചരിക്കുമ്പോൾ സംസാരിക്കുന്ന വിഷയങ്ങളും, ക്രിക്കറ്റ് പരിശീലനരീതികളുമായി കൂടുതൽ സംവാദ-വിഷയങ്ങൾ. 

അക്കാലത്ത് ദ്രാവിഡിൻ്റെ വീട് ജയനഗറിൽ ആണ്. അവിടെ അദ്ദേഹത്തിൻ്റെ വീട് കാണുവാൻ എത്തുന്ന ആരാധക വൃന്ദത്തിൽ, പ്രത്യേകിച്ച് അദ്ദേഹത്തിൻ്റെ ഒരു ദർശനത്തിനായി വെമ്പൽ കൊള്ളുന്ന തരുണിമണികൾ, ആ ആഗ്രഹം പൂർത്തീകരിക്കാനാവാതെ, ദ്രാവിഡിൻ്റെ കാറിനൊപ്പവും, കൂടെ അദ്ദേഹത്തിൻ്റെ ഡ്രൈവറുടെയും കൂടെയും നിന്ന് ഫോട്ടോകൾ എടുത്ത് സായൂജ്യമടഞ്ഞ് മടങ്ങുന്നത്, അങ്ങേയറ്റം ഹർഷപുളകത്തോടെയാണ് സന്തോഷ് ചേട്ടൻ പങ്ക് വെച്ചിരുന്നത്. മാത്രമല്ലാ, ദ്രാവിഡിന് പരിശീലനത്തിനായി Adidas, Puma തുടങ്ങിയ വൻകിട ബ്രാൻഡുകൾ നൽകിയിരുന്ന ഷൂസുകൾ, അദ്ദേഹം പിന്നീട് സന്തോഷ് ചേട്ടന് സമ്മാനിച്ചിരുന്നത് സ്നേഹത്തോടെ ഞങ്ങൾക്കും നൽകാനും, സന്തോഷ് ചേട്ടൻ്റെ സൗഹൃദം സന്മസ് കാണിച്ചിരുന്നു.

സന്തോഷകരമായ ആ ഡ്രൈവർ ജീവിതത്തിനൊരു അപവാദം ഉണ്ടായത് 2007-ലെ ഒരു മാർച്ച് മാസത്തിലാണ്. ആ വർഷം ക്രിക്കറ്റ് വേൾഡ് കപ്പ് മത്സരം വെസ്റ് ഇൻഡീസിൽ നടക്കുന്നു. ഏറെ പ്രതീക്ഷയോടെ കൊട്ടിഘോഷിക്കപ്പെട്ട് പുറപ്പെട്ടാ അന്നത്തെ മഹാരഥന്മാർ അടങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീം, ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോടും, തുടർന്ന് ശ്രീലങ്കയോടും അമ്പേ പരാജയപ്പെട്ട് ഇന്ത്യയിൽ തിരിച്ച് എത്തുന്നു. ഇന്ത്യൻ ടീമിന് എതിരെ കനത്ത പ്രതിഷേധം രാജ്യമെങ്ങും അലയടിക്കുന്ന സമയം. അപ്പോഴാണ് ബാംഗ്ലൂരിലെ അന്നത്തെ പഴയ എയർപോർട്ടായ, HAL- എയർപോർട്ടിൽ, ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ് ഫ്ലൈറ്റ് ഇറങ്ങുന്നത്. ബാംഗ്ലൂരിലും പ്രതിഷേധ പ്രകടനവുമായി ദ്രാവിഡിനെ സ്വീകരിക്കാൻ വെട്ട് കിളികളായ ആരാധകരും, അവരെ നിലയ്ക്ക് നിർത്താൻ വൻ പോലീസ് സന്നാഹവും തമ്പടിച്ചിരിക്കുന്നു. ബാംഗ്ലൂർ പോലീസ് സേന വളരെയേറെ പ്രയാസപ്പെട്ട് ദ്രാവിഡിനെ കാറിൽ കയറ്റിയപ്പോൾ, കലിപ്പ് അടങ്ങാത്ത ഭ്രാന്തമാരായ ആരാധകർ, ദ്രാവിഡിനോട് നേരിട്ട് തീർക്കാൻ പറ്റാത്ത കൈ തരിപ്പ് ഡ്രൈവർ സീറ്റിൽ ഇരുന്നിരുന്ന നമ്മുടെ കഥാനായകനോട് തീർക്കുന്നു. പതിവുപോലെ, ആ ആഴ്ചയിലെ ഞായറാഴ്ചയിൽ 'ചിയേർസ്' പറയുവാൻ സന്തോഷ് ചേട്ടൻ വന്നപ്പോൾ പുള്ളിക്കാരൻ്റെ കവിളിലും, കണ്ണിൻ്റെ മുകളിലും ആരാധകരുടെ സ്നേഹവായ്പ്പുകളുടെ കരുവാളിപ്പ് വളരെ സ്പഷ്ടമായിരുന്നു. 

അക്കാലത്ത് നടന്നൊരു ഇന്ത്യാ - ഇംഗ്ലണ്ട് പരമ്പരയിൽ മാൻ ഓഫ് ദി മാച്ചിന് അർഹനായ ദ്രാവിഡിന് അന്നത്തെ പോപ്പുലർ ബൈക്കുകളിൽ ഒന്നായ TVS Victor സമ്മാനമായി ലഭിച്ചു. പുരസ്കാരമായ ലഭിച്ച ആ ബൈക്ക് സ്നേഹത്തോടെ തൻ്റെ ഡ്രൈവർക്ക് ദ്രാവിഡ് സമ്മാനമായി നൽകി. പീന്നീട് സന്തോഷ് ചേട്ടൻ വീട്ടിൽ വരുമ്പോൾ ആ ബൈക്കിൽ കയറുന്നതും, ഓടിക്കുന്നതും അഭിമാനത്തോടെയാണ് കണ്ടിരുന്നത്. ഇന്ത്യൻ ഓയിൽ നിന്ന് പ്രതിമാസം 15 ലിറ്റർ പെട്രോൾ ഫ്രീയായിട്ട് ദ്രാവിഡിൻ്റെ പേരിൽ അന്ന് കിട്ടുമായിരുന്നു. ഒരിക്കൽ ആ പെട്രോൾ അലവൻസ് മേടിക്കാൻ ഞാനും, സന്തോഷ് ചേട്ടനും മാർത്തഹള്ളി പമ്പിൽ ചെല്ലുന്നു, വണ്ടിയിൽ പെട്രോളും അടിച്ച് വരുന്ന വഴിക്ക് വണ്ടി ഓടിച്ചിരുന്ന എനിക്ക് തലയിൽ ഹെൽമെറ്റ് ഇല്ലാത്ത കുറ്റത്തിന് ട്രാഫിക് പോലീസ് Brookfield ജംങ്ഷനിൽ ഇട്ട് പിടിച്ചു. ബൈക്കിൻ്റെ RC ബുക്ക് ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിൻ്റെ പേരിലും, അദ്ദേഹത്തിൻ്റെ ഡ്രൈവർ കൂടെ ഉള്ളതിനാലും തെല്ലും ഭയമില്ലാതെ പോലീസിനോട് വണ്ടിയുടെ ബുക്കും, പേപ്പറും കാണിക്കുന്നു. ദ്രാവിഡിൻ്റെ ബൈക്ക് ആണെന്ന് അറിഞ്ഞപ്പോൾ അമ്പരപ്പും, ആശ്ചര്യവും ഉളവായ ആ പോലീസ് ഏമാന്, പിന്നെ അതിൽ ഇരുന്ന് ഒരു ഫോട്ടോ എടുക്കണം എന്നായി പിന്നീടുള്ള ആഗ്രഹം. ഒന്നോ രണ്ടോ ഫോട്ടോ എടുത്താലും സാരമില്ലാ പെറ്റി കേസായ 100 രൂപാ അടയ്ക്കാതെ രക്ഷപെടുമല്ലോ എന്നൊരു ആശ്വാസത്തിൽ ഞങ്ങളും. 

പെറ്റി ഒഴിവാകാനായി ഒരു പഞ്ചിന് കന്നഡയിൽ പറഞ്ഞു:

" ഇന്ത്യൻ ക്യാപ്റ്റൻ ബൈക്ക് മേലെ കുത് ഫോട്ടോ തകസിക്കൊണ്ടാ, ബംഗളൂരിനാ മൊതലാ പോലീസ് ഓഫീസർ, സാർ നീവു..!"

( ഇന്ത്യൻ ക്യാപ്റ്റൻ്റെ ബൈക്കിൽ ഇരുന്ന് ഫോട്ടോ എടുത്താ, ബാംഗ്ലൂരിലെ ആദ്യത്തെ പോലീസ് ഓഫീസർ ആണ്, സാർ താങ്കൾ..!)

അതൊരു 'ക്രെഡിറ്റ്' തന്നെയാണ് എന്ന് സന്തോഷ് ചേട്ടനും അടിവരയിട്ട് വീണ്ടും പറയുന്നു.

അർഥഗർഭമായ ഒരു ചിരിയോടെ പെറ്റി ചീട്ട് എഴുതി ഞങ്ങളുടെ നേരെ നീട്ടിയട്ട് ആ പോലീസ്കാരൻ പറഞ്ഞു, 

"ഇന്ത്യൻ ക്യാപ്റ്റൻ്റെ ബൈക്കെ ദണ്ടാ വിധിസുധാ മൊതലാ പോലീസ് കൂഡാ നാനെ..!
ആ ക്രെഡിറ്റ് നനകേ സാക്കൂ"

(ഇന്ത്യൻ ക്യാപ്റ്റൻ്റെ ബൈക്കിന് പെനാലിറ്റി അടിച്ച ആദ്യ പോലീസ്കാരനും ഞാൻ തന്നെ, എനിക്ക് ആ ക്രെഡിറ്റ് മതി..! )

No comments:

Post a Comment

Sanjo Joseph Script writer of Falimy & Hello Mummy..!

കൂട്ടുകാരന്, പിറന്തനാൾ വാഴ്ത്തുക്കൾ..! തൻ്റെ തൂലിക കൊണ്ട് മലയാള സിനിമ മേഖലയിൽ തൻ്റേതായ ശൈലിയിൽ കഥയും, തിരക്കഥയും, സംഭാഷണങ്ങളും ര...