Monday, April 21, 2025

മുസ്ലീം സ്ത്രീയുടെ കാൽ കഴുകി ചുംബിച്ച മാർപാപ്പ.

ആഡംബരത്തിൽ അഭിരമിച്ചിരുന്ന കത്തോലിക്കാ സഭയിലെ ഒരുപറ്റം മെത്രാന്മാരുടെയും, വൈദികരുടെയും നെറ്റി ചുളിഞ്ഞ സംഭവമായിരുന്നു 2013 -ലെ പെസഹാവ്യാഴാഴ്ചയിലെ കാൽകഴുകൽ ശുശ്രൂഷയിൽ വത്തിക്കാനിൽ അരങ്ങേറിയത്. അന്നേവരെയുള്ള പെസഹാവ്യാഴാഴ്ച
കാൽകഴുകൽ ചടങ്ങിൽ കത്തോലിക്കാ സമൂഹത്തിലെ പ്രമാണിമാരുടെയും, ഉന്നതകുലജാതരുടെയും കാലുകളാണ് മെത്രാന്മാരും, വൈദികരും കഴുകി ചുംബിച്ചു ഇരുന്നതെങ്കിൽ, അതിന് വിപരീതമായി താൻ മാർപാപ്പയായിട്ട് ആദ്യമായി ഈ ശുശ്രൂഷയിൽ അദ്ദേഹം കാൽകഴുകി ചുംബിച്ചത്, റോമിൽ ജയിലിൽ കഴിയുന്ന കുടിയേറ്റക്കാരായ മുസ്ലീം സ്ത്രീയും, ഓർത്തഡോക്സ് സഭാംഗവും ഉൾപ്പെടുന്ന, സമൂഹത്തിൽ അവഗണിക്കപ്പെട്ട 12 പേരെയായിരുന്നു.
തുടർന്നുള്ള പ്രസംഗത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു;

"All of us together: Muslims, Hindus, Catholics, Copts, Evangelicals. But all brothers and children of the same God," 

നസ്രായക്കാരൻ്റെ അനുയായി എങ്ങനെ ആയിരിക്കണമെന്ന് ലോകത്തെ കാണിച്ച് തന്നതായിരുന്നു പിന്നീടുള്ള അദ്ദേഹത്തിൻ്റെ ജീവിതം. ആഡംബര നിബിഡമായ 
വത്തിക്കാനിലെ ഔദ്യോഗിക 
പേപ്പൽ കൊട്ടാരവസതിയിൽ താമസിക്കാൻ ഫ്രാൻസിസ് തയ്യാറായില്ല. പകരം വത്തിക്കാനിലെ 
ഗസ്റ്റ്ഹൗസിലെ ചെറിയ ഒരു മുറിയിൽ,
സ്വയം ഭക്ഷണം പാകം ചെയ്ത് കൊണ്ടായിരുന്നു കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ ഏറെയായി അദ്ദേഹം ജീവിച്ച് വന്നിരുന്നത്. ആഡംബര വാഹനം ഒഴിവാക്കിയും, പൊതുഗതാഗത സംവിധാനത്തിൽ കൂടുതൽ യാത്രകൾ ചെയ്തിരുന്ന അദ്ദേഹം, ജനകീയനായ മാർപാപ്പയായി ജനമനസുകൾ കീഴടക്കി. 

സഭയിലെ പുഴുക്കുത്തുക്കളായ ചില 
മെത്രാന്മാരും, വൈദികരും
ബാലപീഡനം, ബലാത്സംഗം, സാമ്പത്തിക അട്ടിമറി തുടങ്ങിയ കേസുകളിൽ അകപ്പെട്ടപ്പോൾ അവർക്ക് എതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുകയും, അവർ മൂലം വന്ന് പോയ തെറ്റിന് ലോകത്തോട് മുഴുവൻ തല കുമ്പിട്ട് മാപ്പ് അപേക്ഷിക്കുകയും ചെയ്തത്,
മാർപാപ്പ എന്നതിനേക്കാൾ ഉപരി ഒരു മനുഷ്യൻ എന്നതിൻ്റെ ഉത്തമ ഉദാഹരണമായിട്ടാണ് ലോകം വിലയിരുത്തിയത്. 
 
ഫ്രാൻസിസ് മാർപാപ്പ മരണത്തിലും ലാളിത്യം ആഗ്രഹിച്ചിരുന്നു. സൈപ്രസ്, ഓക്ക്, വാക മരത്തടികൾ കൊണ്ടു നിർമിച്ച 3 പെട്ടികൾക്കുള്ളിലായി മാർപാപ്പമാരെ അടക്കം ചെയ്യുന്ന ആചാരത്തിനു പകരം തനിക്ക് സാധാരണ തടിപ്പെട്ടി മതിയെന്ന് അദ്ദേഹം നേരത്തെ തന്നെ നിർദേശിച്ചിരുന്നു. ദീർഘമായ പൊതുദർശനം, നീണ്ട അന്ത്യോപചാര ചടങ്ങുകൾ ഇവയൊന്നും വേണ്ടെന്നും നിർദേശത്തിലുണ്ട്. മുൻ മാർപാപ്പമാരെ അടക്കം ചെയ്യുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു പകരം റോമിലെ സെന്റ് മേരി മേജർ പള്ളിയിൽ അടക്കിയാൽ മതിയെന്നും അദ്ദേഹം നേരത്തെ നിർദേശിച്ചിരുന്നു.

പരമ്പരാഗത മാർപാപ്പമാരുടെ സ്വർണ സിംഹാനം ഉപേക്ഷിച്ച്, സാധാരണ മരകസേരയിൽ ഇരുന്ന് ലോകത്തെ നയിച്ച ആ വലിയ ഇടയൻ്റെ സ്ഥാനം, ജനമനസുകളിലെ സ്വർണ സിംഹാനത്തിൽ തന്നെയാണ് എന്നുള്ള കാര്യത്തിൽ സംശയം ഇല്ലാ..!

Sunday, January 26, 2025

നരസിംഹം റിലീസ്; ജനുവരി 26, 2000.

മലയാളത്തിൻ്റെ നരസിംഹത്തിന്  ഇന്നേയ്ക്ക് 25 വയസ്സ്; ആരായിരുന്നു തിരശ്ശീലയിൽ മറഞ്ഞിരുന്ന നരസിംഹത്തിലെ
ആ ശക്തനായ കഥാപാത്രം ? 


ശക്തമായ കഥാപാത്രങ്ങളിലൂടെയും, 
ചടുലമായ സംഭാഷങ്ങളിലൂടെയും, കോരിത്തരിപ്പിക്കുന്ന
ആക്ഷൻ രംഗങ്ങളിലൂടെയും എക്കാലത്തെയും മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ നരസിംഹത്തിൽ, അഭ്രപാളികൾക്ക് ഇടയിൽ മറഞ്ഞിരുന്നതും, എന്നാൽ
സിനിമയിലെ കഥയിൽ കൃത്യമായ ഇടവേളകളിൽ സാന്നിധ്യം അറിയിച്ചു കൊണ്ട് ഇടയ്ക്കിടെ മറ്റുള്ളവരുടെ വാക്കുകളിൽ പ്രത്യക്ഷപ്പെട്ടതും, കഥയുടെ നിർണ്ണായക സന്ദർഭങ്ങളിൽ തൻ്റെ പ്രിയപ്പെട്ട സുഹൃത്തും, സഹപാഠിയുമായിരുന്ന
ഇന്ദുചൂഡന് എല്ലാവിധ സഹായങ്ങളും, നൽകിയിരുന്ന, മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പൊളിറ്റിക്കൽ സെക്രട്ടറി 'രവി' ആരായിരുന്നു.. ? 

സിനിമയുടെ തുടക്കത്തിൽ, കേരള രാഷ്ട്രീയത്തിലെ ഭീക്ഷ്മാചര്യൻ മണ്ണപ്പള്ളി മാധവൻ നമ്പ്യാരുടെ സംസ്കാരചടങ്ങിലാണ്, ആദ്യമായി ഭരണസിരാകേന്ദ്രത്തിൽ അത്രയം ശക്തനായൊരു 'രവി'യുടെ സൂചന മാധവൻ നമ്പ്യാരുടെ P.A. ദിവാകരൻ പ്രേക്ഷകരോട്  പറയുന്നത്. 

സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മൂപ്പിൽ നായർ തികഞ്ഞ ജിജ്ഞാസയോടെ മാധവൻ നമ്പ്യാരുടെ മകൻ പവിത്രനോട് ചോദിക്കുന്നു,

"മന്ത്രിമാർ ആരൊക്കെ വരും ..? "

പവിത്രൻ മറുപടി പറയുന്നു;

"ഭരണം നമ്മുടെ കയ്യിൽ അല്ലല്ലോ, എന്നാലും അച്ഛൻ വളർത്തി വലുതാക്കിയ ചിലരൊക്കെ ഘടക കക്ഷികളിൽ ഉണ്ട്. 
ഏതായാലും വനംവകുപ്പിൻ്റെ കുറുപ്പ് എത്തും..!"

ഉടനെ ദിവാകരൻ ഓടി വന്ന് പറയുന്നു,

" പവിത്രാ, മിനിസ്റ്റർ ഇല്ലാ, കോഴിക്കോട് ഒരു അർജൻ്റ് പാർട്ടി മീറ്റിംഗ്..!" 

പവിത്രൻ:
" നന്ദി കെട്ടവൻ, ഛെ ..!
കളക്ടറോ..?"

ദിവാകരൻ:

" കളക്റ്റർ, തിരുവനന്തപുരത്താ ഇന്നലെ വൈകിട്ട് പോയി..!"

സംസാരം കേട്ട് നിന്നിരുന്ന സുധീരൻ കണ്ണൂർ SP ( സായികുമാർ) :
"പിന്നെ ഏത് എരപ്പാളി ഉണ്ട് ഇവിടെ..? ഇവിടുത്തെ റൂറൽ എസ്പിയെ വിളിച്ചപ്പോൾ ലോങ് ലീവ്, സി ഐ യും കൂട്ടരും എത്താമെന്ന്.."

ദിവാകരൻ:

"ആരോ കേറി കളിക്കുന്നുണ്ട്, ഒരു ഒതുക്ക് നടക്കുന്നുണ്ട്..!" 


കേരള രാഷ്ട്രീയത്തിലെ അതികായനായ  ഒരു മുൻ ഹോം മിനിസ്റ്ററുടെ മരണാനന്തര കർമ്മങ്ങളിൽ പങ്കെടുക്കാൻ  മന്ത്രിയെയും, കലക്ടറെയും, എസ്പിയെയും 
അനുവദിക്കാതെ, പൊളിറ്റിക്കൽ ലെവലിൽ നിന്ന് കൊണ്ട്, അവരെ 'ഒതുക്കുവാൻ' തക്കവണ്ണം മർമ്മം അറിഞ്ഞ് കളിക്കുന്ന, പൊളിറ്റിക്കൽ- ഉദ്യോഗസ്ഥമേധാവിത്വ തന്ത്രം പയറ്റി, സിനിമയുടെ തുടക്കത്തിലെ,
അണിയറയിൽ നിന്ന് കൊണ്ട് രവി കരുത്ത് തെളിയിക്കുന്നു. 

പീന്നീട് അങ്ങോട്ട് സിനിമയുടെ പലവിധ സന്ദർഭങ്ങളിലും രവിയുടെ സാന്നിധ്യം മനസിലാക്കുവാൻ പറ്റുന്നുണ്ടെങ്കിലും, അദ്ദേഹത്തിൻ്റെ കൃത്യമായ ഒരു റഫറൻസ് പീന്നീട് കൊണ്ടു വരുന്നത് ഡിവൈഎസ്പി ശങ്കർ നാരായണൻ ആണ്.

'ഇങ്ങോട്ടുള്ള സ്ഥലം മാറ്റം ഇപ്പോൾ ഇതെങ്ങനെ ഒപ്പിച്ചു' എന്ന് കല്ലട്ടി വാസുദേവൻ ചോദിക്കുമ്പോൾ ഡിവൈഎസ്പി ശങ്കരനാരായണൻ പറയുന്നു,

" ഓ.. അതോ, കഴിഞ്ഞ ആഴ്ച്ച ത്രിശൂർ രാമനിലയത്തിൽ വെച്ച് CM  ൻ്റെ കൂടെ 
ഞാൻ അവനെ കണ്ടിരുന്നു, CM ൻ്റെ പൊളിറ്റിക്കൽ സെക്രട്ടറി രവി, അവനാണല്ലോ CM നെ മുൻനിർത്തി ഹോം ഡിപ്പാർട്ട്മെൻ്റ് ഭരിക്കുന്നത്. അവൻ എന്നോട് ഒരു ചോദ്യം. എന്താ മിസ്റ്റർ ശങ്കരനാരായണൻ നിങ്ങളുടെ ഒരു ട്രാൻസ്ഫർ റിക്വസ്റ് കണ്ടല്ലോ, അതിന് ഓർഡർ ഇടണ്ടേയെന്ന്..? 
ഈ പരപൂ.. മോനെ പണ്ട് ഞാൻ പാലക്കാട് വിക്റ്റോറിയ കോളജിൻ്റെ നട തൊട്ട്, കോട്ട മൈതാനം വരെ ഓടിച്ചിട്ട് തല്ലിയട്ടുള്ളതാ..!
 ഹ..ഹ.. നമ്മൾക്ക് ഉടനെ അത് ശരിയാക്കാം എന്ന് പറഞ്ഞപ്പോൾ ഞാൻ ഓർത്തു അവൻ എന്നെ ഒന്ന് ആക്കിയത് ആണെന്ന്..."

രവിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് ഡിവൈഎസ്പി ശങ്കരനാരായണൻ തൻ്റെ പഴയ തട്ടകത്തിലേക്ക് ട്രാൻസ്ഫർ മാറി വന്നിരിക്കുന്നുവെന്ന് അദ്ദേഹത്തിൻ്റെ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാകുന്നു. 

എന്നാൽ പിന്നീട് രംഗപ്രവേശം ചെയ്യുന്ന സി ഐ ഹബീബ് എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ കാര്യങ്ങൾ കൂടുതൽ  വ്യക്തമായി വിവരിക്കുന്നു. 

" സാർ, ഈ അവൻ എന്ന് പറഞ്ഞാൽ 
 ഇന്ദുചൂഡനെയാണ് ഉദ്ദേശിച്ചത് എങ്കിൽ 
അയാൾ സാറിൻ്റെ വരവും കാത്ത് ഇരിക്കുകയാണ്. അയാൾ ആണ് സാർ, സാറിനെ ഇങ്ങോട്ട് ട്രാൻസ്ഫർ ചെയ്യിച്ചത്."

ഡിവൈഎസ്പി ശങ്കരനാരായണൻ: 
" മനസ്സിലായില്ല..!"

CI ഹബീബ്:  ഹോം ഡിപ്പാർട്ട്മെൻ്റിൽ ഞാനും, സാറും,  ഇനിയും ഉള്ളിലേക്ക് പോയാൽ അങ്ങ് കൊമ്പത്ത് ഇരിക്കുന്നവർ വരെ എവിടെയിരുന്ന് ജോലി ചെയ്യണമെന്ന് തീരുമാനിക്കുന്ന CM ൻ്റെ വിശ്വസ്തനായ പൊളിറ്റിക്കൽ സെക്രട്ടറി രവി, ഇന്ദുചൂഡൻ്റെ ചുരുക്കം ചില സുഹൃത്തുക്കളിൽ ഒരാളാണ്. അവർക്ക് രണ്ട് പേർക്കും ഒപ്പം പാലക്കാട് വിക്റ്റോറിയയിൽ  ഒരേ ക്ലാസ്സിൽ ഇരുന്ന് പഠിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്....!"


പോൾ ആസാദിൻ്റെ ദുരൂഹ 
കൊലപാതകത്തിൽ, ഒരു 
കള്ളക്കേസ് ചമച്ച് ഉണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥനാണ്, സുഹൃത്തുക്കളുടെ എല്ലാം പൊതുശത്രുവായ ശങ്കരനാരായണൻ. മാത്രമല്ലാ, ആ കേസ് മനോഹരമായി ഫ്രെയിം ചെയ്ത്, ഇന്ദുചൂഡനെന്നാ സിവിൽ സർവ്വീസ് ഉദ്യോഗാർത്ഥിയെ, കോടതിയിൽ നിന്ന് ആറ് വർഷത്തെ കഠിനതടവ് വാങ്ങിച്ച് കൊടുക്കുവാനും ചുക്കാൻ പിടിച്ചതും പ്രസ്തുത ഉദ്യോഗസ്ഥൻ 
തന്നെ. തൻ്റെ ആ പഴയ ശത്രുവായ ശങ്കരനാരായണൻ എന്നാ പൊലീസ്കാരനെ വീണ്ടും ഇന്ദുചൂഡൻ്റെ 
കൈകളിലേക്ക് സമർത്ഥമായി ഇട്ട് കൊടുത്ത്, പണ്ട് തന്നെ പാലക്കാട് നഗരത്തിലൂടെ ഓടിച്ചിട്ട് തല്ലിയതിനുള്ള 
മധുരമായ ഒരു പ്രതികാരം കൂടി, വർഷങ്ങൾക്ക് ശേഷം നടപ്പിലാക്കിയതും, 
തന്ത്രജ്ഞനായ പൊളിറ്റിക്കൽ സെക്രട്ടറി
രവിയുടെ മറ്റൊരു  ബ്യൂറോക്രാറ്റിക് കൗശലതന്ത്രം. 

Wednesday, November 20, 2024

ബാംഗ്ലൂർ ജീവിതവും, സന്തോഷ് ചേട്ടനും പിന്നെ രാഹുൽ ദ്രാവിഡും..!

ബാംഗ്ലൂർ ജീവിതവും, സന്തോഷ് ചേട്ടനും പിന്നെ രാഹുൽ ദ്രാവിഡും..! 

ബാംഗ്ലൂർ ജീവിതത്തിലെ 2005 കാലഘട്ടത്തിൽ ആണ് സന്തോഷ് ചേട്ടനുമൊത്തുള്ള ഊഷ്മളമായ സൗഹൃദം തുടങ്ങുന്നത്. സുഹൃത്തുക്കളായ ബിജു ചേട്ടൻ്റെയും, അളിയൻ ജിമ്മിയുടെയും വീട്ടിൽ വെച്ചാണ് ആദ്യമായി സന്തോഷ് ചേട്ടനെ കാണുന്നത്. പുതിയ സുഹൃത്തിന് ഷേക്ക് ഹാൻഡ് കൊടുക്കുമ്പോൾ ബിജു ചേട്ടൻ പറഞ്ഞു,

"എടാ, ഇത് എൻ്റെ കൂട്ടുകാരൻ സന്തോഷ്, ഇവിടെ ഡ്രൈവർ ആയിട്ട് ജോലി ചെയ്യുന്നു..!" 

ബിജു ചേട്ടൻ്റെ പരിചയപ്പെടുത്തലിൽ, ഒരു മലയാളിയായ ഡ്രൈവർ ചേട്ടനോടുള്ള സാധാ ഷേക്ക് ഹാൻഡിൽ ഒതുങ്ങിയപ്പോൾ, ജിമ്മിച്ചൻ പറഞ്ഞു,

"എടാ അനിലേ, സന്തോഷ് ചേട്ടൻ ആളൊരു പുലിയാണ്..! പുള്ളിക്കാരൻ ആണ് നമ്മുടെ രാഹുൽ ദ്രാവിഡിൻ്റെ പേഴ്സണൽ ഡ്രൈവർ..!"

രാഹുൽ ദ്രാവിഡിൻ്റെ ഡ്രൈവർ എന്ന് കേട്ടപ്പോൾ ഷേക്ക് ഹാൻഡ് കൊടുത്ത കൈകൾ കൂടുതൽ ദൃഢമായി.

രാഹുൽ ദ്രാവിഡ് അന്ന്, ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ അഭിവാജ്യ ഘടകവും, ഇന്ത്യൻ ക്യാപ്റ്റനുമായി തിളങ്ങി നിൽക്കുന്ന സമയം. പിന്നീടുള്ള ഞങ്ങൾ സുഹൃത്തുക്കളും, സന്തോഷ് ചേട്ടനുമൊത്തുള്ള ബിയറിൽ നുരയുന്ന സായാഹ്നങ്ങളിൽ, ദ്രാവിഡിൻ്റെ വീട്ട് വിശേഷങ്ങളും, ദിനചര്യയും, അദ്ദേഹം കാറിൽ സഞ്ചരിക്കുമ്പോൾ സംസാരിക്കുന്ന വിഷയങ്ങളും, ക്രിക്കറ്റ് പരിശീലനരീതികളുമായി കൂടുതൽ സംവാദ-വിഷയങ്ങൾ. 

അക്കാലത്ത് ദ്രാവിഡിൻ്റെ വീട് ജയനഗറിൽ ആണ്. അവിടെ അദ്ദേഹത്തിൻ്റെ വീട് കാണുവാൻ എത്തുന്ന ആരാധക വൃന്ദത്തിൽ, പ്രത്യേകിച്ച് അദ്ദേഹത്തിൻ്റെ ഒരു ദർശനത്തിനായി വെമ്പൽ കൊള്ളുന്ന തരുണിമണികൾ, ആ ആഗ്രഹം പൂർത്തീകരിക്കാനാവാതെ, ദ്രാവിഡിൻ്റെ കാറിനൊപ്പവും, കൂടെ അദ്ദേഹത്തിൻ്റെ ഡ്രൈവറുടെയും കൂടെയും നിന്ന് ഫോട്ടോകൾ എടുത്ത് സായൂജ്യമടഞ്ഞ് മടങ്ങുന്നത്, അങ്ങേയറ്റം ഹർഷപുളകത്തോടെയാണ് സന്തോഷ് ചേട്ടൻ പങ്ക് വെച്ചിരുന്നത്. മാത്രമല്ലാ, ദ്രാവിഡിന് പരിശീലനത്തിനായി Adidas, Puma തുടങ്ങിയ വൻകിട ബ്രാൻഡുകൾ നൽകിയിരുന്ന ഷൂസുകൾ, അദ്ദേഹം പിന്നീട് സന്തോഷ് ചേട്ടന് സമ്മാനിച്ചിരുന്നത് സ്നേഹത്തോടെ ഞങ്ങൾക്കും നൽകാനും, സന്തോഷ് ചേട്ടൻ്റെ സൗഹൃദം സന്മസ് കാണിച്ചിരുന്നു.

സന്തോഷകരമായ ആ ഡ്രൈവർ ജീവിതത്തിനൊരു അപവാദം ഉണ്ടായത് 2007-ലെ ഒരു മാർച്ച് മാസത്തിലാണ്. ആ വർഷം ക്രിക്കറ്റ് വേൾഡ് കപ്പ് മത്സരം വെസ്റ് ഇൻഡീസിൽ നടക്കുന്നു. ഏറെ പ്രതീക്ഷയോടെ കൊട്ടിഘോഷിക്കപ്പെട്ട് പുറപ്പെട്ടാ അന്നത്തെ മഹാരഥന്മാർ അടങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീം, ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോടും, തുടർന്ന് ശ്രീലങ്കയോടും അമ്പേ പരാജയപ്പെട്ട് ഇന്ത്യയിൽ തിരിച്ച് എത്തുന്നു. ഇന്ത്യൻ ടീമിന് എതിരെ കനത്ത പ്രതിഷേധം രാജ്യമെങ്ങും അലയടിക്കുന്ന സമയം. അപ്പോഴാണ് ബാംഗ്ലൂരിലെ അന്നത്തെ പഴയ എയർപോർട്ടായ, HAL- എയർപോർട്ടിൽ, ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ് ഫ്ലൈറ്റ് ഇറങ്ങുന്നത്. ബാംഗ്ലൂരിലും പ്രതിഷേധ പ്രകടനവുമായി ദ്രാവിഡിനെ സ്വീകരിക്കാൻ വെട്ട് കിളികളായ ആരാധകരും, അവരെ നിലയ്ക്ക് നിർത്താൻ വൻ പോലീസ് സന്നാഹവും തമ്പടിച്ചിരിക്കുന്നു. ബാംഗ്ലൂർ പോലീസ് സേന വളരെയേറെ പ്രയാസപ്പെട്ട് ദ്രാവിഡിനെ കാറിൽ കയറ്റിയപ്പോൾ, കലിപ്പ് അടങ്ങാത്ത ഭ്രാന്തമാരായ ആരാധകർ, ദ്രാവിഡിനോട് നേരിട്ട് തീർക്കാൻ പറ്റാത്ത കൈ തരിപ്പ് ഡ്രൈവർ സീറ്റിൽ ഇരുന്നിരുന്ന നമ്മുടെ കഥാനായകനോട് തീർക്കുന്നു. പതിവുപോലെ, ആ ആഴ്ചയിലെ ഞായറാഴ്ചയിൽ 'ചിയേർസ്' പറയുവാൻ സന്തോഷ് ചേട്ടൻ വന്നപ്പോൾ പുള്ളിക്കാരൻ്റെ കവിളിലും, കണ്ണിൻ്റെ മുകളിലും ആരാധകരുടെ സ്നേഹവായ്പ്പുകളുടെ കരുവാളിപ്പ് വളരെ സ്പഷ്ടമായിരുന്നു. 

അക്കാലത്ത് നടന്നൊരു ഇന്ത്യാ - ഇംഗ്ലണ്ട് പരമ്പരയിൽ മാൻ ഓഫ് ദി മാച്ചിന് അർഹനായ ദ്രാവിഡിന് അന്നത്തെ പോപ്പുലർ ബൈക്കുകളിൽ ഒന്നായ TVS Victor സമ്മാനമായി ലഭിച്ചു. പുരസ്കാരമായ ലഭിച്ച ആ ബൈക്ക് സ്നേഹത്തോടെ തൻ്റെ ഡ്രൈവർക്ക് ദ്രാവിഡ് സമ്മാനമായി നൽകി. പീന്നീട് സന്തോഷ് ചേട്ടൻ വീട്ടിൽ വരുമ്പോൾ ആ ബൈക്കിൽ കയറുന്നതും, ഓടിക്കുന്നതും അഭിമാനത്തോടെയാണ് കണ്ടിരുന്നത്. ഇന്ത്യൻ ഓയിൽ നിന്ന് പ്രതിമാസം 15 ലിറ്റർ പെട്രോൾ ഫ്രീയായിട്ട് ദ്രാവിഡിൻ്റെ പേരിൽ അന്ന് കിട്ടുമായിരുന്നു. ഒരിക്കൽ ആ പെട്രോൾ അലവൻസ് മേടിക്കാൻ ഞാനും, സന്തോഷ് ചേട്ടനും മാർത്തഹള്ളി പമ്പിൽ ചെല്ലുന്നു, വണ്ടിയിൽ പെട്രോളും അടിച്ച് വരുന്ന വഴിക്ക് വണ്ടി ഓടിച്ചിരുന്ന എനിക്ക് തലയിൽ ഹെൽമെറ്റ് ഇല്ലാത്ത കുറ്റത്തിന് ട്രാഫിക് പോലീസ് Brookfield ജംങ്ഷനിൽ ഇട്ട് പിടിച്ചു. ബൈക്കിൻ്റെ RC ബുക്ക് ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിൻ്റെ പേരിലും, അദ്ദേഹത്തിൻ്റെ ഡ്രൈവർ കൂടെ ഉള്ളതിനാലും തെല്ലും ഭയമില്ലാതെ പോലീസിനോട് വണ്ടിയുടെ ബുക്കും, പേപ്പറും കാണിക്കുന്നു. ദ്രാവിഡിൻ്റെ ബൈക്ക് ആണെന്ന് അറിഞ്ഞപ്പോൾ അമ്പരപ്പും, ആശ്ചര്യവും ഉളവായ ആ പോലീസ് ഏമാന്, പിന്നെ അതിൽ ഇരുന്ന് ഒരു ഫോട്ടോ എടുക്കണം എന്നായി പിന്നീടുള്ള ആഗ്രഹം. ഒന്നോ രണ്ടോ ഫോട്ടോ എടുത്താലും സാരമില്ലാ പെറ്റി കേസായ 100 രൂപാ അടയ്ക്കാതെ രക്ഷപെടുമല്ലോ എന്നൊരു ആശ്വാസത്തിൽ ഞങ്ങളും. 

പെറ്റി ഒഴിവാകാനായി ഒരു പഞ്ചിന് കന്നഡയിൽ പറഞ്ഞു:

" ഇന്ത്യൻ ക്യാപ്റ്റൻ ബൈക്ക് മേലെ കുത് ഫോട്ടോ തകസിക്കൊണ്ടാ, ബംഗളൂരിനാ മൊതലാ പോലീസ് ഓഫീസർ, സാർ നീവു..!"

( ഇന്ത്യൻ ക്യാപ്റ്റൻ്റെ ബൈക്കിൽ ഇരുന്ന് ഫോട്ടോ എടുത്താ, ബാംഗ്ലൂരിലെ ആദ്യത്തെ പോലീസ് ഓഫീസർ ആണ്, സാർ താങ്കൾ..!)

അതൊരു 'ക്രെഡിറ്റ്' തന്നെയാണ് എന്ന് സന്തോഷ് ചേട്ടനും അടിവരയിട്ട് വീണ്ടും പറയുന്നു.

അർഥഗർഭമായ ഒരു ചിരിയോടെ പെറ്റി ചീട്ട് എഴുതി ഞങ്ങളുടെ നേരെ നീട്ടിയട്ട് ആ പോലീസ്കാരൻ പറഞ്ഞു, 

"ഇന്ത്യൻ ക്യാപ്റ്റൻ്റെ ബൈക്കെ ദണ്ടാ വിധിസുധാ മൊതലാ പോലീസ് കൂഡാ നാനെ..!
ആ ക്രെഡിറ്റ് നനകേ സാക്കൂ"

(ഇന്ത്യൻ ക്യാപ്റ്റൻ്റെ ബൈക്കിന് പെനാലിറ്റി അടിച്ച ആദ്യ പോലീസ്കാരനും ഞാൻ തന്നെ, എനിക്ക് ആ ക്രെഡിറ്റ് മതി..! )

Wednesday, February 28, 2024

ഒരു മൈ** പുരാണം..!

ഒരു മൈ** പുരാണം..! 

കേരളത്തിൻ്റെ വടക്കേയറ്റമായ മഞ്ചേശ്വരം മുതൽ, തെക്കേറ്റമായ പാറശാല വരെയുള്ള മലയാളികളിലെ ഭൂരിഭാഗവും, അവരവരുടെ വികാരക്ഷോഭപ്രകടനങ്ങളിൽ, പൊതുവേ സാധാരണയായി ഉപയോഗിക്കുന്ന ഒരു നാടൻ പദപ്രയോഗമാണ് - മൈ**..! 

ഈ കഴിഞ്ഞ ദിവസങ്ങളിൽ മലയാളത്തിലെ ഈ 'Golden Word' വീണ്ടും വാർത്തകളിൽ നിറയുന്നു. (മര്യാദകേടിൻ്റെ പേരിൽ ആണെങ്കിലും)

എന്താണ് ഇതിൻ്റെ ഉത്പത്തി..? 

ശബ്ദതാരാവലിയിൽ പറയുന്നത് - 'മയിർ' എന്ന് പറഞ്ഞാൽ 'മുടി ' എന്നാണ് അർഥമെന്നാണ്. ഭാഷാശാസ്ത്ര പ്രകാരം തമിഴിൽ നിന്നാണ് മലയാളത്തിലേക്ക് ഈ വാക്ക് കയറി കൂടിയത്. തമിഴിലും 'മയിർ ' എന്നാൽ മുടിയെന്ന് തന്നെ അർഥം. 
തമിഴന്മാർ തമ്മിൽ ഉടക്കുമ്പോൾ, മറ്റൊരുത്തനെ വില കുറച്ച് കാണിക്കാനായി 

" നീങ്ക വെറും മയിരു താന്നെ" 
എന്ന് പറഞ്ഞ് കളിയാക്കുന്നു.
(അതായത് നിനക്ക് എൻ്റെ മുടിയുടെ വിലയെ ഞാൻ തരന്നുള്ളൂ എന്ന് സാരം)

 എന്നാൽ ഈ വാക്ക് മലയാളത്തിൽ കുടിയേറിയപ്പോൾ, ഭാഷ സ്നേഹമില്ലാത്ത ചില വൃത്തികെട്ടവന്മാർ, ഈ മൈ** നെ വെറും മൈ**ക്കി കളഞ്ഞു..!

മലയാള സിനിമയിൽ 90-2000 കാലഘട്ടങ്ങളിൽ പലപ്പോഴായി, നായകനും, വില്ലനും ഈ വാക്ക് ഒരു പഞ്ച് ഡയലോഗ് അടിക്കുന്നതിന് മുൻപ് ഉപയോഗിച്ചിട്ടുണ്ടെങ്കിലും, അപ്പോഴെല്ലാം സെൻസർ ബോർഡിൻ്റെ കീ.. കീ.. Mute 🔕 സൗണ്ട് കൂടി കൂട്ടിച്ചേർത്തിരുന്നു. എന്നാൽ ഫഹദിൻ്റെ 'നോർത്ത് 24 കാതം ' സിനിമയിൽ, ബസ്സിൻ്റെ ടയർ പഞ്ചർ ആയപ്പോൾ ബസ്സ് ഡ്രൈവർ, ടയർ നോക്കിയിട്ട്,

" മൈ** പണിയായി" എന്ന് ആദ്യമായിട്ട് സ്പുടതയോടെ, സെൻസർ ബോർഡിൻ്റെ ആശീർവാദത്തോടെ Mute സൗണ്ട് ഇല്ലാതെ പറഞ്ഞു..!

പിന്നീട് അങ്ങോട്ട്, ചെറുതും, വലുതുമായി ഒരുപാട് സിനിമകളിൽ ഈ പദപ്രയോഗം സാധാരണമാകുകയും, തുടർന്ന് 'ചുരുളി' എത്തിയപ്പോൾ ഈ കഥാനായകൻ തൻ്റെ കുടുംബത്തിലെ മറ്റ് തായിവഴികളെ പരിചയപ്പെടുത്തി തരുകയും ചെയ്തു.

നാടൻശൈലിയായ വായ്മൊഴി (സംസാരം) ആയിട്ട് മൈ** നെ പലരും ഉപയോഗിച്ച് കണ്ടിട്ടുണ്ടങ്കിലും, വരമൊഴി (എഴുത്ത്) ആയിട്ട്, അങ്ങനെ ലവൻ അച്ചടി മാധ്യമങ്ങളിലോ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലോ അധികം പ്രത്യക്ഷപ്പെട്ട് കണ്ടിട്ടില്ലാ..!

 എന്നാൽ അതിനൊരു വിപ്ലവാത്മകമായ മാറ്റം ഞാൻ കണ്ടത്; എഴുത്തുകാരനും, സാഹിത്യകാരനും, സമൂഹികസേവകനും, ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്ന 
എൻ്റെയൊരു സുഹൃത്തായ 'കപ്പൂച്ചിൻ അച്ചൻ്റ' രസാവഹമായ ഒരു അനുഭവക്കുറിപ്പിലാണ്. ഏതാണ്ട് എട്ട്-പത്ത് വർഷങ്ങൾക്ക് മുൻപാണ് അത് വായിച്ചത്, ആ സംഭവകഥ ഇങ്ങനെയാണ്:

" എന്നെ ഡ്രൈവിംഗ് പഠിപ്പിക്കാന്‍ ശ്രമിച്ച എന്‍റെ ഗുരു ഒരു ഗ്രാമീണ ഇടുക്കിക്കാരനായിരുന്നു. ഇടുക്കിയുടെ ഹെയര്‍പിന്‍ വളവുകള്‍ ഒതുക്കിവീശിയെടുക്കുന്നതില്‍ ശുഷ്കാന്തി കാണിക്കാതിരുന്ന എന്നോട് അക്ഷമനായി എന്‍റെ ഗുരു: 

"എന്‍റെ മൈരച്ചാ...., ഇങ്ങോട്ട് തിരിക്കച്ചാ..." എന്നൊരു ഡയലോഗ്.

കഥ അവിടെ തീർന്നില്ലാ, കഥാന്ത്യം ഇങ്ങനെയാണ്; 

"അങ്ങനെ ഞങ്ങള്‍ ഓടിച്ചോടിച്ച് മുന്നോട്ട് പോകെ, ഒരു കൊടുംവളവില്‍ എതിര്‍വശത്തുനിന്ന് ഒരു തമിഴ്നാടന്‍ പാണ്ടിലോറി റോങ്ങ്‌ സൈഡ് കയറിവരുന്നു. നേരത്തേ പിടിവിട്ടുനില്‍ക്കുകയായിരുന്ന ഗുരു: "നോക്യേ..., അച്ചനെപ്പോലെയൊരു തെണ്ടി കേറിവരുന്നത്...!" 

(NB:അച്ചൻ ഇത് വായിക്കുന്നുണ്ടെങ്കിൽ, ഞാൻ ഒരു മുൻകൂർ ജാമ്യം എടുത്തിരിക്കുന്നു 😄 )

സംഗതി എന്തൊക്കെയാണെങ്കിലും, മലയാളിയുടെ നിത്യജീവിതത്തിൽ ഒരു നാടൻശീലു പോലെ കേറി വന്ന ഈ വാക്ക്, ഏതൊക്കെ വ്യാകരണം നിയമം വെച്ച് നോക്കിയാലും ഒരു ഒന്ന് ഒന്നര മൈ** തന്നെ ആണ്. ഇവനെ ഏത് ഗണത്തിൽ പെടുത്തുണം എന്നത് ഭാഷാ പണ്ഡിതന്മാർ തലപുകഞ്ഞ് ആലോചിച്ചിട്ടും ഒരു മൈ** മനസ്സിലാകാത്ത കാര്യമാണ് എന്നതിൽ സംശയം ഇല്ലാ.

1. Noun : 
    Eg: 1.അവൻ്റെ ജാഡ 
              കണ്ടോ,അവൻ ഒരു മൈ** 
                ആണ്.
          2.ലണ്ടൻ മൈ** അങ്ങ് 
               ദൂരെയാണ്.
          3.ആ ക്ലാസ്സിൽ 5 മൈ** മാർ 
               ഉണ്ട് (Countable )
           4. ഫേസ്ബുക്കിൽ കുറേ 
               വായിനോക്കി മൈ** മാർ
                ഉണ്ട് (Uncountable)

2. Pronoun :

    Eg: അവനൊക്കെ വലിയ മൈ**.   
          തന്നെ.

3. Adjective :
   Eg:1. ആ പൊക്കം കൂടിയ മൈ** 
            ആണ് കലിപ്പ്.
         2. ഇനി ആ സിഗരറ്റ് പാക്കറ്റിൽ 
             ഒരു മൈ** ഇല്ലാ, നോക്കണ്ടാ

4. Verb :
     Eg: അവൻ ഒറ്റയ്ക്ക് മൈ** തിന്നട്ടെ

5. Adverb :
    Eg: 1. കാണാതെ പോയത് 
               അവന്മാർ എല്ലാം മൈ**ലും
               നോക്കി.
         2. സാറ് അടിച്ചപ്പോൾ അവൻ 
              മൈ** കണക്കെ നിന്നു.

6. Preposition :
   Eg:1 ആ ചുവരിൻ്റെ ഒടിഞ്ഞ മൈ**    
              ലാണ് ക്ലോക്ക്
              തൂക്കിയിരിക്കുന്നത്
        2. നിനക്ക് മൈ** ആയിട്ടുള്ള
             സമയത്ത് സിനിമയ്ക്ക് 
            പോയാൽ മതി.

7. Conjunction :
  Eg: അവൾ എന്നെ തേച്ചാൽ എനിക്ക് 
        വെറും മൈ** മാത്രം.

8. Interjection : 
   Eg: മംമം മൈ**, പെട്രോൾ തീർന്നു, 
         പണി പാളി..!

ഇത് മാത്രമല്ല മലയാളികളുടെ നവരസങ്ങളിൽ ചിലതായ ഹാസ്യം, കരുണം, രൗദ്രം, വീരം, ഭയാനകം, ബീഭത്സം, അത്ഭുതം തുടങ്ങിയ ഭാവങ്ങളിലും, ഈ പദപ്രയോഗം 'പുട്ടിന് തേങ്ങാപീരാ' എന്നത് പോലെ ഒന്നിച്ച് ചേർന്നിരിക്കുമ്പോൾ വാക്കുകൾ കൂടുതൽ തീവ്രമാകുന്നു.

എന്നിരുന്നാലും, ഇത് വരെ ലവൻ്റെ ജാതിയും, മതവും നോക്കാതെ, എല്ലാത്തരം ആൾക്കാരും, മതക്കാരും ആവശ്യാനുസരണം എടുത്ത് പ്രയോഗിക്കുന്നതിനാൽ, കോടതിയിൽ ഒരു പേര് മാറ്റ ഹർജിക്കുള്ള സാധ്യതയും ഇല്ലാതാകുന്നു..! 

Sunday, January 1, 2023

Christmas Truce!

ശാന്തിയുടെയും സമാധാനത്തിൻ്റെയും സന്ദേശം നൽകിയാണ്, ഓരോ ക്രിസ്തുമസും കടന്ന് പോകുന്നതെങ്കിൽ, ആ സന്ദേശത്തിൻ്റെ അന്ത:സത്ത, അതിൻ്റേതായ അർത്ഥത്തിലും,  ആഴത്തിലും, ഉൾക്കൊണ്ട ഒരേയൊരു സംഭവമേ മാനവചരിത്രത്തിൽ ഉണ്ടായിട്ടുള്ളൂ. അതാണ്, ' The 
Christmas Truce ' എന്നാ പേരിൽ ലോകചരിത്രകാരൻമാർ പാടി പുകഴ്ത്തുന്ന, ഒന്നാം ലോകമഹായുദ്ധത്തിൻ്റെ മൂർദ്ധനാവസ്ഥയിൽ ബെൽജിയം വെസ്റ്റേൺ ഫ്രൻ്റ് (Western Front) യുദ്ധമുഖത്തെ, ബ്രിട്ടീഷ്- ജർമൻ പട്ടാളക്കാരുടെ ഇടയിൽ സംഭവിച്ച, അപ്രഖ്യാപിത വെടിനിർത്തൽ.  

നൂറ് വർഷങ്ങൾക്കു മുൻപ്, ഒന്നാം ലോകമഹായുദ്ധം ബെൽജിയത്തിൽ കൊടിമ്പിരികൊണ്ടിരിക്കുന്ന കാലം.
1914 ഡിസംബർ 24 തീയതി രാത്രി, ലോകം മുഴുവൻ ക്രിസ്തുമസ്സ് ആഘോഷത്തിൽ മുഴുകിയിരിക്കുമ്പോൾ British Expeditionary Force- ലെ പട്ടാളക്കാരനായിരുന്ന ബ്രൂസ് ബറിൻസ്‌ഫത്തേർ തൻ്റെ കിടങ്ങിൻ്റെ, മീറ്ററുകൾക്ക് അപ്പുറുത്തുള്ള ജർമൻ പട്ടാളക്കാരുടെ കിടങ്ങിൽ നിന്ന്, പാട്ടുകൾ പാടുന്നതും, കയ്യടികൾ കേൾക്കുന്നതിനും ഇടയായി. ചെവികൾ കൂർപ്പിച്ച്, അദ്ദേഹം ആ പാട്ടിലെ വരികൾ ശ്രദ്ധിച്ചപ്പോൾ, അവർ പാടുന്നത് ക്രിസ്തുമസ്സ് കരോൾ ഗാനമണെന്ന് ബ്രൂസിന് മനസിലായി. തെല്ല് പരിഭവത്തോടെയും, കൗതുകത്തോടെയും അവർ പാടിയ കരോൾ ഗാനത്തിൻ്റെ ബാക്കിയുള്ള വരികൾ ബ്രിട്ടീഷ് പട്ടാളകിടങ്ങിൽ നിന്ന് അദ്ദേഹം ഉച്ചത്തിൽ മറുപാട്ട് പാടുവാൻ തുടങ്ങി. തങ്ങൾ പാടിയ ഗാനത്തിൻ്റെ തുടർവരികൾ ശത്രു ക്യാമ്പിൽ നിന്ന് അപ്രതീക്ഷിതമായി കേട്ടപ്പോൾ ജർമൻ പട്ടാളക്കാർക്കും വലിയ സന്തോഷമായി. അവരും, വലിയ ആവേശത്തോടെ, ശത്രുപക്ഷമാണെന്നാ കാര്യം വിസ്മരിച്ച്, കരോൾ ഗാനം ഉച്ചത്തിൽ തിരിച്ച് പാടുകയും, തുടർന്ന് പതിയെപ്പതിയെ 
ജർമൻ പട്ടാളക്കാരും, ബ്രിട്ടീഷ് പട്ടാളക്കാരും ആ കരോൾ ഗാനത്തിൽ പങ്കുചേരുകയും, വലിയ വികാരപരമായി ക്രിസ്തുമസ് കരോൾ ഗാനം പാടി തീർക്കുകയും ചെയ്തു. 

ഈ ഒരു സംഭവം, നാളെ ക്രിസ്തുമസ്സ് ആണെന്ന ചിന്ത രണ്ടുപക്ഷത്തെയും ഒരിക്കൽകൂടി ചിന്തിപ്പിക്കാൻ കാരണമാക്കി. 
അൽപസമയം കഴിഞ്ഞപ്പോൾ  ബ്രിട്ടീഷ് ബ്രിഗേഡിയർ ജനറൽ  വാൾട്ടർ കൺഗ്രവേ, ജർമൻ പട്ടാള മേധാവിയായിരുന്ന ജോഹനെസ് നീമാനോട്, ക്രിസ്തുമസ്സ് ദിവസം യുദ്ധം നിർത്തിവയ്ക്കുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് ഉച്ചത്തിൽ വിളിച്ചു ചോദിച്ചു. വലിയ കരഘോഷത്തോടെയാണ് ജർമൻ ക്യാംപ് ആ തീരുമാനത്തെ സ്വാഗതം ചെയ്തത്.

പിറ്റേന്ന് ക്രിസ്തുമസ്സ് ദിവസം  ബ്രിട്ടീഷ് പട്ടാളക്കാരും, ജർമൻ പട്ടാളക്കാരും യുദ്ധകിടങ്ങിൽ നിന്ന് പുറത്തിറങ്ങി, ഇതിന് മുൻപ് യുദ്ധത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കൈമാറുവാൻ വേണ്ടി മാത്രം കണ്ടുമുട്ടുന്ന 'No Man's Land' എന്നാ ഇരുപക്ഷത്തെയും വിഭജിക്കുന്ന സ്ഥലത്ത് കണ്ടുമുട്ടുകയും, പരസ്പരം ചോക്കലേറ്റ്, സിഗരറ്റ്, വൈൻ എന്നിവ കൈമാറുകയും, ഈ ചരിത്രനിമിഷം പിറന്നതിൻ്റെ  ഓർമ്മക്കായി തൊപ്പികൾ, യൂണിഫോം ബട്ടൻസ് എന്നിവയും കൂടി സമ്മാനിക്കുകയും, ആശംസകൾ നേരുകയും ചെയ്തു. 

ആ ദിവസത്തിൽ സംഭവിച്ച മറ്റൊരു രസകരമായ സംഭവം ജർമൻ - ബ്രിട്ടീഷ് സൈനികർ തമ്മിലൊരു ഫുട്ബാൾ മൽസരം സംഘടിപ്പിക്കുകയും, കാണികളായി മറ്റുള്ള സൈനികർ, ഫുട്ബോൾ കളിക്കാരെ പ്രോത്സാഹപ്പിക്കുകയും ചെയ്തു. 
പക്ഷേ, ക്രിസ്തുമസ്സിനോട് അനുബന്ധിച്ചുള്ള, ഈ അപ്രഖ്യാപിത വെടിനിർത്തൽ ഒന്നാം ലോകമഹായുദ്ധത്തിൻ്റെ മറ്റ് പോർമുഖങ്ങളിൽ പ്രാവർത്തികമായില്ലാ. എന്നിരുന്നാലും, സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും സന്ദേശമായി വന്നാ തിരുപ്പിറവി ദിനം, ലോകംകണ്ട ഏറ്റവും രക്തരൂക്ഷിതമായ ഒരു മഹായുദ്ധത്തിൻ്റെ
ഒരു ദിവസമെങ്കിലും, വെടിയൊച്ചകൾ നിലയ്ക്കുന്നതിനും, കൂടുതൽ മൃതശരീരങ്ങൾ വീഴാതെയിരിക്കുന്നതിനും കാരണമായി തീർന്നു. 

Christmas Truce -ൻ്റെ ഓർമ്മക്കായി ഇംഗ്ലണ്ടിലും, ജർമനിയിലും, ബെൽജിയത്തിലും തുടർന്ന് സ്മാരകസ്തംഭങ്ങളും, പ്രതിമകളും പിൽക്കാലത്ത് പണിയുകയും, അവയെല്ലാം ഇപ്പോഴും സംരക്ഷിക്കപ്പെടുകയും ചെയ്യപ്പെടുന്നു.

വാൽക്കഷണം: ക്രിസ്തുമസ്സ് പ്രമാണിച്ച് വാശിയും, വൈരാഗ്യവും മറന്ന്, ഒരു ലോകമഹായുദ്ധം തന്നെ  സമാധാനത്തോടെ നിർത്തി വെച്ചപ്പോൾ, ക്രിസ്തുമസ്സിന് 
കുർബ്ബാന ചെല്ലാൻ, പിന്നാപ്പുറം വേണോ അതോ മുന്നാപ്പുറം മതിയോ എന്നുള്ള വാശിക്കാരുടെ ബഹളത്തിൽ  സഹികെട്ട്, ബേതലേഹേമിലെ ഒരു അപ്പൻ ഇങ്ങനെ പറഞ്ഞുവത്രേ;
"ജനിച്ചിട്ട് ഒരാഴ്ച പോലും ആകാത്ത ഒരു കുഞ്ഞ് ഇവിടെ കിടന്ന് ഉറങ്ങുന്നുണ്ട്, ഇനിയും ഇവിടെ കിടന്ന് അലമ്പ് കാണിച്ചാൽ എല്ലാത്തിനെയും അടിച്ച് പുറത്താക്കും, ശല്യങ്ങള്..! ".

Monday, October 17, 2022

സരസ്വതി ദേവിയും, കലാകാരന്മാരും!

മനുഷ്യ ജീവിതത്തിന്റെ ഏതൊരു മേഖല എടുത്തു നോക്കിയാലും അവിടെയെല്ലാം" കല " എന്നത്, മനുഷ്യൻ്റെ
സാംസ്കാരിക ജീവിതത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നതായി കാണുവാൻ സാധിക്കും. കലകൾ പലതരം ഉണ്ടെങ്കിലും, ദൃശ്യകലാ ശ്രേണിയിൽ ഉൾപ്പെടുന്നാ സിനിമയാണ്, വർത്തമാനകാലത്തിൻ്റെ ഭാവനാസൃഷ്ടിയിൽ മുൻപന്തിയിൽ നിൽക്കുന്നത്.

സിനിമയ്ക്ക് നൽകിയ അതേ സ്ഥാനവും, ബഹുമാനവും, ആരാധനയും അതേ മേഖലയിൽ പ്രവർത്തിക്കുന്നാ നടീനടന്മാർക്കും നമ്മൾ ഒരുപരിധി വരെ നൽകിവരുന്നു. അതിനാൽ തന്നെ, അവരുടെ പൊതുജീവിതത്തിലെ പെരുമാറ്റങ്ങളും, അഭിമുഖ സംഭാഷണങ്ങളും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും, അതിൽ, ഒരു ചെറിയ ശതമാനം തെറ്റുകൾ സംഭവിച്ചാൽ പോലും, വലിയ തോതിലുള്ള വിവാദങ്ങൾക്കും, നിശിതമായ വിമർശനങ്ങൾക്കും കാരണമാകുകയും ചെയ്യുന്നു.

കഴിഞ്ഞദിവസം നടന്നാ ഒരു ഇൻ്റർവ്യൂൽ, മലയാളത്തിലെ ഒരു യുവനടൻ, യുവതിയായ അവതാരികയോട് 'നല്ല ഭാഷയുടെ'  വൃത്തവും, പ്രാസവും സമന്വയിപ്പിച്ച് സംസാരിച്ചതും, ഭാഷയുടെ ശാലീനതാ കൂടിപ്പോയതിനാൽ പോലീസ് നേരിട്ട് കേസ് എടുത്ത്, സംഭവം കോടതിയിൽ പോയതും, തുടർന്ന് ടിയാൻ കാലു പിടിച്ച് മാപ്പ് പറഞ്ഞത് കൊണ്ടു, യുവതി പരാതി പിൻവലിച്ചതും, അങ്ങനെ ജഗപൊകയായ കുറേ പൊറോട്ട് നാടകങ്ങൾക്ക് മലയാളികൾ സാക്ഷികളായിരുന്നു. ഇതെല്ലാം കാണുമ്പോൾ വർഷങ്ങൾക്ക് മുൻപ് മലയാളത്തിലെ പ്രിയനടി കല്പന ചേച്ചി, ഹാസ്യ സാമ്രാട്ട് ശ്രീ. ജഗതിയുമായുള്ള അഭിമുഖ സംഭാഷണം ഓർത്ത് പോകുന്നു.

കലാകാരന്മാർക്ക് സമൂഹത്തോടുള്ള മനോഭാവം എങ്ങനെയായിരിക്കണമെന്ന്
ആ അഭിമുഖത്തിൽ ജഗതി വളരെ അർത്ഥവത്തായ ഭാഷയിൽ രസാവഹമായി അവതാരികയായ കല്പനയ്ക്ക് മറുപടി പറയുന്നു.

അദ്ദേഹം പറയുന്നു; "നമ്മുടെ ഉപജീവനത്തിൻ്റെ മാർഗ്ഗം ഉണ്ടാക്കുന്ന കലാദേവിയായ സരസ്വതി ദേവി ദുർബലമായ ഒരു താമരതണ്ടിലാണ് വലിയൊരു വീണയും, നാല് വേദങ്ങളുമായി ഇരിക്കുന്നത്.  സാമാന്യം ഭാരമുള്ള ഒരു സ്ത്രീയാണ്. എന്നിട്ടും ഈ തണ്ട് ഒടിയുന്നില്ലാ. കാരണം എല്ലാം കലയും, അറിവും, വിജ്ഞാനവും
ഉണ്ടായിട്ടും അഹങ്കാരം ലവലേശമില്ലാതെ 'ഘനം '
ഇല്ലാതെയാണ് അവൾ ഇരിക്കുന്നത് !"


"എന്നാൽ, ഇന്ന് ഒരു റിയാലിറ്റി ഷോയിലോ, ഒരു സിനിമയിലോ, ഒരു പാട്ട് പാടുകയോ, ഒരു സീനിൽ  അഭിനയിക്കുകയോ ചെയ്യുന്നവരുടെ 'ഘനം ' കണ്ടാൽ, താമര അല്ലാ അതിൻ്റെ അല്ലി വരെ ചതഞ്ഞ് പോകും."!

അദ്ദേഹം കൂട്ടിച്ചേർക്കുന്നു, "കലാരംഗത്ത് പ്രവർത്തിക്കുന്നാ ' സെലിബ്രിറ്റികൾ ' എന്ന് വിളിക്കപ്പെടുന്നവർ, സാധാരണക്കാരായ ജനങ്ങളെ കാണുമ്പോൾ, അവരെ നോക്കിയൊന്ന് പുഞ്ചിരിക്കുകയോ, കൈവീശി അഭിവാദ്യം കാണിക്കുകയോ ചെയ്യുന്നത് കൊണ്ട് അവന് ഒന്നും നഷ്ടപ്പെടാൻ ഇല്ല. കാരണം, ആ  സാധാരണക്കാരായ ജനങ്ങളുടെ വിയർപ്പിൻ്റെ ഓഹരി കൊണ്ട് തിയേറ്ററിൽ കൊടുക്കുന്നാ കാശാണ്, നമ്മുടെയൊക്കെ അന്നം".

അഭിമുഖത്തിൻ്റെ അവസാനം അദ്ദേഹം  ഇങ്ങനെ പറഞ്ഞ് നിർത്തുന്നു;
ശ്രീ. കുമാരനാശാൻ്റെ പ്രസിദ്ധമായ വരികൾ കേട്ടിട്ടില്ലേ?
"ഹാ, പുഷ്പമേ,
അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ,
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍?

ഒരു പൂവിനെ നോക്കി കുമാരനാശാൻ പറയുകയാണ്, ഇന്നലെ നീ എത്ര
മനോഹാരിയായിരുന്നു. എത്ര പൊക്കത്തിൽ ആയിരുന്നു നിൻ്റെ വാസം !. എന്നാൽ ഇന്ന് രാവിലെ മണ്ണ് അടിഞ്ഞ്, മഞ്ഞ് വീണ് നീ ഇതാ വാടി കിടക്കുന്നു.

ക്ഷണികമാണ് ജീവിതം. പ്രശസ്തിയും, ധനവും, ആരോഗ്യവും, സമ്പല്‍സമൃദ്ധിയുമെല്ലാം ക്ഷണികമാണ്. അതാണ് കലയെയും, ജീവിതത്തെയും സ്നേഹിക്കുന്ന ഒരോ കലാകാരനും ഓർമിക്കേണ്ടത്.

Thursday, September 8, 2022

എലിസബത്ത്‌ രാജ്ഞിക്ക് ബ്രിട്ടൻ കൽപ്പിച്ചു നൽകിയിരുന്ന ചില അധികാരങ്ങൾ:-

എലിസബത്ത്‌ രാജ്ഞിക്ക് ബ്രിട്ടൻ കൽപ്പിച്ചു നൽകിയിരുന്ന ചില അധികാരങ്ങൾ:-



ബ്രിട്ടീഷ് രാജ്ഞിയുടെ മരണത്തോട് കൂടി, ഒരു യുഗത്തിൻ്റെ അന്ത്യത്തിനാണ് ബ്രിട്ടനും, ലോകവും സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞുപോയ അവരുടെ മനുഷ്യായുസ്സിൽ, ലോകത്തിൻ്റെ ഗതിവിഗതികളെ മാറ്റിമറിച്ചാ, ഒരുപാട് സംഭവവികാസങ്ങൾക്ക് അവർ
ദൃക്സാക്ഷിയായി.

വായിൽ സ്വർണ്ണ കരണ്ടിയുമായി, ജനിച്ചവൾ ആയിരുന്നു എലിസബത്ത്  രാജ്ഞി. പ്രത്യേകം എഴുതപ്പെട്ട നിയമവും, നിയമത്തിന്റെ ഇളവുകളും എല്ലാം അവർക്ക് സ്വന്തമായിരുന്നു. ജീവിച്ചിരുന്നപ്പോൾ  രാജ്ഞിക്ക് മാത്രം സ്വന്തമായ ചില അധികാരങ്ങളും, അവകാശങ്ങളും ഉണ്ടായിരുന്നു.



എലിസബത്ത്‌ രാജ്ഞിക്ക് ബ്രിട്ടൻ കൽപ്പിച്ചു നൽകിയിരുന്ന ചില അധികാരങ്ങൾ:-

1. ബ്രിട്ടനിൽ എവിടെയും ലൈസൻസ് ഇല്ലാതെ രാജ്ഞിക്ക് വാഹനം ഓടിക്കാം.

2. രാജ്ഞിക്ക് യാത്രയ്ക്ക് പാസ്പോർട്ടും ആവശ്യമില്ല.

3.രാജ്ഞിക്ക് ഒരു വർഷം രണ്ടു പിറന്നാൾ ആഘോഷിക്കാം.ഏപ്രിൽ 21 നു സ്വന്തം പിറന്നാളും , ജൂണിലെ ഒരു ശനിയാഴ്ച ആഘോഷിക്കുന്ന രാജ്ഞി സ്ഥാനത്തിന്റെ പിറന്നാൾ ആഘോഷവും.

4.രാജ്ഞിക്ക് വേണ്ടി മാത്രം കവിത എഴുതാനും, പാടാനുമായി ഒരു സ്വകാര്യ കവി കൊട്ടാരത്തിൽ താമസിക്കുന്നുണ്ട്.

5. സ്വന്തം ആവശ്യത്തിനു പണം എടുക്കുന്നതിനായി രാജ്ഞിക്ക് സ്വന്തമായി ഒരു കാഷ് മെഷീൻ ഉണ്ട്.

6. ബ്രിട്ടനിലെ ജലാശയങ്ങളിൽ ഉള്ള എല്ലാ അരയന്നങ്ങളും രാജ്ഞിക്ക് സ്വന്തമാണ്.

7. ബ്രിട്ടനിലെ ഡോൾഫിനുകളും രാജ്ഞിക്ക് മാത്രം അവകാശപ്പെട്ടതാണ്.



8. രാജ്ഞിയുടെ സമ്മതമില്ലാതെ, ഒരു ബില്ലുകളും നിയമങ്ങളാക്കാൻ കഴിയില്ലാ.


9. ബ്രിട്ടനിൽ പ്രവിശ്യകൾക്ക് പ്രഭുക്കളെ നിയമിക്കുന്നത് രാജ്ഞിയുടെ ഇഷ്ട പ്രകാരമാണ്.

10. രാജ്ഞിയും കുടുംബവും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ല.

11. ഒരിക്കലും ടാക്സ് അടക്കേണ്ട ആവശ്യമില്ല രാജ്ഞിക്ക്.

12. അടിയന്തര ഘട്ടത്തിൽ , തന്റെ വീടോ അധികാരം ഉപയോഗിച്ച് രാജ്ഞിക്ക് ഒറ്റക്ക് മന്ത്രി സഭ പിരിച്ചു വിടാൻ കഴിയും.

13.ബ്രിട്ടനിലെ രാജ്ഞി, ആസ്ത്രേലിയയിലെയും കൂടി രാജ്ഞിയാണ്.

14. യാതൊരു കാരണവശാലും ആർക്കും രാജ്ഞിയെ നിയമ വിചാരണ ചെയ്യാനാകില്ല.

15. ബ്രിട്ടീഷ്, ആസ്ത്രേലിയൻ സർക്കാരുകളെ നേരിട്ട് ശാസിക്കാനുള്ള അധികാരം രാജ്ഞിക്കുണ്ട്.

Sanjo Joseph Script writer of Falimy & Hello Mummy..!

കൂട്ടുകാരന്, പിറന്തനാൾ വാഴ്ത്തുക്കൾ..! തൻ്റെ തൂലിക കൊണ്ട് മലയാള സിനിമ മേഖലയിൽ തൻ്റേതായ ശൈലിയിൽ കഥയും, തിരക്കഥയും, സംഭാഷണങ്ങളും ര...